ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് കുത്തനെ കുറച്ച് ഇക്കണോമിസ്റ്റുകള്‍, നെഗറ്റീവ് വളര്‍ച്ചയ്ക്കും സാധ്യത

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ജി ഡി പി വളര്‍ച്ചാ നിരക്ക് കുത്തനെ വെട്ടിക്കുറച്ച് ആഗോള ഏജന്‍സികള്‍. ജി ഡി പി വളര്‍ച്ചാ നിരക്കിലുണ്ടാകുന്ന ഏത് തരത്തിലുള്ള കുറവും രാജ്യത്തിന്റെ ഉല്‍പ്പാദനം, തൊഴില്‍, നികുതി സമാഹരണ മേഖലകളിലെല്ലാം ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്നതിനാല്‍ ആഗോള ഏജന്‍സികളുടെ പ്രവചനം രാജ്യത്തെ കാത്തിരിക്കുന്ന വലിയ ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

മാര്‍ച്ച് 28ന് ധനം ഓണ്‍ലൈന്‍, രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്കിനെ കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന വിധത്തിലുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതും.

രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1.5 - 2.8 ശതമാനമായേക്കുമെന്നാണ് ലോക ബാങ്ക് വിലയിരുത്തുന്നത്. 1991ലെ സാമ്പത്തിക പരിഷ്‌കരണത്തിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് നേരത്തെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായിരിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. ഇപ്പോള്‍ അത് നാല് ശതമാനമാക്കി കുറച്ചിട്ടുണ്ട്. എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് മുന്‍പത്തെ പ്രവചനമായ 5.2 ശതമാനത്തില്‍ നിന്ന് 3.5 ആക്കി ഇപ്പോള്‍. അതിനിടെ ഫിച്ച് മുന്‍പത്തെ പ്രവചന നിരക്കായ 5.1 ശതമാനത്തില്‍ നിന്ന് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് രണ്ടുശതമാനമായിരിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്.

ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് വളര്‍ച്ചാ നിരക്ക് 5.5 ശതമാനത്തില്‍ നിന്ന് 3.6 ശതമാനമാക്കി കുറച്ചു.

നെഗറ്റീവ് ഒന്നിലേക്ക് വീഴുമെന്ന് ഐക്ര

രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ഒന്നാകുമെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ഐക്ര (ICRA)യുടെ പ്രവചനം. ദേശീയ ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ ദീര്‍ഘിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ് ജിഡിപി വളര്‍ച്ചാ നിരക്ക് 5.3 ശതമാനത്തില്‍ നിന്ന് 2.5 ശതമാനമാക്കി.

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം അര്‍ദ്ധപാദത്തില്‍ ഉണര്‍വുണ്ടായേക്കാമെന്ന നിഗമനത്തില്‍ Acuite റേറ്റിംഗ്‌സ് രാജ്യത്ത് 2-3 ശതമാനം വളര്‍ച്ചയുണ്ടായേക്കാമെന്നാണ് പ്രവചിക്കുന്നത്. അതിനിടെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് മൂന്ന് ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വീഴുമെന്ന് പ്രവചിക്കുന്നു. 2.7 ശതമാനമാണ് അവരുടെ നിഗമനം.

അതിനിടെ ഐഎന്‍ജി ഗ്രൂപ്പ് രാജ്യത്തിന്റെ വളര്‍ച്ചാനിരക്കില്‍ വന്‍ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. 4.8 ശതമാനമായിരുന്നു അവര്‍ മുന്‍പ് പ്രവചിച്ചിരുന്നതെങ്കില്‍ ഇപ്പോഴത്തേത് 0.5 ശതമാനമാണ്.

സമ്പദ് വ്യവസ്ഥയില്‍ കനത്ത ആഘാതം

അതിനിടെ ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ ദീര്‍ഘിപ്പിച്ചത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് ബ്രിട്ടീഷ് ബ്രോക്കറേജ് സ്ഥാപനമായ ബാര്‍ക്ലെയ്‌സ് പറയുന്നു. ഇതുമൂലം 234.4 ബില്യണ്‍ ഡോളറിന്റെ നഷ്ടം സമ്പദ് വ്യവസ്ഥയില്‍ സംഭവിക്കുമെന്നാണ് അവര്‍ പറയുന്നത്. 2020 വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച പൂജ്യം ശതമാനവും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 0.8 ശതമാനവുമായിരിക്കുമെന്നാണ് ബാര്‍ക്ലെയ്‌സ് പറയുന്നത്. മുന്‍പ് ഇവര്‍ 2020 വര്‍ഷത്തില്‍ 2.5 ശതമാനവും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 3.5 ശതമാനവും വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രവചിച്ചിരുന്നത്.

Deutsche ബാങ്ക്് ഇന്ത്യന്‍ ജിഡിപി തകര്‍ന്നടിയുമെന്ന പ്രവചനമാണ് നടത്തിയിരിക്കുന്നത്. ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ നെഗറ്റീവ് വളര്‍ച്ചയാകും രേഖപ്പെടുത്തുകയെന്ന് അവര്‍ പറയുന്നു. ജൂലൈ - സെപ്തംബറിലും നെഗറ്റീവ് നിരക്കു തന്നെ വന്നേക്കുമെന്നാണ് സൂചന.

സെന്‍ട്രം ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസര്‍ച്ച് ജിഡിപി വളര്‍ച്ചാ നിരക്ക് 5.2 ശതമാനത്തില്‍ നിന്ന് 3.1 ശതമാനമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര നാണ്യനിധിയും രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറച്ചിരിക്കുകയാണ്. 1991ലെ ഉദാരവല്‍ക്കരണത്തിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാകുമെന്നാണ് ഐഎംഎഫ് പറയുന്നത്. 2020ല്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 1.9 ശതമാനമാകുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. എന്നിരുന്നാലും ലോകത്തിലെ അതിവേഗം വളരുന്ന എമര്‍ജിംഗ് ഇക്കോണമിയില്‍ തന്നെയാണ് ഐഎംഎഫ് ഇന്ത്യയെ അടയാളപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് വ്യാപനം തടയാന്‍ മെയ് മൂന്നുമവരെ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നീട്ടിയത് സമ്പദ് വ്യവസ്ഥയില്‍ കനത്ത ആഘാതം തന്നെ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ഈ ഏജന്‍സികളെല്ലാം അടുത്ത രണ്ടാഴ്ചക്കുള്ളില്‍ പുതിയ നിരക്കുകള്‍ പുറത്തുവിട്ടേക്കാം. ഇപ്പോഴത്തേതിനേക്കാള്‍ കുറഞ്ഞ നിരക്കുകള്‍ തന്നെയാകുമത്.

Also Read: ‘ജിഡിപി വളര്‍ച്ച ഒരു ശതമാനത്തില്‍ താഴെയാകും; നെഗറ്റീവ് വളര്‍ച്ച വരാനുമിട’

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it