'ഈ കടുത്ത പ്രതിസന്ധിഘട്ടത്തിലും ഇന്ത്യയ്ക്ക് മുന്നിലുണ്ട് വന്‍ അവസരങ്ങള്‍'

മനുഷ്യരാശി ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. ലോകം രണ്ട് മഹായുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അന്ന് ശത്രുക്കളെ തിരിച്ചറിഞ്ഞ് പോരാടാന്‍ സാധിക്കുമായിരുന്നു.

ഇന്ന് നമ്മുടെ ശത്രുക്കള്‍ എവിടെ നിന്ന് വരുന്നു, എങ്ങനെ വരുന്നു എന്നറിയാന്‍ സാധിക്കുന്നില്ല. ശത്രുവിനെ കീഴടക്കാനുള്ള ആയുധവും കൈയിലില്ല. ഇങ്ങനെയൊരു അവസ്ഥ ലോകത്ത് ഒരു കാലത്തുമുണ്ടായിട്ടില്ല. നമുക്ക് മുന്നില്‍ ഇപ്പോള്‍ തുറക്കപ്പെട്ടിരിക്കുന്നത് രണ്ട് പോര്‍മുഖങ്ങളാണ്. ഒന്ന്, കൊറോണ വൈറസിനെതിരായ പോരാട്ടം. രണ്ട്, അത് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി.

എന്നാല്‍ ഈ ദുര്‍ഘടാവസ്ഥയിലും ഇന്ത്യയ്ക്ക് മുന്നില്‍ വന്‍ അവസരങ്ങളുണ്ട്. പണ്ട് ലോകത്തുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും മഹാമാന്ദ്യത്തില്‍ നിന്നും ഏറെ കാര്യങ്ങള്‍ കണ്ട് പഠിച്ചവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. സര്‍ക്കാര്‍ ഒരു നേരം നല്‍കിയ പാലും റൊട്ടിയും കൊണ്ട് കുടുംബത്തിന്റെ പട്ടിണി മാറില്ലെന്ന് തിരിച്ചറിഞ്ഞ് സ്വന്തം കുടുംബത്തിനുവേണ്ട അത്യാവശ്യം ഭക്ഷണം സ്വന്തമായി വീട്ടില്‍ ഉല്‍പ്പാദിപ്പിച്ചവരാണ് ഇന്ത്യയിലെ കുടുംബനാഥന്മാര്‍. ഇപ്പോള്‍ ഇന്ത്യ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജിഡിപി വളര്‍ച്ചാനിരക്ക് 7.6 ശതമാനത്തില്‍ നിന്ന് കുത്തനെ ഇടിഞ്ഞിരിക്കുന്നു. നാം ശ്രദ്ധയോടെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് മുന്നോട്ടുപോയില്ലെങ്കില്‍ വളര്‍ച്ചാ നിരക്കില്‍ ഇതുവരെയുണ്ടാകാത്ത തരത്തിലുള്ള ഇടിവും പ്രതീക്ഷിക്കാം.

ഇന്ത്യയുടെ കരുത്ത് തിരിച്ചറിയാം, അവസരം മുതലാക്കാം

നാം ഒരുകാര്യം ഇപ്പോള്‍ ശ്രദ്ധിച്ചോ? ഇന്ത്യ ഇന്ന് ലോകത്തിന്റെ ഫാര്‍മസിയാണ്. ഏറ്റവും കൂടുതല്‍ മരുന്നുകള്‍ ഉണ്ടാക്കുന്ന രാജ്യം. ഒരു വര്‍ഷം ഒന്നര ബില്യണ്‍ വാക്‌സിന്‍ ഉണ്ടാക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ പരീക്ഷണങ്ങളുടെ ഫലം വരുന്നതിനുമുമ്പേ ഏകദേശം 40 ദശലക്ഷം വാക്‌സിന്‍ ഉണ്ടാക്കാനുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യ.

കൊറോണ വൈറസിനെ വാക്‌സിന്‍ കൊണ്ട് പിടിച്ചുകെട്ടാന്‍ സാധിച്ചാല്‍ ലോകം തിരിച്ചൊരു കുതിപ്പിലേക്ക് പോകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, അത് കോവിഡ് കാലത്തിനു മുമ്പുണ്ടായിരുന്നതുപോലെയാകില്ല. മറിച്ച് ഒരു പുതിയ 'ന്യു നോര്‍മല്‍' ലോകത്ത് ഉദയം ചെയ്യും. ആ ഘട്ടത്തില്‍ ഇന്ത്യയ്ക്ക് നേട്ടം കൊയ്യാവുന്ന ചില പ്രത്യേക മേഖലകളുണ്ട്.

1. ഇപ്പോഴുള്ള ടെക്‌നോളജി കമ്പനികളെ കൂടുതല്‍ വികസിപ്പിച്ച് ലോകത്തിന് മുന്നില്‍ ഏറെ നൂതനമായ സാങ്കേതിക ആപ്ലിക്കേഷനുകള്‍ ( Technology Apps) ഇന്ത്യയ്ക്ക് അവതരിപ്പിക്കാനാകും.

2. ഇന്ത്യയില്‍ അതിദ്രുതം മുന്നേറുന്ന മേഖലയാണ് ഫാര്‍മ - ഹെല്‍ത്ത് കെയര്‍ രംഗം. ലോകരാജ്യങ്ങള്‍ മറ്റെല്ലാ രംഗത്തെയും ചെലവുകള്‍ വെട്ടിക്കുറയ്ക്കുമ്പോഴും ആരോഗ്യപരിരക്ഷാ മേഖലയില്‍ ധനവിനിയോഗം വര്‍ധിപ്പിക്കുകയാണ്. ഇന്ത്യ ഈ രംഗത്ത് കൂടുതല്‍ ഊന്നല്‍ നല്‍കിയാല്‍ നമുക്ക് ഏറെ മുന്നേറാം.

3. കോവിഡ് കാലത്ത് ലോകത്തിലെ പല സമ്പന്ന രാജ്യങ്ങളിലെയും മുതിര്‍ന്ന പൗരന്മാര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ കെട്ടുക്കഥകളല്ല, മറിച്ച്് യാഥാര്‍ത്ഥ്യങ്ങളാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ശിഷ്ടജീവിതം സമാധാനമായും സന്തോഷമായും കഴിയാനുള്ള സാഹചര്യങ്ങള്‍ നാം ഒരുക്കിയാല്‍ വലിയ സാധ്യതകള്‍ ആ രംഗത്തുണ്ടാകും. മുതിര്‍ന്ന പൗരന്മാരുടെ വിശ്രമ ജീവിതത്തിന് യോജിച്ച സ്ഥലമായി ഇന്ത്യ മാറണം. അതിന് അനുയോജ്യമായ പദ്ധതികള്‍ ഇന്ത്യയില്‍ ചെയ്യാവുന്നതാണ്.

4. വിദ്യാഭ്യാസ രംഗത്തും ഇന്ത്യയ്ക്ക് വന്‍ സാധ്യതകളുണ്ട്. വെര്‍ച്വല്‍ എഡ്യുക്കേഷന്‍ രംഗത്ത് ആഗോള ഹബ്ബായി ഇന്ത്യയ്ക്ക്് മാറാം.

ഉണരാം പ്രവര്‍ത്തിക്കാം

ലോകം കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ പല തലത്തിലുള്ള മാന്ദ്യഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത് അസാധാരണ സ്വഭാവമുള്ള സാമ്പത്തിക പ്രതിസന്ധിയാണ്, ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്ന്, വസ്തുതകള്‍ മനസ്സിലാക്കി ഒരു എമര്‍ജന്‍സി റെസ്‌പോണ്‍സ് പ്ലാന്‍ തയ്യാറാക്കിയില്ലെങ്കില്‍ നാം ചിലപ്പോള്‍ ഒരു 'മദര്‍ ഓഫ് ഗ്രേറ്റ് ഡിപ്രഷനി'ല്‍ കൂടി കടന്നുപോയേക്കാം. മരണം നമ്മെ രണ്ട് രീതിയില്‍ തേടി വന്നെന്നിരിക്കും. കൊറോണ വൈറസ് വഴിയോ അല്ലെങ്കില്‍ ഏറെ സാധ്യതയുള്ള പട്ടിണി വഴിയോ.

ഇന്ന് മൂന്ന് ദശലക്ഷത്തോളം അമേരിക്കക്കാര്‍ക്ക് ജോലിയില്ല. ഇന്ത്യയിലെ തൊഴിലില്ലായ്മ സംഘടിത മേഖലയില്‍ 72 ദശലക്ഷവും അസംഘടിത മേഖലയില്‍ 119 ദശലക്ഷവുമാണ്. തൊഴിലില്ലായ്മ നിരക്ക് 25 ശതമാനമായാല്‍ അതിന്റെ പ്രത്യാഘാതം എത്രയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളു.

എന്റെ ഒരു അടുത്ത പാശ്ചാത്യ ഇക്കണോമിസ്റ്റ് സുഹൃത്ത് അടുത്തിടെ പറഞ്ഞു. ''2008ലെ പോലെ ഇന്ത്യ ഇതിനെ അതിജീവിക്കും. നിങ്ങള്‍ കുറച്ചു ശ്രദ്ധിച്ചാല്‍,''

എന്താണ് ഇങ്ങനെ പറയാന്‍ കാരണമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. ''ഇന്ത്യക്കാര്‍ പട്ടിണിയില്‍ ജീവിക്കാന്‍ പഠിച്ചവരാണ്. അതേസമയം ഞങ്ങള്‍ നാളെ കിട്ടാനുള്ള വരുമാനം ഇന്ന് കടമായി വാങ്ങി ജീവിക്കുന്നവരാണ്. നിങ്ങള്‍ക്ക് 300 ദശലക്ഷത്തിലധികം വിദ്യാസമ്പന്നരായ ചെറുപ്പക്കാരുണ്ട്. ഞങ്ങള്‍ക്ക് അതില്ല. നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങള്‍ക്ക് വേണ്ടി സ്വര്‍ണമോ വെള്ളിയോ ഭൂമിയോ ആയി എന്തെങ്കിലും കരുതലുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഞങ്ങളുടെ മാതാപിതാക്കള്‍ അതൊന്നും ചെയ്തിട്ടില്ല. പിന്നെ നിങ്ങളുടെ നാട്ടിലെ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന 180ഓളം ഉത്സവങ്ങളുണ്ട്. അതുതന്നെ സമ്പദ് വ്യവസ്ഥയ്ക്ക് നല്ലൊരു ഉത്തേജനമാണ്. മാത്രമല്ല, ഇന്ന് ലോകം ഏറ്റവും അത്യാവശ്യമുള്ള മരുന്നുകള്‍ക്കും വാക്‌സിനുകള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ടിയും ഇന്ത്യയെ ആശ്രയിക്കുന്നു. ലോകത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ട ചുമതലയും അവസരവും ഇന്ത്യയ്ക്ക് വന്നിരിക്കുകയാണ്. ഈ അവസരം നന്നായി ഉപയോഗിച്ച് ഇന്ത്യയ്ക്ക് ഈ മേഖലയില്‍ മുന്നേറാവുന്നതാണ്.''

അതേ, അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളില്‍ പതിര് ഒട്ടുമില്ല. പക്ഷേ ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. 'Habits seldom die, It die with you' . അതേ ശീലങ്ങള്‍ മരിക്കാറില്ല, അത് നമുക്കൊപ്പമേ മണ്ണടിയാറുള്ളൂ.

ഈ ഘട്ടത്തില്‍ നമ്മുടെ പഴകിയ ശീലങ്ങളെ കുടഞ്ഞെറിയാം. ഈ ചൊല്ലില്‍ പെടാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. നമുക്ക് മുന്നില്‍ തുറന്നിരിക്കുന്ന അവസരങ്ങളെ പാഴാക്കാതെ മുതലാക്കാം.

(ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്ന് അവാര്‍ഡ് കരസ്ഥമാക്കി എയിംസില്‍ നിന്ന് ഉന്നതപഠനം പൂര്‍ത്തിയാക്കിയ ഡോ. മോഹന്‍ തോമസ് ഖത്തറില്‍ ആദ്യമായി തനിച്ച് ക്ലിനിക്ക് ആരംഭിച്ച ഡോക്ടറാണ്. ഖത്തര്‍ റോയല്‍ ഫാമിലിയുടെ ഇ എന്‍ ടി സര്‍ജന്‍ കൂടിയായ ഇദ്ദേഹം ഖത്തറിലെ ബിര്‍ള പബ്ലിക് സ്‌കൂളിന്റെ സ്ഥാപകന്‍ കൂടിയാണ്. 1980ല്‍ കൊച്ചി മെഡിക്കല്‍ ട്രസ്റ്റില്‍ മൈക്രോസര്‍ജറി സംവിധാനത്തോടെയുള്ള ആധുനിക ഇ എന്‍ ടി ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിച്ച ഡോ. മോഹന്‍ തോമസ് അത്യാധുനിക നിലവാരത്തിലുള്ള നിരവധി ഹെല്‍ത്ത് കെയര്‍ സംവിധാനങ്ങള്‍ കേരളത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്.)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it