വിദേശ ടൂറിസ്റ്റുകളുടെ വളര്‍ച്ചാ നിരക്ക് കുത്തനെ താഴേക്ക്

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളം സന്ദര്‍ശിക്കാനെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലെ വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്നതായിരുന്നു. എന്നാല്‍ 2014 മുതല്‍ കേരളത്തിലേക്ക് വരുന്ന വിദേശ ടൂറിസ്റ്റുകളുടെ വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ താഴെയാണ്.

ഓരോ വര്‍ഷവും കേരളത്തിലേക്ക് എത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇപ്പോഴും വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും മുന്‍കാലങ്ങളിലേത് പോലുള്ള വലിയൊരു വര്‍ദ്ധനവ് ഇപ്പോള്‍ ഉണ്ടാകുന്നില്ല എന്നതാണ് ഇതിനര്‍ത്ഥം.

2010ന് ശേഷമാണ് കേരളത്തിലേക്ക് എത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ വളര്‍ച്ചാ നിരക്ക് കുറയാന്‍ തുടങ്ങിയത്. 2010ല്‍ മുന്‍ വര്‍ഷത്തെക്കാള്‍ 18.31 ശതമാനം വര്‍ദ്ധനവാണ് ഇവിടേക്ക് എത്തിയ വിദേശ ടൂറിസ്റ്റുകളിലുണ്ടായത്. അതായത് 2009നെ അപേക്ഷിച്ച് ഏകദേശം ഒരു ലക്ഷത്തിലധികം വിദേശ ടൂറിസ്റ്റുകളാണ് 2010ല്‍ കേരളത്തിലേക്ക് എത്തിയത്. എന്നാല്‍ ചുവടെ കൊടുത്തിട്ടുള്ള ചാര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ 2013ല്‍ അത് 8.12 ശതമാനമായും 2016ല്‍ 6.23 ശതമാനമായും 2017ല്‍ 5.15 ശതമാനമായും കുറഞ്ഞിരിക്കുകയാണ്.

വര്‍ഷം - വളര്‍ച്ചാ നിരക്ക് (ശതമാനത്തില്‍)

2010 - 18.31

2011 - 11.18

2012 - 8.28

2013 - 8.12

2014 - 7.60

2015 - 5.86

2016 - 6.23

2017 - 5.15

2017ല്‍ പത്ത് ലക്ഷത്തിലധികം വിദേശ ടൂറിസ്റ്റുകളും 1.46 കോടി ആഭ്യന്തര ടൂറിസ്റ്റുകളും കേരളം സന്ദര്‍ശിച്ചതായാണ് കണക്ക്. 33383 കോടി രൂപയാണ് പ്രസ്തുത വര്‍ഷം ടൂറിസം മേഖലയില്‍ നിന്നുണ്ടായ മൊത്തം വരുമാനം. എങ്കിലും വിദേശ ടൂറിസ്റ്റുകളുടെ വളര്‍ച്ചാ നിരക്കിലുണ്ടാകുന്ന കുറവ് ഈ മേഖലയിലാകെ ആശങ്കയുളവാക്കുന്നൊരു ഘടകമാണ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 11.39 ശതമാനം വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്.

എന്നാല്‍ 2016ലെ മൊത്തം ആഭ്യന്തര ടൂറിസ്റ്റുകളില്‍ 75 ശതമാനവും കേരളത്തില്‍ തന്നെയുള്ളവരായിരുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നിവ ഒഴിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ പങ്കാളിത്തം വളരെയേറെ കുറവായിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവയൊക്കെ കേരളത്തിലെ ടൂറിസം മേഖലയുടെ സ്ഥായിയായ വളര്‍ച്ചക്ക് വലിയൊരു വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ല.

അന്യസംസ്ഥാനങ്ങളും അയല്‍രാജ്യങ്ങളും ഉയര്‍ത്തുന്ന മല്‍സരം, മികച്ച അടിസ്ഥാനസൗകര്യങ്ങളുടെ കുറവ്, ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പരിമിതമായ യാത്രാ സൗകര്യങ്ങള്‍, വിദേശ രാജ്യങ്ങളില്‍ നിന്നും ഇവിടേക്കുള്ള കണക്ടിവിറ്റിയുടെ കുറവ്, ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റിലുള്ള പിഴവുകള്‍, തെരുവുനായ്ക്കളുടെ രൂക്ഷമായ ശല്യം, മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലെ കുറവ്, അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ തുടങ്ങിയവയൊക്കെ ടൂറിസം മേഖലയുടെ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളീയ സമ്പദ്‌വ്യവസ്ഥയിലെ ഒരു സുപ്രധാന മേഖലയായ ടൂറിസം പിന്നോക്കം പോകാതിരിക്കേണ്ടത് ഈ വ്യവസായ മേഖലയുടെ മാത്രമല്ല സംസ്ഥാനത്തിന്റെ തന്നെ ആവശ്യമാണ്.

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it