ഭക്ഷ്യ ഉല്പന്നങ്ങൾക്ക് കളർ കോഡ്; എഫ്എംസിജി കമ്പനികൾക്ക് അതൃപ്തി

ഭക്ഷ്യ ഉല്പന്നങ്ങൾക്ക് കളർ കോഡ് ഏർപ്പെടുത്താൻ ഭക്ഷ്യ സുരക്ഷാ അതോറിറ്റി (FSSAI) ആലോചിക്കുന്നു. ഉല്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിനനുസരിച്ച് പാക്കേജിൽ പല കളർ കോഡുകൾ നൽകണമെന്നാണ് FSSAI യുടെ കരട് നയത്തിൽ പറഞ്ഞിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് അനാരോഗ്യകരമായ ഉല്പന്നങ്ങൾ തിരിച്ചറിയാൻ ലേബലിംഗ് സംവിധാനം സഹായിക്കുമെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോണ്മെന്റ് (CSE) പറയുന്നു. എന്നാൽ കരട് നയത്തിലെ വ്യവസ്ഥകൾക്കെതിരെ എഫ്എംസിജി കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്.

ഉല്പന്നത്തിൽ നിർദിഷ്ട പരിധിക്കപ്പുറം ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ടെങ്കിൽ അവ ചുവന്ന നിറത്തിൽ ലേബൽ ചെയ്യണമെന്നാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിർദേശിക്കുന്നത്. ഇങ്ങനെ നോക്കിയാൽ 70% ഉല്പന്നങ്ങളും റെഡ് ലേബൽ ചെയ്യേണ്ടതായി വരുമെന്നാണ് ഇൻഡസ്ടറിയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ ഭൂരിഭാഗവും സ്വീറ്റ്‌സ്, സ്‌നാക്‌സ് വിഭാഗത്തിൽപ്പെട്ട ഉല്പന്നങ്ങളായിരിക്കും.

ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയിരിക്കുന്ന ഉപ്പ്, പഞ്ചസാര, സാച്യുറേറ്റഡ് ഫാറ്റ്, ട്രാൻസ്ഫാറ്റ്, കൊളസ്‌ട്രോൾ എന്നിവയുടെ അളവ് കൃത്യമായി ലേബലിൽ അടയാളപ്പെടുത്തിയിരിക്കണമെന്നതാണ് മറ്റൊരു നിർദേശം. ഇത് പാക്കേജിന്റെ മുൻവശത്ത് പ്രിന്റ് ചെയ്യുകയും വേണം. മാത്രമല്ല, ഒരു ഉൽപന്നത്തിന്റെ RDA (recommended dietary allowance) എത്രയെന്നതും പാക്കേജിങ്ങിൽ അടയാളപ്പെടുത്തണം.

ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിനനുസരിച്ചുള്ള ലേബലിംഗ് വളരെ അശാസ്ത്രീയമാണെന്നും ഓരോ പ്രായത്തിലുള്ളവർക്കും കഴിക്കാവുന്ന ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് വ്യത്യസ്‍തമാണെന്നും ഓൾ ഇന്ത്യ ഫുഡ് പ്രോസസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുബോധ് ജിൻഡാൽ പറയുന്നു. തങ്ങൾ വാങ്ങുന്ന ഉത്പന്നത്തിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്നറിയാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നാണ് ഭക്ഷ്യ അതോറിറ്റിയുടെ പക്ഷം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it