ജിഡിപിയും വിവാദത്തിൽപ്പെട്ടോ! ശരിക്കും എന്താണ് പ്രശ്നം?

ഈയിടെ ഇറങ്ങിയ ചില ജിഡിപി കണക്കുകൾ കാരണം സർക്കാരും പ്രതിപക്ഷവും തമ്മിൽ പൊരിഞ്ഞ തർക്കമാണ്. ചുരുക്കിപ്പറഞ്ഞാൽ യുപിഎ ഭരണകാലത്തെ ജിഡിപി സംഖ്യ പുതിയ രീതിയിൽ കണക്കുക്കൂട്ടിവന്നപ്പോൾ ആദ്യത്തേതിലും കുറഞ്ഞു പോയി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയത്ത് ബിജെപി സർക്കാർ മനപ്പൂർവ്വം ചെയ്തതാണ് ഇത് എന്നാണ് പ്രതിപക്ഷം പറയുന്നത്.

വാസ്തവത്തിൽ ഈ വിവാദത്തിലേക്ക് നയിച്ച നടപടികൾ എന്താണ്? മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ (MOSPI) ആണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് സൂചിപ്പിക്കുന്ന ജിഡിപി കണക്കുകൾ പുറത്തിറക്കുന്നത്.

ജനുവരി 2015ൽ ഇന്ത്യ ഒരു പുതിയ രീതിയിലേക്ക് മാറിയിരുന്നു. അതായത് ആ വർഷം മുതൽ ജിഡിപി കണക്കുകൂട്ടുന്നതിനുള്ള അടിസ്ഥാന വർഷം 2004-05 ൽ നിന്നും 2011-12 ലേക്ക് മാറ്റി. രണ്ട് ദിവസം മുൻപ് വരെ, 2011-2012 മുതലുള്ള ജിഡിപിക്ക് മാത്രമേ പുതിയ സീരീസിലുള്ള ഡേറ്റ ലഭ്യമായിരുന്നുള്ളൂ. എന്നാൽ നവംബർ 28 ന് 2011-2012 സാമ്പത്തിക വർഷത്തിന് മുൻപുള്ള ജിഡിപി സംഖ്യകളും പുതിയ സീരീസിലേക്ക് മാറ്റി. അതോടെ വളർച്ചാ നിരക്കിൽ അല്പം മാറ്റം വന്നു.

Credit: http://www.mospi.gov.in/

പുതിയ സീരീസ് അനുസരിച്ചുള്ള ജിഡിപി സംഖ്യകൾ പഴയ സീരീസ് അനുസരിച്ചുള്ള ജിഡിപിയേക്കാൾ കുറവാണ്. 2004-2005 സാമ്പത്തിക വർഷത്തിനും 2011-2012 സാമ്പത്തിക വർഷത്തിനും ഇടയിലാണ് ഈ മാറ്റം ഉണ്ടായിരിക്കുന്നത്.

ഏറ്റവും വലിയ മാറ്റം ഉണ്ടായിരിക്കുന്നത് 2007-2008 സാമ്പത്തിക വർഷത്തിലെ കണക്കുകൾക്കാണ്. പഴയ സീരീസിൽ 9.8 ശതമാനായിരുന്നു വളർച്ചാ നിരക്കെങ്കിൽ പുതിയ സീരീസ് അനുസരിച്ച് ആ വർഷത്തെ ജിഡിപി വളർച്ചാ 7.7 ശതമാനമാണ്.

ഇതിൽ ഏറ്റവും രസകരമായ വസ്തുത എന്തെന്നാൽ, നാണയപ്പെരുപ്പ നിരക്ക് കണക്കിലെടുക്കാത്ത നോമിനൽ ജിഡിപി പഴയ സീരിസിലും പുതിയ സീരീസിലും ഏതാണ്ട് ഒരേ പോലെയാണ്. നാണയപ്പെരുപ്പ നിരക്കിലുണ്ടായ വ്യത്യാസം മൂലമാണ് വലിയ മാറ്റം ഉണ്ടായിരിക്കുന്നത്.

മറ്റൊരു കാര്യം, പുതിയ സീരീസ് അനുസരിച്ച് നോക്കിയാലും രണ്ട് സർക്കാരുകളുടെയും കലഘട്ടത്തിലെ സാമ്പത്തിക വളർച്ചാ നിരക്ക് ഏകദേശം ഒരുപോലെയാണ്. ഇതിൽ വലിയ ഏറ്റക്കുറച്ചിലുകളൊന്നും ഉണ്ടായിട്ടില്ല. 2004-2005 വർഷത്തിനും 2011-2012 നും ഇടയിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 6.89 ശതമാനം വളർന്നു. 2011-2012 നും 2017-2018 നും ഇടയിലുണ്ടായ വളർച്ചയോ, 6.87 ശതമാനവും.

അതുകൊണ്ടു തന്നെ വിവാദങ്ങൾക്കൊന്നും ഇവിടെ വലിയ പ്രസക്തിയില്ല.

Related Articles
Next Story
Videos
Share it