കോവിഡ് കാലത്തും അതിനുശേഷവും ബിസിനസുകാര്‍ എന്തുചെയ്യണം? പോള്‍ റോബിന്‍സണിന്റെ 5 മാര്‍ഗനിര്‍ദേശങ്ങള്‍

കോവിഡ് ബാധയെ ബ്ലാക്ക് സ്വാന്‍ പ്രതിഭാസമെന്ന് വിശേഷിപ്പിക്കാം. നാം പൊതുവേ പ്രതീക്ഷിക്കുന്ന കാര്യങ്ങളില്‍ നിന്നെല്ലാം ഏറെ മാറി സംഭവിക്കുന്ന, അതിഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രം പോന്ന ഒരു കാര്യത്തെയാണ് ബ്ലാക്ക് സ്വാന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാല്‍ ഈ VUCA (Volatility, Uncertainty, Complexity and Ambiguity) ലോകത്ത് ഇത്തരത്തിലുള്ള സംഭവവികാസങ്ങള്‍ സാധാരണമാണ്.
ഇപ്പോഴും ലോകത്ത് കോവിഡ് ബാധയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. അക്ഷരാര്‍ത്ഥത്തില്‍ കോവിഡ് ഒരു ഡിസ്‌റപ്റ്ററാണ്. ചെറു ബിസിനസുകള്‍ക്കാണ് ഇത് വലിയ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും അധികം വൈകാതെ അടച്ചുപൂട്ടേണ്ടി വരും. ഒരുപാട് പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. വേതനമില്ലാത്ത സ്ഥിതിവരും. അനിശ്ചിതകാലത്തേക്ക് വേതനമില്ലാത്ത അവധിയെടുക്കേണ്ടി വരും.
എന്നിരുന്നാലും ഈ ദുര്‍ഘട സ്ഥിതിയെ മറികടന്ന് മുന്നോട്ടുപോകാനും ഒട്ടനവധി മാര്‍ഗങ്ങളുണ്ട്.

നിങ്ങള്‍ ഒരു ബിസിനസ് സാരഥിയോ ഒരു സംരംഭത്തെ നയിക്കുന്ന വ്യക്തിയോ ആകട്ടേ, നിങ്ങള്‍ക്കായി ഇതാ ചില മാര്‍ഗനിര്‍ദേശങ്ങള്‍

1. പൂര്‍ണമായ നിയന്ത്രണം ഏറ്റെടുക്കുക

ലോക്ക്ഡൗണ്‍ ബിസിനസുകാര്‍ക്ക് വെക്കേഷന്‍ കാലമല്ല. പട്ടുനൂല്‍ പുഴു ചന്തമേറിയ ചിത്രശലഭമായി പരിണമിക്കുന്നതിന് മുമ്പുള്ള രൂപാന്തരീകരണ കാലഘട്ടമായ പ്യുപ്പ സ്റ്റേജാണിത്. നിങ്ങളുടെ ബിസിനസുകളില്‍ രൂപാന്തരീകരണം നടത്താനുള്ള ശരിയായ സമയമാണിത്. നല്ലകാലം ബഹളങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നടുവില്‍ നമ്മെ പ്രതിഷ്ഠിക്കുമ്പോള്‍ മോശം കാലം ധ്യാനനിമഗ്നരാക്കും. ഗൗരവമായ ചിന്തകള്‍ക്കും തന്ത്രങ്ങള്‍ ആവിഷകരിക്കുന്നതിനുമുള്ള സമയമാണിത്.

ബിസിനസിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുക. കോവിഡ് ബാധമൂലമുള്ള നഷ്ടത്തിന്റെ യഥാര്‍ത്ഥ കണക്കെടുക്കുക. ലാഭ നഷ്ടങ്ങള്‍ ശരിയായി വിലയിരുത്തുക. നിങ്ങളുടെ ബിസിനസില്‍ വരാനിടയുള്ള കടഭാരമെത്രയെന്നും വ്യക്തമായി മനസ്സിലാക്കുക.
അവ്യക്തതകള്‍ അനിശ്ചിതത്വങ്ങളും ഏറെയുള്ള ഈ അവസരത്തില്‍ നിങ്ങളുടെ ബിസിനസില്‍ വ്യക്തവും കൃത്യവുമായ നിലപാടുകളിലൂടെ സ്ഥിരത കൊണ്ടുവരിക എന്നതാണ് സാരഥി എന്ന നിലയില്‍ നിങ്ങളുടെ റോള്‍. ഇതിനായി സംരംഭത്തിലെ എല്ലാവരുമായും തന്ത്രങ്ങളും ആശയങ്ങളും ചര്‍ച്ച ചെയ്യുക. അവരുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കുക.

നിങ്ങള്‍ മുന്നില്‍ നിന്ന് നയിക്കണം. ഒരു വഴിയല്ല, പലവഴികള്‍ മുന്നില്‍ കാണണം. ഇതിനായി ഡയറക്റ്റര്‍ ബോര്‍ഡിലെ എല്ലാവരുടെയും നിര്‍ദേശങ്ങള്‍ കേള്‍ക്കാം.
വളരെ ചുരുക്കം കമ്പനികള്‍ക്കാവും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ കൈകാര്യം ചെയ്യാനുള്ള പദ്ധതികളുണ്ടാകു. പ്രതിസന്ധി ഘട്ടങ്ങളെ മാനേജ് ചെയ്യാനുള്ള പദ്ധതികള്‍ ഇല്ലാത്തവര്‍ തീര്‍ച്ചയായും ഏറെ സമയം ഇതിനായി ചെലവിടണം.
ഒരു ബിസിനസ് സാരഥി എന്ന നിലയില്‍ നിങ്ങള്‍ കാഴ്ചപ്പാടുകള്‍ ഇല്ലാതെയിരിക്കരുത്. കാരണം എല്ലാവരും നിങ്ങളെയാണ് ഉറ്റുനോക്കുന്നത്. ഇവിടെ കാഴ്ചപ്പാട് എന്നാല്‍, വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിനും ലക്ഷ്യങ്ങള്‍ നേടുന്നതിനുമുള്ള പുതിയ സമീപനങ്ങളാണ്.

റിസ്‌കുകള്‍ കാര്യക്ഷമമായി മാനേജ് ചെയ്യുക. ഇതിന് വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുക. ഓരോ ഘട്ടത്തിലും നടപ്പാക്കാവുന്ന തന്ത്രങ്ങള്‍ രൂപീകരിച്ചുവെയ്ക്കുക.
വിപണി സാഹചര്യങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍, ഉപഭോക്താക്കളുടെ ചെലവിടല്‍ ശൈലികള്‍ എന്നിവയില്‍ നിങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ചെലുത്താനാവില്ല. പക്ഷേ നിങ്ങളുടെ ആന്തരികമായ ചില കാര്യങ്ങളില്‍, അതായത് മനോഭാവം, ആവേശം എന്നിവയെല്ലാം നിങ്ങളുടെ വരുതിയിലാണ്.

നിങ്ങളുടെ ബിസിനസിനെയും ബിസിനസ് മോഡലിനെയും റെവന്യു സ്ട്രക്ചറിനെയും ഓപ്പറേഷന്‍ മോഡലിനെയും അടിമുടി മാറ്റാനായുള്ള ഒളിഞ്ഞു കിടക്കുന്ന അവസരമാണ് ചില പ്രതിസന്ധികള്‍. കുറഞ്ഞ വിഭവങ്ങള്‍ കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള വേളയാണിത്. ഇതൊരു ഓപ്ഷന്‍ അല്ല, മറിച്ച് നിര്‍ബന്ധിതമായ പ്രേരണയാണ്.

2. സാമ്പത്തിക നിയന്ത്രണം

ഇത്തരം സാഹചര്യങ്ങള്‍ കമ്പനിയുടെ വിവിധ തലങ്ങളില്‍ നിരവധി സാമ്പത്തിക വെല്ലുവിളികള്‍ സൃഷ്ടിക്കും. ബാലന്‍സ് ഷീറ്റിനെ ബാധിക്കും. വെന്‍ഡര്‍ പേയ്‌മെന്റ് അവതാളത്തിലാകും. സാലറികള്‍, മറ്റ് ചെലവുകള്‍ എന്നിവയെ എല്ലാം ഇത് ബാധിക്കും.
ഉയര്‍ന്ന വാടക, ഉയര്‍ന്ന സാലറി എന്നിങ്ങളെ ഉയര്‍ന്ന ഓപ്പറേഷന്‍ കോസ്റ്റിലുള്ള കമ്പനികള്‍ക്കാകും ലോക്ക്ഡൗണ്‍ വേളയില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി കിട്ടുക. വരവും ചെലവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന കമ്പനികള്‍ക്ക് ഈ സാഹചര്യത്തെ മറികടക്കുക എന്നാല്‍ കഠിനമാണ്.

ഏത് സാമ്പത്തിക പ്രതിസന്ധിയിലും പണം തന്നെയാണ് രാജാവ്. പണത്തിന്റെ മൂല്യം വര്‍ധിച്ചുവരികയാണ്. ആവശ്യമില്ലാത്ത ചെലവുകള്‍ ഒഴിവാക്കുക. അത്യാവശ്യമായ ചെലവുകളില്‍ മാത്രം ശ്രദ്ധയൂന്നുക. ബോണസുകളും ഇന്‍സെന്റീവുകളും ഒഴിവാക്കുക. കോവിഡിന് മുമ്പേ പല കമ്പനികളും ജീവനക്കാരുടെ വേതനം കുറച്ചിരുന്നു. പല റീറ്റെയ്‌ലേഴ്‌സും വാടകക്കാരുമായി ചര്‍ച്ച നടത്തി നിരക്കുകള്‍ കുറച്ചിരുന്നു. ഒന്നുകില്‍ നീന്തുക അല്ലെങ്കില്‍ മുങ്ങിത്താഴുക എന്ന സാഹചര്യത്തില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ പല കമ്പനികളും ഇപ്പോള്‍ തന്നെ വന്‍തോതില്‍ ചെലവുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.

3. റിമോട്ട് വര്‍ക്കിംഗ് അഥവാ വര്‍ക്ക് ഫ്രം ഹോം

ടെക്‌നോളജിയുടെ സഹായത്താല്‍ ഒരു പാട് ജോലികളും ഓഫീസില്‍ വരാതെ തന്നെ ചെയ്യാനാകുമെന്ന് നിരവധി ഓര്‍ഗനൈസേഷനുകള്‍ക്ക് ഇപ്പോള്‍ മനസ്സിലായി. ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സഹായകമാകുന്ന നിരവധി ടൂളുകള്‍ സൗജന്യമായും കുറഞ്ഞ ചെലവിലും ഇപ്പോള്‍ ലഭ്യമാണ്. റിമോട്ട് വര്‍ക്ക് ടെക് ടൂളുകളായ സ്ലാക്കും സൂമുമെല്ലാം ആശയവിനിമയത്തില്‍ ഫലപ്രദമാണ്.

നിര്‍മിത ബുദ്ധി, ഡ്രോണുകള്‍, ഡിജിറ്റല്‍ അസിസ്റ്റന്റ്‌സ് എന്നിവ വന്നതോടെ നിരവധി ബിസിനസുകള്‍ മനുഷ്യ വിഭവശേഷി കുറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. കമ്പനികള്‍ തീര്‍ച്ചയായും ഡിജിറ്റല്‍ രൂപാന്തരീകരണത്തിന് വിധേയമാകണം. മാര്‍ക്കറ്റിംഗ്, സെയ്ല്‍സ് മേഖലകളിലെല്ലാം മതിയായ ഓട്ടോമേഷന്‍ കൊണ്ടുവരണം. ഡിജിറ്റല്‍ അസറ്റുകളും കമ്പനികള്‍ക്ക് വേണ്ട കാലമാണ്. പ്രിന്റിനെ ഡിജിറ്റള്‍ പബ്ലിംഷിംഗ് എങ്ങനെ മാറ്റി, ഗൂഗ്ള്‍ എങ്ങനെ ലൈബ്രറിയെ ഡിജിറ്റൈസ് ചെയ്തു, വ്യക്തിഗത മീറ്റിംഗിനെ സൂം എങ്ങനെ മാറ്റി മറിച്ചു എന്നതെല്ലാം ചിന്തിച്ചുനോക്കൂ. ആ ദിശയിലേക്കാകട്ടെ നിങ്ങളുടെ കമ്പനിയുടെയും മാറ്റം.

4. തന്ത്രപരമായ വഴക്കം

മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട് അവ നടപ്പാക്കാനായി കമ്പനികള്‍ നിശ്ചയിച്ചിരിക്കുന്ന കാലത്തേക്കാള്‍ വേഗത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ അതിവേഗം ആവിഷ്‌കരിച്ച് നടപ്പാക്കാനുള്ള വഴക്കമാണ് പ്രധാനം. മന്ദതാളത്തില്‍ മാറ്റങ്ങള്‍ക്കൊപ്പം മാറാമെന്ന ചിന്തയ്ക്ക് വലിയ വില നല്‍കേണ്ടി വരും. നാമിപ്പോള്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞതുപോലെ 'ചിന്തകളുടെ വേഗത്തില്‍ ബിസിനസ്' എന്ന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതാണ് ബിസിനസുകളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ അഹിതകരമായ കാര്യം. അതിനര്‍ത്ഥം മുന്നില്‍ കാണുന്ന ട്രെന്‍ഡിയായ കാര്യത്തിലേക്കെല്ലാം എടുത്തുചാടുക എന്നല്ല. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള വെല്ലുവിളികളും അവസരങ്ങളും തുറന്നിടും. മതിയായ കണക്കുകൂട്ടലുകള്‍ നടത്തിയുള്ള തീരുമാനങ്ങളാണ് എടുക്കേണ്ടത്.

പവര്‍ പോയ്ന്റ് പ്രസന്റേഷനിലോ വെബ്‌സൈറ്റിലോ ഒക്കെ വളരെ ഗംഭീരമായിരിക്കും. അത് ടീമിലേക്ക് പകര്‍ന്നേകി മികച്ച ഫലമുണ്ടാക്കലാണ് പ്രധാനം.
ചിലനേരം നാം പഴയ റൂള്‍ ബുക്കൊക്കെ മാറ്റി വെയ്ക്കണം. ബിസിനസിലെ റൂളുകള്‍ മാറുമ്പോള്‍ അതാണ് മാര്‍ഗം. സ്ഥിരതയുള്ള സമയത്ത് ബിസിനസ് ചെയ്യേണ്ട രീതികള്‍ അസ്ഥിരതകള്‍ ഏറെയുള്ള സമയത്ത് ഉപയോഗിക്കാന്‍ പറ്റിയെന്ന് വരില്ല.

5. പുതിയ അവസരങ്ങള്‍ കണ്ടെത്തുക

കോവിഡ് ഒട്ടനവധി പുതിയ വെല്ലുവിളികളും അവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും എപ്പോഴും ശ്രദ്ധ കൊടുക്കേണ്ടത് കോര്‍ ബിസിനസിലും കോര്‍ റെവന്യുവിലും ആയിരിക്കണം. എന്നാല്‍ ഭാവി സാധ്യതകളുള്ള പുതിയ അവസരങ്ങളിലേക്ക് കടക്കുന്നതിനും പ്രശ്‌നത്തിലുള്ള ചില കമ്പനികള്‍ വാങ്ങുന്നതിനും ഇപ്പോള്‍ വഴി തുറക്കും. ചില കമ്പനികള്‍ ഏറ്റെടുക്കുന്നതിനും ചില കമ്പനികളുമായി തന്ത്രപരമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നതിനും ഇപ്പോള്‍ അവസരങ്ങളുണ്ടായേക്കാം.
നിങ്ങളുടെ നഷ്ടമുണ്ടാക്കുന്ന ബിസിനസിനെ വിടാതെ കൂടെ നിര്‍ത്താന്‍ ഇനിയും സാധ്യമല്ല. നിങ്ങള്‍ വര്‍ഷങ്ങളായി പിന്തുടരുന്ന ബിസിനസ് മോഡലിനെ മാറ്റി കൂടുതല്‍ ലാഭക്ഷമമായ മറ്റൊന്നിലേക്ക് മാറണം.

അര്‍ഹതയുള്ളത് അതിജീവിക്കും എന്ന ഡാര്‍വിന്‍ സിദ്ധാന്തത്തിന് ബിസിനസിലും പ്രസക്തിയുണ്ട്. എന്നാല്‍ അര്‍ഹതയെന്നാല്‍ കരുത്തുറ്റത്തോ ഒരു പാട് പണമുള്ളതോ എന്നല്ല അര്‍ത്ഥം. മാറ്റങ്ങളോട് അതിവേഗം ഇണങ്ങുന്നത് എന്നതാണ്.
മുന്നിലുള്ള ദിനങ്ങള്‍ ശരിയായി വിനിയോഗിക്കുക. പുതിയ അവസരങ്ങള്‍ മുതലെടുക്കുക. സാഹചര്യങ്ങളെ പഴിക്കുന്നത് നിര്‍ത്തുക. പരാതികളും പരിഭവങ്ങളും ഉപേക്ഷിക്കുക. ഉത്തേജിതരാകുക. ശരിയായി ചിന്തിക്കൂ. പ്രചോദനം ഉള്‍ക്കൊള്ളൂ. മുന്നേറൂ.

Paul Robinson
Paul Robinson  

പ്രമുഖ ഗ്രന്ഥകാരനും പ്രഭാഷകനും ബിസിനസ് സ്ട്രാറ്റജിസ്റ്റുമാണ്. ബെഗളൂരു ആസ്ഥാനമായ പോസിറ്റീവ് റെവൊല്യൂഷൻസിന്റെ സഹസ്ഥാപകനും കൂടിയാണ് അദ്ദേഹം.

Related Articles

Next Story

Videos

Share it