Top

ഓണത്തിന് വില്‍പ്പന കൂട്ടാം; ചില മാര്‍ഗങ്ങള്‍

''അപ്രതീക്ഷിത വെല്ലുവിളികളില്‍ പുറത്തുകടക്കാനുള്ള വഴികളാണ് കച്ചവടക്കാര്‍ എപ്പോഴും നോക്കേണ്ടത്. ഇതിനിടെ വിപണിയെ ഉണര്‍ത്താന്‍ വന്‍കിടക്കാര്‍ ആഴത്തില്‍ ചിന്തിച്ച്, വന്‍തോതില്‍ തുക നിക്ഷേപിച്ച് തന്നെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്‌തെന്നിരിക്കും. അതിനെ ശത്രുതാ മനോഭാവത്തോടെ കാണാതെ, അതില്‍ നിന്നെങ്ങനെ തനിക്ക് നേട്ടമുണ്ടാക്കാനാകുമെന്നാണ് ചിന്തിക്കേണ്ടത്,'' അജ്മല്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഘട്ടത്തില്‍ അജ്മല്‍ സ്വന്തം അനുഭവത്തില്‍ നിന്ന് റീറ്റെയ്ല്‍ രംഗത്തുള്ളവരോട് പറയുന്ന കാര്യങ്ങള്‍ ഇവയാണ്.

1. വിറ്റുവരവിനെ സംബന്ധിച്ച് അമിത പ്രതീക്ഷ വേണ്ട

ഇപ്പോഴത്തെ വിപണിയെ അതിന്റെ എല്ലാ സ്വഭാവത്തോടെയും ഉള്‍ക്കൊള്ളുക. കഴിഞ്ഞ ഓണത്തിന് എത്രമാത്രം വില്‍പ്പന നടത്തിയോ അതേ ലക്ഷ്യം തന്നെ മതിയാകും ഇത്തവണയും. വലിയ വില്‍പ്പന ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് മാര്‍ക്കറ്റിംഗിന് വന്‍തോതില്‍ പണം ചെലവിടരുത്. അതിനനുസരിച്ചുള്ള വില്‍പ്പന നേടാന്‍ സാധിക്കാതെ വന്നാല്‍ നഷ്ടത്തിന്റെ ഭാരം കൂടും. അങ്ങേയറ്റം യാഥാര്‍ത്ഥ്യബോധ്യത്തോടെയുള്ള വില്‍പ്പന ലക്ഷ്യം തന്നെ മുന്നില്‍ കാണുക.

2. മികച്ച പേയ്‌മെന്റ് മാസ്റ്റര്‍ ആകുക

ഈ വിപണിയില്‍ പണമാണ് രാജാവ്. നാം പണം കൊടുക്കേണ്ടവര്‍ക്ക് കൃത്യമായി അത് നല്‍കാന്‍ ശ്രമിക്കുക. നമ്മുടെ കടയില്‍ നിന്ന് പറഞ്ഞ സമയം പണം കിട്ടുമെന്ന് വന്നാല്‍ മറ്റിടങ്ങളിലേക്കാള്‍ കുറഞ്ഞ തുകയ്ക്ക് സാധനങ്ങള്‍ നല്‍കാന്‍ സപ്ലയര്‍മാര്‍ തയ്യാറാകും. മികച്ച ജീവനക്കാര്‍ കൂടെ നില്‍ക്കും. മറ്റിടങ്ങളില്‍ നിന്ന് വൈദഗ്ധ്യമുള്ളവര്‍ നമ്മുടെ സ്ഥാപനത്തിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. നമ്മുടെ ഇടപാടുകാര്‍ക്ക് നല്ല സേവനം നല്‍കാന്‍ സാധിക്കും.

3. മാര്‍ജിനല്ല നോക്കേണ്ടത് വില്‍പ്പന

വന്‍ മാര്‍ജിനിട്ട് കുറച്ച് സാധനങ്ങള്‍ വില്‍ക്കുന്നതിനേക്കാള്‍ കുറഞ്ഞ മാര്‍ജിനില്‍ കുറേ വില്‍പ്പന നേടാന്‍ നോക്കണം. സാധാരണക്കാര്‍ കുറഞ്ഞ നിരക്കില്‍ നല്ലതാണ് തിരയുന്നത്. അത് നല്‍കിയാല്‍ അവര്‍ വീണ്ടും വരും. അതുപോലെ ഡിസ്‌കൗണ്ട് ഓഫറുകള്‍ നല്‍കുമ്പോള്‍ വാഗ്ദാനം ചെയ്തതെന്തോ അത് നല്‍കുക. കടയില്‍ അധികമായി വരുന്ന ആളുകളില്‍ നിന്ന് അധികം കച്ചവടമുണ്ടാക്കാനുള്ള പദ്ധതികള്‍ കൂടി ആവിഷ്‌കരിച്ചിരിക്കണം.

4. ജീവനക്കാര്‍ക്ക് മികച്ച പരിശീലനം നല്‍കുക

ഇന്നത്തെ ഉപഭോക്താവിന് അവര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നത്തെക്കുറിച്ച് നല്ല അറിവുണ്ടാകും. ഒന്നിലധികം ഉല്‍പ്പന്നങ്ങളും കടകളുമായി താരതമ്യം ചെയ്ത ശേഷമാകും ഉപഭോക്താക്കള്‍ വരുന്നത് തന്നെ. മികച്ച പരിശീലനം സിദ്ധിച്ച ജീവനക്കാര്‍ക്ക് മാത്രമേ ഇത്തരം കസ്റ്റമേഴ്‌സിനെ വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്യാന്‍ സാധിക്കൂ. കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങളും സാമ്പത്തിക സ്ഥിതിയും സാഹചര്യങ്ങളുമെല്ലാമറിഞ്ഞ് ഒരു കണ്‍സള്‍ട്ടന്റിന്റെ റോളില്‍ നിന്നുകൊണ്ട് അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള സേവനം നല്‍കുന്ന ഒരാളായി മാറണം ഇവിടെ സെയ്ല്‍സ്മാന്‍. ഇതോടൊപ്പം ഓരോ ജീവനക്കാരിലും 'ഇത് സ്വന്തം ബിസിനസാണെ'ന്ന വിശ്വാസം വളര്‍ത്തണം. ഇത്തരത്തില്‍ ഉടമസ്ഥതാബോധമുള്ള ജീവനക്കാരാണ് സ്ഥാപനം വളര്‍ത്തുക.

കുറ്റം പറയാതെ കൂടെ വളരാന്‍ നോക്കൂ: മനുഷ്യന്റെ സ്വഭാവമാണ് എന്തിലും ഏതിലും കുറ്റം കാണുക. അങ്ങനെ ഇനിയും ഇരുന്നിട്ട് കാര്യമില്ല. വിപണിയെ ചലിപ്പിക്കാന്‍ ആരെന്തു ചെയ്താലും അതിന്റെ അരികു പറ്റി സ്വയം വളരാന്‍ നോക്കുക.

അമിത പിരിമുറുക്കം വേണ്ട: അതിസമ്മര്‍ദ്ദം കൊണ്ട് ഒന്നും നേടാനാകില്ല. മനസിനെ ശാന്തമാക്കുക. പോസിറ്റീവായ മാര്‍ഗങ്ങള്‍ തേടുക.

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it