നിങ്ങളുടെ ബിസിനസിന് വേണം ഈ 6 വാക്‌സിനേഷനുകൾ

അപ്രതീക്ഷിതമായി കടന്നുവരുന്ന മഹാരോഗങ്ങളില്‍ നിന്ന് മനുഷ്യശരീരത്തെ രക്ഷിക്കാന്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതുപോലെ, ബിസിനസുകള്‍ക്കും വേണം വാക്‌സിനേഷന്‍. അങ്ങനെയാണെങ്കില്‍ എത്ര തരത്തിലുള്ളത് വേണം? ഏതൊക്കെയാണവ

സംരംഭകര്‍ക്ക് ഒരു ഉത്തരവാദിത്തമുണ്ട്. എന്താണത്? വരുമാനം വര്‍ധിപ്പിക്കുക. ഇപ്പോഴും ഭാവിയിലും. ഭാവി എന്നാല്‍ ഫ്യൂച്ചര്‍. ഇവിടെ കീ വേര്‍ഡ് ഫ്യൂച്ചര്‍ എന്നതാണ്. അതായത് ഇന്നത്തെ കാര്യം മാത്രമല്ല ബിസിനസുകള്‍ നോക്കേണ്ടത് ഭാവിയിലെ നിലനില്‍പ്പും ലാഭവും എല്ലാം പരിഗണിക്കുക തന്നെ വേണം.

വെഞ്ച്വര്‍ കാപ്പിറ്റല്‍ നേടുക, പ്രൈവറ്റ് ഇക്വിറ്റി നേടുക, ബിസിനസില്‍ നിന്ന് നല്ല നേട്ടമുണ്ടാക്കി എക്‌സിറ്റ് ചെയ്യുക എന്നൊക്കെ ആലോചിക്കുന്ന പുതുതലമുറ സംരംഭകര്‍ക്ക് മുമ്പേ ബിസിനസ് സാരഥികള്‍ ആജീവനാന്തം നിലനില്‍ക്കുന്ന, അതായത് അടുത്ത തലമുറയിലേക്ക് കൈമാറാന്‍ പര്യാപ്തമായ ബിസിനസുകള്‍ പടുത്തുയര്‍ത്താനാണ് ശ്രമിച്ചത്. 99 ശതമാനം സംരംഭകരുടെയും ആഗ്രഹവും പരിശ്രമമും ഇതിനായിരുന്നു.

എല്ലാ ബിസിനസുകള്‍ക്കും അതിന്റെ ആയുസില്‍ മൂന്ന് ഘട്ടങ്ങളുണ്ട്. അവ

  1. സ്റ്റാര്‍ട്ടപ്പ് പീരീഡ് - പ്രാരംഭകാലം മുതല്‍ ആദ്യത്തെ അഞ്ച് വര്‍ഷം വരെ
  2. എസ്ടാബ്ലിഷ്ഡ് പീരീഡ് - ഏതൊരു സംരംഭത്തിന്റെയും ആറാം വര്‍ഷം മുതല്‍ 20 വരെ ഈ ഘട്ടമായിരിക്കും
  3. ലോങ്ങ് പീരീഡ് - 20 വര്‍ഷം മുതല്‍ ഈ ഘട്ടത്തിലേക്ക് പ്രവേശിക്കും.

ഈ എല്ലാ ഘട്ടത്തിലും പരാജയസാധ്യതയുണ്ട്. മനുഷ്യ ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കും പോലെ ബിസിനസിനും വേണം ചില വാക്‌സിനേഷനുകള്‍. എങ്ങനെയാണ് ബിസിനസുകള്‍ക്ക് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാകുക. ആറ് കുത്തിവെപ്പുകളാണ് എടുത്തിരിക്കേണ്ടത്.

https://youtu.be/8d0Vu7KbIZk

1. കടം വേണ്ട

കടമില്ലാതെ ബിസിനസ് ചെയ്യുകയോ. നടപ്പുള്ള കാര്യമാണോ ഇത്. പലരും ചോദിച്ചേക്കാം. നടക്കും. അതിദ്രുത വളര്‍ച്ച ലക്ഷ്യമിടാതെ നിയന്ത്രിത വളര്‍ച്ച മാത്രം മുന്നില്‍ വെച്ച് ബിസിനസ് നടത്തുക. നിങ്ങളുടെ ലാഭം എത്രയാണോ അതില്‍ കുറഞ്ഞതായിരിക്കണം വളര്‍ച്ചാ ശതമാനം. അതായത് ROCE, X ശതമാനമാണെന്ന് കരുതുക. വളര്‍ച്ച Y ശതമാനവും. അങ്ങനെയെങ്കില്‍ X നേക്കാള്‍ എന്നും കുറവായിരിക്കണം Y. വായ്പ എടുക്കാന്‍ പാടില്ല.

2. സംരംഭകര്‍ മുന്നില്‍ നയിക്കുക

മലബാര്‍ ഗ്രൂപ്പിന്റെ ബിസിനസ് മോഡല്‍ നോക്കൂ. അവിടെ ഓരോ സ്‌റ്റോറും നയിക്കുന്നത് സംരംഭകര്‍ തന്നെയാണ്. അതായത് ഡയറക്റ്റര്‍മാര്‍ തന്നെയാണ് റീറ്റെയ്ല്‍ സ്‌റ്റോറുകളുടെ ഉത്തരവാദിത്തം വഹിക്കുന്നത്. ജീവനക്കാര്‍ നയിക്കുന്നതിനേക്കാള്‍ ഒരേ പാഷനോടെ എന്നും പുതുമയുള്ള കാര്യങ്ങളോടെ സംരംഭകര്‍ തന്നെ സ്‌റ്റോറുകളെ നയിക്കും.

3. നിയന്ത്രിത വിപണി വിഹിതം

ഒട്ടുമിക്ക സംരംഭകരും ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. സ്വന്തം ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ 40-50 ശതമാനമൊക്കെ വിഹിതം സ്വന്തമാക്കുകയെന്ന്. എന്നാല്‍ അത് ശരിയല്ല. ഒരു വിപണിയില്‍ പത്തുശതമാനത്തിലധികം വിഹിതം സ്വന്തമാക്കാന്‍ പാടില്ല.

4. ക്ലസ്റ്റര്‍ സമീപനം

റീറ്റെയ്ല്‍ രംഗത്തുള്ള പലരും പിന്തുടരുന്ന ഒരു കാര്യമുണ്ട്. ഒരു സ്റ്റോര്‍ മലബാറിലാണെങ്കില്‍ രണ്ടാമത്തേത് തിരുവനന്തപുരത്താകും. മൂന്നാമത്തേത് ബാംഗ്ലൂരില്‍ തുറക്കും. ഇത്തരം രീതി ശരിയല്ല. ഒരു വിപണിയില്‍ മികച്ച ബ്രാന്‍ഡ് പ്രതിച്ഛായ സൃഷ്ടിക്കാനോ ബിസിനസ് നടത്തിപ്പ് അനായാസമാക്കാനോ ഇത് സഹായിക്കില്ല. മറിച്ച്, മലബാറില്‍ ഒരു സ്‌റ്റോറുണ്ടെങ്കില്‍ ആ മേഖലയില്‍ തന്നെ അടുത്തത് ആരംഭിക്കുക. ഒരു വിപണിയില്‍ സ്വാധീനം ചെലുത്തും വിധം വളരാനും സുസജ്ജമായ സപ്ലെ ചെയ്ന്‍ സംവിധാനം സൃഷ്ടിക്കാനും ഇത് ഉപകരിക്കും.

5. മള്‍ട്ടി മാര്‍ക്കറ്റ് സമീപനം

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു വിപണിയില്‍ മാത്രം ബിസിനസ് ഒതുക്കരുത്. കേരളത്തിലെ ബിസിനസുകളെ സംബന്ധിച്ചിടത്തോളം ഇവിടെ കഴിഞ്ഞാല്‍ ബിസിനസ് വളര്‍ത്താന്‍ അനുയോജ്യമായ വിപണി യുഎഇയാണ്. അവിടെ നിന്ന് ഗ്ലോബല്‍ മാര്‍ക്കറ്റിനെ എത്തിപ്പിടിക്കാനാകും.

6. വാല്യു ചെയ്ന്‍ സൃഷ്ടിക്കല്‍

റീറ്റെയ്ല്‍ രംഗത്തുള്ളവര്‍ അത് മാത്രം ചെയ്തു കൊണ്ടിരിക്കുന്നത് അപകടകരമാണ്. റീറ്റെയ്‌ലിംഗിനൊപ്പം നിയന്ത്രിതമായ മാനുഫാക്ടചറിംഗ് കൂടി വേണം. അതായത് മാനുഫാക്ചറിംഗ്, മൊത്തവിതരണം, വിപണനം, ചില്ലറ വില്‍പ്പന എന്നിവയെല്ലാം കൂടിയ ഒരു വാല്യു ചെയ്ല്‍ സംവിധാനം ഒരുക്കണം. ഇതെല്ലാം വലിയ തോതില്‍ വേണമെന്നല്ല. നിയന്ത്രിതമായ രീതിയില്‍ വേണം.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here . നമ്പർ സേവ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

Tiny Philip
Tiny Philip  

ഇന്ത്യയിലും ജിസിസി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകൾ വളർത്തിയെടുക്കുന്നതിന് വേണ്ടി ദീർഘകാല അടിസ്ഥാനത്തിൽ സംരംഭകരുമായി ചേർന്ന് പ്രവർത്തിക്കുന്ന ബിസിനസ് അഡ്വൈസർ. 1992ൽ IIM (L) നിന്ന് PGDM എടുത്തതിന് ശേഷം ബിസിനസ് അഡ്വൈസർ ആയി പ്രവർത്തനം ആരംഭിച്ച അദ്ദേഹം റിസൾട്സ് കൺസൾട്ടിങ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ്

Related Articles

Next Story

Videos

Share it