കോവിഡ്: രാജ്യത്തെ മൂന്നില്‍ രണ്ടു കമ്പനികളുടെ വില്‍പ്പന കുത്തനെ ഇടിയും

കോവിഡിനെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് രാജ്യത്തെ മൂന്നില്‍ രണ്ട് കമ്പനികളുടെ സെയ്ല്‍സ് കുത്തനെ കുറയുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മാത്രമല്ല, ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അങ്ങേയറ്റം താഴ്ന്ന തലത്തിലേക്കും എത്തും.

ഫിക്കി, ധ്രുവ അഡൈ്വസേഴ്‌സ് എന്നിവയുടെ സഹകരണത്തോടെ നൊമുറ നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 380 കമ്പനികളില്‍ 41 ശതമാനത്തിന്റെയും വില്‍പ്പന വെറും 20 ശതമാനത്തിലെത്തുമെന്നാണ് കമ്പനികളുടെ നിഗമനം. 29 ശതമാനം കമ്പനികള്‍ തങ്ങളുടെ വില്‍പ്പന 20 ശതമാനത്തിലും താഴെ പോകുമെന്നും പറയുന്നു.

സര്‍വെയില്‍ പങ്കെടുത്ത പകുതിയിലേറെ പേരും അടുത്ത ഒന്‍പതുമാസത്തിനുശേഷമല്ലാതെ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരില്ലെന്ന പ്രതീക്ഷയാണ് പങ്കുവെയ്ക്കുന്നത്. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്താല്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചയാകും രേഖപ്പെടുത്തുകയെന്ന് നോമുറ പറയുന്നു.

കമ്പനികളുടെ വില്‍പ്പനയിലുണ്ടാകുന്ന ഇടിവും വിപണിയിലെ ലിക്വിഡിറ്റി പ്രശ്‌നങ്ങളും കൂടി ചേരുമ്പോള്‍ കോര്‍പ്പറേറ്റുകളുടെ ലാഭത്തില്‍ ഇരട്ട പ്രഹരമാകും സംഭവിക്കാന്‍ പോകുന്നതെന്ന് നൊമുറ പറയുന്നു. ഇത് രാജ്യത്ത് തൊഴില്‍ നഷ്ടം, വേതനം വെട്ടിക്കുറയ്ക്കല്‍, കമ്പനികളുടെ ചെലവിടല്‍ എന്നിവയ്ക്കും ദീര്‍ഘമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കും കാരണമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it