നാല് വർഷത്തിനകം ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇരട്ടി മൂല്യം കൈവരിക്കും: മോദി
നാല് വർഷത്തിനകം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ മൂല്യം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ 2022-ഓടെ അഞ്ച് ലക്ഷം കോടി ഡോളർ മൂല്യമുള്ള സാമ്പത്തിക ശക്തിയാകുമെന്ന് അദ്ദേഹം ന്യൂ ഡൽഹിയിൽ പറഞ്ഞു.
ഉത്പാദന മേഖല, കാർഷിക മേഖല എന്നിവ ഇതിൽ ഒരു ലക്ഷം കോടി ഡോളർ വീതം സംഭാവന ചെയ്യും. രാജ്യത്തിന്റെ പൊതു താല്പര്യത്തിന് വേണ്ടി ശക്തമായ സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളാൻ സർക്കാരിനു മടിയില്ലെന്നും മോദി പറഞ്ഞു.
ജി.ഡി.പി.യിൽ കയറ്റുമതിയുടെ വിഹിതം ഉയർത്താനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ലയിപ്പിക്കുന്നത് ദേശീയ താല്പര്യം മുൻനിർത്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐ.റ്റി, റീറ്റെയ്ൽ മേഖലകളിൽ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനാൽ സമ്പദ്ഘടന എട്ട് ശതമാനത്തിലധികം വളർച്ച നേടും. 'മെയ്ക്ക് ഇൻ ഇന്ത്യ'യ്ക്ക് സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നതിനാൽ രാജ്യത്ത് ഇപ്പോൾ ഉപയോഗിക്കുന്ന 80 ശതമാനം മൊബൈൽ ഫോണുകളും ഇന്ത്യയിൽ നിർമിക്കുന്നതാണ്. ഇതുമൂലം മൂന്നു ലക്ഷം കോടി രൂപ വിദേശ വിനിമയത്തിൽ ലാഭിക്കാനാകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.