ബിഗ്ബാസ്കറ്റ് യൂണികോൺ നിരയിലേക്ക്

യൂണികോൺ സ്റ്റാർട്ടപ്പുകളുടെ നിരയിലേക്ക് രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഗ്രോസറി ഷോപ്പായ ബിഗ്ബാസ്‌കറ്റും. നിലവിലെ നിക്ഷേപകരായ അലിബാബ ഗ്രൂപ്പിൽ നിന്നും 50 മില്യൺ ഡോളർ ഫണ്ട് സ്വരൂപിക്കുന്നതിന് കമ്പനി ബോർഡ് അംഗീകാരം നൽകിയാതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.

ഇതുകൂടാതെ, യുകെ ഗവണ്മെന്റിന്റെ കീഴിലുള്ള സിഡിസി ഗ്രൂപ്പ് 50 മില്യൺ ഡോളർ നിക്ഷേപിക്കും. മറ്റൊരു 59.9 മില്യൺ ഡോളർ നിക്ഷേപം ദക്ഷിണ കൊറിയയുടെ മിറാ അസറ്റ് ഗ്ലോബൽ ഇൻവെസ്റ്റ്മെൻറ്സിൽ നിന്നും ലഭിക്കും.

ഇതോടൊപ്പം, ബിഗ്‌ബാസ്കറ്റ്‌ തങ്ങളുടെ 100 ഓഹരികൾ ഒന്നിന് 11.43 ഡോളർ എന്ന വിലയ്ക്ക് ഇഷ്യൂ ചെയ്യും. 10 ലക്ഷം compulsory convertible preference ഷെയറുകൾ 114.29 എന്ന നിരക്കിലും പുറത്തിറക്കും. ഈ വിലയ്ക്ക് സ്റ്റാർട്ടപ്പിന്റെ മൂല്യം 1.2 ബില്യൺ ഡോളറിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്വകാര്യ സംരംഭകങ്ങളെയാണ് യൂണികോണുകൾ എന്ന് വിളിക്കുന്നത്.

ഏപ്രിലിൽ ബിഗ് ബാസ്‌ക്കറ്റ് കോച്ചിയിൽ പ്രവർത്തനമാരംഭിക്കുമെന്ന് സ്ഥാപകനും സിഇഒയുമായ ഹരി മേനോൻ പ്രഖ്യാപിച്ചിരുന്നു. ധനം റീറ്റെയ്ൽ ആൻഡ് ബ്രാൻഡ് സമ്മിറ്റ് & അവാർഡ് നൈറ്റ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഡൽഹിവെരിക്ക് ശേഷം ഈ വർഷം യൂണികോൺ ക്ലബ്ബിൽ ചേരുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പാണ് ബിഗ്‌ബാസ്കറ്റ്‌. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള വമ്പന്മാരെ എതിരിടാൻ ഫണ്ടിംഗ് കമ്പനിയെ സഹായിക്കും.

ആയിരത്തോളം ബ്രാൻഡുകളുടെ 20,000 ഉൽപന്നങ്ങളാണ് ഇപ്പോൾ ബിഗ്‌ബാസ്കറ്റ് ഡെലിവർ ചെയ്യുന്നത്. കമ്പനിയിൽ 26.2 ശതമാനം ഓഹരിപങ്കാളിത്തത്തോടെ അലിബാബ തന്നെയാണ് ഏറ്റവും വലിയ ഷെയർഹോൾഡർ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it