കോവിഡ് ബാധയില്‍ നിന്ന് രാജ്യം പുറത്തുകടക്കാന്‍ 9 മാസമെങ്കിലും എടുക്കും: ദീപക് പരേഖ്

2008ല്‍ ലോകം സാക്ഷ്യം വഹിച്ച സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഗുരുതര പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്ന് എച്ച് ഡി എഫ് സി ചെയര്‍മാന്‍ ദീപക് പരേഖ്.

ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ പ്രമുഖനായ ദീപക് പരേഖ് കോവിഡ് ബാധമൂലമുള്ള ഇപ്പോഴത്തെ പ്രതിസന്ധിയെ ഹ്യൂമണ്‍ ഇക്കണോമിക് ഫിനാന്‍ഷ്യല്‍ (HEF) പ്രതിസന്ധിയെന്നാണ് വിശേഷിപ്പിക്കുന്നത്. രാജ്യത്ത് ഇനിയും കോവിഡ് വൈറസ് ബാധയുടെ ആക്രമണമുണ്ടായില്ലെങ്കില്‍ ഇപ്പോഴുള്ള പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാന്‍ കുറഞ്ഞത് ഒന്‍പത് മാസമെങ്കിലുമെടുക്കുമെന്ന് അടുത്തിടെ നടത്തിയ വെബിനാറില്‍ അദ്ദേഹം അഭിപ്രായപ്പെട്ടും.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ സംരംഭകര്‍ എന്തുവിധേനയും പണം സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഇതുവരെ കാണാത്ത പലതിനെയും പ്രതീക്ഷിക്കുക തന്നെ വേണമെന്നും ദീപക് പരേഖ് മുന്നറിയിപ്പ് നല്‍കുന്നു. മറ്റൊരു ലോക്ക്ഡൗണ്‍ പോലും മുന്നില്‍ കാണണമെന്നാണ് അദ്ദേഹം പറയുന്നത്. സംരംഭകര്‍ക്കുള്ള മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ ഇതൊക്കെയാണ്.

1. ടീമിനെ രണ്ടായി തിരിക്കുക. ഒരു ടീം നിലവിലുള്ള സാഹചര്യം പഠിച്ച് അതിനുപറ്റിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നേറട്ടേ. രണ്ടാമത്തെ ടീം അടുത്ത രണ്ടുവര്‍ഷത്തിനുശേഷമുള്ള കാര്യങ്ങള്‍ വിലയിരുത്തി പദ്ധതികള്‍ ആവിഷ്‌കരിക്കട്ടേ.

2. ചെലവുകള്‍ പരമാവധി കുറയ്ക്കുക. മനുഷ്യവിഭവശേഷി വെട്ടിക്കുറയ്ക്കാന്‍ സാധിക്കുമെങ്കില്‍ അതും ചെയ്യുക. വേതനം കുറയ്ക്കുക.

3. എല്ലാവിധേനയും കടക്കെണി ഒഴിവാക്കുക. പ്രൈവറ്റ് ഇക്വിറ്റി നേടാന്‍ ശ്രമിക്കുക.

4. ബാങ്കുമായി നല്ല ബന്ധം തുടരുക. കാല്‍ ശതമാനത്തിന്റെയോ അര ശതമാനത്തിന്റെയോ മെച്ചം പ്രതീക്ഷിച്ച് ബാങ്കുകള്‍ മാറരുത്. ബന്ധമാണ് പ്രധാനം.

5. സര്‍ക്കാരില്‍ നിന്നുള്ള പെയ്‌മെന്റുകള്‍ വൈകും.

6. പലിശ നിരക്കുകള്‍ ഇനിയും കുറയും. ബാങ്കുകള്‍ അവയുടെ മെച്ചം കമ്പനികള്‍ക്ക് കൈമാറാനാണ് സാധ്യത. ഓരോ ബാങ്കുകളും അവരുടെ ബാലന്‍സ് ഷീറ്റ് നല്ല രീതിയില്‍ നിര്‍ത്താനാകും ശ്രമിക്കുക. ദേശീയ താല്‍പ്പര്യത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം അതിനാകും.

7. മിഡില്‍ ഈസ്റ്റ് വലിയൊരു പ്രതിസന്ധിയിലേക്ക് വീഴും. എണ്ണ വില ബാരലിന് 60-70 ഡോളറിലേക്ക് അടുത്തകാലത്തൊന്നും തിരിച്ചുപോകില്ല. ഒരു പക്ഷേ 40-50 തലത്തില്‍ നിന്നേക്കാം.

8. കമ്പനിയിലെ തൊഴിലാളികളുടെ കാര്യത്തിലാണെങ്കില്‍ പലരും രോഗഭീതിയുടെ പിടിയിലാണ്. ലോക്ഡൗണ്‍ കഴിഞ്ഞാലും ഉപജീവനമാര്‍ഗത്തേക്കാള്‍ രോഗം വരുമോയെന്ന ഭയം പലര്‍ക്കുമുണ്ടാകും. അതുകൊണ്ട് അവരെ തിരിച്ചുകൊണ്ടുവരാന്‍ അവരുടെ ജീവിതത്തിന് സുരക്ഷിതത്വവും ഭക്ഷണവും താമസ സൗകര്യങ്ങളും ഒരുക്കേണ്ടി വരും. മാനുഫാക്ചറിംഗ് കമ്പനികള്‍ ഇക്കാര്യം ശ്രദ്ധിക്കണം.

9. 2023 ഓടെ 390 മില്യണ്‍ ജനങ്ങള്‍ മിഡില്‍ ക്ലാസ് വിഭാഗത്തിലേക്ക് വരും. രാജ്യത്തെ വെറും രണ്ടുശതമാനം ജനങ്ങള്‍ മാത്രമാണ് ഇക്വിറ്റിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. മെക്‌സിക്കോയില്‍ ഇത് 60 ശതമാനവും അമേരിക്കയില്‍ 100 ശതമാനവുമാണ്. ഇന്ത്യയില്‍ 20 ശതമാനം പേരെങ്കിലും ഇക്വിറ്റി നിക്ഷേപകരായാല്‍ വലിയ മാറ്റം സംഭവിക്കും.

10. ഇന്ത്യയിലെ ജനങ്ങളുടെ സേവിംഗ്‌സ് റേറ്റ് മുന്‍പ് 30 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 17 ശതമാനമാണ്. 10 ശതമാനം റിയല്‍ എസ്‌റ്റേറ്റിലും സ്വര്‍ണത്തിലുമാണ്. ലിക്വിഡ് സേവിംഗ്‌സ് റേറ്റ് ഏഴ് ശതമാനമാണ്. ജനങ്ങളുടെ ഉപഭോഗം ഇനിയും വര്‍ധിക്കാനാണിട.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it