കര്‍ഷകരെ സംരക്ഷിക്കണമെങ്കിൽ മാറ്റേണ്ടത് ഭൂനയങ്ങള്‍

കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം പതിനായിരക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയുമാണ്.

ഇടുക്കിയിലും വയനാട്ടിലുമൊക്കെ കഴിഞ്ഞ മാസങ്ങളിലുണ്ടായ കര്‍ഷക ആത്മഹത്യയെ തുടര്‍ന്ന് എല്ലാത്തരം കര്‍ഷക വായ്പകള്‍ക്കുമുള്ള മോറട്ടോറിയം കാലാവധി 2019 ഡിസംബര്‍ വരെ ദീര്‍ഘിപ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. എന്നാല്‍ വന്‍പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് മോറട്ടോറിയം കാലാവധി നീട്ടിക്കിട്ടിയതുകൊണ്ടുമാത്രം വായ്പ തിരിച്ചടക്കാനോ കടക്കെണിയില്‍ നിന്നും കരകയറാനോ സാധിക്കില്ല.

കാര്‍ഷിക രംഗത്ത് പതിറ്റാണ്ടുകളായി കേരളം പിന്നോക്കം പോകുന്നത് എന്തുകൊണ്ടാണ്? കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളോ അവരുടെ ആവശ്യങ്ങളോ എന്തൊക്കെയാണെന്ന് സര്‍ക്കാരുകളോ ഉദ്യോഗസ്ഥ മേധാവികളോ തിരിച്ചറിയുന്നില്ലെന്നതാണ് ഒരു കാരണം.

ഉയര്‍ന്ന കൂലി, തൊഴിലാളികളുടെ ലഭ്യതക്കുറവ്, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച, ഫലപ്രദമായ വിപണന സംവിധാനങ്ങളുടെ അഭാവം, ഇടത്തട്ടുകാരുടെ ചൂഷണം, യന്ത്രവല്‍ക്കരണത്തിന്റെ കുറവ്, സ്‌റ്റോറേജ് സംവിധാനങ്ങളുടെ അഭാവം, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പോരായ്മ തുടങ്ങിയ നിരവധി ഘടകങ്ങളാണ് കേരളത്തിലെ കാര്‍ഷിക മേഖലയെ പിന്നോട്ടടിക്കുന്നതെന്ന് അതേക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടുകള്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ നയങ്ങള്‍ തിരിച്ചടി

ലാഭകരമായ കൃഷി ഏതാണോ അത് ചെയ്യാന്‍ കേരളത്തിലെ നിയമങ്ങള്‍ കര്‍ഷകരെ അനുവദിക്കുന്നില്ലെന്നതാണ് ഏറ്റവും വലിയൊരു പ്രശ്‌നം. കേരളത്തിലെ സാഹചര്യത്തില്‍ നെല്‍കൃഷി നടത്തിയാല്‍ ഭീമമായ നഷ്ടമായിരിക്കും ഫലം. പക്ഷെ നെല്‍പ്പാടമുള്ള ഒരു കര്‍ഷകന്‍ നഷ്ടം സഹിച്ചും എല്ലാവര്‍ഷവും അവിടെ നെല്‍കൃഷി ചെയ്ത് അത് നെല്‍പ്പാടമായി തന്നെ നിലനിര്‍ത്തുന്നുവെന്ന് അധികാരികളെ കാണിച്ചുകൊണ്ടേയിരിക്കണം.

ഇതാണ് കേരളത്തിലെ തലതിരിഞ്ഞ നയമെന്ന് കര്‍ഷകര്‍ ആക്ഷേപിക്കുന്നു. പകരം ലാഭകരമായ മറ്റുള്ള വിളകള്‍ അവിടെ കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ കര്‍ഷകരെ അനുവദിക്കുന്നില്ല. തരിശായി കിടക്കുന്ന നെല്‍പ്പാടങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വയംസഹായ സംഘങ്ങള്‍ മുഖേന നെല്‍കൃഷി നടത്തുന്നൊരു പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. എന്നാല്‍ സംഘങ്ങള്‍ക്കും അതിലൂടെ വലിയ നേട്ടമുണ്ടാക്കാനായിട്ടില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ 30000 ഏക്കര്‍ സ്ഥലത്ത് അധിക നെല്‍കൃഷി നടത്തിയെന്നാണ് ഹരിതകേരള മിഷന്റെ വാദം. സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കിയും കര്‍ഷകരെ നിര്‍ബന്ധിച്ചുമൊക്കെ എത്രകാലത്തേക്ക് നെല്‍കൃഷി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

''കഴിഞ്ഞ ഏതാനും പതിറ്റാണ്ടിനുള്ളില്‍ മലയാളികളുടെ ഭക്ഷണശൈലി തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. പണ്ട് അരിയായിരുന്നു മുഖ്യാഹാരമെങ്കില്‍ ഇന്ന് ഗോതമ്പിന് പുറമേ പാല്‍, മുട്ട, ഇറച്ചി, മല്‍സ്യം, പച്ചക്കറികള്‍, ഫ്രൂട്ടസ് എന്നിവക്കൊക്കെ വളരെ വലിയ പ്രധാന്യമാണ് നല്‍കിയിരിക്കുന്നത്' കൃഷി വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ അതിന് അനുസരിച്ച് കേരളത്തിലെ കാര്‍ഷികോല്‍പ്പാദന നയത്തില്‍ കാതലായ മാറ്റം വരുത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെന്നതാണ് നിര്‍ഭാഗ്യകരമായൊരു അവസ്ഥ. വെള്ളം കെട്ടിനില്‍ക്കുന്ന നെല്‍പ്പാടങ്ങളില്‍ മത്സ്യകൃഷി നടത്താന്‍ പോലും അനുമതി ലഭിക്കുകയില്ല.

സംസ്ഥാനത്തെ പ്ലാന്റേഷന്‍ മേഖലയിലും ഇതുതന്നെയാണ് സ്ഥിതി. ''റബ്ബര്‍ കൃഷി ചെയ്യുന്ന തോട്ടങ്ങളില്‍ അവ വന്‍നഷ്ടം വരുത്തിയാലും അവിടെ റബ്ബര്‍ മാത്രം വളര്‍ത്തി ജിവിച്ചുകൊള്ളണമെന്ന കര്‍ക്കശമായ നിബന്ധനയാണ് മാറ്റേണ്ടത്'' കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ റബ്ബര്‍ ഗ്രോവേഴ്‌സ് ഓര്‍ഗനൈസേഷന്റെ ചീഫ് കോര്‍ഡിനേറ്ററായ ജോണി മാത്യു അഭിപ്രായപ്പെട്ടു.

തേയില, കാപ്പി, ഏലം തുടങ്ങിയ തോട്ടവിളകളുടെ കൃഷിയില്‍ ബുദ്ധിശൂന്യമായ ഇത്തരം നിബന്ധനകള്‍ കര്‍ഷകരുടെ നട്ടെല്ല് തകര്‍ത്തിരിക്കുകയാണ്. ഇവിടെയും ലാഭകരമായ മറ്റ് വിളകള്‍ കൂടി കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് നഷ്ടം കുറക്കുന്നതിനും അവരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും സാധിക്കുമെന്നാണ്് വിദഗ്ധരുടെ വിലയിരുത്തല്‍.

ജനവാസ കേന്ദ്രങ്ങളില്‍ വന്‍തോതില്‍ പശുവിനെയും പന്നിയെയും വളര്‍ത്താനാകാത്തതിനാല്‍ റബ്ബര്‍ തോട്ടങ്ങള്‍ക്കുള്ളില്‍ ഇത്തരം ഫാമുകള്‍ക്ക്് സാധ്യതയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

'ഈസ് ഓഫ് ഡൂയിംഗ് അഗ്രികള്‍ച്ചര്‍' നടപ്പാക്കണം

ഇപ്പോള്‍ പ്ലാന്റേഷനകത്ത് വാനില പോലെ ഏതാനും ചില കാര്‍ഷികോല്‍പ്പന്നങ്ങള്‍ മാത്രമേ പരിമിതമായ തോതില്‍ കൃഷി ചെയ്യാന്‍ അനുവാദമുള്ളൂ. അത്തരമൊരു നയത്തിലാണ് മാറ്റം വരുത്തേണ്ടത്. മുന്‍പ് പ്ലാന്റേഷനുകളുടെ ഭൂമിയുടെ അഞ്ച് ശതമാനത്തോളം ടൂറിസം ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനൊരു പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുകയുണ്ടായി.

എന്നാല്‍ ടൂറിസം വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ അനുമതിയും കര്‍ക്കശ നിബന്ധനകളും മറ്റുള്ള നൂലാമാലകളും കാരണം അതിലും കാര്യമായൊരു മുന്നേറ്റം കൈവരിക്കാന്‍ പ്ലാന്റേഷന്‍ മേഖലയ്ക്ക് സാധിച്ചിട്ടില്ല. ''ഓരോ കാലഘട്ടത്തിലും ഓരോ തരം കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കാണ് ഡിമാന്‍ഡുള്ളത്. അതിനാല്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ കൃഷി ചെയ്യുന്നതിനെയാണ് സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കേണ്ടത്'' പ്രമുഖ കര്‍ഷകനായ ജോജോ ജോര്‍ജ് അഭിപ്രായപ്പെട്ടു.

ഒരു വ്യാപാരിക്ക് തന്റെ ഷോപ്പില്‍ എന്ത് വില്‍ക്കണമെന്നും ഒരു സംരംഭകന് എന്ത് ഉല്‍പ്പന്നം നിര്‍മ്മിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശമുള്ളതുപോലെ സ്വന്തം കൃഷിഭൂമിയില്‍ ലാഭകരമായ ഏതൊരു കൃഷിയും ചെയ്യാനുള്ള അവകാശം സര്‍ക്കാര്‍ കര്‍ഷകന് നല്‍കണം.

വാണിജ്യപരമായ ലാഭത്തെ അടിസ്ഥാനമാക്കി വേണം കര്‍ഷകര്‍ കൃഷി ചെയ്യേണ്ടത്. ഇതിനായി കാര്‍ഷിക രംഗത്തെ കര്‍ക്കശമായ നിയന്ത്രണണങ്ങളും അറുപഴഞ്ചന്‍ നിയമങ്ങളും അടിമുടി പൊളിച്ചെഴുതുകയും ചെയ്യണം. രാജ്യത്തെ ബിസിനസ് മേഖലയുടെ മുന്നേറ്റത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമങ്ങള്‍ സുഗമമാക്കിയത് പോലെ കേരളത്തിലെ കാര്‍ഷിക മേഖലയുടെ മുന്നേറ്റത്തിനായി ഈസ് ഓഫ് ഡൂയിംഗ് അഗ്രികള്‍ച്ചര്‍ നടപ്പാക്കണമെന്നും ആവശ്യമുയരുന്നു.

''കേരളത്തിന്റെ സമാനകാലാവസ്ഥയുള്ള മലേഷ്യയില്‍ ഒരു കാലത്ത് നിറയെ തെങ്ങുകളായിരുന്നെങ്കില്‍ അതില്‍ നിന്നുള്ള വരുമാനം കുറഞ്ഞപ്പോള്‍ അവര്‍ റബ്ബറിലേക്ക് മാറി. റബ്ബറിന് തിരിച്ചടി നേരിട്ടപ്പോള്‍ അവര്‍ പാംഓയിലിലേക്കും മാറി.

ഇത്തരത്തില്‍ കാലത്തിന് അനുസരിച്ച് കൃഷി ചെയ്യാനുള്ള സാഹചര്യം കേരളത്തിലും ഉണ്ടായാല്‍ മാത്രമേ നമ്മുടെ കാര്‍ഷിക രംഗത്തും വലിയൊരു മാറ്റം ഉണ്ടാകുകയുള്ളൂ'' കൈനടി പ്ലാന്റേഷന്‍സിന്റെ മാനേജിംഗ് ഡയറക്ടറായ റോഷന്‍ കൈനടി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഏജന്‍സികളായ റബ്ബര്‍ ബോര്‍ഡിന്റെ നിലനില്‍പ്പിനായി റബ്ബറും കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ നിലനില്‍പ്പിനായി തെങ്ങും നിലനിര്‍ത്തിയേ മതിയാകൂവെന്ന ചിന്ത വെറും അബദ്ധമാണ്.

കൃഷി ഭൂമി കര്‍ഷകന് ബാധ്യതയാകുന്നു

കേരളത്തില്‍ ഒരു കുടുംബത്തിന് കൈവശം വക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കര്‍ മാത്രമാണ്. മറ്റുള്ള സംസ്ഥാനങ്ങളിലാകട്ടെ 100 ഏക്കറോ അതിലധികമോ വാങ്ങി കൃഷി ചെയ്യാനാകും. കാര്‍ഷിക മേഖലയിലെ മറ്റൊരു പരിമിതിയാണിത്. ഭൂപരിഷ്‌ക്കരണ നിയമം പണ്ട് കേരളത്തില്‍ അനിവാര്യമായിരുന്നെങ്കില്‍ ഇന്നതിന് എത്രമാത്രം പ്രസക്തിയുണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ കൃഷി ഭൂമിയെന്നത് കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. അതില്‍ കൃഷി ചെയ്ത് വരുമാനം ആര്‍ജ്ജിക്കാനോ അല്ലെങ്കില്‍ വിറ്റഴിച്ച് പണം നേടാനോ സാധിക്കില്ലെന്നതാണ് പ്രശ്‌നം. ഇക്കാരണത്താലാണ് നിലം നികത്തലും ലാന്‍ഡ് കണ്‍വെര്‍ഷനുമൊക്കെ കേരളത്തില്‍ വ്യാപകമാകുന്നത്. കൃഷി ഭൂമിയുടെ പരിവര്‍ത്തനത്തിന് സംസ്ഥാനത്തെ നിയമങ്ങള്‍ എതിരാണെങ്കിലും കണ്‍വെര്‍ട്ട് ചെയ്യപ്പെടുന്നവ ഓരോ കാലഘട്ടത്തിലും പിഴ അടച്ച് നിയമവിധേമാക്കാനുള്ള സഹായവും സര്‍ക്കാരുകള്‍ ചെയ്യുന്നുണ്ടെന്നതാണ് വസ്തുത.

കേരളം പോലെ ഭൂമിയുടെ ലഭ്യത കുറഞ്ഞ സ്ഥലത്ത് ശരിയായ വിധത്തിലുള്ള ലാന്‍ഡ് യൂസ് പ്ലാനിംഗ് നടപ്പാക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. കൂടാതെ കൃഷി ഭൂമി പാട്ടത്തിന് നല്‍കുന്നതിനുള്ള നിയമങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണം.

കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം തുടങ്ങിയ വകുപ്പുകള്‍ കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും കൂടാതെ കാര്‍ഷിക രംഗത്തെ ഗവേഷണ സ്ഥാപനങ്ങള്‍ ഗവേഷണ വികസനത്തിനായും പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനങ്ങളിലൂടെ എന്തൊക്കെ നേട്ടങ്ങള്‍ സൃഷ്ടിക്കാനായിട്ടുണ്ടെന്നത് വ്യക്തമായൊരു പഠനത്തിന് വിധേയമാക്കണം.

വിളകള്‍ വൈവിധ്യവല്‍ക്കരിക്കുക

വിളകളുടെ വൈവിധ്യവല്‍ക്കരണത്തിലേക്കാണ് കേരളം ഉടനടി ചുവടുറപ്പിക്കേണ്ടതെന്ന് ജോജോ ജോര്‍ജും ജോണി മാത്യുവും ഉള്‍പ്പെടെയുള്ള അനേകംപേര്‍ ഏകസ്വരത്തില്‍ ചൂണ്ടിക്കാട്ടുന്നു. വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിച്ചാല്‍ മാത്രമേ ഒരേതരം ഉല്‍പ്പന്നങ്ങളുടെ അമിതമായ ഉല്‍പ്പാദനം കുറയ്ക്കാനും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില നേടുന്നതിനും സാധിക്കുകയുള്ളൂ. ഇതിനായി ഓരോ സ്ഥലത്തും ലാഭകരമായ വിളകള്‍ കൃഷി ചെയ്യുന്നതിനുള്ള അവസരമാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ടത്.

കൂടാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിച്ച ശേഷം അവക്ക് വിപണി തേടുന്ന നമ്മുടെ പരമ്പരാഗതശൈലിക്ക് പകരം വിപണിയുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചശേഷം അതിലേക്ക് ആവശ്യമായവ ഉല്‍പ്പാദിപ്പിക്കുന്ന തരത്തിലേക്ക് കേരളത്തിലെ കാര്‍ഷിക മേഖലയെ മാറ്റണം. രാജ്യത്തെ ഇന്നത്തെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ക്കും കേരളത്തിലെ കാലാവസ്ഥക്കും അനുയോജ്യമായ വിധത്തില്‍ കൃഷിയെ മാറ്റണമെന്നതാണ് ഇതിനര്‍ത്ഥം.

ഉയര്‍ന്ന മൂല്യം പ്രദാനം ചെയ്യാന്‍ കഴിയുന്ന ഹോര്‍ട്ടികള്‍ച്ചറാണ് കേരളത്തിന് ശ്രദ്ധപതിപ്പിക്കാന്‍ സാധിക്കുന്നൊരു മേഖല. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പുഷ്പകൃഷി എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. വിഷാംശം വളരെയേറെ കുറഞ്ഞ പച്ചക്കറികളുടെ ഉല്‍പ്പാദനം നമ്മുടെ കര്‍ഷകര്‍ക്ക് തന്നെ സാധ്യമാക്കാമെന്നതാണ് ഇതിന്റെ നേട്ടം.

റംബുട്ടാന്‍, മാംഗോസ്റ്റീന്‍, പാഷന്‍ ഫ്രൂട്ട് തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന പഴങ്ങള്‍ മികച്ച സാമ്പത്തിക നേട്ടം നല്‍കുന്നവയാണെന്ന് കേരളത്തില്‍ അവ പരീക്ഷിച്ച് നേക്കിയ ഏതാനും കര്‍ഷകര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയുടെ കൃഷി വര്‍ധിപ്പിക്കാനായിട്ടില്ല. കിലോക്ക് 150 രൂപ വിലയുള്ള റംബുട്ടാന്‍ ഒരു ഏക്കറില്‍ കൃഷി ചെയ്താല്‍ ഏകദേശം 15 ലക്ഷം രൂപയുടെ വരുമാനം ലഭിക്കും. എന്നാല്‍ കേരളത്തിലെ പ്ലാന്റേഷനുകളില്‍ ഇവ കൃഷി ചെയ്യുന്നതിന് പോളിസി ചെയിഞ്ചുണ്ടാകണം.

ക്ലസ്റ്ററുകള്‍

ക്ലസ്റ്റര്‍ വികസനമാണ് മറ്റൊരു പ്രധാന പോംവഴി. സംസ്ഥാനത്തെ വ്യാവസായിക ഉല്‍പ്പാദനരംഗത്ത് അനേകം ക്ലസറ്ററുകള്‍ വികസിപ്പിച്ചിട്ടുള്ളതുപോലെ കാര്‍ഷിക മേഖലയിലും അതുണ്ടാകണം. വാഴക്കുളത്തെ പൈനാപ്പിള്‍ കൃഷി ഇതിനൊരു ഉദാഹരണമാണ്.

വ്യത്യസ്ത വിളകളുടെ അനേകം ക്ലസ്റ്ററുകള്‍ കേരളത്തിലും വികസിപ്പിക്കാനാകും. മുന്തിരിക്ക് വേണ്ടിയുള്ള മഹാരാഷ്ട്രയിലെ Grapenet, ഉരുളക്കിഴങ്ങിനുള്ള ഗുജറാത്തിലെ McCain, തക്കാളിക്കുള്ള പഞ്ചാബിലെ പെപ്‌സികോ തുടങ്ങിയ ക്ലസ്റ്ററുകളെ ഇതിനായി മാതൃകയാക്കാം.

മാര്‍ക്കറ്റിംഗാണ് കേരളത്തിലെ കര്‍ഷകരുടെ ഏറ്റവും വലിയ വെല്ലുവിളി. അത് പരിഹരിക്കണമെങ്കില്‍ പുതിയ വിളകളുടെ കൃഷിക്കൊപ്പം ക്ലസ്റ്റര്‍ വികസനം, വിപണി അധിഷ്ഠിത ഉല്‍പ്പാദനം, നൂതന കൃഷി രീതികളായ പോളിഹൗസ് ഫാമിംഗ്, ഓര്‍ഗാനിക് ഫാംമിംഗ് തുടങ്ങിയ സാധ്യമായ എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയേ മതിയാകൂ.

അര്‍ത്ഥവത്തായതും ജീവിക്കാന്‍ ഉപകരിക്കുന്നതുമായ ഒരു സാമ്പത്തിക പ്രവര്‍ത്തനമായിരിക്കണം കൃഷി. ഈയൊരു അടിസ്ഥാനതത്വം മനസ്സിലാക്കിയാല്‍ തന്നെ എന്തുകൊണ്ട് കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നുവെന്നും എന്തുകൊണ്ട് യുവതലമുറ ഈ മേഖലയിലേക്ക് വരുന്നില്ലായെന്നതുമൊക്കെ വ്യക്തമാകും.

അതിനാല്‍ മന്ത്രിമാര്‍ പാടങ്ങളില്‍ ഇറങ്ങി നെല്ല് കൊയ്തതുകൊണ്ടോ എം.എല്‍.എമാര്‍ ഞാറ് നട്ടതുകൊണ്ടോ വിത്തിന്റെയും വളത്തിന്റെയും വിതരണത്തിന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഉല്‍ഘാടന മാമാങ്കങ്ങള്‍ നടത്തിയതുകൊണ്ടോ കേരളത്തിലെ കര്‍ഷകരോ കാര്‍ഷിക മേഖലയോ ഒരിക്കലും രക്ഷപ്പെടില്ലെന്ന് ഇനിയെങ്കിലും നമ്മള്‍ തിരിച്ചറിഞ്ഞേ മതിയാകൂ.

രാജ്യാന്തര ഉടമ്പടികള്‍ പുന:പരിശോധിക്കണം

രാജ്യത്തെ കാര്‍ഷിക മേഖലയുടെ നടവുവൊടിക്കുന്നതില്‍ രാജ്യാന്തര ഉടമ്പടികള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ആഭ്യന്തര വിപണിയിലേക്കുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഉല്‍പ്പന്ന വിലയിടിവിന് വഴിയൊരുക്കുകയും കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം വരുത്തിവക്കുകയും ചെയ്യുന്നു.

2017-18ല്‍ കുരുമുളകിന്റെ വിലത്തകര്‍ച്ചക്കുള്ള ഒരു പ്രധാന കാരണം വന്‍തോതിലുള്ള ഇറക്കുമതിയാണെന്ന് ഉപാസിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര ഉടമ്പടികളില്‍ ഏര്‍പ്പെട്ടിട്ടുള്ള നിരവധി രാജ്യങ്ങളില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ അവ ഉടമ്പടികള്‍ പരിഷ്‌ക്കരിക്കുകയോ അല്ലെങ്കില്‍ അവയില്‍ നിന്നും പിന്‍മാറുകയോ ചെയ്തിട്ടുള്ളതിനാല്‍ കേന്ദ്ര സര്‍ക്കാരും കാര്‍ഷിക മേഖലയുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി കര്‍ഷകര്‍ക്ക് ദോഷകരമായുള്ള കരാറുകള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്.

കാര്‍ഷിക രംഗത്തെ വളര്‍ച്ചാനിരക്ക് ആശാവഹമല്ല

കൃഷിയും അനുബന്ധ മേഖലകളായ കന്നുകാലി വളര്‍ത്തല്‍, മല്‍സ്യകൃഷി എന്നിവയുള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയുടെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 2017-18ല്‍ 3.64 ശതമാനം മാത്രമാണ്. എന്നാല്‍ മുന്‍വര്‍ഷങ്ങളിലൊക്കെ നെഗറ്റീവ് ഗ്രോത്താണ് ഈ മേഖലയിലുണ്ടായത്. 2013-14ല്‍ -6.31 ശതമാനവും 2014-15ല്‍ 0.02 ശതമാനവും 2015-16ല്‍ -5.10 ശതമാനവും 2016-17ല്‍ 0.08 ശതമാനവുമാണ് ഈ മേഖലയുടെ വളര്‍ച്ച.

സംസ്ഥാനത്തെ മൊത്തം വിസ്തൃതിയായ 38.86 ലക്ഷം ഹെക്ടറിന്റെ 52 ശതമാനം മാത്രം വരുന്ന 20.20 ലക്ഷം ഹെക്ടറിലാണ് കൃഷി ചെയ്യപ്പെടുന്നത്. അതിലെ 61.5 ശതമാനത്തിലും (12.42 ലക്ഷം ഹെക്ടര്‍) നാണ്യ വിളകളായ റബ്ബര്‍, ഏലം, തെങ്ങ്, തേയില, കാപ്പി, കുരുമുളക്, കശുമാവ് എന്നിവയും 10.12 ശതമാനത്തില്‍(2.04 ലക്ഷം ഹെക്ടര്‍) ഭക്ഷ്യവിളകളായ നെല്ല്, കപ്പ, പയര്‍ വര്‍ഗങ്ങള്‍ എന്നിവയും കൃഷി ചെയ്യുന്നു. റബ്ബര്‍, തേയില, കാപ്പി, ഏലം എന്നീ നാല് തോട്ടവിളകളുടെ മാത്രം കൃഷി 7.05 ലക്ഷം ഹെക്ടറിലാണ് നടക്കുന്നത്.

മൊത്തം കൃഷി വിസ്തൃതിയുടെ 7.3 ശതമാനത്തിലാണ് നെല്‍കൃഷി. 2008-09ല്‍ 5.91 ലക്ഷം ടണ്ണായിരുന്ന നെല്ല് ഉല്‍പ്പാദനം 11.7 ശതമാനം കുറഞ്ഞ് 2017-18ല്‍ 5.21 ലക്ഷം ടണ്ണായി. രാജ്യത്തെ തെങ്ങ് കൃഷിയുടെ വിസ്തൃതിയിലും ഉല്‍പ്പാദനത്തിലും കേരളം ഒന്നാമത് ആണെങ്കിലും ഉല്‍പ്പാദനക്ഷമതയില്‍ നാലാം സ്ഥാനമാണുള്ളത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളാണ് കേരളത്തെക്കാള്‍ ഇക്കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്.

നേട്ടം കൊയ്യാം, വിപണി അധിഷ്ഠിത കൃഷിയിലൂടെ

ആദ്യം കൃഷി ചെയ്തശേഷം പിന്നീട് ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിക്കുകയെന്നതാണ് നമ്മുടെ കാര്‍ഷിക മേഖലയിലെ പരമ്പരാഗത ശൈലി. ഇതിനെ നേരെ റിവേഴ്‌സ് ചെയ്യുകയാണ് വിപണി അധിഷ്ഠിത കൃഷിയിലൂടെ ചെയ്യുന്നത്. കോണ്‍്ട്രാക്ട് ഫാമിംഗ് ഉല്‍പ്പെടെയുള്ള നൂതന കൃഷി രീതികള്‍ ഇതിലേക്കായി പ്രയോജനപ്പെടുത്താം.

അതുവഴി കര്‍ഷകര്‍ക്ക് സ്ഥിരവും ഉറപ്പാര്‍ന്നതുമായ വരുമാനം ലഭിക്കുമെന്നതാണ് പ്രധാന നേട്ടം. മുന്‍കൂട്ടി നിശ്ചയിച്ച ആവശ്യകത മാത്രം കണക്കിലെടുത്ത് കൃഷി ചെയ്യുന്നതിനാല്‍ കര്‍ഷകര്‍ക്ക് ഉല്‍പ്പന്ന വില ഇടിയുമെന്നോ അല്ലെങ്കില്‍ അവ വിറ്റുപോകാതെ കെട്ടിക്കിടക്കുമെന്നോ പേടിക്കേണ്ട ആവശ്യമില്ല.

ഒരേതരം ഉല്‍പ്പന്നം അമിതമായ തോതില്‍ വിപണിയിലേക്ക് എത്തുന്നത് തടയാനും വിപണി അധിഷ്ഠിത കൃഷി രീതികള്‍ സഹായിക്കുന്നതാണ്. കോര്‍പ്പറേറ്റുകള്‍, സ്വകാര്യ കമ്പനികള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍സ്, ക്ലസ്റ്ററുകള്‍ തുടങ്ങിയവ മുഖേന കോണ്‍ട്രാക്ട് ഫാമിംഗ് നടപ്പാക്കുന്നതിലൂടെ ഉല്‍പ്പന്നഗുണനിലവാരം, ഉല്‍പ്പാദനരീതികള്‍ തുടങ്ങിയവയിലൊക്കെ നിശ്ചിത മാനദണ്ഡങ്ങളും സര്‍ട്ടിഫിക്കേഷനുമൊക്കെ നിലവില്‍വരും.

കാര്‍ഷിക രംഗത്തെ സുരക്ഷിത ഉല്‍പ്പന്നങ്ങള്‍ക്ക് ഇതിലൂടെ പ്രത്യേക പ്രധാന്യം കൈവരുന്നതാണ്. സംഭരണം, ലൊജിസ്റ്റിക്്സ്, പ്രൊസസിംഗ്, വിപണനം എന്നീ സംവിധാനങ്ങളൊക്കെ വളരെയേറെ മെച്ചപ്പെടുകയും ചെയ്യും. ഇതിനുപുറമേ വിത്ത്, വളം, മണ്ണ്, വെള്ളം എന്നിവയുടെ മാനേജ്‌മെന്റില്‍ ശാസ്ത്രീയവും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവുമായ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കപ്പെടുകയും ചെയ്യും. ആശങ്കകളില്ലാതെ കര്‍ഷകര്‍ക്ക് കാര്‍ഷികവൃത്തി തുടരാനും മികച്ച വില നേടിയെടുക്കാനും അത് സഹായകരമാകും.

വിഷരഹിതമായ പാലും പച്ചക്കറികളും ഇറച്ചിയും മത്സ്യവും പഴവര്‍ഗങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് സുരക്ഷിതമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് മാത്രമല്ല രാജ്യത്തിനകത്തും പുറത്തുമുള്ള വിപണി നേടിയെടുക്കുന്നതിനും വിപണി അധിഷ്ഠിത കൃഷി വഴിയൊരുക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it