വിദേശത്തുനിന്നുള്ള പണം വരവ്: കേരളം ഒന്നാമത്, ഏറ്റവും കൂടുതൽ ലഭിച്ചത് യുഎഇയിൽ നിന്ന്

വിദേശത്തു നിന്ന് ഏറ്റവുമധികം പണം വരുന്നത് കേരളത്തിലേക്ക്. ആർബിഐയുടെ 2016-17 സാമ്പത്തിക വർഷത്തെ റെമിറ്റൻസ് സർവെ പ്രകാരം മൊത്തം റെമിറ്റൻസിന്റെ 19 ശതമാനവും കേരളത്തിനാണ് ലഭിച്ചത്.

രാജ്യത്തിന് ലഭിച്ച മൊത്തം റെമിറ്റൻസിന്റെ 58.7 ശതമാനവും കേരളം, മഹാരാഷ്ട്ര, കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്കാണ് വന്നത്.

ഏറ്റവുമധികം പണം വന്നത് യുഎഇയിൽ നിന്നാണ്. ആകെ റെമിറ്റൻസിന്റെ 26.9 ശതമാനം വരുമിത്. യുഎസ് (22.9%), സൗദി അറേബ്യ (11.6%), ഖത്തർ (6.5%), കുവൈറ്റ് (5.5%) എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലേയ്ക്ക് പ്രധാനമായും പണം വരുന്നത്.

ഇന്ത്യയ്ക്ക് ലഭിച്ചതിൽ 82 ശതമാനം റെമിറ്റൻസും എട്ട് രാജ്യങ്ങളിൽ നിന്നാണ് വന്നത്-- യുഎഇ, യുഎസ്, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ, യുകെ, മലേഷ്യ.

പകുതിയിലധികം പണവും കുടുംബാവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഉപയോഗിച്ചത്. ബാങ്ക് ഡെപ്പോസിറ്റുകൾക്കും വസ്തു വാങ്ങുന്നതിനും പണം ഉപയോഗിച്ചത് കുറച്ച് ശതമാനം പേർ മാത്രമാണ്.

രൂപയുടെ വീഴ്ച ഗുണമാകും

രൂപയുടെ മൂല്യം താഴുന്നത് വിദേശ റെമിറ്റൻസിനെ ആശ്രയിക്കുന്ന കേരള സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാകും. പ്രത്യേകിച്ചും, മഴമൂലം കനത്ത നാശനഷ്ടം നേരിടുന്ന ഈ സമയത്ത്.

കേരളത്തിന്റെ ജനസംഖ്യയിൽ 24 ലക്ഷം പേരും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരോ അവിടെ ബിസിനസ് നടത്തുന്നവരോ ആണ്. ഇതിൽ 90 ശതമാനവും ഗൾഫ് നാടുകളിലാണുള്ളത്.

സാധാരണയായി രൂപയുടെ മൂല്യം കുറയുന്ന സമയത്ത് വിദേശങ്ങളിലുള്ളർ നാട്ടിലേയ്ക്ക് പണമയക്കുന്നത് കൂടും. കാരണം, അവർ നാട്ടിലേക്കയക്കുന്ന ഓരോ ദിർഹത്തിനും അല്ലെങ്കിൽ ഡോളറിനും കൂടുതൽ മൂല്യം പണം സ്വീകരിക്കുന്നവർക്ക് ലഭിക്കുമെന്നുള്ളതിനാലാണിത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it