കോവിഡ് വാക്‌സിന്‍ ഇറക്കാന്‍ രംഗത്തുള്ള കിരണ്‍ മജൂംദാര്‍ ഷാ 'കൊറോണ പോസിറ്റീവ് ' ആയി

കോവിഡ് വാക്‌സിന്‍ വിപണിയിലിറക്കാന്‍ ബദ്ധപ്പെടുന്ന ബയോകോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി മേധാവി കിരണ്‍ മജൂംദാര്‍ ഷായ്ക്ക് കൊവിഡ്. സ്വപ്രയത്‌നത്താല്‍ സഹസ്ര കോടിപതി ആയ ആദ്യത്തെ ഇന്ത്യന്‍ വനിത എന്ന ബഹുമതിക്ക് അര്‍ഹയായ കിരണ്‍ മജുംദാര്‍ ഷാ ഇക്കാര്യം വെളിപ്പെടുത്തി നടത്തിയ ട്വീറ്റ് വൈറലായിക്കഴിഞ്ഞു.ബെംഗളൂരുവില്‍ ആണ് അവര്‍ രോഗബാധിതയായത്.

'പരിശോധനയെ തുടര്‍ന്ന് കൊവിഡ് കണക്കില്‍ ഞാനും ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തി. ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂ. അങ്ങനെ തന്നെ തുടരുമെന്നാണ് പ്രതീക്ഷ.' കിരണ്‍ മജൂംദാര്‍ ഷായുടെ ട്വീറ്റിന് നിരവധി പേരാണ് 'വേഗം സുഖം പ്രാപിക്കട്ടെ' എന്ന് ആശംസിച്ച് മറുപടി ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ഈ വാര്‍ത്ത അറിയേണ്ടി വന്നതില്‍ ഖേദിക്കുന്നു. എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ്' എന്ന് കിരണ്‍ മജൂംദാര്‍ ഷായ്ക്ക്് മറുപടിയായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വീറ്റ് ചെയ്തതും വൈറലായി.

കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള നഗരമാണ് ബെംഗളൂരു. കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, സംസ്ഥാന ആരോഗ്യമന്ത്രി ബി ശ്രീരാമുലു എന്നിവര്‍ കൊവിഡ് രോഗബാധയില്‍ നിന്ന് മുക്തി നേടിവരാണ്.ബയോകോണ്‍ ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമാണ് കിരണ്‍ മജൂംദാര്‍ ഷാ.2013 മുതല്‍ സോറിയാസിസ് ചികിത്സയ്ക്കുപയോഗിക്കുന്ന ഇറ്റോളിസുമാബ എന്ന ബ്രാന്‍ഡ് നാമത്തില്‍ അറിയപ്പെടുന്ന മരുന്ന് പരിഷ്‌കരിച്ച് അല്‍സുമാബ് എന്ന് പുനര്‍ നാമകരണം ചെയ്ത് കൊവിഡ് ചികില്‍സയ്ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതിയോടെ ബയോകോണ്‍ വിപണിയിലിറക്കിയിരുന്നു. ഈ മരുന്ന് നിരവധി ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നുണ്ട്.

കോവിഡ് -19 നെതിരെ ലോകത്തെ ആദ്യത്തെ വാക്‌സിന്‍ ' സ്പുട്‌നിക് 'വികസിപ്പിച്ചെന്ന റഷ്യയുടെ അവകാശവാദത്തെ കിരണ്‍ മജൂംദാര്‍ ഷാ ചോദ്യം ചെയ്തിരുന്നു.മോസ്‌കോ ആസ്ഥാനമായുള്ള ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ച വാക്‌സിന്റെ ഘട്ടം -1, ഘട്ടം -2 മനുഷ്യ പരീക്ഷണങ്ങളില്‍ നിന്ന് ഒരു വിവരവും ലോകം കണ്ടില്ല. മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് ഒരു വാക്‌സിന്‍ പുറത്തിറക്കുന്നത് റഷ്യയ്ക്ക് സ്വീകാര്യമാണെങ്കില്‍, അങ്ങനെയാകട്ടെ - അവര്‍ പറഞ്ഞതിങ്ങനെ.

ഇരുപത്തിനാലാം വയസില്‍ കിരണ്‍ മജുംദാര്‍ ഷാ 1978ല്‍ തുടക്കം കുറിച്ച ബയോകോണ്‍ ഇന്ന് ബയോടെക്‌നോളജി രംഗത്തെ ആഗോള മുന്‍നിര കമ്പനിയാണ്. എഴുപത്തിയഞ്ച് രാജ്യങ്ങളിലായി പ്രവര്‍ത്തന മേഖല വ്യാപിച്ചിരിക്കുന്നു. ഏഴായിരത്തിലേറെ ശാസ്ത്രജ്ഞരും ടെക്‌നോളജി വിദഗ്ധരും അവിടെ തൊഴിലെടുക്കുന്നു. ആയിരക്കണക്കിന് ഇതര തൊഴിലാളികള്‍ വേറെയും. ബയോടെക്‌നോളജി രംഗത്തെ തൊഴില്‍ ദാതാവ് എന്ന നിലയില്‍ ബയോകോണിന് ലോകത്ത് ഏഴാം സ്ഥാനമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it