യുവ ഇന്ത്യയും പുതു സാധ്യതകളും
2020ല്‍ ഇന്ത്യയില്‍ എന്തുസംഭവിക്കും? ഉത്തരങ്ങള്‍ നിരവധി കാണും. നിര്‍ണായകമായ ജനസംഖ്യാപരമായ മാറ്റത്തിനാണ് അടുത്തവര്‍ഷം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. രാജ്യത്തിലെ പൗരന്മാരുടെ ശരാശരി പ്രായം 29 എന്ന മാജിക് നമ്പറിലെത്തും. അതില്‍ തന്നെ ഏതാണ്ട് 60 ശതമാനത്തിന്റെ പ്രായം 25ല്‍ താഴെയായിരിക്കും! മാത്രമല്ല ഇന്ത്യയിലെ യുവജനതയുടെ എണ്ണം യൂറോപ്യന്‍ രാജ്യങ്ങളുടെ മൊത്തം ജനസംഖ്യയ്ക്ക് ഏകദേശം തുല്യമായിരിക്കും.
ഈ കണക്കില്‍ കുറേ കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഏറെ സാധ്യതകളുണ്ട്; അതിനേക്കാളേറെ വെല്ലുവിളികളുണ്ട്. ''യുവ ഇന്ത്യയുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ് രാജ്യം ഇനി നിറവേറ്റണ്ടത്. അതിരുകളില്ലാത്ത അവരുടെ അഭിലാഷങ്ങളെ അറിഞ്ഞുവേണം രാജ്യവും പ്രസ്ഥാനങ്ങളും അതിന്റെ സാരഥികളും മുന്നോട്ടുപോകാന്‍. അതിനിര്‍ണായകമായ ഈ വിഷയത്തെ കേന്ദ്രീകരിച്ചാണ് കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 38ാം മത് വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍,'' കെഎംഎ പ്രസിഡന്റ് ദിനേഷ് പി. തമ്പി അഭിപ്രായപ്പെട്ടു.
മാര്‍ച്ച് ഏഴ്, എട്ട് തിയ്യതികളില്‍ കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന കണ്‍വെന്‍ഷന്റെ തീം Managing Work Managing Life - The Global Aspirations of Young India എന്നതാണ്. ഇന്ത്യ കൂടുതല്‍ ചെറുപ്പമാകുമ്പോള്‍ ഉയര്‍ന്നുവരുന്ന ഒട്ടനവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് കണ്‍വെന്‍ഷനില്‍ തേടുന്നത്. യുവ ഇന്ത്യയുടെ വര്‍ക്കും ലൈഫും ഉല്‍ക്കടമായ അഭിലാഷങ്ങളും എങ്ങനെ മാനേജ് ചെയ്യാം? അവരെ എങ്ങനെ പുതിയ ലോകക്രമത്തോട് ചേര്‍ത്ത് വെയ്ക്കാം തുടങ്ങി നിരവധി കാര്യങ്ങള്‍ കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് കണ്‍വെന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജിബു പോള്‍ പറഞ്ഞു.
പ്രഭാഷകരായി പ്രമുഖര്‍
രണ്ടു ദിവസങ്ങളിലായി നടക്കുന്ന വാര്‍ഷിക കണ്‍വെന്‍ഷനില്‍ നിരവധി പ്രമുഖ പ്രഭാഷകരെത്തുന്നുണ്ട്. ഏഴിന് വൈകീട്ട് ആറിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ രത്‌നഗിരി റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ബി അശോക് വിശിഷ്ടാതിഥിയായിരിക്കും. കോളമിസ്റ്റും ഗ്രന്ഥകാരനും മുന്‍ സൈനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് പ്രസിഡന്റുമായ ക്യാപ്റ്റന്‍ രഘു രാമന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.
എട്ടിന് വിവിധ സെഷനുകളിലായി പ്രഭാഷകരുടെ നീണ്ട നിര തന്നെയുണ്ട്. ചെന്നൈയിലെ ശ്രദ്ധേയനായ ഓട്ടോഡ്രൈവറും മോട്ടിവേഷണല്‍ സ്പീക്കറുമായ അണ്ണാ ദുരൈ, ഐഎസ്ടിഡി ദേശീയ പ്രസിഡന്റ് പ്രൊഫ. ഡോ. ആര്‍. കാര്‍ത്തികേയന്‍, എസ്പി ജെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ചിലെ മാര്‍ക്കറ്റിംഗ് ഡീനും പ്രൊഫസറുമായ ഡോ. രഞ്ചന്‍ ബാനര്‍ജി, ടിസിഎസ് വൈസ് പ്രസിഡന്റും അനലറ്റിക്‌സ് & ഇന്‍സൈറ്റ്‌സ് ഗ്ലോബല്‍
ഹെഡുമായ ദിനനാഥ് ഖോല്‍കര്‍, സണ്‍ടെക് ബിസിനസ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റും സിഇഒയുമായ കെ.നന്ദകുമാര്‍, മാര്‍ലാബ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സിബി ആന്റണി വടക്കേക്കര, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, മിന്ത്ര ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ ഡയറക്റ്റര്‍ സുജിത് സുധാകരന്‍ റാപിഡ് വാല്യു സിഇഒ റിനിഷ് കെ.എന്‍, കേരള ക്രിക്കറ്റ് ടീം കോച്ച് ഡേവ് വാട്ട്‌മോര്‍, നവാള്‍ട്ട് സോളാര്‍ & ഇലക്ട്രിക് ബോട്ട് സിഇഒ സന്തിത്ത് തണ്ടാശ്ശേരി, ആല്‍ഫാ ടോം കാഷ്വാലിറ്റി സര്‍വീസസ് ഡയറക്റ്റര്‍ ഡോ. ആല്‍ഫ ടോം, നെറ്റ്‌വര്‍ക്കോണമി ഡോട്ട് കോം ഡയറക്റ്റര്‍ ശ്രീ ശിവാനന്ദന്‍, സര്‍വെ സ്പാരോ സിഇഒ ഷിഹാബ് മുഹമ്മദ് തുടങ്ങിയര്‍ സംബന്ധിക്കും. സമാപന സമ്മേളനത്തില്‍ എയര്‍ പ്രോഡക്റ്റ്‌സ് പ്രസിഡന്റ് റിച്ചാര്‍ഡ് ബൂക്കോക്ക്, ടാറ്റ ഇന്റര്‍നാഷണല്‍ മുന്‍ ചെയര്‍മാന്‍ പത്മഭൂഷണ്‍ ബി. മുത്തുരാമന്‍ എന്നിവര്‍ സംസാരിക്കും.
കണ്‍വെന്‍ഷനില്‍ സംബന്ധിക്കാനുള്ള രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക: 0484 2317917, 2317966, ഇ മെയ്ല്‍: info@kma.org.in