ലോക്ക്ഡൗണ്‍ കാലത്തെ വേതനം: സര്‍ക്കാര്‍ നിലപാടില്‍ ഇളവുവേണമെന്ന് വ്യാപാരി - വ്യവസായികള്‍

ലോക്ക്ഡൗണ്‍ കാലത്ത് പൂട്ടിക്കിടന്ന സ്ഥാപനങ്ങളില്‍ ജോലിക്ക് വരാനാകാതെ വീട്ടിലിരുന്ന എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും താല്‍ക്കാലിക ജീവനക്കാര്‍ക്കും വേതനം നല്‍കണമെന്ന ലേബര്‍ കമ്മീഷണറുടെയും ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് ഡയറക്റ്ററിന്റെയും സര്‍ക്കുലറില്‍ ഇളവ് വേണമെന്ന് വ്യാപാരി - വ്യവസായികള്‍.
കോവിഡ് ബാധയെ തുടര്‍ന്ന് അങ്ങേയറ്റം പ്രതിസന്ധിയിലായ വാണിജ്യ - വ്യവസായ സംരംഭകരെ അങ്ങേയറ്റം ബുദ്ധിമുട്ടിലാക്കുന്നതാണ് സര്‍ക്കാര്‍ നിര്‍ദേശമെന്ന് ഫ്രിസില്‍ പ്രസിഡന്റ് അഡ്വ. ഡി ബി മുകുന്ദനും സെക്രട്ടറി ടോം തോമസും പറയുന്നു.

ഒരു ജോലിയും ചെയ്യാതെ വീട്ടിലിരിക്കുന്ന ജീവനക്കാര്‍ക്കും താല്‍ക്കാലികമായി കമ്പനികള്‍ വിളിക്കുന്ന കാഷ്വല്‍ ജീവനക്കാര്‍ക്കും മുഴുവന്‍ വേതനം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നതില്‍ ന്യായീകരണമില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറുകള്‍ നിലവിലെ തൊഴില്‍ നിയമങ്ങളുടെ വ്യവസ്ഥകള്‍ക്ക് നിരയ്ക്കുന്നതല്ല. ഒരു വരുമാനവുമില്ലാതെ പൂട്ടികിടന്ന കാലയളവിലെ മുഴുവന്‍ വേതനവും സ്ഥാപനങ്ങള്‍ നല്‍കേണ്ടി വന്നാല്‍ അവയില്‍ ഭൂരിഭാഗവും അതുകൊണ്ടു തന്നെ പൂട്ടിപ്പോകും.

അവശ്യസേവന മേഖലയിലെ കമ്പനികളില്‍ പോലും വാഹന സൗകര്യങ്ങള്‍ നല്‍കിയിട്ടും പല ജീവനക്കാരും ജോലിക്ക് ഹാജരായിട്ടില്ല. രോഗഭീതിയും ജോലി ചെയ്യാനുമുള്ള മടിയും എല്ലാം ഇതിന് കാരണമാണ്.

ഈ കാലയളവില്‍ ജോലി ചെയ്തവര്‍ക്കും ചെയ്യാതെ വീട്ടിലിരുന്നവര്‍ക്കും ഒരുപോലെ വേതനം നല്‍കണമെന്ന് പറയുന്നത് ശരിയല്ല. സാധാരണക്കാര്‍ കഷ്ടപ്പാടുകള്‍ കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ ഉയര്‍ന്ന വേതനം വാങ്ങുന്നവര്‍ക്കും മുഴുവന്‍ വേതനം നല്‍കണമെന്ന് പറയുന്നതില്‍ ന്യായീകരണമില്ലെന്ന് മുഖ്യമന്ത്രിക്കും തൊഴില്‍ മന്ത്രിക്കും അയച്ച നിവേദനത്തില്‍ ഇവര്‍ പറയുന്നു.
സര്‍ക്കാര്‍ സര്‍ക്കുലര്‍ പ്രകാരം കാഷ്വല്‍/താല്‍ക്കാലിക ജീവനക്കാര്‍ക്കും മുഴുവന്‍ വേതനം നല്‍കേണ്ടതുണ്ട്.

തൊഴില്‍ തര്‍ക്ക നിയമത്തിലെ 25(സി), 25 (എം) എന്നീ വകുപ്പുകള്‍ പ്രകാരം 50 തൊഴിലാളികള്‍ ഉള്ള ഫാക്ടറി, ഖനി, പ്ലാന്റേഷന്‍ എന്നിവയിലെ ജീവനക്കാര്‍ ജോലി നല്‍കാന്‍ തൊഴിലുടമയ്ക്ക് കഴിയാതെ വന്നാല്‍ അവരുടെ അടിസ്ഥാന വേതനത്തിന്റെയും ക്ഷാമബത്തയുടെയും 50 ശതമാനം മാത്രം ലേ ഓഫ് കോമ്പന്‍സേഷന്‍ എന്ന നിലയില്‍ കൊടുക്കാനുള്ള ബാധ്യതയേ ഉള്ളൂ. ലേ ഓഫ് വ്യവസ്ഥകള്‍ ബാധകമല്ലാത്ത സ്ഥാപനങ്ങളില്‍ നോ വര്‍ക്ക് നോ പേ പോളിസി നടപ്പാക്കാവുന്നതും ആണ്.

എന്നാല്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഉത്തരവുകള്‍ അനുസരിച്ച് ലേ ഓഫ് വ്യവസ്ഥകള്‍ ബാധകമായ സ്ഥാപനങ്ങളില്‍ പോലും ജോലിക്ക് വരാതെ വീട്ടിലിരിക്കുന്ന ജോലിക്കാര്‍ക്കും മുഴുവന്‍ വേതനം നല്‍കേണ്ടതുണ്ട്.

സര്‍ക്കാര്‍ എന്തു ചെയ്യണം?

കേരളത്തിലെ വാണിജ്യ - വ്യവസായ രംഗത്തുള്ളവരുടെ ദയനീയ സ്ഥിതി കണക്കിലെടുത്ത് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ ലേ ഓഫ് വ്യവസ്ഥകള്‍ ബാധകമായ സ്ഥാപനങ്ങള്‍ ലേ ഓഫ് കോമ്പന്‍സേഷന്‍ മാത്രം നല്‍കുന്നതിനും മറ്റ് സ്ഥാപനങ്ങള്‍ ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ നല്‍കുന്ന വേതനം ആ ദിവസങ്ങളില്‍ ജീവനക്കാരുടെ ലീവ് എക്കൗണ്ടില്‍ ഇപ്പോള്‍ ഉള്ളതും ഇനി ഉണ്ടാകാനിടയുള്ളതുമായ ലീവ് ദിവസങ്ങളിലേക്ക് അഡ്ജസ്റ്റ് ചെയ്യാനും മാനേജ്‌മെന്റുകളെ അനുവദിക്കണം.

ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയായ തൊഴിലാളികള്‍ക്ക് ഇ എസ് ഐ പദ്ധതിയുടെ കീഴില്‍ വരുന്ന രാജീവ് ഗാന്ധി ശ്രമിക് കല്യാണ്‍ യോജന, അടല്‍ ബീമിത് വ്യക്തി കല്യാണ്‍ യോജന എന്നീ പദ്ധതികള്‍ പ്രകാരമുള്ള തൊഴിലില്ലായ്മ ബത്ത അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്നും ഫ്രിസില്‍ ആവശ്യപ്പെടുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it