#മീടു മൂവ്മെന്റ്: കോർപ്പറേറ്റ് രംഗത്തും കോളിളക്കം

ഹോളിവുഡിൽ ആരംഭിച്ച #മീടു (#metoo) കാംപെയ്ൻ ഒരു വർഷത്തിന് ശേഷം ഇന്ത്യയിൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് നടൻ നാനാ പടേക്കർക്കെതിരായ നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലോടെയാണ് കാംപെയ്ൻ ഇന്ത്യയിൽ ചലനമുണ്ടാക്കാൻ തുടങ്ങിയത്.

രാഷ്ട്രീയം, സാഹിത്യം, കല, മാധ്യമ പ്രവർത്തനം, അഡ്വെർടൈസിംഗ്, ചലച്ചിത്ര വ്യവസായം തുടങ്ങിയ തൊഴിൽ മേഖലകളും കടന്ന് ഈ തുറന്നുപറച്ചിലുകൾ കോർപ്പറേറ്റ് മേഖലയിലും കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ വരെ ആരോപണങ്ങൾ ഉയരുന്നത് കമ്പനികളെ മുൾമുനയിലാക്കിയിരിക്കുകയാണ് എന്ന് വേണമെങ്കിൽ പറയാം. ടാറ്റാ മോട്ടോർസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ വിഭാഗം തലവൻ സുരേഷ് രംഗരാജൻ, എഴുത്തുകാരനും കൺസൾട്ടൻസി സ്ഥാപനമായ കൗൺസലേജ്‌ ഇന്ത്യയുടെ മാനേജിങ് പാർട്ണർ സുഹേൽ സേഥ്, അഡ്വെർടൈസിംഗ് മേഖലയിലെ പ്രമുഖർ എന്നിങ്ങളെ നീളുന്നു പട്ടിക.

കമ്പനികൾ എങ്ങനെ പ്രതികരിക്കുന്നു

ഇനിവരുന്ന തലമുറക്കെങ്കിലും കൂടുതൽ മെച്ചപ്പെട്ട തൊഴിലിടങ്ങൾ നേടാൻ #മീടുവിന് സാധിക്കുമോ? കഴിയുമെന്നാണ് കമ്പനികളുടെയും മറ്റും നയത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ സൂചിപ്പിക്കുന്നത്.

പലരും തങ്ങളുടെ ജീവനക്കാർക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് ഏറ്റവും ഒടുവിലത്തെ വാർത്ത. ഇതു സംബന്ധിച്ച നിയമങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ വൻതോതിൽ ഡൗൺലോഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന റെയിൻ മേക്കർ എന്ന കമ്പനി വെളിപ്പെടുത്തുന്നു.

തൊഴിലിടങ്ങളിൽ സ്ത്രീകളുടെ നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ ചെറുക്കാനുള്ള നിയമമാണ് പോഷ് ആക്ട് ( Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act, 2013 or the POSH Act). ഈ നിയമപ്രകാരം, ഓരോ കമ്പനിയും ഒരു ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റി (ഐസിസി) രൂപീകരിക്കണം. ഈയിടെ കമ്പനി എക്കൗണ്ട്സ് ആക്ട് ഭേദഗതി ചെയ്തപ്പോൾ, പോഷ് ആക്ട് പ്രകാരമുള്ള എല്ലാ നടപടികളും കമ്പനി കൈക്കൊണ്ടിട്ടുണ്ടെന്ന് ഉറപ്പാക്കുന്ന രേഖ ആനുവൽ ഡയറക്ടേഴ്‌സ് റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ വ്യവസ്ഥ ചെയ്തിരുന്നു.

പോഷ് ആക്ടിനെക്കുറിച്ചും മറ്റുമുള്ള ബോധവൽക്കരണ ക്ലാസുകളും വർക്ക് ഷോപ്പുകളും സംഘടിപ്പിക്കുവാനുള്ള തിരക്കിലാണ് ചെറുതും വലുതുമായ കമ്പനികൾ. ഐസിസി അംഗങ്ങൾക്ക് പരിശീലനം നൽകാൻ കമ്പനികൾ ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.

#മീടു മൂവ്മെന്റിനെ കമ്പനികൾ ഗൗരവമായി കാണുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അതേസമയം, ഉന്നത സ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നവർ ആരോപണ വിധേയരായി പുറത്തേയ്ക്ക് പോകുമ്പോൾ താൽക്കാലികമായെങ്കിലും കമ്പനികൾ പ്രതിസന്ധിയിലാകുന്നുണ്ട്. പുതിയ പ്രോജക്ടുകൾ, കരാറുകൾ എന്നിവ വേണ്ടെന്ന് വെക്കുകയോ, നീട്ടി വെക്കുകയോ വേണ്ടി വരുന്നു. ഈയൊരു സ്ഥിതി വിശേഷം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ തിരക്കിട്ട ചർച്ചയിലാണ് കോർപ്പറേറ്റ് മേഖല.

സീറോ ടോളറൻസ്

പല കമ്പനികളും ഇക്കാര്യത്തിൽ 'സീറോ ടോളറൻസ്' സമീപനം കൈക്കൊള്ളാൻ തീരുമാനമെടുത്തിട്ടുണ്ടെന്നുള്ളത് ശുഭസൂചകമാണ്.

പുതിയ ജീവനക്കാരെ നിയമിക്കുമ്പോൾ അവരുടെ പശ്ചാത്തലം നന്നായി പരിശോധിച്ച് ഉറപ്പാക്കാനും കമ്പനികൾ നടപടികൾ എടുക്കുന്നുണ്ട്. മാത്രമല്ല, പഴയ പരാതികൾ പൊടിതട്ടിയെടുത്ത് അന്വേഷണം തുടങ്ങാനും നീക്കമുണ്ട്.

സെക്യൂർ ക്രെഡൻഷ്യൽ പോലെ ആളുകളുടെ ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ നടത്തുന്ന കമ്പനികൾക്ക് ഇതൊരു കൊയ്ത്തുകാലമാണ്. മുൻപ് സേവനം നിരാകരിച്ച പല കമ്പനികളും ഇപ്പോൾ തങ്ങളുമായി ബന്ധപ്പെടുന്നുവെന്ന് കമ്പനി അധികൃതർ പറയുന്നു.

35 ശതമാനത്തോളം വനിതാ ജീവനക്കാരുള്ള ഫേസ്ബുക്കിന്റെ നയം വളരെ സുതാര്യവും ശക്തവുമാണ്. ഒരിക്കൽ അവരത് പൊതു ജനത്തിനായി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിനിടെ തെറ്റായ പരാതികൾ ഉന്നയിക്കുന്നവർക്കെ നടപടിയെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സ്വാതന്ത്രമായ, പഴുതുകളില്ലാത്ത ഇൻറെണൽ അന്വേഷണം നടത്താൻ എച്ച് ആർ ഡിപ്പാർട്ട്മെൻറ്റ് മുതിരണം.

സിനിമാ രംഗത്തും വളരെയധികം മാറ്റങ്ങളുടെ സൂചനകൾ ഉണ്ട്. രാജ്യത്തെ സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുകയാണ് കന്നഡ ഫിലിം ഇൻഡസ്ട്രിയിലെ ഒരു പുതു സംഘടന.

നാല് വർഷത്തിനുള്ളിൽ 48% വർധന

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 48 ശതമാനം വർധനവാണ് നിഫ്റ്റി കമ്പനികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏൺസ്റ്റ് & യങ്ങിന്റെ റിപ്പോർട്ട് പ്രകാരം 38 ശതമാനം സ്ത്രകളും തൊഴിലിടങ്ങളിൽ അതിക്രമത്തിനിരയാവുന്നുണ്ട്. ഐറ്റി, ബാങ്കിംഗ്‌ മേഖലകളാണ് ഇതിലധികവും. മേലുദ്യോഗസ്ഥരിൽ നിന്നുള്ള പ്രത്യാഘാതം ഭയന്ന് 70 ശതമാനം പേരും ഇത്തരം അനുഭവങ്ങൾ റിപ്പോർട്ട് ചെയ്യാറില്ല എന്നാണ് ഇന്ത്യൻ ബാർ അസോസിയേഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഇക്കാരണങ്ങൾകൊണ്ട് തന്നെ സ്ഥാപനങ്ങൾക്ക് ഇതൊരു ആത്മപരിശോധനക്കുള്ള സമയമാണ്. ഒപ്പം തൊഴിലിടങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ അവസരവും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it