പുൽവാമ ആക്രമണം: ഇന്ത്യ പാക്കിസ്ഥാന് നൽകിയ 'എംഎഫ്എൻ' പദവി റദ്ദാക്കി

പുൽവാമയിലെ തീവ്രവാദി ആക്രമണത്തിൽ 45 സൈനികർ വീരമൃത്യുവരിച്ച സംഭവത്തിന് പിന്നാലെ ഇന്ത്യ പാക്കിസ്ഥാന് നൽകിയിരുന്ന 'സൗഹൃദ രാഷ്ട്ര പദവി' (Most Favoured Nation or MFN status) പിൻവലിച്ചു. ഇത് വ്യാപാരരംഗത്ത് പാക്കിസ്ഥാന് തിരിച്ചടിയാകും.

എന്താണ് എംഎഫ്എൻ

ലോക വ്യാപാര സംഘടനയിലെ (WTO ) അംഗങ്ങളായ എല്ലാ രാജ്യങ്ങളും വിവേചനരഹിതമായ വ്യാപാര മര്യാദകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നൽകുന്ന പദവിയാണ് എംഎഫ്എന്‍. ഒരു രാജ്യം മറ്റൊരു രാജ്യത്തിന് എംഎഫ്എൻ പദവി നൽകുമ്പോൾ കസ്റ്റംസ് തീരുവ, ലെവികൾ എന്നിവയുടെ കാര്യത്തിൽ വിവേചനം കാണിക്കാൻ പാടില്ല. ലോക വ്യാപര സംഘടനയുടെ താരിഫ് ആൻഡ് ട്രേഡ് ജനറൽ അഗ്രിമെന്റ് (GATT) ന്റെ കരാറാണിത്.

1996 ലാണ് ഇന്ത്യ പാക്കിസ്ഥാന് എംഎഫ്എൻ പദവി നൽകിയത്. എന്നാൽ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് ആ പദവി ഇതുവരെ അനുവദിച്ചിട്ടില്ല.

ഗാട്ടിലെ 21 (b) (iii) പ്രകാരം പാകിസ്ഥാന്റെ എംഎഫ്എൻ പദവി പിൻവലിക്കാനോ നിയന്ത്രണം ഏർപ്പെടുത്താനോ ഇന്ത്യക്ക് കഴിയും.

എംഎഫ്എൻ പദവി പിൻവലിച്ചാൽ സംഭവിക്കുന്നത്

എംഎഫ്എൻ പദവി എടുത്തുകളഞ്ഞാൽ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റിഅയക്കുന്ന വസ്തുക്കളിന്മേൽ കസ്റ്റംസ് തീരുവ എത്രവേണമെങ്കിലും ഇന്ത്യയ്ക്ക് ഉയർത്താനാവും.

സുഗന്ധദ്രവ്യങ്ങൾ, പഴങ്ങൾ, രാസവസ്തുക്കൾ, സിമന്റ്, തുകൽ എന്നിവയാണ് പാക്കിസ്ഥാനിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ പച്ചക്കറികൾ, പരുത്തി, ചായങ്ങൾ, ഇരുമ്പ്, രാസവസ്തുക്കൾ, ഉരുക്ക് എന്നിവ കയറ്റുമതി ചെയ്യുന്നു. പരുത്തി, രാസവസ്തുക്കൾ എന്നിവയുടെ കയറ്റുമതി ഇന്ത്യ നിർത്താനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. അങ്ങനെയെങ്കിൽ പാകിസ്താനിലെ വ്യവസായങ്ങൾക്ക് ഉല്പാദന ചെലവ് ഉയരും.

2017-18 വർഷത്തിൽ 2.41 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്നത്. ഇന്ത്യ 488.5 മില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ പാകിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. കയറ്റുമതിയുടെ മൂല്യം 1.92 ബില്യൺ ഡോളറും.

സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാന് നൽകിയ എംഎഫ്എൻ പദവി പിൻവലിക്കുകയാണെന്ന കാര്യം ഇന്ത്യ ലോക വ്യാപാര സംഘടനയെ അറിയിക്കും.

Related Articles
Next Story
Videos
Share it