ഫലവര്‍ഗകൃഷി: കൃഷിമന്ത്രിക്ക് യോജിപ്പ്, റവന്യുമന്ത്രിക്ക് ഉടക്ക് കേരളത്തിലെ പുതുതലമുറയ്ക്ക് നഷ്ടമാകുന്നത് സുവര്‍ണാവസരം

തോട്ടം ഭൂമിയില്‍ ഫലവൃക്ഷങ്ങള്‍ യഥേഷ്ടം കൃഷി ചെയ്യാന്‍ അനുമതി നല്‍കുന്ന വിധമുള്ള ഭൂപരിഷ്‌കരണ നിയമഭേദഗതിക്ക് തിടുക്കം വേണ്ടെന്ന് സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗ തീരുമാനം കേരളത്തിന്റെ മുന്നിലുള്ള സുവര്‍ണ അവസരം വിനിയോഗിക്കുന്നതിന് തിരിച്ചടിയാകും.

ദുരിയാൻ

തോട്ടങ്ങളുടെ നടത്തിപ്പ് പലയിടത്തും നഷ്ടമായതിനാല്‍ ഇത്തരം ഭൂമിയില്‍ ഫലവൃക്ഷങ്ങള്‍ കൃഷി ചെയ്യാന്‍ അനുവദിക്കണമെന്ന ശുപാര്‍ശ സി പി ഐ കൈകാര്യം ചെയ്യുന്ന കൃഷി വകുപ്പാണ് മുന്നോട്ടു വെച്ചത്. ഓരോ ഭൂമിക്കും അനുയോജ്യമായ ലാഭകരവുമായ വിളയിലേക്കുള്ള മാറ്റം സാധ്യമാക്കുന്ന തരത്തില്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ ശാസ്ത്രീയമായ പരിഷ്‌കാരമാണ് ലക്ഷ്യമിടുന്നതെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ കേരളത്തിന്റെ സാമൂഹിക മാറ്റത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഈ നിയമം ഭേദഗതി ചെയ്താല്‍ പിന്നീട് അത് ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായേക്കാമെന്നായിരുന്നു റവന്യു മന്ത്രിയുടെ വാദം.

വാസ്തവം മനസ്സിലാക്കാതെയുള്ള വാദങ്ങള്‍

നിലവില്‍ പല റബ്ബര്‍ കര്‍ഷകര്‍ക്കും ഒരു ഏക്കര്‍ തോട്ടത്തില്‍ നിന്ന് ഇപ്പോള്‍ ശരാശരി ലഭിക്കുന്ന വരുമാനം 15,000 - 20,000 രൂപയാണ്. ഉയര്‍ന്ന ചെലവും റബര്‍ വിലയിലെ ചാഞ്ചാട്ടവും എല്ലാം കൂടിയാകുമ്പോള്‍ റബര്‍ കൃഷി ലാഭകരമല്ലാത്ത സ്ഥിതിയായിരിക്കുന്നു. പുതുതലമുറ അതുകൊണ്ട് തന്നെ റബ്ബര്‍ തോട്ടത്തിലേക്ക് വരുന്നില്ല.

എന്നാല്‍ ലോകത്ത് കാര്‍ഷിക മേഖലയില്‍ വിസ്മയകമായ മാറ്റങ്ങളുണ്ടാക്കുകയാണ് ഫലവര്‍ഗ കൃഷി. ലോകവിപണിയില്‍ ഏറ്റവും ഡിമാന്റുള്ളതും പോഷകസമൃദ്ധവുമായ അവക്കാഡോ, റമ്പൂട്ടാര്‍, ദുരിയാന്‍, ഡ്രാഗണ്‍ ഫ്രൂട്ട് എന്നിവയെല്ലാം ഇന്ത്യയിലും വിളയും. പക്ഷേ ഇന്ത്യയില്‍ ഇവ വിളയാന്‍ അനുകൂലമായ കാലാവസ്ഥയുള്ളത് വെറും രണ്ടുശതമാനം പ്രദേശത്താണ്. ആ രണ്ടുശതമാനം പ്രദേശം ഏതാണ്ട് മുഴുവനായും കേരളത്തിലും കേരളത്തോട് ചേര്‍ന്നുകിടക്കുന്ന കര്‍ണാടക ഭാഗങ്ങളിലുമാണ്.

റംബുട്ടാൻ

മെക്‌സിക്കോയില്‍ ഗ്രീന്‍ ഗോള്‍ഡ് എന്ന് വിളിപ്പേരുള്ള അവക്കാഡോ കൃഷി ചെയ്ത് കര്‍ഷകരും ആ രാജ്യവും വന്‍തോതില്‍ വിദേശനാണ്യം നേടുന്നു. ഈ അവക്കാഡോ കേരളത്തിലും കൃഷി ചെയ്യാം. അതിലൂടെ കര്‍ഷകന് ഒരേക്കറില്‍ നിന്ന് ഏഴ് ലക്ഷം രൂപ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലാഭകരമല്ലാത്ത തോട്ടങ്ങളില്‍ ഫലവര്‍ഗ കൃഷി ചെയ്താല്‍ ഭൂമി ദുരുപയോഗം ചെയ്യപ്പെടില്ലെന്നതാണ് മറ്റൊരു കാര്യം.

റബറിന്റെ ശരാശരി ആയുസ് 40-50 വര്‍ഷമാണ്. റംബുട്ടാന്റേത് 120 വര്‍ഷത്തോളമാണ്. മാങ്കോസ്റ്റിന്‍ 200 വര്‍ഷത്തോളം ഫലം തരും. ഫലത്തില്‍ ഒരു വിള മാറ്റി മറ്റൊന്ന് വെയ്ക്കുമ്പോള്‍ കൃഷി ഭൂമി കൃഷിക്ക് തന്നെയാണ് വിനിയോഗിക്കുന്നത്. മാത്രമല്ല, ഏകവിള സമ്പ്രദായമില്ലാതെ ഇടവിളയായി പലതും കര്‍ഷകര്‍ക്ക് വിള ചെയ്യാനും സാധിക്കും. അതിലൂടെ കര്‍ഷകര്‍ക്ക് വരുമാനം കൂടും. ഏകവിള മൂലമുള്ള പ്രശ്‌നങ്ങള്‍ ഭൂമിക്ക് ഉണ്ടാവുകയുമില്ല.

അവക്കാഡോ

മാറി ചിന്തിക്കാം, സാമ്പത്തിക രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാം

ഇതുവരെ സംസ്ഥാനത്തിനുണ്ടായിരുന്ന പല വരുമാന മാര്‍ഗങ്ങളും തല്‍ക്കാലത്തേക്കെങ്കിലും അടഞ്ഞിരിക്കുകയാണ്. പ്രവാസികളുടെ തൊഴില്‍ നഷ്ടവും മറ്റും കേരളത്തെ കാര്യമായി ബാധിക്കും. ടൂറിസം രംഗം തിരിച്ചുകയറാന്‍ സമയമെടുക്കും. അതേ സമയം കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വരുമാനം നേടാനാകുന്ന അവസരം കാര്‍ഷിക മേഖലയിലുണ്ട്. തോട്ടഭൂമിയില്‍ ഫലവര്‍ഗ കൃഷി നടത്താന്‍ അനുവദിച്ചാല്‍ പ്രത്യക്ഷമായും പരോക്ഷമായും ഇവിടെ ഒട്ടേറെ നിക്ഷേപ അവസരങ്ങളും ബിസിനസ് സാധ്യതകളും ഉയര്‍ന്നുവരും.

തോട്ടം മേഖലയില്‍ നിക്ഷേപം വരും. ഫലവര്‍ഗങ്ങളുടെ സംഭരണത്തിനും ചരക്ക് നീക്കത്തിനും വേണ്ട സംവിധാനങ്ങളുടെ രംഗത്ത് ഒട്ടേറെ സംരംഭങ്ങളും സംരംഭകരും കടന്നുവരും.

മാത്രമല്ല തൊഴിലവസരങ്ങളും വര്‍ധിക്കും. ഒരു ബ്ലോക്ക് റബര്‍ ടാപ്പ് ചെയ്യാന്‍ ഒരു തൊഴിലാളി മതി. അതേസമയം രണ്ടേക്കര്‍ ഫലവര്‍ഗകൃഷി തോട്ടത്തില്‍ പഴം പറിക്കാന്‍ രണ്ടുപേര്‍ വേണം. വളമിടാനും മറ്റുജോലികള്‍ക്കും വേറെ രണ്ടുപേരും വേണം.

സംസ്ഥാനത്തെ തോട്ടം മേഖലയില്‍ സര്‍ക്കാര്‍ ക്രിയാത്മക ഇടപെടല്‍ നടത്തി ഫലവര്‍ഗകൃഷിക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കിയാല്‍ രണ്ടരക്കോടിയോളം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രതിവര്‍ഷം കൂലിയിനത്തില്‍ മാത്രം 10,000 കോടി രൂപയോളം ഇവിടെ വിതരണം ചെയ്യപ്പെടും. മാത്രമല്ല ഫലവര്‍ഗ കൃഷിയില്‍ നിന്ന് ശരാശരി 68,900 കോടി രൂപ വരുമാനം നേടാനുമാകും.

നിലവില്‍ കേരളത്തിലെ തോട്ടം മേഖലയുടെ സ്ഥിതി പരിതാപകരമാണ്. 2012-13ല്‍ തോട്ടം മേഖലയില്‍ നിന്നുള്ള വരുമാനം 21,000 കോടി രൂപയായിരുന്നുവെങ്കില്‍ 2018-19ല്‍ അത് 9,900 കോടിയായി കുത്തനെ ഇടിഞ്ഞു. 13 തോട്ടങ്ങള്‍ അടച്ചുപൂട്ടി. അതുമൂലം 3000 പേര്‍ക്ക് തൊഴില്‍ നഷ്ടമായി. നഷ്ടക്കണക്ക് പറയുന്ന തോട്ടത്തിലേക്ക് യുവതലമുറ കടന്നുവരുന്നില്ല.

എന്നാല്‍ ലോക ഫലവര്‍ഗ വിപണി കുതിച്ചുമുന്നേറുകയാണ്. കാലോചിതമായ മാറ്റം കേരളത്തിലെ നിയമങ്ങളിലും ഭരണനേതൃത്വത്തിന്റെ മനോഭാവത്തിലും വന്നാല്‍ സംസ്ഥാനത്തെ പുതുതലമുറയ്ക്ക് മുന്നില്‍ വലിയൊരു അവസരം ഫലവര്‍ഗ കൃഷിയിലൂടെ തുറക്കപ്പെടും. ഇതിന് തുറന്ന മനസ്സോടെയുള്ള ഇടപെടലാണ് ഭരണ - രാഷ്ട്രീയ നേതൃത്വം നടത്തേണ്ടത്. സാധ്യതകള്‍ മനസ്സിലാക്കാതെ ഇനിയും മുന്നോട്ടുപോയാല്‍ കേരളത്തിലെ കര്‍ഷകര്‍ക്കാവും വംശനാശം സംഭവിക്കുക.

Photography Courtesy : Home Grown Biotech

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it