Top

കൈയില്‍ പത്തുപൈസ ഇല്ലെങ്കിലും നിങ്ങള്‍ക്ക് വന്‍നിക്ഷേപങ്ങള്‍ നടത്താം, എങ്ങനെ? മുരളി തുമ്മാരുകുടി എഴുതുന്നു

നാട്ടിലെല്ലാവരും കൊറോണയെപ്പേടിച്ചിരിക്കുമ്പോഴാണോ നിക്ഷേപത്തിന്റെ സാധ്യതയെ പറ്റി എഴുതുന്നത്?, അല്പം ഒക്കെ ഔചിത്യം വേണ്ടേ ?

ശരിയാണ്. പക്ഷെ എപ്പോഴാണ് നിക്ഷേപം നടത്തേണ്ടത് എന്ന് കോമണ്‍ സെന്‍സ് ആയി നമ്മള്‍ ചിന്തിക്കുന്നത് പോലെ ആയിരിക്കില്ല ലോകം കാണുന്നത്. മാര്‍ച്ച് മാസത്തില്‍ ലോക്ക് ഡൌണ്‍ ഒക്കെ വന്ന് ആളുകള്‍ പേടിച്ചിരുന്ന സമയം ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ പറ്റിയതായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞിരുന്നോ?, എന്നിട്ടെന്തായി ?, ലോകത്ത് കൊറോണക്കേസുകള്‍ മാര്‍ച്ചിലെക്കായും പലമടങ്ങായ ജൂലൈയില്‍ വന്നു നില്‍ക്കുമ്പോള്‍ ന്യൂ യോര്‍ക്ക് മുതല്‍ മുംബൈ വരെ ഉള്ള സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ ഒക്കെ മുകളിലേക്കാണ്. ചിലയിടങ്ങളില്‍ മാര്‍ച്ചിലെക്കായും നാല്പത് ശതമാനത്തിന് മുകളിലായി സ്റ്റോക്ക് ഇന്ഡക്‌സിന്റെ വില.

അപ്പോള്‍ നിക്ഷേപത്തിനൊക്കെ നമ്മള്‍ ചിന്തിക്കുന്ന സമയവും കാലവും ഒന്നുമല്ല ശരി. എല്ലാ കാലവും നിക്ഷേപ സാധ്യതകളുടെ കാലമാണ്.

ദുരന്തവും സെക്‌സും കൂടാതെ നിക്ഷേപത്തെപ്പറ്റി രണ്ടാമനില്‍നിന്നും പഠിക്കേണ്ടതെന്താണെന്ന് ഞാന്‍ പറയട്ടെ?

'സ്വിസ് ബാങ്കില്‍ മൂന്ന് അക്കൗണ്ടുകള്‍, (ഡോളര്‍, യൂറോ, ഫ്രാങ്ക് എന്നിങ്ങനെ...)അന്‍പതിലേറെ രാജ്യങ്ങളിലെ കറന്‍സിയുടെ ശേഖരം.ഇന്ത്യന്‍ കറന്‍സിയില്‍ മില്ല്യനെയര്‍.ഇന്‍ഡോനേഷ്യന്‍ കറന്‍സിയില്‍ ശത കോടീശ്വരന്‍' !

ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും വാസ്തവത്തില്‍ പണത്തിന്റെ നിക്ഷേപം എന്റെ മേഖലയല്ല.ചിലവ് വരവിനേക്കാള്‍ കുറവായത് കൊണ്ട് ചില നിക്ഷേപങ്ങള്‍ ഒക്കെ ഉണ്ടായിപ്പോയി എന്ന് മാത്രമേ ഉള്ളൂ. പക്ഷെ മനുഷ്യന് നിക്ഷേപിക്കാന്‍ പറ്റുന്നതില്‍ ഏറ്റവും മൂല്യംകുറഞ്ഞ ഒന്നാണ് പണം എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.

പണമല്ലാതെ പിന്നെ എന്താണ് ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്നത്?

പലതുമുണ്ട്, ഉദാഹരണത്തിന് സമയം.

അമേരിക്കന്‍ പ്രസിഡന്റ് മുതല്‍ രണ്ടാമന്‍ വരെ നമുക്കെല്ലാവര്‍ക്കും ഒരു ദിവസത്തില്‍ 24 മണിക്കൂറാണുള്ളത്. അതില്‍ കുറച്ചുഭാഗം തൊഴിലും ജീവിത സാഹചര്യവുമനുസരിച്ച് നമ്മുടെ കൈപ്പിടിയിലല്ല. എങ്കിലും, ബാക്കിവരുന്ന സമയം എങ്ങനെ നിക്ഷേപിക്കണമെന്നത് നമുക്ക് തീരുമാനിക്കാം.

ആ സമയം എനിക്ക് പുസ്തകം - ബാലരമ മുതല്‍ ടോള്‍സ്റ്റോയ് വരെ എന്തും വായിക്കാം. ടി വി കാണാം, പോണോഗ്രഫി മുതല്‍ ഡേവിഡ് ആറ്റന്‍ബറോയുടെ പ്രോഗ്രാം വരെ എന്തും. എന്തെങ്കിലും പഠിക്കാം, സംഗീതം ആസ്വദിക്കാം, ഫേസ്ബുക്കില്‍ കയറാം, വാട്ട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ അയക്കുകയും വായിക്കുകയും ചെയ്യാം. വീട് വൃത്തിയാക്കാം, കൃഷി ചെയ്യാം, യാത്ര പോകാം. സുഹൃത്തുക്കളോട് സംസാരിക്കാം, ബന്ധുക്കളോട് സംസാരിക്കാം, കുട്ടികളുടെ കൂടെ ചിലവഴിക്കാം, പങ്കാളിക്ക് വേണ്ടി മാറ്റിവെക്കാം.

ഇതെല്ലാം നമ്മള്‍ ചെയ്യുന്നതാണ്.

സമയത്തിന് രണ്ടു പ്രത്യേകതകളുണ്ട്.

ഒന്ന്, സമയത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇത് നമുക്ക് സന്പാദിക്കാനോ ശേഖരിച്ചുവെക്കാനോ ആകില്ല. ഓരോ ദിവസവും കിട്ടുന്ന സമയം അന്നന്ന് തന്നെ തീര്‍ക്കണം. കുറച്ചു സമയം നമ്മള്‍ ഉപയോഗിച്ച് ബാക്കി മറ്റൊരാള്‍ക്ക് കൊടുക്കാനോ മക്കള്‍ക്കായി സന്പാദിക്കാനോ പറ്റില്ല.

രണ്ടാമത്തേത്, ഒരു സമയത്ത് ഒരു കാര്യത്തിനേ ഉപയോഗിക്കാന്‍ പറ്റൂ എന്നതാണ്. ഇംഗ്ലീഷില്‍ ഇതിന് 'opportunity cost' എന്ന് പറയും. ഇത് പണത്തിനും ഉണ്ട്.

അണ്ടര്‍വെയര്‍ വാങ്ങാന്‍ പണം ഉപയോഗിച്ചാല്‍ ആ പണം കൊണ്ട് പിന്നെ ഹെഡ് ഫോണ്‍ വാങ്ങാന്‍ പറ്റില്ല. രാജ്യത്തിന്റെ വിദ്യാഭ്യാസത്തില്‍ നിക്ഷേപിക്കുന്ന പണം ആരോഗ്യത്തില്‍ നിക്ഷേപിക്കാന്‍ പറ്റില്ല. പോണോഗ്രഫി കാണുന്ന സമയത്ത് കൃഷി ചെയ്യാന്‍ പറ്റില്ല. (കുറച്ചൊക്കെ multi tasking സാധ്യമാണ്, ഉദാഹരണത്തിന് യാത്ര പോകുന്‌പോള്‍ പാട്ടു കേള്‍ക്കാം. പക്ഷെ പങ്കാളിയോട് സംസാരിക്കുന്‌പോള്‍ ഫേസ്ബുക്ക് നോക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്).

എത്ര സമയം എന്തിന് ഉപയോഗിക്കുന്നു എന്നത് നമ്മുടെ ഭാവിയെ തീരുമാനിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. പണവും ഒരു പ്രധാന ഘടകമാണെങ്കിലും ഇക്കാര്യത്തില്‍ പണം സമയത്തിന്റെ അടുത്തെത്തില്ല !

പണം പോലെ തന്നെ നിക്ഷേപ സാധ്യതയുള്ള ഒന്നാണ് അറിവും.

അറിവ് നമുക്ക് എത്ര വേണമെങ്കിലും സന്പാദിക്കാം. പണ്ട് അറിവ് സന്പാദിക്കാന്‍ പണം വേണമായിരുന്നു, ഇപ്പോള്‍ അത് മാറി. സമയമാണ് അറിവ് സന്പാദിക്കാന്‍ വേണ്ട പ്രധാന ഉപകരണം, പിന്നെ ഭാഷയും, ഇന്റര്‍നെറ്റും!

നമ്മുടെ അറിവുകള്‍ നമുക്ക് മറ്റുള്ളവരില്‍ നിക്ഷേപിക്കാം. ബാങ്കില്‍ ഇടുന്ന പണം പത്തു ശതമാനത്തിന് താഴെ വര്‍ദ്ധിക്കുന്‌പോള്‍, ഷെയറില്‍ ഇടുന്ന പണം ഇരട്ടിക്കും എന്ന് നമുക്ക് ആഗ്രഹിക്കാന്‍ മാത്രം പറ്റുന്‌പോള്‍, അറിവിന്റെ നിക്ഷേപത്തിന്റെ പലിശ ഉറപ്പായും ആയിരം മടങ്ങാകാം. ആരിലാണ് നിക്ഷേപിക്കുന്നത് എന്നതനുസരിച്ച് അത് സമൂഹത്തിന്റെ ഭാവിയെ പോലും മാറ്റിമറിച്ചേക്കാം.

നമ്മള്‍ ഏത് അറിവ് ആരില്‍ നിക്ഷേപിക്കുന്നു എന്നത് പ്രധാനമാണ്. ഒരു കാറിന്റെ ഡോര്‍ താക്കോലില്ലാതെ എങ്ങനെ തുറക്കാം എന്നുള്ള അറിവ് എമര്‍ജന്‍സി സര്‍വീസില്‍ ഉള്ളവര്‍ക്ക് നല്‍കുന്നതിന്റെ ഫലമല്ല ഒരു കള്ളന് നല്‍കിയാല്‍ ഉണ്ടാകുന്നത്.

അറിവിനെ നമുക്ക് കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ എളുപ്പവഴി, കൂടുതല്‍ പേരിലേക്ക് അറിവ് പകരാന്‍ അവസരമുള്ളവരിലേക്ക് അറിവ് നിക്ഷേപിക്കുക എന്നതാണ്. കെട്ടിടം എങ്ങനെയാണ് സുരക്ഷിതമാക്കേണ്ടത് എന്ന് ബാങ്കിലെ ഉദ്യോഗസ്ഥനോടും സ്‌കൂളിലെ അധ്യാപികയോടും പറഞ്ഞു എന്ന് കരുതുക. ബാങ്ക് ഉദ്യോഗസ്ഥനില്‍ നിന്നും അത് ബാങ്കിലെ സ്റ്റാഫ് അറിഞ്ഞു എന്ന് വരാം, പക്ഷെ അധ്യാപികയില്‍ നിന്നും ഒരു തലമുറയിലുള്ള മുഴുവന്‍ കുട്ടികളും ആ വിവരം അറിയും. അതുകൊണ്ടാണ് കേരളത്തിലെ അധ്യാപകര്‍, പ്രത്യേകിച്ചും സ്‌കൂള്‍ അധ്യാപകര്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ ഞാന്‍ ഒരിക്കലും വിട്ടുകളയാത്തത്.

അറിവ് കൊണ്ട് സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകണമെങ്കില്‍ വേറൊരു കുറുക്കുവഴിയുണ്ട്. അറിവ് ഉപയോഗിക്കാന്‍ അറിയാവുന്നവരിലേക്ക് പകരുക. ഉദാഹരണത്തിന് സ്വിറ്റ്സര്‍ലണ്ടിലെ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന വിവരം ഒരു ഡോക്ടര്‍ക്ക് പറഞ്ഞു കൊടുത്താല്‍ അദ്ദേഹത്തിന് തീര്‍ച്ചയായും അറിവ് വര്‍ധിക്കും. അതേ അറിവ് ആരോഗ്യ മന്ത്രിക്കോ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കോ നല്‍കിയാല്‍, അങ്ങനെ ഒരു സംവിധാനം കേരളത്തില്‍ ഉണ്ടാക്കാന്‍ അവര്‍ തീരുമാനിച്ചാല്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. ചുമ്മാതാണോ ഞാന്‍ എം എല്‍ എ മാരെയും ഐ എ എസ് കാരേയും സുഹൃത്തുക്കളാക്കാന്‍ ശ്രമിക്കുന്നത്?

അറിവിന്റെ ഗുണം അതിന് opportunity cost ഇല്ല എന്നതാണ്. ഒരാള്‍ക്ക് കൊടുത്ത അറിവ് വേറെ എത്ര പേര്‍ക്കും കൊടുക്കാം. കൊടുക്കുംതോറും ഏറിടും എന്നൊക്കെ പറയുന്നത് ആലങ്കാരികമാണ്. പാട്ടയിലിട്ട് കോഴിയെ ചുടുന്ന രീതി പത്തു ലക്ഷം പേര്‍ക്ക് പറഞ്ഞു കൊടുത്താലും അത് ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് ഉണ്ടാക്കുന്നത് എങ്ങനെ എന്നുള്ള അറിവായി മാറില്ല.

നിക്ഷേപങ്ങളിലെ മുടിചൂടാമന്നന്‍ പക്ഷെ ''അറിവ''ല്ല. അത് 'നെറ്റ് വര്‍ക്ക്' ആണ്.

ഒരു വ്യക്തി മനഃപൂര്‍വ്വം ഉണ്ടാക്കിയെടുത്തതോ അല്ലാതെയോ ഉള്ള ബന്ധങ്ങളാണ് ആ വ്യക്തിയുടെ നെറ്റ്വര്‍ക്ക്. നമുക്കോരോരുത്തര്‍ക്കും പിറന്നുവീഴുന്‌പോള്‍ തന്നെ ഒരു സമൂഹശൃംഖലയുണ്ട്. നമ്മുടെ അമ്മ, അച്ഛന്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍, അവരുടെ സുഹൃത്തുക്കള്‍, എല്ലാം നമുക്ക് ജന്മത്തില്‍ 'ലോട്ടറി'യായി കിട്ടുന്ന നെറ്റ്വര്‍ക്ക് ആണ്. ഇന്നത്തെ ലോകത്ത് നമ്മുടെ ജീവിതം എവിടെ എത്തുമെന്നുള്ളതിന്റെ ഏറ്റവും പ്രധാനമായ ഘടകം ഈ ബന്ധങ്ങളാണ്.

വളരുന്നതോടെ നമ്മള്‍ നമ്മുടേതായ സമൂഹ ശൃംഖലകള്‍ ഉണ്ടാക്കിത്തുടങ്ങും. കളിസ്ഥലത്ത്, സ്‌കൂളില്‍, വായനശാലയില്‍, സ്‌പോര്‍ട്ട്‌സ് ക്ലബ്ബില്‍, ഫേസ്ബുക്കില്‍, ലിങ്ക്ഡ് ഇന്നില്‍ എല്ലാം. ഈ സമൂഹ ശൃംഖലകളാണ് പില്‍ക്കാലത്ത് നമ്മുടെ കരിയറിലെ ഭാവിയെ നിയന്ത്രിക്കുന്നത്. സ്റ്റാന്‍ഫോര്‍ഡിലും ഐ ഐ എമ്മിലും എം ബി എ ചെയ്യുന്നവര്‍ക്ക് ലോകത്തെ മറ്റൊരു രാജ്യത്തെ ചെറിയ നഗരത്തില്‍ എം ബി എ ചെയ്യുന്നവരില്‍നിന്നും കൂടുതലവസരങ്ങള്‍ ലഭിക്കുന്നത് കോളേജില്‍ കൂടുതല്‍ മാനേജ്മെന്റ് പഠിക്കുന്നതുകൊണ്ടോ വ്യത്യസ്തമായ കാര്യങ്ങള്‍ പഠിക്കുന്നത് കൊണ്ടോ അല്ല, അവരുടെ നെറ്റ് വര്‍ക്കിലുള്ള മാറ്റമാണെന്ന് അനവധി പഠനങ്ങളുണ്ട്. ഡോക്ടറുടെ കുട്ടി ഡോക്ടറായും വക്കീലിന്റെ കുട്ടി വക്കീലായും സിനിമാതാരത്തിന്റെ മക്കള്‍ സിനിമാതാരങ്ങളായും എളുപ്പത്തില്‍ പച്ചപിടിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. മന്ത്രിമാരുടെ മക്കള്‍ എം എല്‍ എ മാര്‍ ആകുന്നതും അവര്‍ അടുത്ത ബന്ധുക്കള്‍ വഴി ആര്‍ജ്ജിച്ച നെറ്റ് വര്‍ക്കിന്റെ ബലത്തിലാണ്.

അതുകൊണ്ട് ഇനിയുള്ള കാലത്ത് നാം ഏറ്റവും കൂടുതല്‍ നിക്ഷേപിക്കേണ്ടത് നമുക്ക് ഒരു നെറ്റ് വര്‍ക്ക് ഉണ്ടാക്കാനാണ്. ചില വ്യക്തികള്‍ക്ക് അവരുടെ കുടുംബ പശ്ചാത്തലത്തില്‍നിന്നും ഇത് കിട്ടുമെങ്കിലും അത്തരം അവസരങ്ങളില്ലാത്തവര്‍ സ്വയം ആര്‍ജ്ജിച്ചേ പറ്റൂ. നമ്മുടെ കയ്യിലുള്ള അറിവും സമയവും പണവും നിക്ഷേപിച്ച്, നമ്മള്‍ നെറ്റ് വര്‍ക്കുകള്‍ ഉണ്ടാക്കിയെടുക്കണം.
നാട്ടില്‍ അപഹാസ്യ കഥാപാത്രമായിരുന്ന - പഞ്ചായത്ത് മെമ്പറായിപ്പോലും വിജയിക്കാതിരുന്ന വെള്ളിമൂങ്ങയിലെ മാമച്ചന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് കയ്യിലുള്ള അറിവും സമയവും പണവും ഡല്‍ഹിയില്‍ പോയി കൃത്യമായി ബന്ധങ്ങളില്‍ നിക്ഷേപിച്ചത് കൊണ്ടാണ്. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ട്.

നെറ്റ് വര്‍ക്കുകളില്‍ നിക്ഷേപിക്കുന്നത് പോലെ തന്നെ പ്രധാനമാണ് നമ്മുടെ നെറ്റ് വര്‍ക്കുകള്‍ മറ്റുള്ളവരില്‍ നിക്ഷേപിക്കുന്നതും. ഇക്കാര്യത്തില്‍ ആളുകള്‍ പൊതുവെ പിശുക്കരാണ്. നമ്മള്‍ ആര്‍ജ്ജിച്ച ബന്ധങ്ങള്‍ നമ്മുടെ മക്കള്‍ക്ക് വേണ്ടി എളുപ്പത്തില്‍ തുറന്നു കൊടുത്തേക്കാമെങ്കിലും മറ്റുള്ളവരുമായി പങ്കുവെക്കുക അത്ര എളുപ്പമോ സ്വാഭാവികമോ അല്ല. സത്യത്തില്‍ ശരിയായ നെറ്റ് വര്‍ക്കുകള്‍ ഉള്ള ഒരാള്‍ക്ക് മറ്റൊരാളുടെ / സ്ഥാപനത്തിന്റെ / സമൂഹത്തിന്റെ ജീവിതം വളരെ എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കും. ഫ്രാന്‍സിലെ ഫാഷന്‍ ഫോട്ടോഗ്രാഫര്‍മാരുമായി നമുക്ക് ബന്ധമുണ്ടെങ്കില്‍ നാട്ടിലെ കഴിവുള്ള ഒരു മോഡലിനെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ നമുക്ക് സാധിക്കും, അവരെ തമ്മില്‍ ബന്ധിപ്പിച്ചാല്‍ മാത്രം മതി. ശതകോടികള്‍ എടുത്ത് അമ്മാനമാടുന്ന വെഞ്ചര്‍ കാപ്പിറ്റലിസ്റ്റുകളുമായി നമുക്ക് ബന്ധമുണ്ടെങ്കില്‍ മറ്റൊരു രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പിന്റെ മുഖച്ഛായ മാറ്റാന്‍ നമുക്ക് സാധിക്കും. കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ നൈജീരിയയിലെ കൃഷി മന്ത്രിയുമായി ബന്ധിപ്പിച്ചാല്‍ രണ്ടു പ്രദേശങ്ങളുടെ പുരോഗതി അതില്‍ നിന്നുണ്ടാകും.

നെറ്റ് വര്‍ക്കുകള്‍ നമുക്ക് ആര്‍ജ്ജിക്കാവുന്നതാണ്, ഇതിന് അല്പസ്വല്പം ഓപ്പര്‍ച്യുണിറ്റി കോസ്റ്റ് ഉണ്ട്, പക്ഷെ പൂര്‍ണ്ണമായും ഇല്ല. നെറ്റ് വര്‍ക്കുകള്‍ കൊടുക്കുന്നതിലൂടെ കുറയുന്നതുമല്ല. ഇതിന്റെ പ്രാധാന്യവും രീതികളും മനസിലാക്കുക എന്നതുതന്നെയാണ് പ്രധാനം.

ഇനി മറ്റൊരു നിക്ഷേപസാധ്യത കൂടിയുണ്ട്. അത് സ്‌നേഹത്തിന്റേതാണ്.

മുകളിലുള്ള എല്ലാ നിക്ഷേപങ്ങളെക്കാളും എത്രയോ ഉയരത്തിലാണ് സ്‌നേഹത്തിന്റെ സ്ഥാനം! നമുക്ക് പാരന്പര്യമായി സ്‌നേഹം ലഭിച്ചേക്കാം, പക്ഷെ നിക്ഷേപിക്കാന്‍ അതിന്റെ ആവശ്യമില്ല. ഒട്ടും സ്‌നേഹം ലഭിക്കാത്തവര്‍ക്കും മറ്റുളളവരെ സ്‌നേഹിക്കാനാകും. സ്‌നേഹത്തിന്റെ കലവറക്ക് അളവില്ല, നമുക്ക് എത്ര പേരെയും എത്ര വേണമെങ്കിലും സ്‌നേഹിക്കാന്‍ പറ്റും. സ്‌നേഹത്തിന്റെ നിക്ഷേപം സ്‌നേഹമായി തിരിച്ചുകിട്ടുമെന്ന് ഒരുറപ്പുമില്ലെങ്കിലും പൊതുവില്‍ പറഞ്ഞാല്‍ ഉയര്‍ന്ന റിട്ടേണ്‍ കിട്ടാനുള്ള എല്ലാ സാധ്യതയുമുള്ള ഒന്ന് തന്നെയാണ് സ്‌നേഹം.

മുന്നറിയിപ്പ്: നിയമപരമായി നിലനില്‍ക്കുന്ന പങ്കാളികളുള്ളവര്‍ സ്‌നേഹത്തിന്റെ പങ്കുവെക്കല്‍ അല്പം കുറയ്ക്കുന്നതാണ് നല്ലത്. ഞങ്ങള്‍ പറഞ്ഞു എന്ന് പറഞ്ഞു സാധിക്കുന്നിടത്തൊക്കെ സ്‌നേഹം പങ്കുവെക്കാന്‍ പോയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതത്തിന് ഞങ്ങള്‍ ഉത്തരവാദികള്‍ അല്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it