മുത്തൂറ്റ് എംഡിക്ക് കല്ലേറില്‍ പരിക്ക്

മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറ്. ഇന്ന് രാവിലെയായിരുന്നു സംഭവം.തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

43 ശാഖകളില്‍ നിന്ന് യൂണിയന്‍ സെക്രട്ടറി ഉള്‍പ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ബുധനാഴ്ച മുതല്‍ സിഐടിയുവിന്റെ നേതൃത്വത്തിലൂള്ള പണിമുടക്ക് തുടങ്ങിയിരുന്നു. ഇന്നലെ ഹെഡ് ഓഫീസില്‍ ജോലിക്കു കയറാന്‍ വന്നവരെ പിന്തിരിപ്പിക്കാന്‍ നടന്ന ശ്രമം സംഘര്‍ഷത്തിലെത്തി. പോലീസ് ഇടപെട്ടാണ് കൂടുതല്‍ പ്രശ്‌നം ഒഴിവാക്കിയത്.

ഹെഡ് ഓഫീസിലെ ജീവനക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി പ്രകാരം ഹെഡ് ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നും, അതിലെ ജീവനക്കാര്‍ക്ക് ഓഫീസില്‍ പ്രവേശിക്കുവാനും പുറത്തു പോകുവാനുമുള്ള സാഹചര്യം ഒരുക്കി കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ടുള്ള കേരളാ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതില്‍ പ്രകാരം സമരക്കാര്‍ ഓഫീസിന്റെ 15 മീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കുവാനും വിലക്കുള്ളതാണ- മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍, കുറച്ചു സിഐടിയുവിന്റെയും ഡിവൈഎഫ്‌ഐയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കുറച്ചു ഗുണ്ടകളെയും ചേര്‍ത്ത് ഹെഡ്ഓഫീസിന്റെ മുന്നില്‍ ഒത്തു കൂടി ഓഫീസില്‍ ജോലിക്കായി വരുന്ന ജീവനക്കാരെ ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് 'ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു കൊണ്ട് ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു.

ഓഫീസ് പ്രവര്‍ത്തന സമയം കഴിഞ്ഞു പുറത്തേയ്ക്കു പോയ ജീവനക്കാരെ റോഡിന്റെ പല ഭാഗങ്ങളിലായി സംഘം ചേര്‍ന്ന് നിന്ന ഗുണ്ടകള്‍ ഉപദ്രവിച്ചിരുന്നു. ഓഫീസിനു പുറത്തെ ഈ ആക്രമണങ്ങള്‍ തടയുവാന്‍ അവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിക്കുകയുണ്ടായില്ല. ക്രമസമാധാനം പാലിക്കാന്‍ നിയുക്തരായ പോലീസുദ്യോഗസ്ഥരെയും 'ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ഈ അക്രമങ്ങള്‍ നടത്തുന്നത്.

മുത്തൂറ്റ് ഫിനാന്‍സിന്റെ ഹെഡ് ഓഫീസില്‍ ജോലി ചെയ്യുന്ന 300 ഓളം ജീവനക്കാരില്‍ ആരും തന്നെ സമരാനുകൂലികള്‍ അല്ലാതിരിക്കെയാണ്, ഈ ഗുണ്ടാ വിളയാട്ടം നടത്തി കമ്പനിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുന്നതെന്ന് മാനേജ്‌മെന്റ് ആരോപിച്ചു.അതേസമയം, ജോര്‍ജ് അലക്‌സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായെങ്കില്‍ അതിന് സമരക്കാരുമായി ബന്ധമില്ലെന്ന നിലപാടിലാണ് യൂണിയന്‍ നേതാക്കള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it