നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍

വിവാദ വജ്രവ്യവസായി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 13,500 കോടി രൂപ തട്ടിയെടുത്ത കേസിൽ ഇന്ത്യ അന്വേഷിച്ചു കൊണ്ടിരിക്കുന്ന നീരവ് മോദി ലണ്ടനിൽ സുഖവാസത്തിലാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മോദിക്കെതിരേ നേരത്തെ ബ്രിട്ടീഷ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഇന്നുതന്നെ ഹാജരാക്കും.

സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്‌ഐആറുകൾ നീരവ് മോദിക്കും ബന്ധുവായ മെഹുല്‍ ചോക്‌സിക്കും എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

യുകെ ടെലിഗ്രാഫ് പത്രത്തിന്റെ റിപ്പോർട്ടർമാർ കഴിഞ്ഞ ദിവസം മോദിയുമായി സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. ഓക്സ്ഫോർഡ് സ്ട്രീറ്റിന് സമീപം 80 ലക്ഷം പൗണ്ട് (ഏകദേശം 73 കോടി രൂപ) വിലയുള്ള അപ്പാർട്ട്മെന്റിലാണ് മോദിയുടെ താമസം. മാസം 17,000 പൗണ്ട് (15 ലക്ഷത്തോളം രൂപ) വാടകയെങ്കിലും ഇതിനു നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

‘സോഹോ’ എന്ന പേരിൽ പുതിയ ഡയമണ്ട് ബിസിനസും മോഡി ലണ്ടനിൽ തുടങ്ങിയിരുന്നു.

കഴിഞ്ഞ വർഷം ജനുവരി ആദ്യമാണ് നീരവ് മോദിയും ബന്ധുവായ മെഹുൽ ചോക്‌സിയും രാജ്യം വിടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it