Top

ഓമ്നി ചാനൽ: റീറ്റെയ്ൽ മേഖലയിലെ പുത്തൻ വെല്ലുവിളികളെ നേരിടാനുള്ള തന്ത്രം

ഇ-കോമേഴ്‌സ് മേഖലയുടെ വളർച്ച പല പരമ്പരാഗ റീറ്റെയ്ൽ സംരംഭകളെയും കാലത്തിനൊപ്പം മാറാൻ നിർബന്ധിതരാക്കിയിരിക്കുകയാണ്. ഓൺലൈനിൽ സാന്നിധ്യം വളർത്തുന്നതിനൊപ്പം തങ്ങളുടെ ഓഫ്‌ലൈൻ സ്റ്റോറുകളുടെയും പ്രസക്തി നിലനിർത്താൻ പുതിയ പദ്ധതികൾ നടപ്പാക്കികൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ മുൻനിര കോർപറേറ്റുകൾ.

ഏറ്റവും പുതിയതായി ഓമ്നി ചാനൽ സ്ട്രാറ്റജി സ്വീകരിച്ചിരിക്കുന്നത് ഇന്ത്യയിലെ പ്രമുഖ ജൂവൽറി ബ്രാൻഡുകളിലൊന്നായ തനിഷ്ക് ആണ്.

എന്താണ് ഓമ്നി ചാനൽ?

ഒരു പൊതു ബിസിനസ് ലക്ഷ്യം നിറവേറ്റാൻ, ലഭ്യമായ എല്ലാ രീതികളും സംയോജിപ്പിച്ച് തയ്യാറാക്കുന്ന സ്ട്രാറ്റജിയാണ് ഓമ്നി ചാനൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. റീറ്റെയ്ൽ മേഖലയിൽ ഉപഭോക്താവിന് കമ്പനിയുമായി ബന്ധപ്പെടാനും അതുപോലെ ഉൽപ്പന്നം വാങ്ങാനും പരാതികൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനും വ്യത്യസ്ത വഴികൾ ലഭ്യമാക്കണം. പരമ്പരാഗത രീതികൾക്കൊപ്പം തന്നെ പുതു സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ആശയവിനിമയ രീതികളും കൂടി തെരഞ്ഞെടുക്കുമ്പോഴാണ് ഒരു കമ്പനി ഓമ്നി ചാനൽ ആണെന്ന് നമുക്ക് പറയാൻ കഴിയുക. ബിസിനസിന്റെ പല മേഖലകളിലും ഇത് ഉപയോഗപ്പെടുത്താം. ഇതിലൊന്നാണ് റീറ്റെയ്ൽ.

ഓമ്നി ചാനൽ റീറ്റെയ്ലിംഗ്

മൾട്ടി-ചാനൽ റീറ്റെയ്ലിംഗിന്റെ ഒരു വികസിത രൂപമാണ് ഓമ്നി ചാനൽ എന്ന് വേണമെങ്കിൽ പറയാം. സോഷ്യൽ മീഡിയ, സ്മാർട്ഫോൺ, മറ്റ് പുതിയ ടെക്‌നോളജികൾ എന്നിവയുടെ വരവോടെ റീറ്റെയ്ൽ രംഗം വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ കടയിൽ നിന്നും അല്ലെങ്കിൽ ഷോറൂമിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ ഓൺലൈനിൽ കൂടി ഉത്പന്നത്തെക്കുറിച്ചും ഷോപ്പിനെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ മനസിലാക്കുന്നു.

ഈ സമയത്താണ് നമ്മുടെ സ്ഥാപനത്തിന് ഓൺലൈൻ സാന്നിധ്യം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത നമുക്ക് മനസിലാകുന്നത്. ഉപയോക്താക്കളുടെ അടുത്തേയ്ക്ക് നിങ്ങളുടെ സേവങ്ങളും ഉൽപ്പന്നങ്ങളും എത്താൻ പരമ്പരാഗത രീതികൾക്കൊപ്പം പുതിയ ആശയങ്ങളും കൂടി ഉപയോഗിക്കണം.

ഈയിടെ ഓമ്നി ചാനൽ പദ്ധതി നടപ്പാക്കിയ പ്രമുഖരിൽ ഒന്ന് തനിഷ്‌ക് ജൂവൽറി ആണ്. ആറോ എട്ടോ മാസം കൊണ്ട് അവരുടെ ഇ-സ്റ്റോർ തയ്യാറാകും. മുഴുവൻ ഇൻവെന്ററിയും പുതിയ പ്ലാറ്റ് ഫോമിൽ ലഭ്യമാകും. ഓൺലൈൻ വാങ്ങുന്ന കസ്റ്റമർക്ക് ഡോർ ഡെലിവറി കൂടി നടത്താനാണ് പദ്ധതി. കമ്പനിയും പ്രൊഡക്ടുമായും എങ്ങനെ ഇടപെടണമെന്നത് ഉപഭോക്താവ് തീരുമാനിക്കട്ടെയെന്നാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കമ്പനി വക്താവ് അഭിപ്രായപ്പെട്ടത്.

ചുരുക്കിപ്പറഞ്ഞാൽ ഫിസിക്കൽ സ്റ്റോറുകളിൽ മാത്രം ഒതുങ്ങി നിക്കുന്നതാവരുത് ഒരു റീറ്റെയ്‌ലറുടെ ബിസിനസ്. അതിനായി ലഭ്യമായ എല്ലാ ചാനലുകളും സംയോജിപ്പിച്ച് ഒരു സ്ട്രാറ്റജി തയ്യാറാക്കണം. മാർക്കറ്റിംഗ്, പരസ്യം, ഉപഭോക്‌തൃ സേവനം എന്നിവയിലേക്കും കൂടി ഈ സ്ട്രാറ്റജി വ്യാപിപ്പിക്കണം.

ഉദാഹരണത്തിന്, ഒരു ഓമ്നി ചാനൽ റീറ്റെയ്ലർ പരസ്യം നൽകുമ്പോൾ എല്ലാവരുടെയും പോലെ മുഖ്യധാരാ മാധ്യമങ്ങങ്ങളെ ആശ്രയിക്കുന്നതിനൊപ്പം വെബ്‌സൈറ്റ്, ഇമെയിൽ ഓഫറുകൾ, സോഷ്യൽ മീഡിയ മെസ്സേജിങ് പ്ലാറ്റ് ഫോമുകൾ, ചാറ്റ്ബോട്ടുകൾ എന്നിവകൂടി പ്രയോജനപ്പെടുത്തും.

തിരിച്ച് ഉപഭോക്താവിന് റീറ്റെയ്ലറുമായി സംസാരിക്കണമെങ്കിൽ ഇമെയിൽ, ഫോൺ കോൾ, മെസ്സേജിങ്, ചാറ്റ്, ഓൺലൈൻ പരാതി രജിസ്‌ട്രേഷൻ തുടങ്ങി സാധ്യമായ എല്ലാ ചാനലുകളും തുറന്നിട്ട് കൊടുക്കണം.

ഇ-കോമേഴ്‌സ് വമ്പൻമാർ ഇന്ത്യയിൽ, എന്തിന് ഈ കൊച്ചു കേരളത്തിൽ വരെ, അവരുടെപ്രവർത്തനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചെറുകിട സ്ഥാപനങ്ങൾക്ക് ഇവർക്കൊപ്പം മേഖലയിൽ പിടിച്ച് നിൽക്കണമെങ്കിൽ എത്രയും പെട്ടെന്ന് ഓമ്നി ചാനൽ വഴി തെരെഞ്ഞെടുത്തേ മതിയാകൂ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it