ഈ വനിതാ സംരംഭക വേറിട്ട് നില്‍ക്കുന്നത് എന്തുകൊണ്ട്?

സ്‌റ്റോക്ക് ബ്രോക്കിംഗ് രംഗത്ത് സ്വന്തമായൊരു സംരംഭം തുടങ്ങാന്‍ ഇന്നും മലയാളി വനിതാ സംരംഭകര്‍ ഒന്നുമടിക്കും. എന്നാല്‍ 23 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1997 മെയ് 23ന്, സ്റ്റോക്ക് ബ്രോക്കിംഗ്, ധനകാര്യ സേവന രംഗത്ത് സ്വന്തം സംരംഭം തുടങ്ങാന്‍ ധൈര്യം കാണിച്ചു ഉത്തര രാമകൃഷ്ണന്‍. ഉത്തര നേതൃത്വം നല്‍കുന്ന അര്‍ത്ഥ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, രാജ്യത്തെ പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയായ മോത്തിലാല്‍ ഓസ്്‌വാളിന്റെ മാസ്റ്റര്‍ ഫ്രാഞ്ചൈസിയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി മോത്തിലാല്‍ ഓസ്‌വാളിന്റെ രാജ്യത്തെ ടോപ് 20 ബിസിന് പാര്‍ട്ണര്‍മാരുടെ പട്ടികയില്‍ അര്‍ത്ഥയുണ്ട്. ഇന്നും മോത്തിലാല്‍ ഓസ്‌വാളിന്റെ ടോപ് 50 ബിസിനസ് പാര്‍ട്ണര്‍മാരെ എടുത്താല്‍ പോലും അതില്‍ ഉത്തരയെ അല്ലാതെ മറ്റൊരു വനിതയെ കാണില്ല!

ഓഹരി നിക്ഷേപ സംബന്ധമായ കാര്യങ്ങളില്‍ അവസാന വാക്ക് പുരുഷന്മാരുടേതാണെന്ന ഒരു ധാരണ തന്നെ നിലനില്‍ക്കുന്ന കേരളത്തിലാണ് ഇപ്പോള്‍ 7000 ത്തിലേറെ ക്ലയന്റ്‌സിന് ഓഹരി നിക്ഷേപം സംബന്ധിച്ച മാര്‍ഗ നിര്‍ദേശം നല്‍കി സ്റ്റോക്ക് ബ്രോക്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് രംഗത്ത് ഉത്തര നേതൃത്വം നല്‍കുന്ന അര്‍ത്ഥ വിജയകരമായി മുന്നോട്ടുപോകുന്നത്.

കുടുംബം എന്ന പാഠശാല

'' സ്‌റ്റോക്ക് ബ്രോക്കിംഗ് എന്ന വാക്കിന്റെ സ്‌പെല്ലിംഗ് മാത്രമേ ഞാന്‍ ഈ രംഗത്തേക്ക് കടന്നുവരുമ്പോള്‍ അറിയുമായിരുന്നുള്ളൂ,'' സംരംഭം 23 വര്‍ഷം പൂര്‍ത്തിയാക്കിയ സംതൃപ്തിയുടെ നിറ ചിരിയോടെ ഉത്തര പറയുന്നു. എന്നാല്‍ സാമ്പത്തിക രംഗത്തെ പ്രമുഖരുടെ നീണ്ട നിര തന്നെ ഉത്തരയുടെ കുടുംബത്തിലുണ്ടായിരുന്നു. അച്ഛന്‍ ടി എസ് പട്ടാഭിരാമന്‍ ധനലക്ഷ്മി ബാങ്ക് ചെയര്‍മാനായിരുന്നു. ഫാര്‍മ ഡിസ്ട്രിബ്യൂഷന്‍ രംഗത്തെ കേരളത്തിലെ മുന്‍നിരക്കാരായ ലിയോ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാന്‍ കൂടിയാണ് പട്ടാഭിരാമന്‍. പിതൃസഹോദരന്‍ ടി എസ് അനന്തരാമനാണ് ഉത്തര സ്‌റ്റോക്ക് ബ്രോക്കിംഗ് രംഗത്തേക്ക് കൊണ്ടുവന്നത്.

കാത്തലിക് സിറിയന്‍ ബാങ്ക് ചെയര്‍മാന്‍ പദവി വഹിച്ചിട്ടുള്ള സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ടി എസ് അനന്തരാമന്‍ പെനിന്‍സുലാര്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സിന്റെ ചെയര്‍മാനായിരിക്കുന്ന കാലത്താണ് ഉത്തര അതിന്റെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് സ്‌റ്റോക്ക് ബ്രോക്കിംഗ് രംഗത്തേക്ക് വരുന്നത്. മുംബൈയില്‍ കെമിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ഭര്‍ത്താവ് രാമകൃഷ്ണനൊപ്പം ചേര്‍ന്ന് അര്‍ത്ഥ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് തുടക്കമായി. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ രാമകൃഷ്ണന്‍, അദ്ദേഹത്തിന്റെ കുടുംബ സംരംഭമായ പ്ലാന്റേഷന്‍ രംഗത്തേക്ക് മാറിയപ്പോഴും ഉത്തര, അര്‍ത്ഥയെ മുന്നോട്ടു നയിച്ചു.

''എന്റെ കുടുംബത്തില്‍ ആണ്‍കുട്ടി, പെണ്‍കുട്ടി എന്ന വേര്‍തിരിവുകളൊന്നും ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞപ്പോള്‍ നമ്മെ അംഗീകരിക്കുന്ന, ആവശ്യപ്പെടുമ്പോള്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന, തീരുമാനങ്ങളെടുക്കാന്‍ നമുക്ക് സ്വാതന്ത്ര്യം നല്‍കുന്ന ഭര്‍ത്താവിനെയും ലഭിച്ചു. ഇത് രണ്ടുമാണ് എനിക്ക് കരുത്തായ ഘടകങ്ങള്‍,'' ഉത്തര പറയുന്നു. ഉത്തരയുടെ കുടുംബ സംരംഭമായ ലിയോ ഗ്രൂപ്പിന്റെ സാരഥ്യത്തില്‍ കുടുംബത്തിലെ പുരുഷന്മാര്‍ക്കൊപ്പം നിര്‍ണായക പങ്ക് സ്ത്രീകളും വഹിക്കുന്നുണ്ട്.

ആര്‍ജ്ജിച്ച അറിവ്

സ്റ്റോക്ക് ബ്രോക്കിംഗ് രംഗത്തേക്ക് കടന്നുവരുമ്പോള്‍ അതിനെ കുറിച്ച് ആഴത്തില്‍ അറിവുണ്ടായില്ലെങ്കിലും പിന്നീട് പരന്ന വായനയിലൂടെ കമ്പനികളെ സംബന്ധിച്ച അറിവുകള്‍ നേടി. സ്വന്തം ക്ലയന്റിന്റെ ആവശ്യമറിഞ്ഞ് നിക്ഷേപ മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഉത്തര പ്രാപ്തയായതും അങ്ങനെയാണ്. ''ഞാന്‍ ഇന്ന് എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാ ക്രെഡിറ്റും അച്ഛനുള്ളതാണ്. ഭര്‍ത്താവ് എന്നെങ്കിലും ഒരു സംരംഭം തുടങ്ങിയാല്‍ ആദ്യ ദിവസം മുതല്‍ അതിനൊപ്പം ചേരണമെന്ന് അച്ഛന്‍ ഉപദേശിക്കുമായിരുന്നു. ഒന്നുമറിയില്ല എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ എന്റെ കുടുംബത്തിലെ ആരും സമ്മതിച്ചിരുന്നില്ല. തെറ്റുകള്‍ വന്നാല്‍ കുറ്റപ്പെടുത്തില്ല. എനിക്ക് തീരുമാനങ്ങളെടുക്കാന്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കിയതും ഭര്‍ത്താവാണ്. ഒരു സ്ത്രീക്ക് വളരാന്‍ ഇത്തരത്തിലുള്ള കുടുംബ പശ്ചാത്തലം കൂടി വേണം,'' ഉത്തര പറയുന്നു.

രാജ്യത്ത് ഓഹരി വിപണിയില്‍ കയറ്റിറക്കങ്ങള്‍ ഇതിനകം പലതുണ്ടായെങ്കിലും അര്‍ത്ഥ മുന്നോട്ടു തന്നെ നടന്നു. ''ഇവിടെയും അച്ഛന്റെ വാക്കുകളാണ് എനിക്ക് മാര്‍ഗനിര്‍ദേശമായത്. നമ്മുടെ നല്ല കസ്റ്റമറാണ് നമ്മുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ എന്നും അച്ഛന്‍ പറയും. എന്റെ ക്ലയന്റ്‌സിന് എന്നും മികച്ച സര്‍വീസ് കൊടുക്കാന്‍ ശ്രമിച്ചു. വാക്ക് തെറ്റിക്കരുതെന്ന അച്ഛന്റെ മാര്‍ഗനിര്‍ദേശം അതേ പടി പാലിച്ചു.'' 7000ത്തിലേറെ ക്ലയന്റ്‌സ് അര്‍ത്ഥയ്ക്ക് ഇപ്പോഴുണ്ട്.

സംരംഭം ഒരു കുടുംബം

ഒരു ജീവനക്കാരനുമായി വീടിന്റെ മുകളില്‍ നിലയിലാണ് ഉത്തരയും രാമകൃഷ്ണനും സംരംഭം തുടങ്ങിയത്. ഇന്ന് ടീം വിപുലമായി. സംരംഭത്തിന്റെ മേല്‍തട്ടിലുള്ള പലരും പതിറ്റാണ്ടുകളായി ഉത്തരയ്‌ക്കൊപ്പമുള്ളവരാണ്. വിപണിയുടെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ചോ സാമ്പത്തിക പ്രതിസന്ധിക്കനുസരിച്ചോ ജീവനക്കാരെ പിരിച്ചുവിടുന്ന രീതിയൊന്നും അര്‍ത്ഥയ്ക്കില്ല. ''തുടക്കം മുതല്‍ ചെലവ് ചുരുക്കുന്നതില്‍ സവിശേഷ ശ്രദ്ധ കൊടുത്തിരുന്നു. ഈ കോസ്റ്റ് കണ്‍ട്രോളിംഗ് പില്‍ക്കാലത്ത് ഗുണമായി.''

സംരംഭത്തിന്റെ ലാഭത്തിന്റെ ഒരു പങ്ക്് പുനര്‍ നിക്ഷേപിക്കണം, ഒരു പങ്ക് ജീവനക്കാര്‍ക്ക് വീതിച്ചു കൊടുക്കണം. എല്ലാം കൂടി സ്വയമെടുക്കരുതെന്ന അച്ഛന്റെ ഉപദേശവും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഉത്തര പറയുന്നു. അര്‍ത്ഥയുടെ ലാഭത്തിന്റെ ഒരു വിഹിതം ടീമിന് വീതിച്ചു നല്‍കും. അതുകൊണ്ട് തന്നെ സ്വന്തം സംരംഭമെന്ന പോലെ ടീം അര്‍ത്ഥയെ മുന്നോട്ടു കൊണ്ടുപോകുന്നു. പ്രാരംഭകാലം മുതല്‍ ലാഭം പുനര്‍നിക്ഷേപിക്കുന്ന ശീലം തുടര്‍ന്നതുകൊണ്ട്, ഏത് പ്രതികൂല സാഹചര്യങ്ങളിലും ജീവനക്കാരെ സംരക്ഷിക്കാനും അര്‍ത്ഥയ്ക്ക് സാധിക്കുന്നുണ്ട്.

മോത്തിലാല്‍ ഓസ് വാളിന്റെ ദക്ഷിണേന്ത്യയിലെ മികച്ച രണ്ടാമത്തെ ബിസിനസ് പാര്‍ട്ണര്‍ക്കുള്ള അംഗീകാരമുള്‍പ്പടെയുള്ള പുരസ്‌കാരങ്ങളും അര്‍ത്ഥയ്ക്ക് ലഭിച്ചിട്ടുണ്ട്.

മ്യൂച്വല്‍ ഫണ്ട്, പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സര്‍വീസസ്, ബോണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ്, കറന്‍സി ട്രേഡിംഗ് തുടങ്ങിയ രംഗങ്ങളിലും വിദഗ്ധ മാര്‍ഗനിര്‍ദേശങ്ങള്‍ ഇവര്‍ നല്‍കി വരുന്നു. ഇതിന് പുറമേ മറ്റനേകം ധനകാര്യ സേവനങ്ങളും നല്‍കുന്നുണ്ട്. കാലിക്കറ്റ് ജേസിസിന്റെ മികച്ച വനിതാ സംരംഭയ്ക്കുള്ള പുരസ്‌കാരവും ഉത്തരയെ തേടി വന്നിട്ടുണ്ട്.

ഇപ്പോള്‍ ഉത്തരയ്‌ക്കൊപ്പം സംരംഭത്തിലേക്ക് മകന്‍ രാം നാരായണനും കടന്നുവന്നിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it