പിടികൂടുന്ന കള്ളനോട്ടില്‍ ഏറെയും 2000 രൂപയുടേത്

നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളില്‍ 56 ശതമാനവും രണ്ടായിരം രൂപയുടെ കറന്‍സികളെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. 2000 രൂപയുടെ കള്ളനോട്ടുകള്‍ ഏവും കൂടുതല്‍ പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലാണെന്നാണ് മറ്റൊരു കണ്ടെത്തല്‍. 2016 നവംബര്‍ മുതല്‍ 2018 ഡിസംബര്‍ വരെ പിടികൂടിയ കള്ളനോട്ടുകളുടെ അടിസ്ഥാനത്തിലുളള കണക്കുകളാണിത്.

'ക്രൈം ഇന്‍ ഇന്ത്യ' എന്ന ഏറ്റവും പുതിയ എന്‍സിആര്‍ബി റിപ്പോര്‍ട്ട് പ്രകാരം 2017 ലും 2018 ലുമായി 46.06 കോടി രൂപയുടെ വ്യാജ കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തു. അതില്‍ 56.31 ശതമാനം വ്യാജ 2,000 രൂപ നോട്ടുകളായിരുന്നു. 2017 ല്‍, 28.10 കോടി രൂപയുടെ വ്യാജ കറന്‍സി കണ്ടെടുത്തപ്പോള്‍ ഈ തുകയുടെ 53.30 ശതമാനം 2,000 രൂപ വ്യാജ നോട്ടുകളായിരുന്നു. പിറ്റേ വര്‍ഷം പിടിച്ചെടുത്ത വ്യാജ കറന്‍സിയില്‍ 2,000 രൂപ നോട്ടുകളുടെ വിഹിതം 61.01 ശതമാനമായി ഉയര്‍ന്നു.

സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്കിടയിലും വ്യാജ നോട്ടുകള്‍ അച്ചടിക്കുന്നത് എളുപ്പമാണെന്ന് വ്യക്തമായി സൂചന നല്‍കുന്നു ഈ കണക്ക്.
രണ്ടായിരം രൂപ കള്ള നോട്ടുകളുടെ കേന്ദ്രീകരണം 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എങ്ങനെയായിരുന്നുവെന്ന് എന്‍സിആര്‍ബി ഡാറ്റ എടുത്തുകാണിക്കുന്നു.നോട്ട് റദ്ദാക്കലിന് ശേഷം കണ്ടെടുത്ത വ്യാജ 2,000 രൂപ നോട്ടുകളില്‍ 26.28 ശതമാനം വിഹിതം ഗുജറാത്തിനുണ്ട്. പശ്ചിമ ബംഗാള്‍ (3.5 കോടി രൂപ), തമിഴ്നാട് (2.8 കോടി രൂപ), ഉത്തര്‍പ്രദേശ് (2.6 കോടി രൂപ). കേന്ദ്രഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ചണ്ഡിഗഡ്, ദാദര്‍, നഗര്‍ ഹവേലി തുടങ്ങിയവയിലും ജാര്‍ഖണ്ഡ്, മേഘാലയ, സിക്കിം സംസ്ഥാനങ്ങളിലും 2018 ഡിസംബര്‍ വരെ ഒരു വ്യാജ 2,000 രൂപ നോട്ടും പിടിച്ചിട്ടില്ല.

1000, 500 രൂപ നോട്ടുകള്‍ നിരോധിക്കുകയും 2,000 രൂപ നോട്ടുകള്‍ അവതരിപ്പിക്കുകയും ചെയ്ത നടപടി ശരിയാണെന്ന് ഉറപ്പ് നല്‍കിയ പ്രധാനമന്ത്രി മോദി ഇതു വഴി ഭീകര ശൃംഖല കുറയുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 'ഈ തീവ്രവാദികള്‍ക്ക് എങ്ങനെ പണം ലഭിക്കും എന്നതിനെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിര്‍ത്തിക്കപ്പുറത്തുള്ള ശത്രുക്കള്‍ വ്യാജ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ഇത് വര്‍ഷങ്ങളായി തുടരുകയാണ്,' നോട്ടു റദ്ദാക്കുന്നതിനുള്ള കാരണങ്ങള്‍ വിശദീകരിക്കവേ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ.

പുതിയ വ്യാജ നോട്ടുകള്‍ ധാരാളമായി പിടികൂടിയതോടെ പ്രധാനമന്ത്രിയുടെ കണ്ടെത്തല്‍ അടിമുടി പാളിയ സ്ഥിതിയിലായി. അഴിമതി, കള്ളപ്പണം, വ്യാജ നോട്ടുകള്‍ എന്നിവയ്ക്കെതിരായ മഹാ യജ്ഞത്തിന്റ് തുടക്കമെന്നു വിശേഷിപ്പിച്ചാണ് നോട്ടു റദ്ദാക്കല്‍ തീരുമാനം മോദി പ്രഖ്യാപിച്ചത്. പുതിയ നോട്ടുകളിലെ അധിക സുരക്ഷാ സവിശേഷതകളെയും വ്യാജന്മാര്‍ തകര്‍ക്കുന്നതായാണ് ഡാറ്റ വ്യക്തമാക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 2,000 രൂപയുടെ ഒരു നോട്ട് പോലും അച്ചടിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് വിവരാവകാശ രേഖ പ്രകാരം വ്യക്തമാക്കിയിരുന്നു. 2016-17ല്‍ 3,542.991 ദശലക്ഷം 2,000 രൂപ നോട്ടുകള്‍ അച്ചടിച്ചു. ഇത് 2017-18ല്‍ 111.507 ദശലക്ഷം നോട്ടുകളായി ചുരുക്കി.കള്ളനോട്ടുകളുടെ ആധിക്യമാണ് അച്ചടി വേണ്ടെന്നു വയ്ക്കാന്‍ കാരണമെന്ന് അനൗദ്യോഗിക വാര്‍ത്തയുണ്ടായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it