രൂപ താഴോട്ട് തന്നെ: ഏതൊക്കെ മേഖലയിൽ വിലക്കയറ്റം പ്രതീക്ഷിക്കാം

കുതിക്കുന്ന ഇന്ധനവില വർധനയ്ക്കിടെ, രൂപയുടെ മൂല്യം ചൊവ്വാഴ്ച്ച വീണ്ടും കുത്തനെ ഇടിഞ്ഞ് ഡോളറിന‌് 72.74 എന്ന നിലയിലെത്തി. രൂപയുടെ ഇതേവരെ കണ്ടതിൽ വെച്ചേറ്റവും താഴ്ന്ന നിലയാണിത്.

രൂപയുടെ വിനിമയ മൂല്യത്തില്‍ ഈ വര്‍ഷം (2018) 13 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ വിനിമയ മൂല്യത്തില്‍ ഉണ്ടാകുന്ന വന്‍തകര്‍ച്ച വ്യവസായ വാണിജ്യ മേഖലകളിലൊക്കെ പരക്കെ ആശങ്കയുണ്ടാക്കുന്നൊരു ഘടകമാണ്.

വിദേശ നിക്ഷേപം ഇന്ത്യക്ക് പുറത്തേക്ക് തിരികെ പോകുന്നതും വ്യാപാരയുദ്ധവും എണ്ണ ഇറക്കുമതിക്കായുള്ള ഡോളറിന്റെ ആവശ്യകത വര്‍ദ്ധിച്ചതും ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങളാണ് രൂപയുടെ വനിമയ മൂല്യം കുറയാനുള്ള പ്രധാന കാരണങ്ങള്‍.

എമർജിങ് മാർക്കറ്റുകളിലെ കറൻസി തകർച്ചയാണ് രൂപയെ പിന്നോട്ടടിക്കുന്ന മറ്റൊരു പ്രധാന ഘടകം. ആഗോള കറന്‍സികള്‍ക്കിടയില്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതിനാല്‍ രൂപയുടെ വിനിമയ മൂല്യം ഉടനടി മെച്ചപ്പെടാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ എണ്ണക്കമ്പനികളുടെ ഇറക്കുമതി ചെലവ് ഉയരും.

ഇത് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നതിന് കാരണമാകും.

ഇന്ധന വില വര്‍ദ്ധിക്കുന്നതിനാല്‍ ഗതാഗത ചെലവ് ഉയരുകയും അതിന്റെ ഫലമായി അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവിന് വഴിയൊരുങ്ങുകയും ചെയ്യും.

ഇറക്കുമതി ചെയ്യപ്പെടുന്ന ഉല്‍പന്നങ്ങളുടെ വ്യാപാരത്തിനും രൂപയുടെ മൂല്യത്തകര്‍ച്ച തിരിച്ചടിയാകും. വാഹനങ്ങളുടെ പ്രത്യേകിച്ച് കാറുകളുടെ വില വര്‍ദ്ധിക്കും.

വിദേശത്ത് വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ ചെലവ് വര്‍ദ്ധിക്കും. കൂടാതെ വിദേശ യാത്രയുടെയും ചെലവ് ഉയരും.

രാജ്യത്തെ ഇറക്കുമതി ചെലവ് വര്‍ദ്ധിക്കുമെന്നതിനാല്‍ കറന്റ് എക്കൗണ്ട് കമ്മി ഉയരും. ഇതാകട്ടെ സമ്പദ്ഘടനയുടെ വളര്‍ച്ചക്ക് തടസമാകുകയും ചെയ്യും.

അതേസമയം രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് പ്രവാസികൾക്ക് കൂടുതല്‍ പണം നാട്ടിലേക്ക് അയക്കുന്നതിന് സഹായകമായി. കയറ്റുമതി രംഗത്തെ സംരംഭങ്ങള്‍ക്ക് ഡോളറില്‍ ലഭിക്കുന്ന പേമെന്റുകളൊക്കെ രൂപയിലേക്ക് മാറ്റുമ്പോള്‍ കൂടുതല്‍ തുക ലഭിക്കുമെന്നത് നേട്ടമാകും.

ഐ.ടി കമ്പനികള്‍ക്ക് പുറമേ ഭക്ഷ്യോല്‍പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഔഷധങ്ങള്‍ തുടങ്ങിയ വിവിധ കയറ്റുമതി സംരംഭങ്ങള്‍ക്ക് വരുമാന വര്‍ദ്ധനവുണ്ടാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it