ശബരിമലയിലെ സമ്പത്ത്: ആർക്കാണ് അവകാശം? 

ശബരിമലയിലെ സമ്പത്തിൽ ആർക്കാണ് അവകാശം? സർക്കാരിന് ഈ സ്വത്തിൽ അവകാശമുണ്ടോ? പരിശോധിക്കാം.

ഇന്ത്യൻ നിയമമനുസരിച്ച് ക്ഷേത്രങ്ങൾ അവിടത്തെ പ്രതിഷ്ഠയുടെ സ്വകാര്യ സ്വത്താണ്. ക്ഷേത്രങ്ങളുടെ പണം സർക്കാരിന് വിനിയോഗിക്കാൻ കഴിയില്ല. അതിന് കാരണം ഇതാണ്.

ഇന്ത്യൻ ഭരണഘടന ക്ഷേത്രങ്ങളിലെ ദേവന്മാരെയും ദേവിമാരെയും ഒരു 'ലീഗൽ എൻറ്റിറ്റി' അഥവാ 'ജൂറിസ്റ്റ് പേഴ്‌സൺ' ആയാണ് കാണുന്നതെന്ന് ശബരിമല വാദം കേൾക്കേ ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടുകയുണ്ടായി. അവർക്ക് വസ്തുവകകളിൽ ഉടമസ്ഥാവകാശം നേടാം. ആർക്കെങ്കിലും എതിരെ കേസ് ഫയൽ ചെയ്യാനും കോടതിയിൽ നിന്ന് നീതിതേടാനും അവകാശമുണ്ട്. ക്ഷേത്രവും അവിടത്തെ സ്വത്തും പ്രതിഷ്ഠയുടെ ഉടമസ്ഥതയിലുള്ളതാണ്.

എന്തിനാണ് ദേവസ്വം ബോർഡുകൾ?

പ്രതിഷ്ഠകൾക്ക് ഒരു ലീഗൽ എൻറ്റിറ്റി ആണെങ്കിലും, ഭരണഘടന പ്രകാരം, ക്ഷേത്രങ്ങളിലെ ദേവതമാർ മൈനർ (perpetual minor) ആണ്. സ്വന്തമായി സ്വത്തുവകകൾ ഉള്ള ഒരു മൈനർ. അതിനാൽ ഇവരുടെ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടങ്ങൾക്കാണ്. പ്രാദേശിക ഭരണകൂടങ്ങൾ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിനായി രൂപീകരിക്കുന്നതാണ് ദേവസ്വം ബോർഡുകൾ.

തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അതായത് തെരഞ്ഞെടുപ്പ് കമ്മീഷൻ പോലൊരു സ്വതന്ത്ര സ്ഥാപനം. ഇതുപോലെയുള്ള ഒരു സ്ഥാപനത്തിന്റെ എക്കൗണ്ടിൽ നിന്നും പണം സർക്കാരിന് എടുക്കാൻ ഇന്ത്യൻ നിയമപ്രകാരം സാധ്യമല്ല. അതിനാൽ തന്നെ ഈ പണം സ്റ്റേറ്റ് ട്രഷറിയിലേക്ക് മാറ്റാൻ സാധിക്കുകയുമില്ല. കേരളത്തിന്റേതെന്നല്ല ഏതൊരു ട്രഷറിക്കും ഇത്തരത്തിലുള്ള സ്വതന്ത്ര സ്ഥാപനങ്ങളിൽ നിന്ന് പണം സ്വീകരിക്കാൻ കഴിയില്ല.

ട്രഷറി ബാങ്ക്

ദേവസ്വം ബോർഡ് തങ്ങളുടെ പണം ട്രഷറി സേവിങ്സ് ബാങ്കിലാണ് (TSB) ഡെപ്പോസിറ്റ് ചെയ്യുന്നത്. ഏതൊരു ഷെഡ്യൂൾഡ് ബാങ്കും പോലെതന്നെ ആർബിഐ ചട്ടങ്ങൾക്കനുസരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. കേരളത്തിൽ മാത്രമാണ് ഇത്തരത്തിലുള്ള ട്രഷറി ബാങ്ക് ഉള്ളത്. ട്രഷറി ബാങ്കിലുള്ള ദേവസ്വം ബോർഡിന്റെ ഈ നിക്ഷേപമാണ് സംസ്ഥാന ട്രഷറിയിലേക്ക് പണം വകമാറ്റുന്നതായുള്ള തെറ്റിദ്ധാരണക്ക് കാരണം. ട്രഷറി ബാങ്കിന് ആരിൽ നിന്ന് വേണമെങ്കിലും നിക്ഷേപം സ്വീകരിക്കാം. പലിശ നിരക്ക് മറ്റ് ബാങ്കുകളേക്കാൾ കൂടുതലാണ്. എന്നാൽ പൊതുജനങ്ങൾക്ക് വായ്പ നൽകുകയില്ല. സർക്കാരിന് വേണമെങ്കിൽ ട്രഷറി ബാങ്കിൽ നിന്ന് ലോൺ എടുക്കാം. എന്നാൽ ഇതിന് ഹൈക്കോടതിയുടെ അനുമതി വേണം.

ഓഡിറ്റിന് വിധേയം

ദേവസ്വം ബോർഡുകളുടെ ഫണ്ടുകൾ ഓഡിറ്റിങ്ങിന് വിധേയമാണ്. എല്ലാ ദേവസ്വം ബോർഡുകളും എല്ലാ വർഷവും തങ്ങളുടെ സാമ്പത്തിക കണക്ക് വിവരങ്ങൾ സംസ്ഥാന സർക്കാരിന്റെ ലോക്കൽ ഫണ്ട് ഓഡിറ്റിന് സമർപ്പിച്ചിരിക്കണം. തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ബോർഡുകൾ സ്വയംഭരണ സ്ഥാപനങ്ങൾ ആയതുകൊണ്ട്, അവയുടെ ഫണ്ടുകൾ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി), അക്കൗണ്ടന്റ് ജനറൽ ഓഫീസ് (കേരള) എന്നിവരുടെ പരിശോധനക്കും വിധേയമാണ്. ഈ ഓഡിറ്റ് റിപ്പോർട്ടുകളെല്ലാം ബോർഡുകളുടെ വാർഷിക ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റിന്റെ ഭാഗമാണ്. ഇത് നിയമസഭയിൽ സമർപ്പിക്കുന്ന രേഖയായതുകൊണ്ടുതന്നെ ഇവ പൊതു രേഖകളാണ്. നിയമസഭയിൽ സമർപ്പിക്കുന്ന വാർഷിക സാമ്പത്തിക കണക്ക് വിവരങ്ങളുടെ ഒരു പകർപ്പ് കേരള ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിനും നൽകും. മാത്രമല്ല, ദേവസ്വം ബോർഡുകൾ ആർ.ടി.ഐ നിയമത്തിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളാണ്.

ദേവസ്വം ഫണ്ടുകൾ എന്തിന് വേണ്ടി ചെലവഴിക്കുന്നു?

ദേവസ്വത്തിന്റെ പണം ക്ഷേത്രത്തിന്റെ വികസനത്തിനും തീർത്ഥാടകരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി മാത്രമേ ചെലവഴിക്കാൻ സാധിക്കുകയുളളൂ. മറ്റേതൊരു രീതിയിലും ഈ പണം സർക്കാരിന് വകമാറ്റി ചെലവഴിക്കാൻ കഴിയില്ല. ഇതുകൂടാതെ സർക്കാർ ഖജനാവിൽ നിന്ന് ക്ഷേത്രങ്ങൾക്കായി പണം ചെലവിടുന്നുണ്ടെന്ന് രേഖകൾ ചൂണ്ടിക്കാട്ടുന്നു.

ബോർഡുകളുടെ നടത്തിപ്പിനെ ചോദ്യം ചെയ്യാമോ?

തീർച്ചയായും. ദേവസ്വം ബോർഡുകളുടെ നടത്തിപ്പിൽ എന്തെങ്കിലും അപാകതകൾ തോന്നുന്നുണ്ടെങ്കിൽ ദേവസ്വം കമ്മീഷണർക്ക് പരാതി നൽകാം. എന്നിട്ടും പരാതി തീർപ്പായില്ലെങ്കിൽ ഹൈക്കോടതി നിയമിച്ചിരിക്കുന്ന സ്വതന്ത്ര ഓംബുഡ്സ്മാന് മുൻപിൽ വീണ്ടും പരാതി ഉന്നയിക്കാം. ദേവസ്വം കേസുകൾ പരിഗണിക്കുന്നതിനായി ഹൈക്കോടതിയിൽ ദേവസ്വം ബെഞ്ച് തന്നെയുണ്ട്.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയത് ഒക്ടോബർ 15 ന് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചില കണക്കുകൾ അവതരിപ്പിച്ചിരുന്നു. അദ്ദേഹം പറഞ്ഞത്:

  • 2017-18 കാലയളവിൽ ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ആകെ ലഭിച്ചത് 683 കോടി രൂപയാണ്.
  • ദേവസ്വം ബോർഡിന് കീഴിലുള്ള 1249 ക്ഷേത്രങ്ങളിൽ ചിലവിനെക്കാള്‍ വരുമാനമുള്ളത് 61 ക്ഷേത്രങ്ങളിൽ മാത്രമാണ്.
  • 1188 ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നത് ശബരിമല ഉൾപ്പെടെ 61 ക്ഷേത്രങ്ങളിലെ വരുമാനവും സർക്കാർ സഹായവും ഉപയോഗിച്ചാണ്.
  • ഈ കാലയളവിൽ ശബരിമലയില്‍ നിന്ന് കാണിക്ക, വഴിപാട്, ലേലം, ബുക് സ്റ്റാള്‍ എന്നീ ഇനങ്ങളിലെല്ലാമായി ലഭിച്ചത് 342 കോടി രൂപയാണ്.
  • ഇതില്‍ 73 കോടി രൂപ ശബരിമലയിലെ ചെലവുകള്‍ക്കായി വിനിയോഗിച്ചു.

    പ്രതിവര്‍ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടി മാത്രം ചെലവഴിക്കേണ്ടി വരുന്നത് 354 കോടി രൂപയാണ്. പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിവരുന്നത് 133 കോടി രൂപയാണ്. ശമ്പളം, പെൻഷൻ ഇനത്തിൽ ആകെ ചിലവാക്കുന്ന 487 കോടി രൂപ ഉൾപ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വേണ്ടി വന്നത് 678 കോടി രൂപയാണ്.

  • തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കിയിരുപ്പ് തുക ദേവസ്വം ബോർഡിന്റെ കരുതൽ നിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണ്. അതില്‍ സംസ്ഥാന സര്‍ക്കാര്‍ കൈ കടത്താറില്ല.
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്കായി 70 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ ദേവസ്വം വകുപ്പ് മാത്രം നല്‍കിയത്.
  • റോഡുകള്‍, ജലവിതരണം തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവാക്കുന്ന കോടിക്കണക്കിന് രൂപ ഇതിന് പുറമെയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it