ആവേശത്തുടക്കം കാത്ത്; ക്രൂഡ് വിലയിൽ ആശ്വാസം; സ്വർണം ഇടിയും; ബാങ്കുകളെ ശ്രദ്ധിക്കുക

ഉണർവോടെയുള്ള തുടക്കത്തിനാണ് ഇന്നു വിപണി ഒരുങ്ങുന്നത്. ക്രൂഡ് ഓയിൽ വില താണത് വിപണിക്ക് ആശ്വാസമാണ്.

എന്നാൽ പണപ്പെരുപ്പ ഭീതി വിപണികളിൽ നിന്നു മാറുന്നില്ല. കടപ്പത്രവിലകൾ താണു നിൽക്കുന്നു. കമ്പനികളുടെ പുതിയ കടപ്പത്രങ്ങൾക്കു കൂടുതൽ പലിശ വാഗ്ദാനം ചെയ്യേണ്ടി വരുന്നു. മറ്റ് അനുകൂല സാഹചര്യങ്ങൾക്കിടയിലും വിപണിയെ ഉലയ്ക്കുന്ന ഘടകമാണിത്. ക്രൂഡ് ഓയിൽ വില 70 ഡോളറിനു താഴേക്കു പോന്നു.

വിദേശികൾ എന്തു ചെയ്യുന്നു?
വിദേശ നിക്ഷേപകർ ഓഹരികളിലും കടപ്പത്രങ്ങളിലും നിന്നു പിന്മാറുന്നത് ആശങ്ക പകരുന്നു.
തിങ്കളാഴ്ച വിദേശികൾ ഓഹരി വിപണിയിൽ നിന്ന് 1494.49 കോടി രൂപ പിൻവലിച്ചു. അവധി വി പണിയിലും അവർ വിൽപനക്കാരായി. സ്വദേശികൾ 483.62 കോടിയുടെ പുതിയ നിക്ഷേപം ഓഹരികളിൽ നടത്തി.
പലിശ വിഷയത്തിലാണ് അമേരിക്കയിൽ ഇന്നലെ ടെക്നോളജി കമ്പനികൾക്ക് ഇടിവുണ്ടായത്. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ വ്യാപാരാരംഭത്തിൽ ദുർബലമായതും അതുകൊണ്ടു തന്നെ.ജപ്പാനിലെ നിക്കെെ പിന്നീട് കൂടുതൽ താണു.

എസ്ജിഎക്സ് നിഫ്റ്റി ഉണർവോടെ

എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ 15,067.50 ലാണു ക്ലാേസ് ചെയ്തത്. ഇന്നു രാവിലെ രണ്ടാമത്തെ സെഷനിൽ 15,096 വരെ കയറി. നിഫ്റ്റിയുടെ ക്ലോസിംഗിനേക്കാൾ ഉയർന്ന നിരക്കാണിത്. ഇന്നു വ്യാപാരം മികച്ച ഉയരത്തിൽ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ വ്യാപാരത്തിൽ മിക്ക സമയവും നല്ല നേട്ടത്തിലായിരുന്ന ഓഹരികൾ ലാഭമെടുക്കലിനെ തുടർന്ന് നേരിയ നേട്ടം മാത്രമാണു ക്ലോസിംഗിൽ കാണിച്ചത്.
നിഫ്റ്റി 14,956.2 ലും സെൻസെക്സ് 50,441.07 ലുമാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 14,900-ന താഴെ വീണാൽ മാത്രമേ വിപണി തിരുത്തലിലേക്കു മാറൂ എന്നാണു സാങ്കേതിക വിശകലനക്കാർ കണക്കുകൂട്ടുന്നത്. 15,100- നു മുകളിലേക്കു നിഫ്റ്റി കയറുമ്പോൾ വിൽപന സമ്മർദവും അവർ പ്രതീക്ഷിക്കുന്നു.
ബാങ്ക് ഓഹരികൾ ഇന്നലെ രാവിലെ കുതിച്ചു കയറിയെങ്കിലും പിന്നീട് ഇടിഞ്ഞു. ബാങ്കുകളുടെ ലാഭക്ഷമതയെ ബാധിക്കാവുന്ന വിധം കിട്ടാക്കട പ്രശ്നം വീണ്ടും ഉയരാമെന്ന ഫിച്ച് റിപ്പോർട്ടും പ്രശ്നമാകും. ടെക്നോളജി ഓഹരികളും ഇന്നു ശ്രദ്ധിക്കേണ്ടവയാണ്.

ഡോളർ ഉയരുന്നു

ഡോളർ നിരക്ക് കൂടുകയാണ്. വിദേശത്തു ഡോളർ സൂചിക 92.5 ലേക്കു നീങ്ങുന്നു. ഇന്നലെ ഡോളർ - രൂപ നിരക്ക് ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഡോളറിന് 24 പൈസ നേട്ടത്തിൽ അവസാനിച്ചു. 73.25 രൂപയിലെത്തി ഡോളർ.

ടെക് ഓഹരികൾക്കു തളർച്ച

യൂറോപ്യൻ ഓഹരികൾ ഇന്നലെ നല്ല നേട്ടമുണ്ടാക്കി. അമേരിക്കയിൽ പ്രസിഡൻ്റ് ബൈഡൻ്റെ ഉത്തേജക പദ്ധതിക്കു സെനറ്റിൻ്റെ അന്തിമ അംഗീകാരമായി. ഇനി ജനപ്രതിനിധി സഭ കൂടി അംഗീകരിക്കണം. ഇതേച്ചൊല്ലിയുള്ള ആവേശം ഓഹരി വിപണിയിൽ കാണപ്പെട്ടു. ഡൗജോൺസ് സൂചിക റിക്കാർഡിനരികിലെത്തി. എന്നാൽ ടെക്നോളജി കമ്പനികളിൽ വിൽപന സമ്മർദം കൂടിയത് നാസ്ഡാക് സൂചികയെ വലിച്ചു താഴ്ത്തി. ഫെബ്രുവരിയിലെ റിക്കാർഡിൽ നിന്ന് 11 ശതമാനം താഴെയാണ് നാസ്ഡാക് ഇപ്പോൾ.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില ഇന്നലെ 71.91 ഡോളർ വരെ കയറിയിട്ട് താഴോട്ടു പോന്നു. 68.24 ഡോളറിലാണ് ഇന്നു രാവിലെ വ്യാപാരം. സൗദിയിലെ മിസൈൽ ആക്രമണം എണ്ണ ലഭ്യതയെ ബാധിക്കില്ലെന്ന ഉറപ്പാണ് വിപണിയെ ആശ്വസിപ്പിച്ചത്.

കിട്ടാക്കടങ്ങൾ വീണ്ടും പ്രശ്നമാകും: ഫിച്ച്

ബാങ്കുകൾക്കു ലാഭം വർധിക്കുന്നതായി കാണിക്കുന്ന മൂന്നാം പാദ ഫലങ്ങൾ അതേപടി വിശ്വസിക്കരുത്. ബാങ്കുകളുടെ 'പ്രശ്നകട' വിഷയം തീർന്നിട്ടില്ല. പ്രശ്നം നീട്ടി വച്ചിട്ടേ ഉള്ളൂ. പണലഭ്യത വർധിപ്പിക്കുന്ന നയം റിസർവ് ബാങ്ക് തിരുത്തുമ്പോൾ പ്രശ്നം വീണ്ടും ഉയർന്നു വരും.
കോവിഡ് മഹാമാരിയെ തുടർന്നു ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും വലിയ ആഘാതമുണ്ട്. അസംഘടിത മേഖലയിൽ സംരംഭങ്ങൾ നിർജീവമായി. കുടിശികയായ കടങ്ങൾ എൻപിഎ (നിഷ്ക്രിയ ആസ്തി) ആയി രേഖപ്പെടുത്തരുതെന്ന സുപ്രീം കോടതി വിധിയും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കു പ്രത്യേക ഗാരൻ്റിയോടെ വായ്പാ പദ്ധതി അനുവദിച്ച കേന്ദ്രഗവണ്മെൻ്റ് നടപടി യുമാണു പ്രശ്നങ്ങൾ മൂടിവയ്ക്കുന്നത്. ഇവ മാറിക്കഴിയുമ്പോൾ കിട്ടാക്കട പ്രശ്നം വീണ്ടും മുന്നിലെത്തുമെന്നു ഫിച്ച് റേറ്റിംഗ്സ് മുന്നറിയിപ്പ് നൽകി.
തൊഴിൽ നഷ്ടങ്ങളും സംരംഭങ്ങളുടെ അടച്ചു പൂട്ടലും ചെറുകിട സംരംഭങ്ങളുടെ ഞെരുക്കവും മൂലമുള്ള പ്രശ്നങ്ങൾ ഇപ്പോൾ ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ വന്നിട്ടില്ല. അതു പൂർണമായും വരണമെങ്കിൽ റിസർവ് ബാങ്ക് ഉദാരമായ പണലഭ്യതാനയം മാറ്റണം. പണലഭ്യത ചുരുങ്ങുകയും പലിശ കൂടുകയും ചെയ്യുമ്പോൾ കണക്കുകൾ മാറും. കുടിശിക വായ്പകൾ കിട്ടാക്കടങ്ങളായി മാറും. ബാങ്കുകൾ നഷ്ടസാധ്യതയ്ക്കു വലിയ തുകകൾ വകയിരുത്തേണ്ടി വരും. കുറേ പാദങ്ങളിലേക്കു ബാങ്കുകൾ സമ്മർദത്തിലായിരിക്കും: ഫിച്ച് പറയുന്നു.
ജനുവരിയിൽ റിസർവ് ബാങ്ക് കണക്കാക്കിയത് പ്രശ്ന കടങ്ങൾ മൊത്തം വായ്പയുടെ 14.8 ശതമാനം വരെയാകാമെന്നാണ്. പൊതുമേഖലാ ബാങ്കുകളാകും ഏറ്റവും ബുദ്ധിമുട്ട് നേരിടുക. അവയുടെ മൂലധനം സംരക്ഷിച്ചു നിർത്താൻ 550 കോടി ഡോളർ രണ്ടു വർഷം കൊണ്ടു നൽകാനാണു കേന്ദ്രം ഉദ്ദേശിക്കുന്നത്. ഈ തുക മതിയാവില്ലെന്ന് ഫിച്ച് വിലയിരുത്തുന്നു.

സ്വർണത്തിൻ്റെ താഴ്ച എവിടം വരെ?

സ്വർണം ഒൻപതു മാസത്തിനിടയിലെ ഏറ്റവും താണ നിലയിലേക്കു നീങ്ങി. ആഗാേളവിപണിയിൽ സ്വർണം ജനുവരിയിലെ 1950 ഡോളറിൽ നിന്ന് 15 ശതമാനം താഴെയെത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ 2063 ഡോളറിൽ നിന്ന് 20 ശതമാനം ഇടിവിലാണു വില.
സ്വർണവിപണി ബുള്ളുകളുടെ കൈയിൽ നിന്ന് കരടികളുടെ വരുതിയിലേക്കു നീങ്ങി എന്നാണു പൊതു നിഗമനം. എസ്പിഡിആർ പോലുള്ള സ്വർണ ഇടിഎഫുകളിൽ നിന്നു വൻ തോതിൽ പണം പിൻവലിക്കപ്പെടുകയാണ്.
നിക്ഷേപകർ സ്വർണത്തെ കൈവിടുന്നതിനു പ്രത്യേക കാരണമൊന്നും പറയപ്പെടുന്നില്ല. ഔൺസിന് 2300 ഡോളറിലേക്ക് ഇക്കൊല്ലം സ്വർണം കയറുമെന്നാണു ജനുവരി ആദ്യം വിപണി വിലയിരുത്തൽ. അവിടെ നിന്നു ക്രമമായി താഴ്ന്ന സ്വർണ വില ഇന്നലെ 1671 ഡോളറിലെത്തി. ഇന്നു രാവിലെ 1685 ഡോളറിലാണു സ്വർണം. കേരളത്തിൽ സ്വർണ വില താഴുമെന്നാണു സൂചന.
1605 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ടാൽ സ്വർണത്തിന് 1400 ഡോളർ വരെ താഴേണ്ടി വരുമെന്നാണ് സാങ്കേതിക വിശകലനക്കാർ പറയുന്നത്.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com



T C Mathew
T C Mathew  

Related Articles

Next Story

Videos

Share it