ദിവസങ്ങള്‍ മാത്രം ബാക്കി, മാര്‍ച്ച് 31ന് മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍

ഈ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ 10 ദിവസങ്ങള്‍ മാത്രം ബാക്കിയാകുമ്പോള്‍ ചെയ്യേണ്ട എന്തെങ്കിലും കാര്യങ്ങള്‍ വിട്ടുപോയിട്ടുണ്ടോ? മാര്‍ച്ച് 31ന് മുമ്പ് തീര്‍ച്ചയായും ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. കാലതാമസം വന്ന നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക.

2018-19 സാമ്പത്തികവര്‍ഷത്തെ നികുതിറിട്ടേണ്‍ നികുതിദായകര്‍ ജൂലൈ 31ന് മുമ്പ് ചെയ്യണമെന്നാണ് നിയമം. നിങ്ങള്‍ ഫയല്‍ ചെയ്യാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ മാര്‍ച്ച് 31 വരെ പിഴയോട് കൂടി കാലതാമസം വന്ന നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരുടെ പിഴ 1000 രൂപയ്ക്ക് താഴെയാണ്.

പക്ഷെ വരുമാനം അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ പിഴ 10,000 രൂപയാണ്. എന്നാല്‍ അത് കരുതി പിഴയോട് കൂടി നികുതി അടയ്ക്കാതിരുന്നാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. അതുകൊണ്ട് ഇത് അവസാന അവസരമായിക്കണ്ട് റിട്ടേണ്‍ സമര്‍പ്പിക്കുക.

2. നിങ്ങളുടെ നികുതി ബാധ്യത കണക്കാക്കുക.

നിങ്ങള്‍ ഒരു സ്ഥാപനത്തില്‍ നിശ്ചിത ശമ്പളത്തിന് ജോലി ചെയ്യുന്നയാളാണെങ്കില്‍ നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് നികുതി കിഴിച്ചിട്ടായിരിക്കും തൊഴിലുടമ ശമ്പളം തരുന്നത്. പക്ഷ മറ്റ് സ്രോതസുകളില്‍ നിന്ന് നിങ്ങള്‍ക്ക് വരുമാനമുണ്ടെങ്കില്‍ അതില്‍ നിന്ന് നിങ്ങള്‍ സ്വയം നികുതി നല്‍കേണ്ടതുണ്ട്. വരുമാനത്തിന് നല്‍കേണ്ട നികുതി 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ നികുതിദായകന്‍ മുന്‍കൂര്‍ നികുതി നല്‍കേണ്ടതുണ്ട്. ചെല്ലാന്‍ 280 ഉപയോഗിച്ച് അഡ്വാന്‍സ് ടാക്‌സ് നല്‍കാം.

3. നിങ്ങളുടെ വരുമാനം കണക്കാക്കുക

ഒരു വര്‍ഷത്തെ തങ്ങളുടെ വരുമാനം എത്രയാണെന്ന് പലര്‍ക്കും കൃത്യമായ ബോധ്യമുണ്ടാകില്ല. ശമ്പളം കൃത്യമായി അറിയാമെങ്കിലും ഇന്‍സന്റീവുകള്‍ പോലെ കൃത്യമല്ലാത്ത വരുമാനമാണെങ്കില്‍ പ്രത്യേകിച്ച്. അഞ്ച് ലക്ഷം രൂപ വരെയാണ് വരുമാനമെങ്കില്‍ സെക്ഷന്‍ 87 എ പ്രകാരം നികുതി നല്‍കേണ്ടതില്ല. എന്നാല്‍ വരുമാനം ഈ പരിധിക്ക് മുകളിലാണെങ്കില്‍ നികുതി ബാധ്യത 13,000 രൂപയായിരിക്കും. എന്നാല്‍ വിവിധ സംഘനകള്‍ക്കുള്ള സംഭാവനകള്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, നാഷണല്‍ പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള വിഹിതം തുടങ്ങിയവയ്ക്ക് 80 സി പ്രകാരമുളള നികുതിയിളവ് നേടാനാകും.

4. ഓഹരികളില്‍ നിന്നുള്ള ലാഭത്തിന് നികുതി ഒഴിവാക്കണോ

വിപണി നിലവില്‍ നഷ്ടത്തിലാണെങ്കിലും ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടിവരും. മാര്‍ച്ച് 31ന് മുമ്പായി നിങ്ങളുടെ ഓഹരികളും ഫണ്ടുകളും വിറ്റ് ഈ നികുതി ഒഴിവാക്കാനാകും.

5. പ്രധാന്‍ മന്ത്രി വയ വന്ദന യോജന

പ്രധാന്‍മന്ത്രി വയ വന്ദന യോജന പെന്‍ഷന്‍ പദ്ധതി പ്രകാരം നിക്ഷേപ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള അവസാനതീയതി മാര്‍ച്ച് 31 വരെയാണ്. പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് പെന്‍ഷന്‍ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി 10 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഉറപ്പുള്ള വരുമാനമാണ് ഈ സ്‌കീം നല്‍കുന്നത്.

6. പാന്‍ ആധാറുമായി ലിങ്ക് ചെയ്യുക

ആധാര്‍ ഇതുവരെ പാനുമായി ലിങ്ക് ചെയ്തിട്ടില്ലേ? ഇതിനുള്ള അവസാനതീയതി സര്‍ക്കാര്‍ നീട്ടിയിരുന്നു. 2020 മാര്‍ച്ച് 31 ആണ് അവസാനതീയതി എന്നതിനാല്‍ എത്രയും പെട്ടെന്ന് പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള നടപടികളെടുക്കുക. ഇല്ലെങ്കില്‍ 10,000 രൂപ വരെ പിഴ ലഭിച്ചേക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it