ഇതൊരു ജീവന്മരണപോരാട്ടം, ആദ്യം അതിജീവനത്തില്‍ ശ്രദ്ധിക്കൂ: സി.ബാലഗോപാല്‍ എഴുതുന്നു

ഇതുവരെ നമ്മളാരും അനുഭവിച്ചിട്ടുള്ളതോ അഭിമുഖീകരിച്ചിട്ടുള്ളതോ ആയ ഒരു പ്രതിസന്ധിയല്ല ഇപ്പോഴത്തേത്. നേരത്തെ സംഭവിച്ചിട്ടുള്ള സാമ്പത്തികമാന്ദ്യങ്ങള്‍ പോലെയുള്ള ഒരു അവസ്ഥയല്ല ഇത്. ഒരു നൂറ്റാണ്ടിലൊരിക്കല്‍പോലും സംഭവിച്ചിട്ടില്ലാത്ത വളരെ അസാധാരണമായൊരു സ്ഥിതിവിശേഷമാണ് ഇതെന്ന വലിയ തിരിച്ചറിവാണ് ആദ്യം വേണ്ടത്. ഇതൊരു ജീവന്മരണപോരാട്ടമാണ്. ലാഘവബുദ്ധിയോടെ കാണേണ്ട ഒന്നല്ല. മഹാമാരിയെന്ന വലിയ വാക്കുകള്‍ നാം ഉപയോഗിക്കുമ്പോഴും ഇതിന്റെ ഗൗരവം എല്ലാവരും ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

ഈ അവസരത്തില്‍ ബിസിനസ് അവസരങ്ങളെക്കുറിച്ച് പലരും സംസാരിക്കുന്നു. ഒരു സാഹചര്യം ഒന്ന് മനസില്‍ കണ്ടുനോക്കൂ. ഹിരോഷിമയില്‍ ആറ്റോമിക് ബോംബ് ഇടുന്നതിന് 10 മിനിറ്റ് മുമ്പ് ഒരു ബിസിനസുകാരന്‍ അയാളുടെ ബിസിനസിന്റെ ഭാവിയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ആറ്റോമിക് ബോംബ് വീണ് ഹിരോഷിമ നശിച്ചുപോയി. അയാള്‍ എങ്ങനെ നിലനില്‍ക്കും? ആ സ്ഥാപനം ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നം വാങ്ങാന്‍ ആരെങ്കിലും ബാക്കിയുണ്ടോ? അതിന് സമാനമായ അവസ്ഥ തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.

ഹോട്ടലുകളുടെ, റിസോര്‍ട്ടുകളുടെ, ടാക്‌സികളുടെ... എന്തിന് ആശുപത്രികളുടെ പോലും അവസ്ഥയെന്താണ് ഇപ്പോള്‍. നമ്മുടെ സേവനം വാങ്ങാനുള്ള ടൂറിസ്റ്റുകളും രോഗികളുമെല്ലാം വീട്ടിലിരിക്കുന്നു. പെട്ടെന്നൊരുദിനം കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ വരുമാനം നിലച്ചു. എന്നാല്‍ കേരളത്തില്‍ പ്രശംസനീയമായ ഒരു കാര്യം നടന്നത് ആദ്യം മുതലേ തന്നെ മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്തവര്‍ക്ക് അതിനുള്ള ഒരു ബദല്‍ സംവിധാനമുണ്ടാക്കി എന്നതാണ്. കേരളം മാത്രമേ ഇത്തരത്തിലൊന്ന് ചെയ്തിട്ടുള്ളു.

നമുക്ക് നിലനില്‍പ്പിനെക്കുറിച്ച് ചിന്തിക്കാം

തന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വലിയൊരു പ്രതിസന്ധി വരുമ്പോള്‍ ഭൂമിയിലെ ഏതൊരു ജീവിയുടെയും ആദ്യത്തെ സഹജവാസനയെന്താണ്? അതിജീവനം തന്നെ. സ്വന്തം നിലനില്‍പ്പിനെക്കുറിച്ചല്ലാതെ മറ്റൊന്നും ഒരു ജീവിയും ആ സമയത്ത് ചിന്തിക്കില്ല. ഞാന്‍ ഇത് എങ്ങനെ അതിജീവിക്കും? എനിക്കെങ്ങനെ നിലനില്‍ക്കാനാകും? ഒരു സംരംഭകന്‍ എന്ന നിലയ്ക്ക് ഈ അവസ്ഥ കഴിയുമ്പോഴും എന്റെ ബിസിനസ് നിലനില്‍ക്കണം. അതെ നമ്മുടെ നിലനില്‍പ്പിനാണ് പ്രഥമപ്രാധാന്യം. ബാക്കിയെല്ലാം അത് കഴിഞ്ഞേയുള്ളു.

ആ നിലനില്‍പ്പിന് എന്തുവേണം? എന്റെ ജീവനക്കാര്‍ നിലനില്‍ക്കണം. എന്റെ സ്ഥാപനം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. രണ്ട് മാസത്തെ ലോക്ഡൗണിന് ശേഷം ഞാന്‍ സ്ഥാപനം തുറക്കുകയാണ്. അപ്പോള്‍ എന്തൊക്കെയാണ് വേണ്ടത്? പഴയതുപോലെ എന്റെ ഉല്‍പ്പന്നം വാങ്ങാന്‍ ആളുണ്ടാകുമോ? രണ്ടാമത്തേത് എന്റെ സേവനം അല്ലെങ്കില്‍ ഉല്‍പ്പന്നം ഉപഭോക്താവിന് ലഭ്യമാക്കാന്‍ എനിക്ക് ജീവനക്കാരുണ്ടാകുമോ? ഞാന്‍ ലോക്ഡൗണ്‍ ആയിരുന്ന രണ്ട് മാസം അവരെ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍, ഓരോ ന്യായങ്ങള്‍ പറഞ്ഞ് അവര്‍ക്ക് വേതനം നല്‍കിയിട്ടില്ലെങ്കില്‍ ഞാന്‍ സ്ഥാപനം തുറക്കുമ്പോള്‍ ജീവനക്കാര്‍ ഉണ്ടാകില്ല. അതുകൊണ്ട് ആദ്യം ബിസിനസ് നിലനില്‍ക്കണം. അതില്‍ ജോലി ചെയ്യുന്നവര്‍ നിലനില്‍ക്കണം. ഈ സ്ഥിതിവിശേഷം വന്നത് അവരുടെ തെറ്റുകൊണ്ടല്ലല്ലോ. സംരംഭകന് വരുമാനമില്ലായിരുന്നു. 50 ശതമാനം വേതനമെങ്കിലും നിങ്ങള്‍ക്ക് കൊടുക്കാന്‍ സാധിച്ചോ? അവരുമായി കൃത്യമായി ആശയവിനിമയം നടത്താന്‍ സാധിച്ചോ? അവരുടെ വീട്ടിലെ വയസായ മാതാപിതാക്കള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിച്ചോ? ഇതെല്ലാം ഉറപ്പുവരുത്തിക്കഴിഞ്ഞ് നമുക്ക് നമ്മുടെ ഭാവിബിസിനസ് സാധ്യതകളെക്കുറിച്ച് ചിന്തിക്കാം. വൈവിധ്യവല്‍ക്കരണം ചെയ്യേണ്ടതുണ്ടോ, ബിസിനസ് മോഡല്‍ മാറ്റേണ്ടതുണ്ടോ...എന്നൊക്കെ ആലോചിക്കാം.

എന്നാല്‍ സംരംഭകന്റെ തെറ്റുകൊണ്ടുമല്ല ഈ സ്ഥിതിവിശേഷമുണ്ടായത്. സര്‍ക്കാര്‍ പെട്ടെന്നൊരുദിവസം ആരും വീട്ടില്‍ നിന്ന് ഇറങ്ങരുത് എന്ന വിലക്ക് കൊണ്ടുവരുകയാണ് ചെയ്തത്. ആ ദിവസം ആ സംരംഭകന് ബിസിനസ് ഉണ്ടായിരുന്നു, അന്ന് ഡെലിവറി ചെയ്യേണ്ട ഓര്‍ഡറുകളുണ്ടായിരുന്നു, ഷിപ്‌മെന്റിനായി കാത്തിരിക്കുകയായിരുന്നു... ആ ദിവസമാണ് ലോക്ഡൗണ്‍ വരുന്നത്. ഇത് ആരുടെയും തെറ്റല്ല. ഈ സാഹചര്യത്തില്‍ സാമ്പത്തികവ്യവസ്ഥ സാധാരണനിലയിലേക്ക് വരണമെങ്കില്‍ സര്‍ക്കാര്‍ ബിസിനസുകള്‍ക്ക് തിരിച്ചുവരാനുള്ള പിന്തുണ നല്‍കണം. അടച്ചുകിടക്കുന്ന കാലയളവില്‍ ബിസിനസുകളുടെ ഒഴിവാക്കാന്‍ പറ്റാത്ത ചിലവുകളായ വാടക, വൈദ്യുതി ബില്‍.. അതിനെല്ലാം വായ്പകള്‍ക്ക് നല്‍കുന്നതുപോലെ ഒരു മോറട്ടോറിയം നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്. അമേരിക്കയിലും വികസിത രാജ്യങ്ങളിലും ചെയ്തിരിക്കുന്നതുപോലെ അടച്ചിട്ടിരുന്ന നാളുകളില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ബിസിനസുകള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകണം. ഓരോ മാസത്തെയും വരവില്‍ നിന്ന് ചെലവുനടന്നുപോകുന്ന എത്രയോ ബിസിനസുകളുണ്ട്. 95 ശതമാനം സൂക്ഷ്മ, ചെറുകിട ബിസിനസുകളും കാഷ്ഫ്‌ളോ കൊണ്ട് മാത്രമാണ് മുന്നോട്ടുപോകുന്നത്. ഇത്തരം സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം അത്യന്താപേക്ഷിതമാണ്.

ബിസിനസ് 'പോസ്' ബട്ടണിലാണ്

നമ്മുടെ ബിസിനസ് നിര്‍ത്തിയിരിക്കുകയല്ല, പകരം താല്‍ക്കാലികമായി നിലച്ചിരിക്കുക മാത്രമാണ്. നാം ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആരെങ്കിലും വാതിലില്‍ മുട്ടിയാല്‍ നാം 'പോസ്' ബട്ടണ്‍ അമര്‍ത്തുന്നതുപോലെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നാം നമ്മുടെ ബിസിനസിനെ ഒരു 'പോസ്' ബട്ടണില്‍ അമര്‍ത്തിയിരിക്കുകയാണ്. അല്ലാതെ സ്‌റ്റോപ്പ് ബട്ടണില്‍ അല്ല നാം അമര്‍ത്തിയിരിക്കുന്നതെന്ന് പൂര്‍ണ്ണ അവബോധം ഉണ്ടാകണം. രണ്ടോ മൂന്നോ മാസം കഴിഞ്ഞ് ആ ബട്ടണില്‍ നാം വീണ്ടും അമര്‍ത്തി ബിസിനസ് തുടങ്ങുമ്പോള്‍ അവിടെയെല്ലാം സജ്ജമായിരിക്കണം. ഉല്‍പ്പന്നം ഉണ്ടാകണം, ഉപഭോക്താക്കളുണ്ടാകണം, ജീവനക്കാരുണ്ടാകണം, ഫിനാന്‍ഷ്യല്‍ ലിക്വിഡിറ്റിയുണ്ടാകണം... ഇതെല്ലാം മുന്നിലില്ലെങ്കില്‍ നമുക്ക് വീണ്ടും തുടങ്ങാനാകില്ല. അതിനുള്ള ഒരുക്കങ്ങള്‍ നടത്തുക. മാറ്റങ്ങള്‍ ഇനിയെന്തായാലും വരുമെന്ന് നമുക്കറിയാം. സംരംഭകര്‍ ഈ മാറ്റങ്ങളോട് പൊരുത്തപ്പെടാനും അതനുസരിച്ച് മാറാനും തയാറായിരിക്കുക.

നല്ലത് ചെയ്താല്‍ പ്രതിഫലം ലഭിക്കും

പികെ സ്റ്റീല്‍സിന്റെ മൊയ്ദു എന്റെ സുഹൃത്താണ്. ലോക്ഡൗണ്‍ തുടങ്ങിയ കാലത്ത് ഞാന്‍ എന്റെ കുറച്ച് സുഹൃത്തുക്കളെ വിളിച്ച് സാഹചര്യങ്ങള്‍ അന്വേഷിച്ച കൂട്ടത്തില്‍ മൊയ്ദുവിനെയും വിളിക്കുകയുണ്ടായി. അവരുടെ ഫാക്ടറിയില്‍ 2000 പേരോളമാണ് ജോലി ചെയ്യുന്നത്. ഇതില്‍ 600ലേറെപ്പേര്‍ മറുനാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ്. അവര്‍ക്കെല്ലാം താമസിക്കാന്‍ നല്ല മുറികള്‍, ഡൈനിംഗ് റൂം, കഫെറ്റീരിയ, ബാത്ത്‌റൂം ഉള്‍പ്പടെയുള്ള മികച്ച ഹോസ്റ്റലുണ്ട്. സ്ഥാപനം അടച്ചെങ്കിലും ഹോസ്റ്റല്‍ തുറന്നുവെച്ചു, കഫെറ്റീരിയയും. എല്ലാം പൂര്‍ണ്ണമായും സൗജന്യം. ലോക്ഡൗണ്‍ ആയതിനാല്‍ വാഹനം എടുക്കാതെ സൈക്കിളില്‍ പോയി ദിവസവും മൊയ്ദു തന്റെ തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗ്ഗം പോലും കൊടുക്കാതെ അവഗണിച്ച ഒരു സ്ഥാപനത്തെക്കുറിച്ച് ചിന്തിക്കുക. അവിടത്തെ ആ തൊഴിലാളികള്‍ അവസരം കിട്ടിയപ്പോള്‍ ഇവിടെ നിന്ന് രക്ഷപെട്ട് അവരുടെ നാട്ടിലേക്ക് പോയി. ഈ സാഹചര്യം കഴിഞ്ഞാല്‍ ഇതില്‍ ഏത് സ്ഥാപനത്തിനായിരിക്കും പൂര്‍ണ്ണമായും പ്രവര്‍ത്തനം തുടങ്ങാനാകുക. ആദ്യത്തെ സ്ഥാപനത്തിന് തന്നെ. രണ്ടാമത്തെ കൂട്ടര്‍ തൊഴിലാളികളില്ലാതെ എങ്ങനെ ഫാക്ടറി തുറക്കും?

50 കോടിയോളമാണ് ഇന്ത്യയിലെ തൊഴിലാളികളെന്നാണ് കണക്ക്. ഇതില്‍ 10 കോടി സ്വന്തം സംസ്ഥാനം വിട്ട് മറുനാട്ടില്‍ ജോലി ചെയ്യുന്നവരാണ്. ഇവര്‍ തിരിച്ച് അവരുടെ ജോലിസ്ഥലങ്ങളിലേക്ക് പോയില്ലെങ്കില്‍ അവിടത്തെ വ്യവസായങ്ങള്‍ എങ്ങനെ നിലനില്‍ക്കും. മഹാമാരിയെക്കാള്‍ വലിയ പ്രതിസന്ധിയായിരിക്കും അത്. കുറഞ്ഞ നിരക്കില്‍ ആനുകൂല്യങ്ങളൊന്നും കൊടുക്കാതെ മികച്ച തൊഴിലാളികളെ ലഭിക്കുന്നതുകൊണ്ടാണല്ലോ എല്ലാവരും അവരെ തേടുന്നത്. നിയന്ത്രണങ്ങള്‍ക്ക് ശേഷം സ്ഥാപനങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ ബിസിനസുകള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന വലിയൊരു പ്രശ്‌നമായിരിക്കും ഇത്. നിര്‍മാണമേഖല, മാനുഫാക്ചറിംഗ്, സേവനമേഖലകള്‍ പ്രത്യേകിച്ചും. പരിഹരിക്കാന്‍ പറ്റാത്ത വിധത്തിലുള്ള കടുത്ത തൊഴിലാളിക്ഷാമമായിരിക്കും വരുന്നത്. അതിന് ഓട്ടോമേഷന്‍ പോലെ പുതിയ ബിസിനസ് മോഡലുകള്‍ കണ്ടെത്തേണ്ടിവരും. ചില ബിസിനസുകള്‍ ഈ പ്രശ്‌നം കൊണ്ടുതന്നെ ഇല്ലാതാകും.

നമുക്ക് വിജയിക്കാന്‍ വലിയ തലച്ചോര്‍ ഒന്നും വേണ്ട. ജീവിതത്തില്‍ നാം മനുഷ്യത്വത്തിന്റെ തത്വങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് മുന്നോട്ടുപോയാല്‍ അത് ബിസിനസിനും ഗുണം ചെയ്യും. ബിസിനസ് ഗുണങ്ങളെക്കാള്‍ സംരംഭകന് വേണ്ടത് അതുതന്നെയാണെന്നാണ് എന്റെ അഭിപ്രായം. മനുഷ്യത്വം, സത്യസന്ധത എന്നിവ നിലനിര്‍ത്തി മുന്നോട്ടുപോയാല്‍ അതൊരിക്കലും പ്രതികൂലമായി ബാധിക്കില്ലെന്ന് എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ പറയുന്നു. ഞാന്‍ ശരിയായി പെരുമാറിയാല്‍ അതെനിക്ക് തിരിച്ചുകിട്ടും എന്നത് ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it