പ്രതിസന്ധിയിലായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കരകയറാന്‍ ഇതാ 9 വഴികള്‍

നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും എന്തുവന്നാലും പിടിച്ചു നില്‍ക്കാന്‍ സഹായിക്കുന്ന സാമ്പത്തിക നിലയുണ്ടാവില്ല. ഓരോ സ്റ്റാര്‍ട്ടപ്പ് സംരംഭകനും എവിടെ നിന്നൊക്കെയോ സ്വരുകൂട്ടിയ ചെറിയൊരു മൂലധനവും ആകാശത്തോളം വലിയ സ്വപ്‌നങ്ങളുമാണ് കൂട്ടിനുണ്ടാവുക. ഈ കോവിഡ് കാലം അവരെ എങ്ങനെയാണ് തകര്‍ക്കെറിഞ്ഞിരിക്കുന്നതെന്ന് വാക്കുകളിലൂടെ വിവരിക്കാനും പറ്റില്ല. നാസ്‌കോം പുറത്തുവിട്ട കണക്കുകള്‍ തന്നെ സ്റ്റാര്‍ട്ടപ്പുകളുടെ ദയനീയ സ്ഥിതി വെളിപ്പെടുത്തുന്നതാണ്.

പ്രതിസന്ധിയിലായ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ പൊതുവേ ചെയ്യുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്.

1. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക (പിരിച്ചു വിടുക).
2. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കുക.
3. വികസനത്തിനും വളര്‍ച്ച ക്കുമുള്ള ഭാവിപദ്ധതികള്‍ തല്‍ക്കാലം മരവിപ്പിക്കുക.

ജീവനക്കാരെ പിരിച്ചു വിടേണ്ടി വരിക ഏറ്റവും ദുഃഖകരമായ അവസ്ഥയാണ്. ഒരുപാട് കുടുംബങ്ങള്‍ പട്ടിണിയിലേക്ക് തള്ളിയിടപ്പെടും. അതുകൊണ്ടു തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ നമ്മുടെ ബിസിനസുകളെ എങ്ങിനെ ഈ സന്ദര്‍ഭത്തില്‍ രക്ഷിച്ചെടുക്കാം എന്ന് ചിന്തിക്കാം.

1. പുതിയൊരു ഉല്‍പ്പന്നമോ സേവനമോ തെരഞ്ഞെടുക്കുക

ഇപ്പോള്‍ നല്‍കുന്ന സേവനത്തിനോ ഉല്‍പ്പന്നത്തിനോ ഇനി കാലം അനുകൂലമല്ലെന്ന് കണ്ടാല്‍ പുതിയൊരു ഉല്‍പ്പന്നമോ സേവനമോ കൂട്ടിച്ചേര്‍ത്ത് മറ്റൊരു വരുമാന മാര്‍ഗം തുറക്കാന്‍ ശ്രമിക്കണം.

ഇവിടെ നാം നിലവിലുള്ള ഉല്‍പ്പന്നമോ സേവനമോ സ്ഥിരമായി ഉപേക്ഷിക്കുന്നില്ല. പകരം മറ്റൊന്ന് കൂട്ടിച്ചേര്‍ക്കുയാണ്. മെഡിക്കല്‍ ഉപകരണങ്ങള്‍ വിപണനം ചെയ്തിരുന്ന ഒരു ബിസിനസ് കോവിഡ് തുടങ്ങുന്ന സമയത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടു. എന്നാല്‍ ഇത് മാത്രമേ വില്‍ക്കൂ എന്ന പിടിവാശി അവര്‍ക്കുണ്ടായില്ല. കോവിഡ് കാലഘട്ടത്തില്‍ ഏറ്റവും ആവശ്യക്കാരുള്ള മാസ്‌ക് അവര്‍ തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിയില്‍ കൂട്ടിച്ചേര്‍ത്തു . അവര്‍ ചിന്തിച്ചതിനേക്കാള്‍ വേഗതയില്‍, പ്രതീക്ഷകള്‍ക്കപ്പുറത്ത് ആ ഉല്‍പ്പന്നം വിറ്റഴിഞ്ഞു. ഇപ്പോള്‍ ധാരാളം തയ്യല്‍ യൂണിറ്റുകള്‍ അവരുടെ ഉല്‍പ്പന്നം നിര്‍മിക്കുന്നു.

2. നിലവിലുള്ള ഉല്‍പ്പന്നമോ സേവനമോ നിര്‍ത്തി പുതിയ ഒന്നിലേക്ക് ചുവടു മാറ്റുക (Pivoting)

ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന ഉല്‍പ്പന്നമോ സേവനമോ മുന്നോട്ടു കൊണ്ടുപോകുവാന്‍ സാധ്യമല്ലായെന്ന് ബോധ്യമാകുന്ന നിമിഷം അത് നിര്‍ത്തി മറ്റൊന്ന് തിരഞ്ഞെടുക്കുവാന്‍ കഴിയണം. വിനോദസഞ്ചാര വ്യവസായത്തെ ഒരുദാഹരണമായി എടുക്കാം. ഇനിയെന്ന് ആ വ്യവസായത്തിന് തിരികെ വരാന്‍ കഴിയും എന്ന് പ്രവചിക്കുക ഇന്നത്തെ സാഹചര്യത്തില്‍ ഒട്ടും എളുപ്പമാവില്ല. ഇപ്പോഴുള്ള ഒന്നിനെ ഉപേക്ഷിക്കുകയും പുതിയ ഒന്നിനെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന തന്ത്രം ചിലപ്പോള്‍ വിജയകരമായ ഒന്നായി മാറാം.

3. ശമ്പളം വെട്ടിക്കുറക്കേണ്ടതില്ല മറിച്ച് അല്‍പ്പ കാലം മാറ്റിവെക്കാം (Deferment of Salary)

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കുന്നതിനേക്കാള്‍ നല്ലത് ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റിവെക്കുകയും പിന്നീട് ആവശ്യമായ വരുമാനം വന്നു തുടങ്ങുമ്പോള്‍ തിരികെ നല്‍കുകയും ചെയ്യുക എന്നതാണ്. ഇവിടെ ശമ്പളം വെട്ടിച്ചുരുക്കുന്നില്ല മറിച്ച് നല്‍കുന്നത് അല്‍പ്പകാലംമാറ്റി വെക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് ജീവനക്കാരിലും വിശ്വാസം ജനിപ്പിക്കും. ഇത്തരമൊരു കാലഘട്ടത്തെ ഒരുമിച്ചു നേരിടുകയും ബിസിനസിനെ സംരക്ഷിക്കുകയും ചെയ്യുക തന്നെയാണ് ശരിയായ വഴി.

തങ്ങളുടെ നിലനില്‍പ്പ് ബിസിനസിന്റെ നിലനില്‍പ്പില്‍ ഊന്നിയാണ് എന്ന ബോധമുള്ള ജീവനക്കാര്‍ ഇതിന് ഒരിക്കലും എതിരു നില്‍ക്കില്ല. ജീവനക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ഒരുമിച്ച് ഒറ്റകെട്ടായി പ്രതിസന്ധികളെ മറികടക്കാന്‍ മാനേജ്‌മെന്റിന് സാധിക്കുകയും ചെയ്യും.

4. വീട്ടിലിരുന്ന് ജോലി ചെയ്യാം (Work from Home)

ജീവനക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വം വീട്ടിലിരുന്ന് നിര്‍വഹിക്കട്ടെ എന്നൊരു കാഴ്ചപ്പാട് മാനേജ്‌മെന്റിന് സ്വീകരിക്കാം. ബിസിനസിന്റെ പ്രവര്‍ത്തനചെലവ് കുറയ്ക്കാന്‍ ഇത് സഹായിക്കും. ഓഫീസില്‍ എത്തേണ്ട അത്യാവശ്യമുള്ളവര്‍ മാത്രം വന്നാല്‍ മതി. മറ്റുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെ. ഇത് ഒരു കാരണവശാലും പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്നില്ല എന്ന് കണ്ടുകഴിഞ്ഞു. കോവിഡ് കാലം കഴിഞ്ഞാലും ഇത് തുടരാം.

5. ബിസിനസ് മോഡല്‍ മാറ്റങ്ങള്‍

Business-to-Consumer (B2C) എന്നമോഡല്‍ പിന്തുടരുന്നവര്‍ക്ക് Business-to-Business (B2B) മോഡല്‍ ്കൂടി കൂട്ടിച്ചേര്‍ക്കാം. നാസ്‌കോം നടത്തിയ പഠനം സൂചിപ്പിക്കുന്നത് B2C മോഡല്‍ പിന്തുടരുന്ന അറുപത് ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ അടച്ചുപൂട്ടലിന്റെ് വക്കിലാണ്.

രണ്ടു മോഡലുകളും സന്നിവേശിപ്പിക്കുന്ന ബിസിനസുകള്‍ക്ക് വേഗത്തില്‍ അതിജീവനത്തിനായി സാധിക്കും.

6. വികസനവും പുതിയ പദ്ധതികളും പിന്നീടാകട്ടെ

പണത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് പരമാവധി തടയുക എന്നതാണ് ഈ സമയത്ത് സ്വീകരിക്കേണ്ട തന്ത്രം. നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന വികസന പദ്ധതികളും പുതിയ പദ്ധതികളും അത്യാവശ്യമുള്ളതല്ലെങ്കില്‍ അല്‍പ്പകാലം നീട്ടിവെക്കുന്നതാണ് ഉചിതം. അനുകൂലമായ അവസ്ഥയില്‍ അവ നടപ്പിലാക്കാം. പണത്തെ ബിസിനസില്‍ തന്നെ തടുത്തുനിര്‍ത്തുക. ഈ സമയം പുതിയൊരു ബിസിനസ് അവസരം വെട്ടിത്തുറക്കുന്നുവെങ്കില്‍, അത് ഗുണകരമാണെന്ന് ബോധ്യമുണ്ടെങ്കില്‍ മാത്രം പണം വിനിയോഗിക്കുക.

7. ഓണ്‍ലൈന്‍ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക

ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ ഈ അവസരത്തെ ഉപയോഗപ്പെടുത്താം. ഓണ്‍ലൈന്‍ സങ്കേതത്തെ ഇന്നലെ വരെ കാര്യക്ഷമമായി, ഗുണപരമായി ഉപയോഗിക്കുവാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഈ സമയം അതിനുള്ളതാണ്. ഓരോ വീടും ഇന്ന് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. കുട്ടികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്നു. കോവിഡ് കാലഘട്ടം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സാക്ഷരത ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ചു കഴിഞ്ഞു. തങ്ങളുടെ ഉല്‍പ്പന്നത്തെ, സേവനത്തെ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ അദൃശ്യമായ ഒരു വിപണി ഉടലെടുത്തു കഴിഞ്ഞു എന്ന് ബിസിനസുകാരന്‍ തിരിച്ചറിയണം.

8. മറ്റ് ബിസിനസുകളുമായി ബന്ധം സ്ഥാപിക്കുക

തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന അല്ലെങ്കില്‍ വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങളോ, നല്‍കുന്ന സേവനങ്ങളോ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യം വെക്കുന്ന, അത്തരം ഉപഭോക്താക്കള്‍ക്ക് ആവശ്യമായ മറ്റ് ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ നല്‍കുന്ന ബിസിനസുകളുമായി കൂട്ടുചേര്‍ന്ന് ഒരുമിച്ച് മുന്നോട്ട് നീങ്ങുന്നത് ബിസിനസിനെ വിപുലീകരിക്കുവാനും ചിലപ്പോള്‍ പ്രശ്‌നങ്ങളെ അതിജീവിക്കാനും നമ്മെ സഹായിക്കും. ഒരു വിപണിയെ തന്നെ ലക്ഷ്യം വെക്കുന്ന വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ബിസിനസുകള്‍ക്ക് ഒത്തുചേര്‍ന്ന് അതിജീവനം സാധ്യമാക്കാന്‍ ഇത്തരമൊരു മോഡലിന് സാധിക്കും.

9. തന്ത്രങ്ങള്‍ സൂക്ഷ്മതയോടെ തെരഞ്ഞെടുക്കുക ഫലപ്രദമായി നടപ്പിലാക്കുക

അതിജീവനത്തിനായുള്ള തന്ത്രങ്ങള്‍ രൂപീകരിക്കുകയും അത് ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുക എന്നത് ബിസിനസുകാരന്റെ കടമയാണ്. നല്ല സമയത്തിനായുള്ള കാത്തിരിപ്പ് ചിലപ്പോള്‍ വിഫലമാകും. കാര്യങ്ങള്‍ സ്വാഭാവികമായി സംഭവിക്കട്ടെ എന്ന സഹജമായ അലംഭാവത്തില്‍ നിന്നും കാര്യങ്ങള്‍ സംഭവിപ്പിക്കുവാന്‍ സ്വയം മുന്‍കൈയെടുക്കുവാന്‍ ബിസിനസുകാരന് സാധിക്കണം. ഒരു വഴി അടയുമ്പോള്‍ മറ്റൊരു വഴി തുറക്കും എന്ന വാക്യം മനസിലുണ്ടാകണം. അത് കണ്ടെത്താന്‍ മനസര്‍പ്പിച്ച് ശ്രമിക്കുകയും വേണം.

അതിജീവനം തന്നെയാണ് മുഖ്യം. മറ്റെല്ലാം മാറ്റിവെക്കുക. ഈ സമയം കടന്നു പോകുവാന്‍ യത്‌നിക്കുക. ഒപ്പം നില്‍ക്കുന്നവരെ കൂട്ടിപ്പിടിക്കുക. ഒരുമിച്ച് മുന്നേറുക. അതിജീവനം കഠിനമാണ്. പക്ഷേ നാമത് നേടും. ഒഴുക്കുള്ള വെള്ളത്തില്‍ അതിനെതിരെ തുഴഞ്ഞുതന്നെ രക്ഷപ്പെടണം നിശ്ചലമായി നിന്നാല്‍ മുങ്ങിപ്പോകും. പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it