ട്രംപോ ബൈഡനോ? സ്വര്‍ണവിലയില്‍ എന്തുസംഭവിക്കും?

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കടുത്ത വെല്ലുവിളിയാണ് എതിരാളിയായ ജോ ബൈഡന്‍ ഉയര്‍ത്തുന്നത്. പല സര്‍വേകളും ബൈഡന്റെ വിജയം പ്രവചിക്കുന്നുമുണ്ട്.

അമേരിക്കയുടെ നയങ്ങളും നീക്കങ്ങളും സ്വര്‍ണ വിലയില്‍ സ്വാധീനം ചെലുത്താറുണ്ട്. ട്രംപ് തുടര്‍ന്നാലും ബൈഡന്‍ വന്നാലും സ്വര്‍ണ വിലയില്‍ എന്തുസംഭവിക്കും?

'അമേരിക്ക ഫസ്റ്റ്' സ്വര്‍ണത്തെ എങ്ങനെ സ്വാധീനിക്കും?

ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിജയിച്ചാല്‍ നയത്തില്‍ കാതലായ മാറ്റം നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. വളര്‍ച്ച ത്വരിതപ്പെടുത്താന്‍ നികുതി കുറയ്ക്കലും വാണിജ്യ കുത്തക നിലനിര്‍ത്താനുള്ള നീക്കങ്ങളും തുടരും. ട്രംപിന്റെ അമേരിക്ക ഫസ്റ്റ് നയം ചൈനയുമായി തുടരുന്ന ഭിന്നത രൂക്ഷമാക്കാന്‍ തന്നെയാണിട. ഇത് വിപണിയില്‍ അസ്ഥിരത സൃഷ്ടിക്കും. സാമ്പത്തിക രംഗത്ത് ഉത്തേജക പാക്കേജ് വരാനിടയുണ്ട്. ഡോളര്‍ ദുര്‍ബലമായാല്‍ അത് സ്വര്‍ണ വില വര്‍ധിക്കാന്‍ ഇടയാക്കും.

ബൈഡന്‍ വന്നാല്‍

ജോ ബൈഡന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, പൊതുജനാരോഗ്യ രംഗത്ത് കൂടുതല്‍ ഊന്നല്‍ നല്‍കിയേക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കോര്‍പ്പറേറ്റ് ടാക്‌സ് വെട്ടിക്കുറച്ച നടപടി ബൈഡന്‍ പെട്ടെന്ന് പുനപരിശോധിക്കാന്‍ സാധ്യതയില്ല. ചൈനയോടുള്ള ബൈഡന്റെ നയം ഏകദേശം ട്രംപിന്റേതിന് സമമാണ്. അമേരിക്കയില്‍ പ്രസിഡന്റ് മാറിയാലും ചൈന - അമേരിക്ക ബന്ധത്തില്‍ വലിയ വ്യത്യാസം വരുമെന്ന് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് ഇരുരാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഇനിയും തുടരുന്നത് സ്വര്‍ണ വില വര്‍ധനയ്ക്ക് കാരണമാകുമെന്ന് നിരീക്ഷകര്‍ പറയുന്നു.

തര്‍ക്കങ്ങളും വിവാദങ്ങളും

അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും അന്തിമഫലപ്രഖ്യാപനങ്ങളും തര്‍ക്കത്തിലും വിവാദങ്ങളിലും മുങ്ങിയാല്‍ അത് ഓഹരി വിപണിയില്‍ തരംഗം സൃഷ്ടിക്കും. ഇതും സ്വര്‍ണ വില കൂടാന്‍ കാരണമായേക്കും. ചുരുക്കി പറഞ്ഞാല്‍ ട്രംപ് വന്നാലും ബൈഡന്‍ വന്നാലും തെരഞ്ഞെടുപ്പ് വിവാദങ്ങള്‍ പെരുകിയാലും ആഗോളതലത്തില്‍ സ്വര്‍ണ വില കൂടാന്‍ ഇടയുണ്ടെന്നാണ് ഇന്ത്യയിലെ മ്യൂച്വര്‍ ഫണ്ട് കമ്പനികളിലെ ഫണ്ട് മാനേജര്‍മാരുടെ നിഗമനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it