നവംബർ 4 ന് ശേഷം എന്ത്? പ്രതിസന്ധി നേരിടാൻ തന്ത്രങ്ങളുമായി ഇന്ത്യ

നവംബര്‍ നാല് മുതല്‍ ഇറാനെതിരെയുള്ള യുഎസ് ഉപരോധം നടപ്പില്‍ വരുന്നതോടെ എണ്ണ ഇറക്കുമതി രംഗത്ത് കടുത്ത പ്രതിസന്ധിയാണ് ഇന്ത്യ നേരിടാന്‍ പോകുന്നത്. എന്നാൽ ഇതിനെ മുൻകൂട്ടി കണ്ട് സർക്കാർ ചില നടപടികൾക്ക് കൈക്കൊള്ളാൻ പദ്ധതിയിടുന്നുണ്ട്.

ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ലോകത്തെ രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. അതിനാല്‍ തന്നെ യുഎസിന്‍റെ ഉപരോധം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണ്.

ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ അത് കുറച്ചുകൊണ്ടു വരുകയും നവംബര്‍ നാലോടു കൂടി പൂര്‍ണമായും നിര്‍ത്തുകയും ചെയ്യണമെന്നാണ് അമേരിക്കയുടെ ആവശ്യം.

കറൻസി വിലയിടിവും വർധിച്ച ഇറക്കുമതിച്ചെലവും ഉയർന്ന കറന്റ് എക്കൗണ്ട് കമ്മിയും മൂലം സമ്മർദ്ദത്തിലായ ഇന്ത്യയ്ക്ക് ഇറാനുമായുള്ള എണ്ണ വ്യാപാരം ആശ്വാസകരമായിരുന്നു. കാരണം, ഇന്ത്യൻ കമ്പനികൾക്ക് ഇറാനിൽ നിന്ന് എണ്ണ വാങ്ങുമ്പോൾ ഷിപ്പിംഗ് ചാർജ് കുറവാണ്. മാത്രമല്ല, 60 ദിവസത്തെ ക്രെഡിറ്റ് കാലാവധിയും കിട്ടും.

എന്നാൽ ഇപ്പോൾ ഇന്ത്യയും യുഎസ് സമ്മർദത്തിന് വഴങ്ങി ഇറാനിൽ നിന്നുള്ള ഇറക്കുമതി വെട്ടിച്ചുരുക്കുമെന്നാണ് അറിയുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷനും ഭാരത് പെട്രോളിയവും ഇറാനിൽ നിന്ന് നവംബർ മാസത്തേയ്ക്ക് ഓയിൽ കാർഗോക്ക് ഓർഡർ നൽകിയിട്ടില്ല എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എണ്ണ ഇറക്കുമതിക്ക് ഇറാനെ ആശ്രയിച്ചിരുന്ന മറ്റ് ഇന്ത്യൻ റിഫൈനറികളും ഓർഡർ നൽകിയിട്ടില്ല. നവംബർ മുതൽ ഇറാൻ ഇറക്കുമതി ഇന്ത്യ പൂർണ്ണമായി ഉപേക്ഷിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

അതേസമയം, അന്താരാഷ്ട്ര പ്രതിസന്ധി രാജ്യത്തെ ഇന്ധന ലഭ്യതയെ ബാധിക്കാതിരിക്കാൻ ചില നടപടികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.

  • രാജ്യത്തെ എണ്ണക്കമ്പനികൾക്ക് വാങ്ങുന്ന എണ്ണയുടെ 35 ശതമാനം വിൽപനക്കാരുടെ തന്നെ ഓയിൽ ടാങ്കറിൽ ഇറക്കുമതി ചെയ്യാൻ (CIF basis) സർക്കാർ അനുവാദം നൽകി. ഇത്തരത്തിൽ ഷിപ്പിംഗ് നിരക്ക് കുറയ്ക്കാനാകും. മുൻപ് ഇത് 15.48 ശതമാനം ആയിരുന്നു.
  • വില്പന നടത്തുന്ന രാജ്യങ്ങൾ തന്നെ ടാങ്കറും ഇൻഷുറൻസും ഏർപ്പാടാക്കുന്ന (Cost, Insurance and Freight or CIF) രീതി അവലംബിച്ചാൽ ഇറാനിൽ നിന്ന് ഇറക്കുമതി കുറയുന്നതനുസരിച്ച് മറ്റ് മാർക്കറ്റുകളിൽ നിന്ന് വിലക്കുറവിൽ എണ്ണ വാങ്ങാമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.
  • യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി പ്രധാനമായും CIF അടിസ്ഥാനത്തിലാണ്. യുഎസ് ക്രൂഡ് നിലവിൽ ബാരലിന് 10 ഡോളർ ഡിസ്‌കൗണ്ടോടുകൂടിയാണ് വ്യാപാരം നടത്തുന്നത്.
  • ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് മുൻ‌കൂർ എൻ.ഒ.സി (no objection certificate) നൽകും. 23.07 ദശലക്ഷം ടൺ ക്രൂഡ് ഇറക്കുമതിക്കാണിത്.
  • മറ്റൊരുമാർഗം ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയിലെ റിഫൈനറികൾ പണം രൂപയിൽ നൽകുക എന്നതാണ്. നിലവിൽ കമ്പനികൾ ഇറാനു പണം നൽകുന്നത് യൂറോപ്യൻ ബാങ്കിങ് ശൃംഖല വഴിയാണ്. യൂറോ കറൻസിയിലാണ് ഇപ്പോൾ ഇടപാട് നടത്തുന്നത്. നവംബർ നാലു മുതൽ ഇറാന് പണം നൽകാനുള്ള വഴികളൊക്കെ യുഎസ് അടക്കും. അങ്ങനെവന്നാൽ യുഎസിന്റെ ബാങ്കിങ് സംവിധാനവുമായി ബന്ധമില്ലാത്ത യൂക്കോ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവ വഴി ഇറാനിലേക്ക് രൂപയിൽ പണം നൽകാനാവും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it