വാള്‍മാര്‍ട്ടിന്റെ അസാധാരണ വിജയത്തിന്റെ 8 കാരണങ്ങള്‍

By Anna Joseph


ഫോര്‍ച്യൂണ്‍ ഡോട്ട്‌കോമിന്റെ കണക്കനുസരിച്ച് 482.1 ബില്യണ്‍ ഡോളര്‍ വരുമാനവും ലോകത്തെമ്പാടുമായി 11,000 സ്റ്റോറുകളുമായി വാള്‍മാര്‍ട്ട് ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ പബ്ലിക് ലിസ്റ്റഡ് സ്ഥാപനമാണ്.

കൂടാതെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സ്ഥാപനം കൂടിയാണ് വാള്‍മാര്‍ട്ട്. ഈ അസാധാരണമായ വിജയത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്?

1. ലളിതമായ ലക്ഷ്യം, എന്നാല്‍ മഹത്തായതും

ആ കഥ തുടങ്ങുന്നത് 1962ലാണ്. ഒരു കര്‍ഷകന്റെ മകനും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദധാരിയും ആയിരുന്ന സാം വാള്‍ട്ടണ്‍ അരിസോണയിലെ റോജേഴ്‌സില്‍ ഒരു ഡിസ്‌കൗണ്ട് സ്‌റ്റോര്‍ ആരംഭിച്ചതാണ് വാള്‍മാര്‍ട്ടിന്റെ തുടക്കം. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് സാധ്യമായ ഏറ്റവും വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കുക എന്നതായിരുന്നു വാള്‍ട്ടന്റെ ലക്ഷ്യം. ഡിസ്‌കൗണ്ട് സ്‌റ്റോര്‍ ബിസിനസ് മോഡലായിരുന്നു ഇത്. സാം വാള്‍ട്ടന്റെ ചിന്ത വളരെ ലളിതമായിരുന്നു. ''ആളുകളെ പണം ലാഭിക്കാന്‍ സഹായിക്കുക, അതുവഴി മെച്ചപ്പെട്ട രീതിയില്‍ അവര്‍ക്ക് ജീവിക്കാനാകും.'' വാള്‍മാര്‍ട്ടിന്റെ ടെലിവിഷന്‍ പരസ്യങ്ങള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും ''Always low prices'' എന്ന വരികളിലായിരിക്കും. വര്‍ഷമേറെ കഴിഞ്ഞിട്ടും വാള്‍മാര്‍ട്ട് തങ്ങളുടെ സ്ഥാപകന്റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ ഉറച്ചുനിന്നു.

2. സപ്ലൈ ചെയ്ന്‍ സ്ട്രാറ്റജി

ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ വാള്‍മാര്‍ട്ടിന് എങ്ങനെയാണ് സാധിക്കുന്നത്? വാള്‍മാര്‍ട്ടിന്റെ വ്യത്യസ്തമായ സപ്ലൈ ചെയ്ന്‍ സ്ട്രാറ്റജിയാണ് ഇതിന് അവരെ സഹായിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഉല്‍പ്പാദകരുമായി നേരിട്ടു പ്രവര്‍ത്തിച്ച് വാള്‍മാര്‍ട്ട് ചെലവു കുറയ്ക്കാനുള്ള വഴികള്‍ കണ്ടെത്തുന്നു. വില്‍പ്പനക്കാരുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നു. ഇതിനായി 'വെണ്ടര്‍ മാനേജ്ഡ് ഇന്‍വെന്ററി' എന്ന പ്രത്യേക ബിസിനസ് മോഡലാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. വില്‍പ്പനക്കാരും റീറ്റെയ്‌ലര്‍മാരും ഒരുമിച്ച് റിസ്‌കും നേട്ടവും പങ്കുവെക്കുന്ന രീതിയാണിത്.

3. കൂടുതല്‍ എണ്ണം, കൂടുതല്‍ ലാഭം

ഉപഭോക്താക്കള്‍ക്ക് മികച്ച വിലയില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ വാള്‍മാര്‍ട്ടിന് സാധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എണ്ണത്തിന്റെ സാമ്പത്തികശാസ്ത്രമാണ്. അവര്‍ക്ക് തങ്ങളുടെ സ്റ്റോറുകളിലൂടെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കുന്നതുകൊണ്ട് മറ്റു കമ്പനികളേക്കാള്‍ മികച്ച നിരക്കില്‍ വിലപേശി സപ്ലയര്‍മാരില്‍ നിന്ന് ഉല്‍പ്പന്നമെടുക്കാന്‍ സാധിക്കുന്നു. ഇത്തരത്തിലുള്ള സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റാണ് വാള്‍മാര്‍ട്ടിനെ റീറ്റെയ്ല്‍ മേഖലയിലെ മാര്‍ക്കറ്റ് ലീഡറാക്കി നിലനിര്‍ത്തുന്നത്.

4. ചെലവു ചുരുക്കല്‍

വാള്‍മാര്‍ട്ടിന്റെ വിജയത്തിന് മറ്റൊരു കാരണം സ്ഥാപനം മുറുകെപ്പിടിക്കുന്ന ചെലവുചുരുക്കല്‍ സംസ്‌കാരവും അവിടത്തെ തൊഴില്‍ അന്തരീക്ഷവുമാണ്. ഉപഭോക്താവ് അവിടെ പോകുന്നത് എല്ലാക്കാര്യത്തിലും ജീവനക്കാരുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ചോ പ്രൗഢമനോഹരമായ അന്തരീക്ഷം പ്രതീക്ഷിച്ചോ അല്ല. അവര്‍ക്ക് ഏറ്റവും വിലക്കുറവിലുള്ള ഉല്‍പ്പന്നം സമയം പാഴാക്കാതെ സ്‌റ്റോറുകളിലെ ഷെല്‍ഫില്‍ കണ്ടെത്താന്‍ കഴിയണം. ചെലവുചുരുക്കല്‍ നയം സ്ഥാപനത്തിന്റെ എല്ലാ തലങ്ങളിലും കാണാന്‍ കഴിയും. ''യാതൊരുവിധ ആഡംബരങ്ങളുമില്ലാത്ത കോര്‍പ്പറേറ്റ് ഓഫീസ് മുതല്‍ എല്ലാ എക്‌സിക്യൂട്ടിവുകളും തങ്ങളുടെ വെയ്സ്റ്റ് സ്വയം നിര്‍മാര്‍ജ്ജനം ചെയ്യണമെന്ന നയം വരെ ഓരോ കാര്യത്തിലും വാള്‍മാര്‍ട്ട് ചെലവുചുരുക്കല്‍ രീതി മുറുകെപ്പിടിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ നല്‍കാനാകും. വെയര്‍ഹൗസുകളെപ്പോലെ തോന്നിപ്പിക്കുന്ന സ്റ്റോറുകളില്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യങ്ങളേ ഒരുക്കിയിട്ടുള്ളു.'' ഫോബ്‌സ്.കോം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വാള്‍മാര്‍ട്ടിന്റെ ചെലവു ചുരുക്കല്‍ നയം കുറഞ്ഞ വിലയ്ക്ക് വില്‍ക്കണമെന്ന അവരുടെ യഥാര്‍ത്ഥ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നു.

5. ഒരു ബോസേയുള്ളു, അത് ഉപഭോക്താവാണ്

ഉപഭോക്തൃസേവനത്തിന് വാള്‍മാര്‍ട്ട് കൊടുക്കുന്ന പ്രാധാന്യമാണ് വാള്‍മാര്‍ട്ടിന്റെ വിജയത്തില്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഉപഭോക്തൃസേവനത്തെക്കുറിച്ചുള്ള സാം വാള്‍ട്ടന്റെ മനോഭാവം അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ''ഒരു മേലധികാരിയേയുള്ളു, അത് ഉപഭോക്താവാണ്. ഉപഭോക്താവിന് കമ്പനിയിലെ ചെയര്‍മാന്‍ മുതലുള്ളവരെ പിരിച്ചുവിടാന്‍ കഴിയും. അതും വളരെ ലളിതമായ നടപടിയിലൂടെ, തന്റെ പണം വേറെ എവിടെയെങ്കിലും ചെലവഴിച്ചുകൊണ്ട്.'' വാള്‍ട്ടന്റെ കാലഘട്ടത്തില്‍ അദ്ദേഹം എല്ലാ ശനിയാഴ്ചകളിലും ജീവനക്കാരെ അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കുന്നതിനായി പ്രചോദിപ്പിക്കാന്‍ മീറ്റിംഗ് സംഘടിപ്പിക്കുമായിരുന്നു.

6. ഗ്രാമങ്ങളില്‍ നിന്ന് തുടങ്ങിയ വിപ്ലവം

വാള്‍മാര്‍ട്ട് തങ്ങളുടെ സ്റ്റോറുകള്‍ തുറക്കാന്‍ കൂടുതലായി തെരഞ്ഞെടുത്തത് ഗ്രാമപ്രദേശങ്ങളായിരുന്നു. അവിടെ വാള്‍മാര്‍ട്ടിന് സമാനമായ സ്റ്റോറുകള്‍ ഇല്ലെന്നതായിരുന്നു കാരണം. ചെറുപട്ടണങ്ങളിലെ വലിയ സ്റ്റോറുകളായി ഇവ മാറി. ഗ്രാമപ്രദേശങ്ങളില്‍ ഇവര്‍ വളര്‍ന്നുകൊണ്ടിരുന്നു. ഗ്രാമീണമേഖലകളില്‍ നിന്ന് നഗരപ്രാന്തപ്രദേശങ്ങളിലേക്കും മെട്രോ നഗരങ്ങളിലേക്കും വാള്‍മാര്‍ട്ട് വ്യാപിച്ചു. ഇന്ന് യു.എസിലെ 50 ശതമാനം ജനങ്ങള്‍ ജീവിക്കുന്നത് ഏതെങ്കിലുമൊരു വാള്‍മാര്‍ട്ട് സ്റ്റോറിന്റെ അഞ്ച് മൈല്‍ ചുറ്റളവിനുള്ളിലായിരിക്കും. 90 ശതമാനം പേര്‍ 15 മൈല്‍ ചുറ്റളവിന് ഉള്ളിലായിരിക്കും.

7. ഒരു കുടയ്ക്ക് കീഴില്‍ എല്ലാം

എല്ലാ സാധനങ്ങളും ഒരൊറ്റ സ്റ്റോറില്‍ അണിനിരത്തുന്നതിനാല്‍ ഉപഭോക്താവിന് പലയിടത്ത് പോകാതെ പലചരക്കുമുതല്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ വരെ ഇവിടെ നിന്ന് വാങ്ങാനാകും. മാത്രവുമല്ല വാള്‍മാര്‍ട്ട് സ്‌റ്റോറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ഏതു സമയത്തും അവര്‍ക്ക് ആവശ്യമുള്ളവ വാങ്ങാന്‍ സാധിക്കും.

8. സാങ്കേതികവിദ്യയെ മുറുകെപ്പിടിച്ചു

സാങ്കേതികവിദ്യയെ വളരെ ഫലപ്രദമായി ഉപയോഗിച്ച ആദ്യകാല ബിസിനസുകളിലൊന്ന് വാള്‍മാര്‍ട്ട് ആണ്. ചെലവു ചുരുക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനും സാങ്കേതികവിദ്യ ഫലപ്രദമായി ഇവര്‍ ഉപയോഗിക്കുന്നു. യൂണിവേഴ്‌സല്‍ ബാര്‍കോഡും ഇലക്ട്രിക് സ്‌കാനറുകളുമൊക്കെ ആദ്യമായി ഉപയോഗിച്ചത് വാള്‍മാര്‍ട്ട് ആയിരുന്നു. ഇപ്പോള്‍ ട്രെന്‍ഡായിരിക്കുന്നതും ഫിസിക്കല്‍ സ്‌റ്റോര്‍, വെബ്, സോഷ്യല്‍ മീഡിയ, മൊബീല്‍, കോള്‍ സെന്റര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതുമായ ഒംനിചാനല്‍ റീറ്റെയ്ല്‍ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വാള്‍മാര്‍ട്ട്.

''ഉപഭോക്താക്കളുടെ പണം ലാഭിക്കുക എന്ന ലക്ഷ്യത്തില്‍ തന്നെയാണ് മുന്നേറുന്നതെങ്കിലും അതിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നു. പുതുമ കണ്ടെത്തലിലും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിലും നാം മുന്നില്‍ തന്നെയുണ്ടാകണം.'' വാള്‍മാര്‍ട്ട് സി.ഇ.ഒ പറയുന്നു.

തങ്ങളുെട സ്ഥാപകന്റെ ദൗത്യത്തിന്റെ ഭാഗമായ കോര്‍ വാല്യു എന്താണോ അതില്‍ അടിയുറച്ചുനിന്നതും പുതുമയാര്‍ന്ന ആശയങ്ങളുമാണ് വാള്‍മാര്‍ട്ടിന്റെ വിജയത്തിന് പ്രധാന കാരണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it