എട്ട് വനിതാസംരംഭകരും ഒരു വൈറല്‍ വീഡിയോയും!

എട്ട് വനിതാ സംരംഭകര്‍. എട്ട് ബിസിനസ്, കുടുംബ പശ്ചാത്തലമുള്ളവര്‍. ഒരു സന്ദേശം നല്‍കി പുറത്തിറക്കിയ വീഡിയോ ഈ കോവിഡ് കാലത്ത് തീര്‍ത്തിരിക്കുന്നത് പുതിയൊരു മാതൃക. വിമന്‍ എന്റര്‍പ്രണേഴ്‌സ് നെറ്റ്‌വര്‍ക്ക് - വെന്‍ കൊച്ചി ചാപ്റ്ററിലെ അംഗങ്ങളായ എട്ട് വനിതാ സംരംഭകരാണ് പ്രാദേശിക കര്‍ഷകരെ സഹായിക്കാന്‍ Love Local, Buy Local എന്ന സന്ദേശത്തോടെ വീഡിയോ പുറത്തിറക്കിയത്.

കോവിഡ് കാലത്ത് ഈ എട്ട് വനിതകള്‍, പ്രാദേശിക തലത്തിലെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി അവര്‍ക്ക് പിന്തുണ നല്‍കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന സന്ദേശമാണ് നല്‍കുന്നത്.

വെന്‍ അംഗങ്ങളും കൊച്ചിയിലെ സംരംഭകരുമായ ഇന്ദു ജയറാം, ദിവ്യ തോമസ്, ആഷ സുരേഷ്, ജീമോള്‍ കോരുത് വര്‍ഗീസ്, ലിന്‍ഡ രാകേഷ്, ബോബി ആന്റണി, നിമിന്‍ ഹിലാല്‍, ലൈല സുധീഷ് എന്നിവരാണ് പ്രാദേശിക കര്‍ഷകരെ സഹായിക്കാന്‍ വേറിട്ടൊരു രീതി പരീക്ഷിച്ച് നോക്കിയത്.

ഇവരുടെ വീഡിയോ കണ്ട് ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് പിന്തുണ ഏറ്റവും അത്യാവശ്യം വേണ്ട ഒരു വിഭാഗത്തിന് തങ്ങളാലാകും വിധം സഹായിക്കുക മാത്രമാണ് ചെയ്തതെന്ന് ഇവര്‍ പറയുന്നു.

''എന്റേത് കാര്‍ഷിക പശ്ചാത്തലമുള്ള കുടുംബമാണ്. വയനാട്ടില്‍ കാപ്പി കര്‍ഷകരാണ് എന്റെ സഹോദരങ്ങള്‍. കാപ്പി ഇപ്പോള്‍ കയറ്റി അയച്ചില്ലെങ്കില്‍ അത് നശിച്ചുപോകും. കാര്‍ഷിക വിളയ്ക്ക് വിലയില്ലാതെ നശിക്കുമ്പോഴുള്ള വിഷമം എനിക്കറിയാം,'' ഇന്ദു ജയറാം പറയുന്നു.

സംരംഭകരുടെയും കര്‍ഷകരുടെയും ബുദ്ധിമുട്ട് നേരിട്ടറിയാവുന്ന ഇവര്‍ ലോക്ക്ഡൗണില്‍ പ്രാദേശിക കര്‍ഷകരുടെയും ഉല്‍പ്പാദകരുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയുണ്ടാക്കാന്‍ ഫഌറ്റുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളുടെയും സുഹൃത്തുക്കളുടെയും അവരുടെ സൗഹൃദകൂട്ടായ്മകളുടെയുമെല്ലാം സഹായം മുന്‍പേ തേടാറുണ്ടായിരുന്നു.

ലോക്ക്ഡൗണ്‍ നാളില്‍ ഇലഞ്ഞിയിലെ ഒരു പാട്ടകര്‍ഷര്‍കന്റെ പാകമെത്തിയ പൈനാപ്പിള്‍ വില്‍ക്കാന്‍ പറ്റാതെ കെട്ടികിടക്കുന്ന കാര്യം ദിവ്യ തോമസ് അറിഞ്ഞു. ''ബിബിന്‍ എന്ന ആ കര്‍ഷകന്റെ നമ്പര്‍ വാങ്ങി വാട്‌സാപ്പ് ഗ്രൂപ്പുകളിലിട്ടു. എല്ലാവരില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ ഇതുവരെ തുടര്‍ച്ചയായി ബിബിന്‍ പൈനാപ്പിളുമായി കൊച്ചിയിലെത്തുന്നു. പഴുത്ത് പാഴായി പോകേണ്ടിയിരുന്ന പൈനാപ്പിളിന് ആവശ്യക്കാരെ കിട്ടിയെന്ന് മാത്രമല്ല, ലോക്ക്ഡൗണില്‍ പുറത്തിറങ്ങാനാകെ കഴിഞ്ഞവര്‍ക്ക് സ്വന്തം ഫഌറ്റില്‍ ഉല്‍പ്പന്നം നേരിട്ട് കിട്ടുകയും ചെയ്തു,'' ദിവ്യ പറയുന്നു.

40 ഏക്കറില്‍ പാട്ടകൃഷി നടത്തുന്ന ബിബിനും ഇത് ഏറെ സഹായകമായി. ''പൈനാപ്പിള്‍ വിളവെടുത്ത് മാര്‍ക്കറ്റിലെത്തിക്കുക. അത് വണ്ടിയില്‍ കയറി പോകുമ്പോള്‍ പണം വാങ്ങി തിരിച്ചുപോരുക. അതായിരുന്നു നമ്മുടെ രീതി. ലോക്ക്ഡൗണ്‍ വന്നതോടെ ലോഡ് കയറ്റാന്‍ വണ്ടി വന്നില്ല. ഒരേക്കറില്‍ കൃഷിയിറക്കാന്‍ ഒന്നര - രണ്ട് ലക്ഷം രൂപ വേണം. മുന്നില്‍ ഒരു വഴിയുമില്ലാതെ വിഷമിക്കുമ്പോഴാണ് കൊച്ചിയിലേക്ക് ഇങ്ങനെ ഒരു വഴി തുറന്നത്. ഇതില്ലായിരുന്നുവെങ്കില്‍ ഞാന്‍ തകര്‍ന്നുപോയേനെ,'' ബിബിന്‍ പറയുന്നു.

പൈനാപ്പിളില്‍ നിന്ന് വീഡിയോ വന്ന വഴി

വെന്‍ കൂട്ടായ്മയിലൂടെയാണ് എട്ടു വനിതാ സംരംഭകരും ഏറെ അടുക്കുന്നത്. ലോക്ക്ഡൗണില്‍ എന്നും ഇവര്‍ വീഡിയോ കോള്‍ ചെയ്യും. ''എട്ടുപേരും സംരംഭകരായതിനാല്‍ ഇക്കാലത്തെ പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും കൃത്യമായറിയാം. പലകാര്യങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ പല ആശയങ്ങള്‍ വരും,'' ആഷ സുരേഷ് പറയുന്നു. ലോക്ക്ഡൗണ്‍ നാളുകളില്‍ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന് പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് വീഡിയോയുടെ കാര്യം ചിന്തിച്ചത്.

ആ ആശയത്തില്‍ വെറും വിനോദം മാത്രമല്ല. കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാട് കൂടി ഈ വനിതാ സംരംഭകര്‍ കൊണ്ടുവന്നു.

ജീമോള്‍ കോരുതാണ് വീഡിയോയുടെ ആശയവും ആവിഷ്‌കാരവും നിര്‍വഹിച്ചത്. ''എന്റെ കിച്ചണിലെ പൈനാപ്പിളില്‍ നിന്നാണ് ഈ ആശയം വന്നത്. ഇതുപോലെ ആ കര്‍ഷകന്‍ കൊണ്ടുവന്ന പൈനാപ്പിള്‍ എല്ലാവരുടെയും വീട്ടില്‍ കാണും. അതുകൊണ്ട് തികച്ചും സാധാരണമായ ഒരു കറി വെയ്ക്കുക. ആ വീഡിയോയിലൂടെ ഒരു സന്ദേശം സമൂഹത്തോട് പറയുക. ഇതായിരുന്നു ലക്ഷ്യം,'' ജീമോള്‍ പറയുന്നു. ഏറ്റവും മികച്ച ഗുണമേന്മയുള്ള പൈനാപ്പിള്‍ കൊണ്ടുവന്നു തന്ന കര്‍ഷകനോടുള്ള ഗ്രാറ്റിറ്റിയൂഡാണ് താന്‍ ഇതിലൂടെ പറയാന്‍ ഉദ്ദേശിച്ചതെന്ന് ജീമോള്‍ കൂട്ടിച്ചേര്‍ക്കുന്നു.

ജീമോള്‍ തന്നെ സ്‌ക്രിപ്റ്റ് തയ്യാറാക്കി. എട്ടുപേരും എട്ട് വീടുകളിലെ അടുക്കളകളില്‍ പൈനാപ്പിള്‍ കറി വെച്ചു. വീഡിയോ എടുത്തു. ഭാഷ ഏതായാലും ആശയം എല്ലാവരിലേക്കുമെത്തിക്കാന്‍ മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തി ഉപയോഗിച്ചു. എട്ടുപേരുടെയും സംഭാഷണം ഒരേ ടോണിലാക്കാന്‍ രാത്രികളില്‍ ഒരുമിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് പ്രാക്ടീസ് നടത്തി. കുടുംബാഗങ്ങളുടെ സഹായത്താല്‍ വീഡിയോ പകര്‍ത്തി. അങ്ങനെ ആ എട്ടുപേരും ഒരേ മനസ്സോടെ ഒരു ആശയത്തിനായി നിന്നു.

വീഡിയോ എഡിറ്റിംഗിന് അവര്‍ പ്രൊഫഷണല്‍ സഹായം തന്നെ തേടി. ദിവ്യ തോമസിന്റെ ബന്ധുവും പ്രൊഫഷണലുമായ അനീഷ് ബാബു വര്‍ഗീസാണ് ഇതിന് അവരെ സഹായിച്ചത്.

Love Local, Buy Local എന്നത് ഈ വീഡിയോ നല്ലൊരു സന്ദേശവുമായി വൈറല്‍ ആകുമ്പോള്‍ ഈ വനിതാ സംരംഭകരും സംതൃപ്തരാണ്. ഓരോ മലയാളിയും ഇത്തിരി മണ്ണില്‍ പോലും എന്തെങ്കിലും കൃഷി ചെയ്യണം. നമ്മുടെ നാട്ടിലെ സാധാരണ കര്‍ഷകരുടെ ഉല്‍പ്പന്നം ഇടനിലക്കാരില്ലാതെ ആവശ്യക്കാരിലേക്ക് എത്തിക്കണം. എല്ലാവരും പരസ്പരം സഹായിച്ച് പുതിയൊരു കൂട്ടായ്മയുടെ ലോകമുണ്ടാക്കണം. കോവിഡിന് മുമ്പും ശേഷവും എന്ന് കാലത്തെ വേര്‍തിരിക്കുമ്പോള്‍, കേരളം കോവിഡിന് ശേഷം നല്ലൊരു മാതൃകയാണ് മുന്നോട്ടുവെയ്‌ക്കേണ്ടതെന്ന് ഇവര്‍ ഒറ്റക്കെട്ടായി പറയുന്നു.

ഈ വീഡിയോയില്‍ എവിടെയും ഒരിക്കല്‍ പോലും ഈ വനിതാ സംരംഭകര്‍ തങ്ങളുടെ ബിസിനസിനെ കുറിച്ച് ഒരു സൂചന പോലും നല്‍കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

Watch the video below:

https://www.youtube.com/watch?v=5rfNAhjvJCw

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it