'ഏത് സ്ട്രാറ്റെജിയാണ് നിങ്ങളുടെ ബിസിനസ് വളർച്ചയ്ക്ക് യോജിച്ചത്?'

പ്രദേശിക സംരംഭങ്ങളുടെ വളര്‍ച്ചാ തന്ത്രങ്ങളല്ല ഗ്ലോബല്‍ ബിസിനസ് രംഗത്തേക്ക് കടക്കുമ്പോള്‍ കാണപ്പെടുന്നത്. ഏറ്റെടുക്കലുകളും ലയനങ്ങളുമൊക്കെ അവിടെ സ്വാഭാവികമാണ്. ഉല്‍പാദന രംഗത്ത് ടാറ്റ ഉള്‍പ്പെടെയുള്ള നിരവധി സംരംഭങ്ങള്‍ ആഗോളതല സംരംഭങ്ങളെ ഏറ്റെടുത്തുകൊണ്ട് നടത്തിയ മുന്നേറ്റം നമുക്ക് മുന്നിലുണ്ട്.

ഐ.ടി മേഖലയാണ് വ്യാപകമായ തോതില്‍ ഏറ്റെടുക്കലുകള്‍ നടക്കുന്ന മറ്റൊരു രംഗം. സാധാരണയായുള്ള ഓര്‍ഗാനിക് ഗ്രോത്താണോ അതോ വന്‍തോതിലുള്ള ഏറ്റെടുക്കലുകളിലൂടെ ഉല്‍പന്നങ്ങളും വിപണിയുമൊക്കെ കൂട്ടിച്ചോര്‍ത്തുകൊണ്ടുള്ള ഒരു ഇന്‍ഓര്‍ഗാനിക് ഗ്രോത്താണോ സംരംഭകര്‍ക്ക് സ്വീകിരിക്കാവുന്നൊരു സുസ്ഥിര മാതൃക?

യുഎസ്ടി ഗ്ലോബലിന്റെ മുന്‍ സിഇഒയും അമേരിക്കയിലെ മികച്ച 100 സിഇഒമാരുടെ പട്ടികയില്‍ ഇടം നേടിയ മലയാളിയുമായ സാജന്‍ പിള്ളയുടെ വാക്കുകള്‍ ശ്രദ്ധിക്കുക.

"ഒരു കമ്പനിക്ക് അതിന്റേതായ സ്ട്രക്ചറും സ്‌കെലിട്ടണും മസിലുമൊക്കെ ഉണ്ടായിരിക്കണം. ഏറ്റെടുക്കല്‍ മാത്രമാണ് നടത്തുന്നതെങ്കില്‍ ഒരു കമ്പനിക്ക് പകരം ഒരു കൂട്ടം കമ്പനികളേ ഉണ്ടാകൂ. അതിനാല്‍ ഓര്‍ഗാനിക്കായി വളരണമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല." സാജൻ പിള്ള പറയുന്നു.

"നിങ്ങളുടെ സ്ട്രാറ്റെജി രണ്ടു കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ഏതാണോ ചെലവു കുറഞ്ഞ മാര്‍ഗം അത് സ്വീകരിക്കുകയെന്നതാണ് പ്രധാനം. സമയമാണ് മറ്റൊരു ഘടകം. ചിലതരം ബിസിനസുകളില്‍ വളരെ പെട്ടെന്ന് ഒരു ക്രിട്ടിക്കല്‍ മാസിലേക്ക് എത്തിയില്ലെങ്കില്‍ അതിന് വിജയിക്കാനാകില്ല. അവിടെ ഇന്‍ഓര്‍ഗാനിക് ഗ്രോത്താണ് അഭികാമ്യം. അതിനാല്‍ ബിസിനസ് മോഡലിന് അനുസരിച്ചുള്ള സ്ട്രാറ്റെജിയാണ് സ്വീകരിക്കേണ്ടത്," അദ്ദേഹം കൂട്ടിച്ചേർത്തു. "പൊതുവെ പറഞ്ഞാല്‍ ഒരു ഹൈബ്രിഡ് സ്ട്രാറ്റെജിയാണ് ഉത്തമം. ഇതിന് നിയതമായൊരു സൂത്രവാക്യമില്ലെങ്കിലും 70 ശതമാനം ഓര്‍ഗാനിക്കും 30 ശതമാനം ഇന്‍ഓര്‍ഗാനിക്കും ശരിയായൊരു അനുപാതമായി പരിഗണിക്കാം."

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it