കേരളത്തില്‍ ബിസിനസുകള്‍ പൊളിയുന്നത് എന്തുകൊണ്ട്?

ബിസിനസിന് പറ്റിയ വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാന്‍ പലഭാഗത്തുനിന്നും ശ്രമമുണ്ടെങ്കിലും എന്തോ ബിസിനസിന്റെ കാര്യം ഇവിടെ അത്ര പന്തിയല്ല. ബിസിനസുകള്‍ പരാജയപ്പെടാന്‍ കേരളീയ സമൂഹത്തിലെ ചില വാരിക്കുഴികള്‍ കാരണമാകുന്നുണ്ട്. അവയെ വിശകലനം ചെയ്യുകയാണ് ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യവസായങ്ങള്‍ നടത്തി സമ്പത്താര്‍ജ്ജിച്ച കെ.പി ശങ്കരന്‍.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംരംഭകന്‍ എന്ന നിലയില്‍ ജീവിക്കാന്‍ സാധിച്ചിട്ടുള്ള മലയാളിയായ എന്‍ജിനീയറാണ് ഞാന്‍. എനിക്കിതുവരെ കേരളത്തില്‍ സ്വന്തമായൊരു വീടുണ്ടാക്കാനും സാധിച്ചിട്ടില്ല. സംരംഭകന്‍ എന്ന റോളില്‍ നിരന്തര പോരാട്ടങ്ങളിലൂടെ കടന്നുപോയതിന്റെ പശ്ചാത്തലത്തില്‍ കേരളീയ സമൂഹത്തെ കുറിച്ചുള്ള എന്റെ ചില ധാരണകളാണ് ഇവിടെ പങ്കുവെക്കുന്നത്.

അടുത്തിടെ വാര്‍ത്തയിലിടം നേടിയ കാര്യമാണ് കേരളത്തിലെ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്. ഇവിടെ തൊഴില്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍ നമ്മുടെ മനോഭാവത്തിലും ശീലങ്ങളിലും കാതലായ മാറ്റങ്ങള്‍ ഉണ്ടായേ മതിയാകൂ. മാറേണ്ട കാര്യങ്ങളും ഉള്‍ക്കൊള്ളേണ്ട ശീലങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

1. ബിസിനസിനെ ഒരു പ്രൊഫഷനായി കാണുക

കേരളീയര്‍ ബിസിനസിനെ ഒരിക്കലും ഒരു പ്രൊഫഷനായി കണ്ടിട്ടില്ല. ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു ജോലിയിലിരുന്ന് കാശുണ്ടാക്കുന്നതിനേക്കാള്‍ വേഗത്തില്‍ കാശുണ്ടാക്കാന്‍ പറ്റുന്ന വഴിയാണ് ബിസിനസ്. ഒരു ഗുജറാത്തിക്കോ സിന്ധിക്കോ മാര്‍വാഡിക്കോ ഇതുപോലുള്ള കാഴ്ചപ്പാടില്ല. അവരൊക്കെ ബിസിനസിനെ മറ്റൊരു പ്രൊഫഷനായാണ് കാണുന്നത്. സമാനമായ കാഴ്ചപ്പാട് നമുക്കിടയിലും വന്നാല്‍ ബിസിനസിനോടുള്ള സമീപനം തന്നെ മാറും. ബിസിനസ് ചെയ്യുന്ന രീതിയും മാറും.

2. സാമൂഹ്യമായ വിലക്കുകള്‍

തൊഴിലില്ലാത്ത ഒരു എന്‍ജിനീയറും ഗേറ്റും ഗ്രില്ലുമൊക്കെ ഉണ്ടാക്കി വിറ്റ് മാന്യമായ വരുമാനം നേടുന്ന ഒരു സംരംഭകനും കൂടി നിന്നാല്‍ ആര്‍ക്കാവും ഇവിടുത്തെ സമൂഹം കൂടുതല്‍ മാന്യത കല്‍പ്പിക്കുക? സംശയം ഒന്നും വേണ്ട, തൊഴിലില്ലാത്ത എന്‍ജിനീയര്‍ക്ക് തന്നെയാകും. നമ്മുടെ സമൂഹത്തില്‍ അടിയുറച്ചുപോയ ചില ധാരണകളും കാര്യങ്ങളും സ്റ്റാറ്റസ് പ്രതീകങ്ങളുമുണ്ട്. ഒരു വര്‍ക്‌സ് മാനേജരേക്കാള്‍ വേതനം നേടുന്നുണ്ടെങ്കിലും അയാള്‍ക്ക് താഴെയുള്ള വെല്‍ഡര്‍ക്ക് ഈ സമൂഹം അത്ര വലിയ വില നല്‍കില്ല.

മാത്രമല്ല, ചില കുടുംബക്കാര്‍ ചില പ്രത്യേക കാര്യങ്ങളേ ചെയ്യാന്‍ പാടുള്ളൂ എന്ന ധാരണയും നമുക്കുണ്ട്. പരമ്പരാഗതമല്ലാത്ത കാര്യങ്ങള്‍ വിട്ട് ഈ കുടുംബത്തിലുള്ളവരോ സമുദായത്തിലുള്ളവരോ സഞ്ചരിച്ചാല്‍ പൊതുസമൂഹത്തിന് അത് ഉള്‍ക്കൊള്ളാനാകില്ല.

നമുക്ക് ചുറ്റിലും ഒന്നു നോക്കു. ചെറിയ തോതിലുള്ള കൃഷി നമുക്ക് ഹോബിയാണെന്ന് അംഗീകരിക്കാം. പക്ഷേ അതൊരു പ്രൊഫഷനാണെന്ന് പറയാന്‍ മടിയാണ്. അല്ലെങ്കില്‍ അതിനെ അങ്ങനെ സമൂഹം അംഗീകരിക്കുന്നില്ല. കേരളത്തിലെ പട്ടണങ്ങളിലൂടെ സൈക്കിളില്‍ സഞ്ചരിക്കാന്‍ മലയാളിക്ക് മടിയാണ്. യൂറോപ്യന്മാര്‍ കൂടുതല്‍ കൂടുതല്‍ സൈക്കിളുകളെ ഗതാഗതത്തിന് ഉപയോഗിക്കുമ്പോള്‍ കാറില്‍ കുറഞ്ഞതൊന്നും യാത്രയ്ക്ക് ചിന്തിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് മലയാളികളുടെ പോക്ക്.

3. മതം അല്ലെങ്കില്‍ ജാതി വേലിക്കെട്ടുകള്‍

പുരാതനകാലത്ത് ചില ജോലികളുടെ പേരില്‍ സമൂഹത്തില്‍ സമുദായക്കാരെ വേര്‍തിരിച്ചു നിര്‍ത്തിയിരുന്നു. പിന്നീട് കാലം പോകെ അത്തരം ജോലികള്‍ ആ പ്രത്യേക സമുദായക്കാരുടേതായി. ഈ സമുദായത്തിലുള്ളവര്‍ക്ക് പിന്നീട് അതില്‍ നിന്ന് വഴിമാറി സഞ്ചരിക്കാന്‍ താല്‍പ്പര്യമുണ്ടായിട്ടുപോലും പൊതുസമൂഹം അത് അംഗീകരിക്കാന്‍ മടിച്ചു.

കേരളത്തിലെ ഒരു നായരോ മേനോനോ ഒരു മരപ്പണിക്കാരന്റെയോ ആശാരിയുടേയോ ജോലി ചെയ്യില്ല. അവര്‍ക്ക് അതിനുള്ള താല്‍പ്പര്യമോ യോഗ്യതയോ വൈദഗ്ധ്യമോ ഉണ്ടെങ്കില്‍ പോലും ഇവിടെ അത് നടപ്പുള്ള കാര്യമല്ല. ഇത് പഞ്ചാബിലോ ഇന്ത്യയില്‍ മറ്റൊരിടത്തോ കാണില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രൊഫഷനുകള്‍ പുതുതലമുറ ഒരു തൊഴിലവസരമായി പോലും പരിഗണിക്കാതെയായി.

4. സാമ്പത്തിക അച്ചടക്കമില്ലായ്മ

പൊതുവേ മലയാളികള്‍ക്ക് സാമ്പത്തിക അച്ചടക്കമില്ല. അവരെപ്പോഴും അവരുടെ വിഭവസമ്പത്തിനപ്പുറമുള്ള ജീവിതമാണ് നയിക്കുന്നത്. സ്വപ്‌നം കാണുന്ന വീടാണെങ്കിലും നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസമാണെങ്കിലും നടത്താന്‍ തീരുമാനിക്കുന്ന പരിപാടിയാണെങ്കിലും ഒന്നും സ്വന്തം വരുമാനവുമായി ഒത്തുപോകുന്നതാകില്ല.

ബിസിനസില്‍ നിന്നുണ്ടാകുന്ന വരുമാനം തിരികെ ബിസിനസില്‍ നിക്ഷേപിക്കാന്‍ മലയാളികള്‍ വിമുഖരാണ്. ഈ മനോഭാവം കാരണം കുറച്ചുകാലം കഴിയുമ്പോള്‍ ബിസിനസുകള്‍ക്ക് പ്രവര്‍ത്തന മൂലധനം ഉണ്ടാവില്ല.

5. ബിസിനസ് നടത്തിപ്പില്‍ നല്‍കുന്ന ചില തെറ്റായ മുന്‍ഗണനാക്രമങ്ങള്‍

ഒരു ബിസിനസ് തുടങ്ങുമ്പോള്‍ ഏതിനൊക്കെ എത്രയൊക്കെ പണം ചെലവിടണം എന്നതിനെയൊക്കെ സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടും മുന്‍ഗണനാക്രമങ്ങളും വേണം. മലയാളികള്‍ ഫാക്ടറിയില്‍ സ്ഥാപിക്കാനുള്ള യന്ത്രം വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പണം ഫാക്ടറി കെട്ടിടം പണിയാനും മോടിപിടിക്കാനും ചെലവിട്ടുകളയും. കേരളത്തിലെ ചില പഴയ ബസ് സ്റ്റാന്‍ഡുകള്‍ തന്നെ നോക്കൂ. വലിയ കെട്ടിടങ്ങളും മറ്റും കാണും. ബസുകള്‍ കയറിയിറങ്ങി പോകാന്‍ മികച്ച സംവിധാനമോ പാര്‍ക്കിംഗ് സിസ്റ്റമോ അവിടെ കാണില്ല.

6. സാമ്പത്തിക വശത്തെ കുറിച്ചുള്ള ധാരണമില്ലായ്മ

നാം ഒരു ടീച്ചര്‍ ജോലിക്കായി 25 ലക്ഷം കൊടുക്കും. മെഡിക്കല്‍ കോളെജില്‍ പ്രവേശനം ലഭിക്കാന്‍ 50 ലക്ഷം കൊടുക്കാനും മടിയൊന്നുമില്ല. 50 ലക്ഷം രൂപ കൊടുത്ത് എംബിബിഎസിന് സീറ്റ് വാങ്ങിയിട്ട് പിന്നീട് എന്തുചെയ്യുമെന്ന് നാം ആലോചിക്കുന്നില്ല. വെറും എംബിബിഎസ് നേടിയാല്‍ ഒരു തൊഴില്‍ പോലും ഇപ്പോള്‍ ഉറപ്പില്ല. എന്തിന് മാന്യമായ വേതനം പോലും കിട്ടിയെന്ന് വരില്ല. അങ്ങേയറ്റം സ്റ്റാറ്റസ് നോക്കുന്ന മലയാളികള്‍ രോഗം വന്നാല്‍ വെറും എംബിബിഎസുകാരനെ കാണാന്‍ പോകില്ല. പകരം എംഡിയോ എംഎസോ ഒക്കെയുള്ളവരെയേ കാണൂ. ഗള്‍ഫില്‍ ഒരു ജോലി കിട്ടാന്‍ എത്ര പണം വേണമെങ്കിലും ചെലവിടും. അതുമൂലമുണ്ടാകുന്ന കടക്കെണിയില്‍ നിന്ന് കരകയറാന്‍ കിട്ടുന്ന വേതനം മതിയാകില്ലെന്ന് മാത്രം.

7. അപ്രന്റീസാവാന്‍ ഞങ്ങളെ കിട്ടില്ല!

ഒരു പണി പഠിക്കാന്‍ നില്‍ക്കുന്ന കാര്യം മലയാളികള്‍ക്ക് ആലോചിക്കാന്‍ പോലുമാകുന്നില്ല. കുറഞ്ഞ വേതനത്തില്‍ കഠിനാധ്വാനം ചെയ്ത് പണി പഠിക്കാന്‍ നമുക്ക് മടിയാണ്. ഏത് ജോലിക്ക് കയറിയാലും തുടക്കത്തില്‍ വലിയ വേതനം വേണം. അപ്രന്റീസ്ഷിപ്പ് എന്ന കാര്യം ഉള്‍ക്കൊള്ളില്ല. ഏത് പണിയും പഠിച്ച് നേടുന്ന സ്‌കില്‍ അഥവാ വൈദഗ്ധ്യം ഒരു ബ്ലാങ്ക് ചെക്കുപോലെയാണ്. ഭാവിയില്‍ നമുക്ക് ഏത് വലിയ തുകയും അതില്‍ നമുക്ക് എഴുതി ചേര്‍ക്കാം. നമ്മുടെ വേതനമായി എന്ത് പറഞ്ഞാലും ജോലി അറിയാവുന്നനെ എടുക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറാകും. പക്ഷേ ഇക്കാര്യത്തെ കുറിച്ച് നമുക്ക് വലിയ ധാരണയില്ല.

8. ഊതിവീര്‍പ്പിച്ച അഹംഭാവം

മലയാളിയുടെ സഹജമായ കാര്യമാണ് ഊതിവീര്‍പ്പിച്ച അഹംഭാവം. തമിഴ്‌നാട്ടിലോ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ നമുക്കിത് കാണാന്‍ സാധിക്കില്ല. മലയാളികള്‍ ഒരിക്കലും വളരെ എളുപ്പം മറ്റുള്ളവരുടെ ആശയം സ്വീകരിക്കില്ല. മറ്റൊരാളുടെ ലീഡര്‍ഷിപ്പ് അംഗീകരിക്കാന്‍ മടിയാണ്. ഒരാളെ നേതാവായി പരിഗണിക്കാന്‍ തന്നെ കാലമേറെ പിടിക്കും.

9. നിലവാരമില്ലാത്ത മാര്‍ക്കറ്റിംഗ്

ഉല്‍പ്പന്നങ്ങള്‍ മികച്ച രീതിയില്‍ പായ്‌ക്കേജ് ചെയ്തിറക്കാനോ വിപണി അവതരിപ്പിക്കാനോ മലയാളികള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ചന്ദ്രിക സോപ്പിനെ തന്നെ നോക്കൂ. വിപ്രോ അത് ഏറ്റെടുക്കും വരെ വര്‍ഷങ്ങളോളം ഒരു മാറ്റവുമില്ലാതെയായിരുന്നു അത് വിപണിയിലെത്തിയത്. വിപ്രോ പായ്‌ക്കേജിംഗ് മുതല്‍ സോപ്പിലടങ്ങിയിരുന്ന ചര്‍മ്മരോഗത്തിനുള്ള മികച്ച ഔഷധമായ മരോട്ടി എണ്ണ വരെ മാറ്റി വെളിച്ചെണ്ണയാക്കി.

10. അതിരുകള്‍ കടന്ന് പോകാനുള്ള മടി

കേരളത്തിന്റെ അല്ലെങ്കില്‍ പരമ്പരാഗതമായ വിപണിയുടെ അതിരുകള്‍ കടന്ന് മുന്നോട്ടുപോകാന്‍ മടിയാണ് പലപ്പോഴും. ബിസിനസില്‍ അതിരുകളില്ലാതെ ചിന്തിക്കാനും ഭയമോ മടിയോ ഒക്കെയാണ്.

പോപ്പിക്കും ജോണ്‍സിനുമെല്ലാം ഒരിന്ത്യന്‍ കുട ബ്രാന്‍ഡാകാന്‍ വന്‍ സാധ്യതകളാണുള്ളത്. സ്‌കൂബി ഡേ ബാഗിന് രാജ്യം മുഴുവന്‍ അറിയപ്പെടുന്ന ബ്രാന്‍ഡാകാനും സാധിക്കും. പക്ഷേ ചില പ്രത്യേക കാരണങ്ങളാല്‍ കേരള മാര്‍ക്കറ്റും കടന്ന് ദേശവ്യാപകമായി ഈ ബ്രാന്‍ഡുകള്‍ അതിന്റെ സാധ്യതകള്‍ പൂര്‍ണമായി മുതലെടുക്കുന്നില്ല.

11. കേരളത്തിന്റെ സ്ഥാനം

ഇന്ത്യന്‍ ഭൂപടത്തിലെ കേരളത്തിന്റെ സ്ഥാനവും ബിസിനസിന്റെ വളര്‍ച്ചയ്ക്ക് വിഘാതമാകുന്നുണ്ട്. ഇന്ത്യയുടെ വാലറ്റത്ത് കിടക്കുന്ന സംസ്ഥാനത്തിലേക്ക് മറ്റിടങ്ങളില്‍ നിന്ന് അസംസ്‌കൃത വസ്തുക്കളെത്തിച്ച് ഉല്‍പ്പന്നമാക്കി വീണ്ടും ദേശീയ വിപണിയിലെത്തിക്കുക എന്ന ത് ശ്രമകരമായ കാര്യമാണ്. കടത്തുകൂലി തന്നെ വലിയ തുകയാകും. സംസ്ഥാനത്തിന് പുറത്തുള്ള വിപണി പിടിക്കാന്‍ വേണ്ട മാര്‍ക്കറ്റിംഗ് ചെലവും വളരെ കൂടുതലായിരിക്കും.

12. കുറഞ്ഞ ലാഭം, കൂടുതല്‍ വില്‍പ്പന

മലയാളികളുടെ ബിസിനസ് മനോഭാവത്തില്‍ എത്രയും വേഗം കടന്നുവരേണ്ട കാര്യമാണിത്. കുറഞ്ഞ ലാഭം മനസില്‍ വെച്ചുകൊണ്ട് കൂടുതല്‍ വില്‍പ്പന വളര്‍ത്താന്‍ ശ്രമിക്കണം. ഈ ചിന്ത എന്തുകൊണ്ടോ നമുക്കില്ല. അതു വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it