മെയ് 19 നു ശേഷം ഇന്ധനവില കുതിക്കുമോ? 

അന്താരാഷ്ട്ര എണ്ണ വിലവർധനവും ഇറാൻ ഉപരോധവും കൊണ്ടുള്ള അധികഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാൻ എണ്ണക്കമ്പനികൾ വൈകാതെ നിർബന്ധിതരാകും.  

oil price india

യുഎസ് ഉപരോധം മൂലം ഇന്ത്യയ്ക്ക് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കേണ്ടി വന്നതും അന്താരാഷ്ട്ര വിപണിയിലെ വിലവർധനവും രാജ്യത്തെ എണ്ണക്കമ്പനികൾക്ക് ഇറക്കുമതി ചെലവ് കൂട്ടിയിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ ആഭ്യന്തര ഇന്ധന വിലയിൽ കാര്യമായ മാറ്റങ്ങളൊന്നും കമ്പനികൾ വരുത്തിയിട്ടില്ല. കാരണം?

പൊതുതെരഞ്ഞെടുപ്പിന്റെ സമയത്ത് വോട്ടർമാരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഒരു നീക്കത്തിനും സർക്കാർ തയ്യാറല്ലാത്തതാവാം പെട്രോൾ, ഡീസൽ വിലയിൽ താൽക്കാലികമായി കാണുന്ന ഈ സ്ഥിരതയ്ക്കു പിന്നിൽ.

മെയ് 3 മുതൽ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചതായാണ് റിപ്പോർട്ടുകൾ. ചൈനയ്ക്കു ശേഷം ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയിരുന്ന രാജ്യമാണ് ഇന്ത്യ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കിയാൽ ഇറാൻ ഡിസ്‌കൗണ്ട് നിരക്കിലാണ് ഇന്ത്യയ്ക്ക് എണ്ണ നൽകിയിരുന്നത്. യുഎസ് ഉപരോധം കാരണമാണ് ഇറക്കുമതി നിർത്തിവക്കേണ്ടി വന്നതെങ്കിലും, ആ നഷ്ടം നികത്താൻ വില കുറച്ച് എണ്ണ തരാൻ യുഎസ് ഒരുക്കമല്ല.

2018-19 ൽ ഇന്ത്യ ഉപയോഗിച്ച എണ്ണയുടെ 83.7 ശതമാനവും ഇറക്കുമതി ചെയ്തതാണ്. ഇതിൽ 10.6 ശതമാനവും വന്നത് ഇറാനിൽ നിന്നായിരുന്നു. 114.2 ബില്യൺ ഡോളറാണ് മൊത്തം എണ്ണ ഇറക്കുമതി ചെയ്യുന്നതിന് കഴിഞ്ഞ വർഷം ഇന്ത്യ ചെലവഴിച്ചത്.

ലോകത്തിലെ ആകെ എണ്ണ കയറ്റുമതിയുടെ 4 ശതമാനവും ഇറാനിൽ നിന്നാണ്. ആഗോള ഓയിൽ സപ്ലെയുടെ 4 ശതമാനം വിപണിയിൽ  നിന്ന് തുടച്ചുമാറ്റിയാൽ എണ്ണ വില കുതിച്ചുയരുമെന്നതിൽ സംശയമില്ല.

കഴിഞ്ഞ മാസം മാത്രം 10 ശതമാനം ഉയർച്ചയാണ് രാജ്യാന്തര വിപണിയിൽ എണ്ണയ്ക്കുണ്ടായത്. എന്നിട്ടും ഇത് ആഭ്യന്തര വിലയിൽ പ്രതിഫലിച്ചില്ല. മെയ് 19 ന് തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ, എണ്ണവില കൂട്ടാതിരുന്നതുകൊണ്ട് ഇതുവരെ നേരിടേണ്ടി വന്ന നഷ്ടം നികത്താൻ എണ്ണക്കമ്പനികൾ മുൻകൈയ്യെടുത്തേക്കുമെന്നാണ് സൂചന.

2017 ഡിസംബറിലെ ഗുജറാത്ത് തെരഞ്ഞെടുപ്പ്, 2018 മേയിലെ കർണാടക തെരഞ്ഞെടുപ്പ്, 2017 ജനുവരി മുതൽ ഏപ്രിൽ വരെ അഞ്ച് വടക്കൻ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകൾ എന്നിവയുടെ സമയത്തും എണ്ണ വില കമ്പനികൾ മരവിപ്പിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോഴേക്കും എണ്ണ വിലയിൽ വൻ വർധനവാണ് ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here