ഡ്രോണ്‍ ഉപയോഗത്തിന് നിയമമായി, തെറ്റിച്ചാല്‍ കുടുങ്ങും

നിരവധി അവ്യക്തകള്‍ക്കൊടുവില്‍ ഡ്രോണ്‍ ഉടമസ്ഥതയ്ക്കും ഉപയോഗത്തിനും നിയമം വന്നു. ഡ്രോണുകളുടെ കൊമേഴ്സ്യല്‍ ഉപയോഗത്തിനുള്ള ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ പുതിയ നിയമം ഈ വര്‍ഷം ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. റിമോട്ട്ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് എന്ന വിഭാഗത്തിന് കീഴിലാണ് ഡ്രോണുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിയമത്തില്‍ ഭാരമനുസരിച്ച് ഡ്രോണുകളെ അഞ്ച് വിഭാഗങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 250 ഗ്രാമോ അതില്‍ താഴെയോ ഭാരമുള്ള ഡ്രോണുകളെയാണ് നാനോ വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്. 250 ഗ്രാമിനും രണ്ട് കിലോയ്ക്കും ഇടയിലുള്ള ഡ്രോണുകളെ മൈക്രോ എന്ന വിഭാഗത്തിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രണ്ട് കിലോയ്ക്കും 25 കിലോയ്ക്കും ഇടയിലുള്ളത് സ്മോള്‍ വിഭാഗമാണ്. 25 കിലോയ്ക്കും 150 കിലോയ്ക്കും ഇടയില്‍ മീഡിയം വിഭാഗവും 150 കിലോയ്ക്ക് മുകളിലുള്ളത് ലാര്‍ജ് വിഭാഗവുമാണ്. ഇതില്‍ 250 ഗ്രാമിന് താഴെയുള്ള ഡ്രോണ്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. എന്നാല്‍ മൈക്രോ, സ്മോള്‍, മീഡിയം, ലാര്‍ജ് വിഭാഗത്തിലുള്ളവ രജിസ്റ്റര്‍ ചെയ്യണം. സ്മോള്‍, മീഡിയം, ലാര്‍ജ് വിഭാഗത്തിലുള്ള ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ റിമോട്ട് പൈലറ്റ് ലൈന്‍സ് നേടേണ്ടതുണ്ട്. (നാനോ, മൈക്രോ വിഭാഗങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്). ഈ വിഭാഗങ്ങളിലുള്ള ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 18 വയസും വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയുമാണ്. ഇംഗ്ലിഷ് അറിഞ്ഞിരിക്കുകയും വേണം. അനുമതികള്‍ നേടുന്നതിനായി ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കും.

250 ഗ്രാമിന് മുകളിലുള്ള ഡ്രോണ്‍ വിദേശത്തുനിന്ന് വാങ്ങിക്കൊണ്ടുവരുന്നതിന് ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് ഇംപോര്‍ട്ട് ക്ലിയറന്‍സിന് അപേക്ഷിക്കണം. ഡ്രോണ്‍ ഉപയോഗത്തിനുള്ള ഉയരപരിധി 400 അടി വരെയാണ്.

ഡ്രോണുകള്‍ പറത്താന്‍ പാടില്ലാത്ത ഇടങ്ങള്‍ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളുടെ അഞ്ചുകിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലും രാജ്യാന്തര അതിര്‍ത്തികളുടെ 25 കിലോമീറ്റര്‍ പരിധിക്കുള്ളിലും സെക്രട്ടറിയേറ്റിന്‍റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുമൊക്കെ ഡ്രോണ്‍ പറത്തല്‍ നിരോധിച്ചിട്ടുണ്ട്. നിയമം തെറ്റിച്ചാല്‍ കര്‍ശനമായ നടപടികള്‍ നേരിടേണ്ടിവരും. (നിരോധിത ഇടങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്)

വിവിധ കമ്പനികള്‍ വില്‍ക്കുന്ന ഡ്രോണുകളിലേറെയും 300 ഗ്രാമിന് മുകളിലുള്ളവയാണെന്നത് സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുന്നു. 250 ഗ്രാമിന് താഴെയുള്ള ഡ്രോണുകള്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് വിഭാഗത്തിലുള്ളവയോ കുട്ടികളുടെ കളിപ്പാട്ടമോ ആണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it