ഉജ്ജ്വലമായ ആശയങ്ങള്‍ ലഭിക്കാന്‍ ലളിതമായ ഏഴ് വഴികള്‍!

ആശയങ്ങള്‍ക്ക് ലോകത്തെ മാറ്റാനും കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിക്കാനുമുള്ള ശക്തിയുണ്ട്. മഹത്തായ ആശയങ്ങള്‍ എങ്ങനെ ലോകത്ത് വിപ്ലവം സൃഷ്ടിക്കുമെന്നതിന്റെ ആധുനികകാലത്തെ ചില ഉദാഹരണങ്ങളാണ് യൂബറും എയര്‍ബിഎന്‍ബിയും.

ക്രിയാത്മകമായ ആശയങ്ങള്‍ കൊണ്ടുവരുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മികച്ചതായി ചിന്തിക്കാനും കൂടുതല്‍ ക്രിയാത്മകമാക്കാനും സഹായിക്കുന്ന ഏറ്റവും ലളിതമായ, എന്നാല്‍ ശക്തമായതുമായ ഏഴ് വഴികള്‍ ഇതാ:

1. കുളി

അടുത്തപ്രാവശ്യം നിങ്ങള്‍ക്ക് ഒരു പ്രശ്നത്തിന് ക്രിയാത്മകമായ പരിഹാരം വേണ്ടപ്പോള്‍, ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

ഇത് വളരെ നിസാരമായ ഒന്നായി നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ നല്ല ആശയങ്ങള്‍ ലഭിക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് കുളിയെന്നാണ് ഇതേക്കുറിച്ച് നടന്നിട്ടുള്ള നിരവധി ഗവേഷണങ്ങള്‍ പറയുന്നത്.

കോഗ്‌നിറ്റീവ് സൈക്കോളജിസ്റ്റായ സ്‌കോട്ട് ബാരി കോഫ്മാന്‍ നടത്തിയ സര്‍വേയില്‍ 72 ശതമാനം ആളുകള്‍ക്ക് അവരുടെ ഏറ്റവും മികച്ച ആശയങ്ങള്‍ കുളിയില്‍ നിന്നാണ് ലഭിച്ചതെന്ന് കണ്ടെത്തി. പുതിയ ചിന്തകളും ഉള്‍ക്കാഴ്ചകളും ലഭിക്കുക എന്ന ഉദ്ദേശ്യത്തിനായി കുളിക്കുന്നുവെന്ന് 14 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

ഹോളിവുഡ് എഴുത്തുകാരനും ഡയറക്റ്ററുമായ വുഡി അലന്‍ തന്റെ സ്‌ക്രിപ്റ്റുകള്‍ക്ക് ക്രിയാത്മകമായ ആശയങ്ങള്‍ ലഭിക്കുന്നതിനായി ചൂടുവെള്ളത്തില്‍ ഏറെനേരം കുളിക്കുമത്രേ.

പുതിയ ബ്ലോഗ് പോസ്റ്റുകള്‍ക്കോ അല്ലെങ്കില്‍ എഴുതിക്കൊണ്ടിരിക്കുന്ന ലേഖനങ്ങള്‍ക്കോ മികച്ച ആശയങ്ങള്‍ ലഭിക്കുന്നതിന് കുളി എത്രമാത്രം സഹായകരമാണെന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഞാന്‍ അവയെക്കുറിച്ച് ബോധപൂര്‍വം ചിന്തിക്കാത്തപ്പോള്‍ ഈ ആശയങ്ങള്‍ പെട്ടെന്ന് കടന്നുവരുന്നു. എന്റെ ഫോണ്‍ അല്ലെങ്കില്‍ പേനയും പേപ്പറും അടുത്തുതന്നെ സൂക്ഷിക്കണമെന്ന് എനിക്ക് മനസിലായി. കാരണം ഈ ആശയങ്ങള്‍ പെട്ടെന്നു വരുകയും അതുപോലെ അപ്രത്യക്ഷമാകുകയും ചെയ്യും.

2. പ്രകൃതിയില്‍ ആയിരിക്കുക

നിരവധി എഴുത്തുകാരും കവികളും കലാകാരന്മാരും സഹസ്രാബ്ദങ്ങളായി പ്രകൃതിയില്‍ നിന്ന് നേരിട്ട് പ്രചോദനം ഉള്‍ക്കൊള്ളുന്നവരാണ്. പ്രകൃതിയോടൊപ്പമായിരിക്കുന്നത് നമ്മുടെ കോഗ്‌നിറ്റീവ ഫങ്ഷണിംഗും ക്രിയാത്മകതയും മെച്ചപ്പെടുത്തുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തില്‍ 25 മിനിറ്റെങ്കിലും പാര്‍ക്കിലോ അല്ലെങ്കില്‍ പച്ചപ്പുള്ള എവിടെയെങ്കിലും നടക്കുന്നത് വഴി നമ്മുടെ തലച്ചോറിന് വിശ്രമം നല്‍കാനും കോഗ്‌നിറ്റീവ് ഫങ്ഷനിംഗ് മെച്ചപ്പെടുത്താനും സാധിക്കുമെന്ന് കണ്ടെത്തി.

എന്നിരുന്നാലും പ്രകൃതിയോടൊപ്പം ആയിരിക്കാനുള്ള സാഹചര്യം നിങ്ങള്‍ക്കില്ലെങ്കില്‍ വിഷമിക്കേണ്ടതില്ല. നിങ്ങളുടെയടുത്ത് വീടിനുള്ളില്‍ വളര്‍ത്തുന്ന ഏതാനും ചെടികളുണ്ടെങ്കില്‍പ്പോലും നിങ്ങള്‍ക്ക് കൂടുതല്‍ ക്രിയാത്മകത ലഭിക്കും.

ടെക്സാസ് A&M യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ നിങ്ങളു
ടെ അടുത്ത് ചെടികള്‍ വെയ്ക്കുന്നത് 15 ശതമാനമോ അതില്‍ കൂടുതലോ ക്രിയാത്മകത കൂട്ടുമെന്ന് കണ്ടെത്തിയിരിക്കുന്നു.

നമ്മുടെ പൂര്‍വ്വികര്‍ സസ്യങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും നടുവിലായാണ് ജീവിച്ചിരുന്നത്. അതായത് അവരുടെ ഭക്ഷ്യഉറവിടങ്ങള്‍ക്ക് നടുവില്‍. ഇത് അടുത്ത ഭക്ഷണം എന്തായിരിക്കുമെന്ന അവരുടെ ആശങ്ക അകറ്റാനും കൂടുതല്‍ ശാന്തമായിരിക്കാനും സഹായിച്ചതായി പരിണാമ മനശാസ്ത്രജ്ഞരുടെ സിദ്ധാന്തങ്ങള്‍ പറയുന്നു.

സസ്യങ്ങളുടെ സാന്നിധ്യം നമ്മുടെ ക്രിയാത്മകത കൂട്ടുന്നതിന് മറ്റൊരു വിശദീകരണം കൂടിയുണ്ട്. പച്ചനിറം നമ്മുടെ ക്രിയാത്മകത കൂട്ടുന്നത് കൊണ്ടുകൂടിയാകാം.

ജര്‍മ്മന്‍ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ ക്രിയാത്മകമായ ജോലികള്‍ ചെയ്യുന്നതിന് മുമ്പ് രണ്ട് സെക്കന്‍ഡ് നേരത്തേക്ക് ചില നിറങ്ങളില്‍ നോക്കുന്നത് എന്ത് സ്വാധീനമുണ്ടാക്കുമെന്ന് കണ്ടെത്തി. വെളുപ്പ്, ഗ്രേ, ചുവപ്പ്, നീല തുടങ്ങിയ നിറങ്ങളേക്കാള്‍ പച്ചനിറത്തിന് ആളുകളുടെ സര്‍ഗാത്മകത വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായി അവര്‍ കണ്ടെത്തി.

3. സംഗീതത്തിന്റെ ശക്തി ഉപയോഗിക്കുക

തലച്ചോറിന്റെ രണ്ട് അര്‍ദ്ധഗോളങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ക്രിയാത്മകത ഉണ്ടാകുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. നാം സംഗീതം കേള്‍ക്കുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. തലച്ചോറിന്റെ രണ്ട് വശങ്ങളും ഒരുപോലെ ഉത്തേജിപ്പിക്കപ്പെടുന്ന ചുരുക്കം ചില കാര്യങ്ങളില്‍ ഒന്നാണിത്.

തീര്‍ച്ചയായും എല്ലാ തരത്തിലുള്ള സംഗീതവും സഹായകരമാകണമെന്നില്ല. ചിലത് നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നതാകാം. അല്ലെങ്കില്‍ സര്‍ഗാത്മകതയ്ക്ക് തടസം നില്‍ക്കുന്നതാകാം. സന്തോഷകരമോ നമുക്ക് പ്രചോദനം തോന്നുന്നതോ ആയ സംഗീതം കേട്ട ആളുകള്‍ക്കിടയില്‍ നടത്തിയ ഗവേഷണത്തില്‍ നിന്ന് ക്രിയാത്മകത കൂടിയതായി മനസിലാക്കാന്‍ കഴിഞ്ഞു.

എഴുതാന്‍ സഹായിക്കുന്നതിനായി ഞാന്‍ പശ്ചാത്തലസംഗീതമോ ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്കോ കേള്‍ക്കാറുണ്ട്. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന കാര്യങ്ങളെ അവഗണിക്കാനും കൂടുതല്‍ നന്നായി, ശാന്തമായി ചിന്തിക്കുന്നതിനും ഇതെന്നെ വളരെയധികം സഹായിക്കുന്നതായി മനസിലാക്കാന്‍ കഴിഞ്ഞു.

4. ഒരു നടത്തം ആകാം

തന്റെ ക്രിയാത്മകത പുറത്തുകൊണ്ടുവരുന്നതിനുള്ള സ്റ്റീവ് ജോബ്സിന്റെ മാര്‍ഗം ദീര്‍ഘമായ നടത്തമായിരുന്നു.

ദീര്‍ഘമായ നടത്തം അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. അങ്ങനെ നടക്കുമ്പോഴായിരുന്നു അദ്ദേഹം ക്രിയാത്മകമായി ചിന്തിച്ചിരുന്നത്. നടക്കുമ്പോള്‍ ആളുകളുമായി ബ്രെയ്ന്‍സ്റ്റോമിംഗ് മീറ്റിംഗുകള്‍ സ്ഥിരമായി നടത്തുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു.

ദീര്‍ഘനേരം നടക്കുന്നത് ക്രിയാത്മകത കൂട്ടുമെന്ന് സോഷ്യല്‍ മീഡിയ പ്രമുഖരായ ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ്, ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സീ, ലിങ്ക്ഡിന്‍ സിഇഒ ജെഫ് വീനര്‍ എന്നിവര്‍ പറഞ്ഞിട്ടുണ്ട്.

ഇരിക്കുന്നതിന് പകരം നടക്കുമ്പോള്‍ നമ്മുടെ തലച്ചോര്‍, ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ മികച്ചതായി പ്രവര്‍ത്തിക്കുന്നു. നടത്തം തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും കൊഗ്‌നിറ്റീവ് ഫങ്ഷനിംഗ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

നടത്തം സര്‍ഗാത്മക ചിന്തകളെ ശരാശരി 60 ശതമാനം കൂട്ടുമെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷണം പറയുന്നു.

5. സ്വതന്ത്രമായി എഴുതുക

ക്രിയാത്മകമായ ഉള്‍ക്കാഴ്ചകളും നല്ല ആശയങ്ങളും ലഭിക്കാനുള്ള മികച്ച മാര്‍ഗമായാണ് എഴുത്തുകാര്‍ പൊതുവേ സ്വതന്ത്രമായ എഴുത്തിനെ (free writing) കാണുന്നത്.

എഴുതുമ്പോള്‍ എത്ര വേഗത്തില്‍ എഴുതാമോ അത്രയും വേഗത്തില്‍ മനസിലേക്ക് വരുന്ന ചിന്തകള്‍ യാതൊരു വിധത്തിലും തിരുത്താതെ നേരെ എഴുതുക. അക്ഷരത്തെറ്റിനെക്കുറിച്ചോ വ്യാകരണത്തെക്കുറിച്ചോ ചിന്തിക്കാതെ എഴുതുക. എഴുതിക്കൊണ്ടിരിക്കുമ്പോള്‍ എഡിറ്റ് ചെയ്യരുത് എന്നതാണ് ഏറ്റവും പ്രധാനം. അത് നിങ്ങള്‍ക്ക് പിന്നീട് ചെയ്യാം.

ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് നിങ്ങള്‍ക്ക് ക്രിയാത്മകമായ ആശയങ്ങള്‍ ലഭിക്കണമെന്നിരിക്കട്ടെ. ആ വിഷയത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഇതിനകം അറിയാവുന്നതെല്ലാം എഴുതിക്കഴിയുമ്പോള്‍ നിങ്ങള്‍ എഴുത്ത് നിര്‍ത്താന്‍ സാധ്യതയുണ്ട്.

പക്ഷെ എഴുതുന്നത് തുടരുക. നിര്‍ത്താനുള്ള പ്രേരണയുണ്ടാകുമ്പോള്‍ തുടരാന്‍ സ്വയം നിര്‍ബന്ധിച്ച് എഴുതിക്കൊണ്ടിരിക്കുക.

ഇവിടെയാണ് മാന്ത്രികത സംഭവിക്കാന്‍ തുടങ്ങുന്നത്. നിങ്ങള്‍ പെട്ടെന്ന് മറ്റൊരു സ്ഥലത്ത് എത്തിപ്പെട്ടതായി തോന്നുകയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ ആശയങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതായി കാണാനും സാധിച്ചേക്കും.

സ്വതന്ത്രമായ എഴുത്തിനെക്കുറിച്ച് പറയുമ്പോള്‍ ക്ഷമയും സ്ഥിരോല്‍സാഹവും അതിന് ആവശ്യമാണ്. നേരത്തെ പറഞ്ഞ ഉള്‍ക്കാഴ്ചകള്‍ നിങ്ങളുടെ ആദ്യ എഴുത്തില്‍ തന്നെ ലഭിക്കണമെന്നില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ആവശ്യമുള്ള ആശയങ്ങള്‍ കിട്ടുന്നത് വരെ എഴുത്ത് ആവര്‍ത്തിക്കുക.

6. പകല്‍ക്കിനാവുകള്‍

പകല്‍ക്കിനാവുകള്‍ കാണുന്നത് മോശം കാര്യമായാണ് സാധാരണ കാണുന്ന്. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് ഇവ നമ്മുടെ സര്‍ഗ്ഗാത്മകതയെ കാര്യമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ്.

ജോലികള്‍ക്കിടയില്‍ പകല്‍ക്കിനാവുകള്‍ കാണാന്‍ ഞാന്‍ പറയുന്നില്ല. നിങ്ങളുടെ മനസിന് വിശ്രമിക്കാനും ചിന്തകളില്‍ അലഞ്ഞുതിരിയാനും സമയം കൊടുക്കുന്നത് നിങ്ങളുടെ ക്രിയാത്മകത വര്‍ദ്ധിപ്പിക്കാന്‍ വളരെ സഹായിക്കും.
ഏകാന്തതയില്‍ ബാല്‍ക്കണിയിലൂടെ ദിവസവും കുറച്ച് നേരം നടന്ന് സമയം ചെലവഴിക്കാന്‍ എനിക്കിഷ്ടമാണ്. ആ സമയം ഞാന്‍ പകല്‍ക്കിനാവിനും ഉണര്‍വിനും ഇടയിലാണ്. ഈ അവസ്ഥയില്‍ ഞാന്‍ എന്റെ മനസിനെ വിശ്രമിക്കാനും സ്വതന്ത്രമായി അലഞ്ഞുതിരിയാനും അനുവദിക്കുന്നു. ഇത് തികച്ചും വ്യത്യസ്തവും വിശാലവുമായ വീക്ഷണകോണിലൂടെ കാര്യങ്ങളെ കാണുന്നതിന് സഹായിക്കും. ക്രിയാത്മകമായ ആശയങ്ങളും ഉള്‍ക്കാഴ്ചകളും ലഭിക്കാനും ഇത് സഹായിക്കും.

ഏതാനും കാലം മുമ്പുവരെ പകല്‍ക്കിനാവുകള്‍ എല്ലാവരുടെയും ജീവിതത്തിന്റെ സ്വാഭാവികമായ ഭാഗമായിരുന്നു. എന്നാലിന്ന് സ്മാര്‍ട്ട്ഫോണുകളും മറ്റ് ഗാഡ്ജറ്റുകളും കൂടുതല്‍പ്പേരുടെയും ഒഴിവുസമയം മുഴുവന്‍ സ്വന്തമാക്കുന്നു.

ക്രിയേറ്റീവ് ആശയങ്ങള്‍ കൊണ്ടുവരണമെന്ന് നിങ്ങള്‍ ഗൗരവമായി ചിന്തിക്കുന്നെങ്കില്‍ ദിവസം കുറച്ചുസമയം പകല്‍ക്കിനാവ് കാണാനായി മാറ്റിവെക്കണമെന്ന് ശക്തമായി ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഇത് വളരെ ഫലപ്രദമാണെന്നത് കൊണ്ട് മാത്രമല്ല, വളരെ രസകരവും റിലാക്സിംഗും കൂടിയായതുകൊണ്ടാണ്. നാം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍ നിന്നുള്ള വളരെ സ്വാഗതാര്‍ഹമായ ഇടവേളയായും ഇതിനെ കാണാം.

7. ഉപബോധമനസിന്റെ ശക്തി ഉപയോഗിക്കുക

ട്രെഷര്‍ ഐലന്റ് എന്ന പുസ്തകത്തിന്റെ രചയിതാവായ ആര്‍.എല്‍ സ്റ്റീവെന്‍സണ്‍ തന്റെ പുസ്തകങ്ങള്‍ എഴുതുന്നതിനായി ഈ മാര്‍ഗം ഉപയോഗിച്ചിരുന്നു.

ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് അദ്ദേഹം ഉറങ്ങിക്കഴിയുമ്പോള്‍ കഥകള്‍ തരണമെന്ന് തന്റെ ഉപബോധമനസിനോട് അഭ്യര്‍ത്ഥിക്കും. തന്റെ ബാങ്ക് എക്കൗണ്ട് ബാലന്‍സ് കുറവായിരിക്കുന്ന സമയം എളുപ്പത്തില്‍ വിപണി കണ്ടെത്താനാകുന്ന ഒരു നല്ല ത്രില്ലര്‍ കഥ തരണമെന്ന് അദ്ദേഹത്തിന് ഉപബോധമനസിനോട് ആവശ്യപ്പെടുന്ന ശീലമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ഈ ശക്തി തനിക്ക് സ്വപ്നത്തിലൂടെ ഓരോ ദിവസവും കഥയുടെ ഓരോ ഭാഗങ്ങള്‍ സീരിയല്‍ പോലെ നല്‍കിയെന്ന് സ്റ്റീവെന്‍സണ്‍ പറയുന്നു.

തോമസ് ആല്‍വാ എഡിസണും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതിനായി സ്വന്തം ഉപബോധമനസിനോട് ആവശ്യപ്പെടുന്ന ശീലമുണ്ടായിരുന്നു. ''നിങ്ങളുടെ ഉപബോധമനസിനോട് ഏതെങ്കിലും അഭ്യര്‍ത്ഥനകള്‍ നടത്താതെ ഉറങ്ങാനായി പോകരുത്.'' അദ്ദേഹം പറയുന്നു.

നിങ്ങളുടെ ഉപബോധമനസില്‍ നിന്നുള്ള ഉത്തരങ്ങള്‍ ലഭിക്കുന്നതിന് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ലളിതമായ മാര്‍ഗം ഇതാ:

നിങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് നിങ്ങളുടെ ഉപബോധമനസിനോട് ഒരു ചോദ്യം ചോദിക്കുക.

നിങ്ങള്‍ക്ക് ഉത്തരം കിട്ടുമെന്ന് ഉറച്ചുവിശ്വസിക്കുക.

എഴുന്നേറ്റയുടനെ നിങ്ങള്‍ സ്വപ്നത്തില്‍ കണ്ടതെല്ലാം ഒരു ബുക്കില്‍ കുറിച്ചുവെക്കുക. അല്ലെങ്കില്‍ നിങ്ങളുടെ ദിവസത്തില്‍ ഉണര്‍ന്നിരിക്കുന്ന സമയത്ത് ഉത്തരങ്ങള്‍ക്കായി പരതുക.

ആദ്യത്തെ ശ്രമത്തില്‍ തന്നെ ഉത്തരം ലഭിച്ചില്ലെങ്കില്‍ നിരാശപ്പെടരുത്. ഉപബോധമനസിന്റെ ശക്തി ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയും. സ്വതന്ത്രമായ എഴുത്തുപോലെ ക്ഷമയും സ്ഥിരോല്‍സാഹവും വേണമെന്ന് മാത്രം. നിങ്ങള്‍ക്ക് ക്രിയാത്മകമായ ഉള്‍ക്കാഴ്ചകള്‍ ലഭിക്കാനും നിങ്ങളുടെ ദൈനംദിനജീവിതത്തില്‍ മാര്‍ഗനിര്‍ദ്ദേശം ലഭിക്കുന്നതിനും ഈ മാര്‍ഗ്ഗം ഉപയോഗിക്കാം.

നിങ്ങളുടെ ക്രിയാത്മകത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന രണ്ട് കാര്യങ്ങള്‍ കൂടി പറയാം. നിങ്ങള്‍ ചിന്തിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധമുള്ളവരാകുക. നിങ്ങളുടെ ആശയങ്ങള്‍ പേപ്പറിലോ ഫോണിലോ കുറിച്ചുവെക്കുന്ന ശീലം വളര്‍ത്തിയെടുക്കുക.

ക്രിയാത്മകമായ ആശയങ്ങള്‍ ലഭിക്കുന്നതിന് വളരെ കഠിനമായി ചിന്തിക്കാന്‍ സ്വയം നിര്‍ബന്ധിക്കുന്നതിന് പകരം മനസ് വിശ്രമിക്കുന്നതാണ് നല്ലത്. മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അതിന് ഫലപ്രദമാണ്. കാരണം അവയൊക്കെ നിങ്ങളെ വിശ്രമാവസ്ഥയിലേക്ക് എത്തിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it