കുട്ടികളിൽ നിന്ന് പഠിക്കാം, അഞ്ച് ജീവിത പാഠങ്ങൾ

കുട്ടികൾ ജീവിതത്തെ കുറിച്ച് എത്രയേറെ പഠിക്കാനിരിക്കുന്നു, നാം സാധരണ ചിന്തിക്കുന്നത് ഇങ്ങനെയാണ്. എന്നാൽ കുഞ്ഞുങ്ങളിൽ നിന്ന് പഠിക്കാനും നമ്മുടെ ജീവിതത്തിൽ പകർത്താനും എത്രയോ കാര്യങ്ങളുണ്ട്! വളർന്നു വലുതാകുന്നതിനിടെ എപ്പോഴോ നമ്മൾ മറന്നു പോയ കാര്യങ്ങൾ.

കുട്ടികളിൽ നിന്ന് നമ്മൾ പഠിക്കേണ്ട അഞ്ചു കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഞാൻ നിങ്ങളോട് പറയുന്നത്. കുട്ടികളെ പോലെ ആകുന്നത് സന്തോഷത്തോടെ ജീവിക്കാൻ നമ്മെ എങ്ങനെ സഹായിക്കുമെന്നും.

സ്വപ്നം കാണൂ, പരിധികളില്ലാതെ

കുട്ടികൾക്ക് ഉജ്ജ്വലമായ ഭാവനയുണ്ട്. വലിയ വലിയ സ്വപ്നങ്ങൾ കാണാൻ അവർ ഭയപ്പെടുന്നില്ല, അവരുടെ സ്വപ്നങ്ങൾ നേടിയെടുക്കാനാകുമോ എന്ന് സംശയിക്കുന്നുമില്ല.

കുഞ്ഞുങ്ങളായതു കൊണ്ടു തന്നെ അവർ പരിധികൾ ഇല്ലാതെ ചിന്തിക്കുന്നു. വർഷങ്ങൾ കടന്നുപോകുമ്പോൾ വിദ്യാലയങ്ങളും മാതാപിതാക്കളും സമൂഹവുമൊക്കെയാണ് അവരുടെ ചിന്തകൾക്ക് പരിധികൾ വയ്ക്കുന്നുത്.

മഹാനായ ശാസ്ത്രജ്ഞൻ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ഒരിക്കൽ അഭിപ്രായപ്പെട്ടു "ഭാവന അറിവിനേക്കാൾ പ്രധാനമാണ്, യുക്തി നിങ്ങളെ A യിൽ നിന്ന് B യിലേക്ക് എത്തിക്കും, ഭാവന നിങ്ങളെ എല്ലായിടത്തും കൊണ്ടുപോകും".

ആകർഷണ നിയമ(The Law of Attraction)ത്തിന്റെ ശക്തി നിർണയിക്കുന്നത് വ്യക്തമായ ഭാവനയാണ്. അത് അറിയുന്നത് കൊണ്ടാണ് വാൾട്ട് ഡിസ്‌നി പറഞ്ഞത്. "“നിങ്ങൾക്ക് അത് സ്വപ്നം കാണാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും."

നമ്മുടെ വിദ്യാലയ ജീവിതം മുഴുവൻ യുക്തിയും കാര്യകാരണസഹിതമുള്ള ചിന്താരീതിയുമാണ് നമ്മെ പരിശീലിപ്പിച്ചത്. അതിനാൽ നമുക്ക് സാധ്യമായത് എന്താണ് എന്ന് സങ്കൽപ്പിക്കാനുള്ള നമ്മുടെ കഴിവ് ക്രമേണ കുറയുന്നു.
നമ്മൾ മുതിർന്നു കഴിയുമ്പോൾ നമ്മിൽ പലർക്കും സാധ്യമായതും നേടാനാകുന്നതുമായ കാര്യങ്ങളെ ഇത് നേരിട്ട് ബാധിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക

കുഞ്ഞുങ്ങളെ നോക്കൂ, അവർക്ക് വളരെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താനാകുന്നു.

എന്നാൽ, വലുതാകുമ്പോഴോ, വിജയം ധാരാളം പണം, ഭൗതിക സ്വത്തുക്കൾ, ഇവയെല്ലാമുണ്ടെങ്കിലേ ജീവിതം സന്തോഷകരമാകൂ എന്ന ധാരണയാണ് പൊതുവേ. ഈ ആശയമാകട്ടെ വളരുന്നതിനിടെ നമ്മിലേക്ക്‌ ആവർത്തിച്ചാവർത്തിച്ചു അടിച്ചേല്പിക്കപ്പെട്ട കാര്യമാണ്.

പക്ഷേ, ലാളിത്യമുള്ള, നിഷ്കളങ്കരായ കുട്ടികൾ ഇത്തരം ധാരണകളിൽ നിന്ന് മുക്തരാണ്. അവർക്ക് സന്തുഷ്ടരാകാൻ അധികമൊന്നും ആവശ്യമില്ല.

എന്തെങ്കിലും നേടുന്നതിന്റെയോ അല്ലെങ്കിൽ സ്വന്തമാക്കുന്നതിന്റെയോ ഫലമല്ല സന്തോഷം എന്ന് വെളിപ്പെടുത്തുന്ന മികച്ച ഉദാഹരണമാണ് കുഞ്ഞുങ്ങൾ. നമുക്ക് ചുറ്റുമുള്ള ലോകത്തെ
നാം എങ്ങനെ കാണുന്നു എന്നതാണ് യഥാർത്ഥത്തിൽ സന്തോഷത്തിന്റെ അടിസ്ഥാനം.

ജീവിതത്തെ കളിയായി സമീപിക്കുക

കുട്ടികളോടൊപ്പം സമയം ചെലവിടുന്നത് എല്ലായ്പ്പോഴും തന്നെ ഉന്മേഷദായകമാണ്, കാരണം അവർ കളിയുടെ മനോഭാവത്തോടെയാണ് ജീവിതത്തെ സമീപിക്കുന്നത്. അവർ പെട്ടെന്ന് ചിരിക്കും, നിസാര കാര്യം മതി പൊട്ടിച്ചിരിക്കാൻ.
കാര്യങ്ങളെയെല്ലാം ലാഘവത്തോടെ കാണും. ഒന്നിനെ കുറിച്ചും ഏറെ ആകുലപ്പെടുന്നുമില്ല.

വർത്തമാനകാലത്തിൽ ജീവിക്കുക

കുട്ടികൾ‌ ഭൂതകാലത്തെക്കുറിച്ച് സംസാരിക്കുന്നതിനോ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നതിനോ കൂടുതൽ സമയം ചെലവഴിക്കുന്നില്ല.

അവർക്ക് ലളിതവും വ്യക്തവുമായ മനസുണ്ട്, അത് വർത്തമാനകാലത്തെ കേന്ദ്രീകരിച്ച് ജീവിതം നയിക്കാൻ അവരെ സഹായിക്കുന്നു.
അവർ പെട്ടെന്ന് കരയുകയോ ശ്ശാഠ്യം പിടിക്കുകയോ ചെയ്യുമെങ്കിലും അതിവേഗം ക്ഷമിക്കുകയും മറക്കുകയും ചെയ്യും.

ജിജ്ഞാസയുള്ളവരായിരിക്കുക, ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുക

കുട്ടികൾ എല്ലാ കാര്യങ്ങളിലും ജിജ്ഞാസയുള്ളവരാണ്. അവർ എപ്പോഴും ധാരാളം ചോദ്യങ്ങൾ ചോദിക്കുകയും ചുറ്റുമുള്ളവയെ അത്ഭുതത്തോടെ സമീപിക്കുകയും ചെയ്യുന്നു.

കുഞ്ഞുങ്ങൾ ഈ ലോകത്തു പുതിയവരാണ്. അതുകൊണ്ടുതന്നെ ഉത്തരങ്ങൾക്കായി അവർ മുതിർന്നവരെ ആശ്രയിക്കുന്നു.

നിർഭാഗ്യവശാൽ അവർക്ക് സ്വയം ഉത്തരം കണ്ടെത്താനുള്ള പ്രായമാകുമ്പോൾ അവർ ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തുകയും ചെയ്യുന്നു.

മാതാപിതാക്കളോ അധ്യാപകരോ ആരുമായിക്കൊള്ളട്ടെ, ധാരാളം ചോദ്യങ്ങൾ ചോദിക്കുന്നത് പൊതുവെ പ്രോത്‌സാഹിപ്പിക്കാറില്ല. കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നത് സ്വാഗതാർഹമല്ല എന്ന സന്ദേശമാണ് ഒരു കുട്ടി വളരുമ്പോൾ അവന് / അവൾക്ക് ലഭിക്കുന്നത്.

അതിനാൽ ആളുകൾ വലുതാകുമ്പോൾ അവർ എല്ലാത്തിനെയും ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കുകയും മറ്റുള്ളവർ പറയുന്നത് അടിസ്ഥാനമാക്കി എല്ലാം സ്വീകരിക്കാനും പിന്തുടരാനും തയ്യാറാകുകയും ചെയ്യുന്നതിൽ അത്ര അതിശയിക്കാനില്ല. അത് അവരുടെ സ്കൂളുകൾ, സമൂഹം, മാതാപിതാക്കൾ, മതം, സംസ്കാരം, മാധ്യമങ്ങൾ അങ്ങനെ എന്തും ആകാം.

സമൂഹം അംഗീകരിക്കുന്നത് എന്താണോ അത് അന്ധമായി പിന്തുടരുന്നതിനേക്കാൾ ചോദ്യങ്ങൾ ചോദിക്കുകയും ജിജ്ഞാസുക്കളായി നിലനിൽക്കുകയും ചെയ്യുന്നതിലാണ് കാര്യം.

ലിയനാർഡോ ഡാ വിഞ്ചി, ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, സ്റ്റീവ് ജോബ്സ് എന്നിവരുടെ ജീവചരിത്രം എഴുതിയ Walter Issacson പറയുന്നത് ഇവരൊക്കെ വലിയ വിജയം നേടിയതിന്റെ ഒരു പ്രധാന കാരണം അവരുടെ ജിജ്ഞാസയും പരമ്പരാഗതമായ അറിവിനെ ചോദ്യം ചെയ്യാനുള്ള സന്നദ്ധതയുമാണെന്നാണ്.

കാര്യങ്ങളെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കുമ്പോൾ, നമ്മൾ സ്വയം ചിന്തിക്കുന്നത് നിർത്തുന്നു,
മാത്രമല്ല നമ്മുടെ ഹൃദയത്തിനിണങ്ങുന്ന തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് പകരം നമ്മൾ സമൂഹത്തിന്റെ ഗതിക്കനുസരിച്ചുള്ള ജീവിതം നയിച്ചു തുടങ്ങുന്നു.

വളരുന്നതും വലുതാകുന്നതും ജീവിതത്തിൽ അനിവാര്യമായ കാര്യങ്ങളാണെങ്കിലും , കുട്ടികളായിരുന്നപ്പോൾ നമുക്കെല്ലാവർക്കും ഉണ്ടായിരുന്ന ഗുണങ്ങൾ ഒന്നും നഷ്ടപ്പെടുത്തേണ്ടതില്ല.

എല്ലായ്‌പ്പോഴും മുതിർന്ന ഒരാളെപ്പോലെ പെരുമാറുന്നതിന് പകരം കുട്ടികളുടേതു പോലുള്ള സമീപനം സ്വീകരിക്കുന്നത് ജീവിതം കൂടുതൽ ആനന്ദഭരിതമാക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it