വെളുത്ത പുക കറുത്താല്‍ കമ്പനിയുടെ കഥ കഴിയും!

ദോഹയില്‍ നിന്ന് തുടരന്‍ വിമാനത്തില്‍ ഓടിക്കേറേണ്ടി വന്നതിനാല്‍ എയര്‍പോര്‍ട്ടില്‍ നിന്നൊന്നും വാങ്ങാന്‍ പറ്റിയില്ല. ഞങ്ങളെ നോക്കി ഒരു Grey goose അവിടെയിരുന്ന് കരയുന്നുണ്ടായിരുന്നു! സാരമില്ല ഫ്രാന്‍സിലേക്കല്ലേ പോകുന്നത്.
പെര്‍നോര്‍ഡ് റിക്കാര്‍ഡിന്റെ ആസ്ഥാന രാജ്യം. പിന്നെ കോണ്യാക്ക്, അര്‍മനാക്, ബെനഡിക്റ്റിന്‍, കോയിന്‍ട്രൂ ഇത്യാദി കണ്ടു പിടിച്ചവര്‍. പോരാഞ്ഞ് ഞങ്ങള്‍ അവരുടെ അതിഥികളും.

ഖത്തര്‍ എയര്‍വേയ്‌സിന്റെ മുന്തിയ സര്‍വീസ് ഞങ്ങളെ സന്തോഷിപ്പിച്ചു. വിളമ്പിയ ബിയറും ഭക്ഷണവും നന്ന്. പറയാതെ വയ്യ; നല്ല ആതിഥ്യവും പെരുമാറ്റവും. അത്താഴത്തിന് ശേഷം Cognac വരെ തന്നു!
വര്‍ത്തമാനവും, വായനയും, സിനിമയുമായതോടെ കാര്യമായി ഉറങ്ങേണ്ടി വന്നില്ല. മുന്നിലെ സ്‌ക്രീനില്‍
A street car named desire ഒരു തവണ കൂടി കണ്ടു. ടെന്നസി വില്യംസിന്റെ അതേ പേരിലുള്ള നാടകം. എലിയ കസാന്റെ സംവിധാനം. മര്‍ലന്‍ ബ്രാന്റോ തകര്‍ത്തഭിനയിച്ച ചിത്രം. സിനിമ
തീര്‍ന്ന പാടെ ഉറങ്ങിപ്പോയി.പ്രശാന്ത് വിളിച്ചുണര്‍ത്തി സുപ്രഭാതം പറഞ്ഞു.
അതിരാവിലെ ചാള്‍സ് ദെ ഗള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം മഞ്ഞിലേക്ക് ഊളിയിട്ടിറങ്ങി. പുറത്തിറങ്ങിയപ്പോള്‍ മുടിഞ്ഞ തണുപ്പ്. എവിടെപ്പോയാലും ടീ ഷര്‍ട്ടും ജീന്‍സുമിട്ടു നടക്കുന്ന ഞാന്‍ ഒന്നു ചുരുണ്ടു. ഭാഗ്യത്തിന് ടാക്‌സി ചൂടാക്കി വെച്ചിരിക്കുന്നു . നേരെ ഹോട്ടല്‍ കോണ്‍കോര്‍ഡ് ഓപ്പറ പാരിസിലേക്ക് വിട്ടു. അതിരിക്കുന്ന തെരുവീഥി കണ്ട് ഉള്ളുണര്‍ന്നു. റു സെയിന്റ് ലസാറെ എന്ന തെരുവ്. പൗരാണിക കാലത്തേതു പോലെ നിര്‍മ്മിച്ച ഒരേ ഉയരമുള്ള കെട്ടിടങ്ങള്‍ നിരനിരയായി തലയുയര്‍ത്തി നില്‍ക്കുന്നു. ഹോട്ടലിനുളളില്‍ കയറിയപ്പോള്‍ ലോബി ഒരു കൊട്ടാരത്തിന്റെ ഉള്‍ഭാഗം തന്നെ.

വി.കെ.എന്‍ ഭാഷയില്‍ പറഞ്ഞാല്‍ ആഢ്യത്വം സഹിക്കില്ല! രണ്ടു പേര്‍ക്കും പ്രത്യേകം മുറി കിട്ടി. സിംഗിള്‍ റൂം തന്നെ.
കമ്പനി പിശുക്കിയിട്ടില്ല. പൊതുവെ ഫ്രഞ്ചുകാര്‍ അങ്ങനെയാണെന്ന് പറയാറുണ്ട് മറ്റു യൂറോപ്യന്‍മാര്‍.
മുറിയില്‍ നല്ല വൃത്തിയുള്ള വെളുത്ത വിരികള്‍.
ഗംഭീര ഇന്റീരിയര്‍ ഡിസൈന്‍, വിശാലമായ കുളിമുറി തുടങ്ങി എല്ലാം ആഢ്യത്വപൂര്‍ണ്ണം! ടാപ്പിലെ വെള്ളം നേരിട്ടെടുത്തു കുടിക്കാമെന്ന് എഴുതി വെച്ചിട്ടുണ്ട്. നന്നായി, ഒരു കുപ്പി ശുദ്ധ ജലത്തിന് അല്ലെങ്കില്‍ ഒരു യൂറോ അഥവാ എഴുപത് രൂപ! നമ്മള്‍ പത്തു രൂപ നാട്ടില്‍ കൊടുക്കുന്ന സ്ഥാനത്ത്.

എന്തായാലും, പാരിസ് ഒരു ചൂടുകാപ്പിയില്‍ തുടങ്ങാമെന്നു വെച്ചു നേരെ മുന്നിലുള്ള
കഫേയിലേക്കിറങ്ങി. കുറച്ചു കാശ് പോയാലും പാരിസിന്റെ ഫീല്‍ കിട്ടണം.
മനുഷ്യരെയും പരിസരങ്ങളും അറിയണം.

ഹോട്ടലില്‍ സൗജന്യ പ്രാതല്‍ ഉണ്ടെങ്കിലും പുറത്തിറങ്ങി നല്ല മണവും രുചിയുള്ള കാപ്പി നുണയുമ്പോള്‍ പ്രശാന്ത് പറഞ്ഞു. മുന്നില്‍ നാലു മുഴുവന്‍ പാരിസ് ദിനങ്ങള്‍. ഒരു ദിവസം 200 കി.മീ അകലെ 'യാന്‍ വില്ലെ' എന്ന ഗ്രാമത്തിലുള്ള കമ്പനിയുടെ നിര്‍മ്മാണ ശാല കാണാം. വഴിയില്‍ നല്ല മനോഹര കാഴ്ചകളുണ്ട്. എവിടെയും കാമറ വെക്കാവുന്നവ. അടുത്ത ദിവസം വൈകുന്നേരം സീന്‍ നദിയിലെ ക്രൂസ് ഷിപ്പില്‍ ഡീലേഴ്‌സ് കോണ്‍ഫറന്‍സ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും എന്നെപ്പോലെയുള്ള ചാനല്‍ പാര്‍ട്ണര്‍മാര്‍ പിന്നെ കമ്പനി ഉദ്യോഗസ്ഥര്‍. ഗ്രൂപ്പ് ചെയര്‍മാന്‍ അഭിസംബോധന ചെയ്തു സംസാരിക്കും. ശേഷം കോക്ടെയില്‍ ഡിന്നര്‍ വിത്ത് എന്റര്‍ടെയ്ന്‍മെന്റ്. പിന്നെ ഒരു ദിവസം, പ്രസിദ്ധമായ, 60 വര്‍ഷമായി ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മുടങ്ങാതെ നടക്കുന്ന, 'ബാത്തിമാത്' നിര്‍മ്മാണ മേഖല എക്‌സിബിഷന്‍ കാണാം. അതൊരു ബോണസാണ്.
കമ്പനിയും അതില്‍ പങ്കെടുക്കുന്നുണ്ട്. ബാക്കിയുള്ള സമയം പാരിസ് കാണാം.
അതുമല്ലാതെയും സര്‍പ്രൈസുണ്ട്. അതവസാനം പറയാം.
പ്രശാന്ത് പറഞ്ഞു നിര്‍ത്തിയപ്പോഴേയ്ക്കും ഞാന്‍ തെരുവിലേക്കിറങ്ങി നടന്നു തുടങ്ങി...
പാരിസ് വേണമെങ്കില്‍ എന്നെ കണ്ടോട്ടെ എന്നോര്‍ത്തു കൊണ്ട്..

പ്രാതല്‍ കഴിഞ്ഞ് ഞങ്ങള്‍ യാന്‍ വില്ലെ കമ്മ്യൂണിലേക്ക് ഒരു മിനി ബസില്‍ പുറപ്പെട്ടു.ഇരുവശവും മരങ്ങള്‍ നിരയിട്ട പാരിസ് തെരുവുകള്‍. പച്ചപ്പിന്റെ ഉല്‍സവം തന്നെ. ഓക്ക്, പൈന്‍, ബീച്, ചെസ്റ്റ്‌നട്ട് തുടങ്ങി ഏതാണ്ട് അഞ്ച് ലക്ഷം മരങ്ങള്‍ പാരിസില്‍ മാത്രമുണ്ടെന്നാണ് കണക്ക്! അതും പാതയോരത്തും പാര്‍ക്കുകളിലുമായി മാത്രം.

നഗരാതിര്‍ത്തി പിന്നിട്ടപ്പോള്‍ കാടു പോലെ വഴികള്‍ക്കിരുവശവും ഉയരമുള്ള സിക്കമോര്‍ മരങ്ങളും ഇടക്കിടെയുളള തടി വീടുകളും മനം നിറച്ചു.
ലാവണ്യവതിയായ യഥാര്‍ത്ഥ ഫ്രാന്‍സ് ഞങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷമാകാന്‍ തുടങ്ങി. ഗ്രാമഭംഗിയുടെ നിറവുള്ള കാഴ്ചകള്‍ കുളിര്‍മ പകര്‍ന്നു.
വഴിയരികെ തടാകക്കരയിലെ ഭോജന ശാലയില്‍ നിന്ന് സാല്‍മണ്‍ മത്സ്യവും വൈനുമടങ്ങിയ രചികരമായ ഉച്ചഭക്ഷണം കിട്ടി. പിന്നെ ഒരു മണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോള്‍ കാടുകള്‍ക്കുള്ളില്‍ ഒരു വെളുത്ത പുകയുയരുന്ന കുഴല്‍ കണ്ടു. അതാണ് ഞങ്ങള്‍ക്ക് പോകേണ്ട ഇടം.
ഇളം മഞ്ഞിന്റെയും ഇളം വെയിലിന്റെയും സംഗമം രസകരം. ഫാക്റ്ററി
മാനേജര്‍ ഇറങ്ങി വന്നു സ്വീകരിച്ചു. ഒരു തുള്ളി മാലിന്യം പോലും പുറത്തു പോകാത്ത സിസ്റ്റമാണ്. വെളുത്ത പുക അല്‍പം കറുത്താല്‍ പരിസരവാസികള്‍ ഫോണെടുത്ത് ഉത്തരവാദപ്പെട്ടവരെ വിളിക്കും.
പിഴയടക്കേണ്ടത് കുറച്ചൊന്നുമാവില്ല.
ചിലപ്പോള്‍ പൂട്ടിയിടാനും പറയും.
പരിസ്ഥിതിയ്ക്ക് അത്ര പ്രാധാന്യം കൊടുക്കുന്നവരാണ് ഫ്രഞ്ചുകാര്‍.
നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളുടെ കാഴ്ചയൊക്കെ കണ്ട്, കാപ്പിയും ലഘുഭക്ഷണവും കഴിച്ച് ഞങ്ങള്‍ അവിടെ നിന്ന് തിരിച്ചു.

അഭൗമ സൗന്ദര്യമുള്ള ഗ്രാമ ഇടങ്ങളിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു. പരന്ന പുല്‍ത്തകിടികള്‍ പോലെ തോന്നുന്ന കണ്ണെത്താത്തത്ര വിശാലമായ കൃഷിയിടങ്ങള്‍ പിന്നിട്ട് ഞങ്ങള്‍ സന്ധ്യ കഴിഞ്ഞ് പാരിസ് നഗരത്തില്‍ തിരിച്ചെത്തി.ഹോട്ടലിലെ റെഡ് വൈന്‍ ചേര്‍ന്ന അത്താഴം കഴിഞ്ഞ് കിടന്നതേ ഓര്‍മ്മയുള്ളൂ. നിദ്ര എന്നെ ആഞ്ഞു പുല്‍കി.

ഉച്ചത്തിലുള്ള സംസാരവും എന്തിലോ ഇടിക്കുന്ന ഒച്ചയും കേട്ടുണര്‍ന്നു. ഹോട്ടലിനോട് ചേര്‍ന്നാണ് മെട്രോ സ്‌റ്റേഷന്‍. പാരിസ് മെട്രോ സാധാരണ രാവിലെ 5.30 മുതല്‍ വെളുപ്പിന് ഒരു മണി വരെയാണ്. ആഴ്ചയവസാനം വെളുപ്പിന് 2.15 വരെ! രണ്ടുമണിക്കൂര്‍ ഒഴികെ ദിനരാത്രം ഏതാണ്ട് മുഴുവന്‍ സമയം ഉണ്ടെന്നു പറയാം. മുറിയുടെ ജാലകം തുറക്കുന്നത് മെട്രോ സ്‌റ്റേഷന്റെ പുറകിലെ പ്രവേശന കവാടത്തിലേക്കാണ്. ഞാന്‍ നോക്കുമ്പോള്‍ നാലു നില താഴെ ഒരു കറുത്ത ചെറുപ്പക്കാരന്‍ ആടിക്കൊണ്ട് ഒരു മാലിന്യ വീപ്പയില്‍ ആഞ്ഞു ചവിട്ടുന്നു.
ഉച്ചത്തില്‍ ആരെയോ ചീത്തപറയുന്നുമുണ്ട്.
എന്റെ ഉറക്കം വേറെ വഴി പോയി!

തുടരും...

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it