കള്ളിക്കാട് രാമചന്ദ്രനും കേരള വാട്ടര്‍ അതോറിറ്റിയും

കേള്‍ക്കുമ്പോള്‍ ഒരു വൈരുദ്ധ്യം ഇല്ലേ? Zen and the art of motorcycle
Maintenance പോലെ!

ഞാന്‍ കള്ളിക്കാട് രാമചന്ദ്രന്‍ എന്ന കലാകൗമുദി ആഴ്ചപ്പതിപ്പിന്റെ പ്രഗത്ഭനും പ്രശസ്തനുമായ എഡിറ്ററെ പരിചയപ്പെടുന്നതും സൗഹൃദമുണ്ടാക്കുന്നതും അങ്ങനെ ഒരു വൈരുദ്ധ്യത്തിലൂടെയാണ്. പഠിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായിച്ച് എത്ര ആവേശം കൊണ്ടിട്ടുണ്ട്! ആ എഴുത്തിന്റെ ചാരുത എന്നെ കീഴടക്കിയിട്ടുണ്ട്.

തൊണ്ണൂറുകളുടെ അവസാന വര്‍ഷത്തിലൊന്നില്‍ എനിക്കൊരു ഫോണ്‍ ബോംബെയില്‍ നിന്ന് വന്നു. കമ്പനി ഡയറക്ടര്‍ വിനോദ് മോട്വാനിയാണ്. മാനേജിംഗ് ഡയറക്റ്റര്‍ കിഷോര്‍ജിയുടെ അനിയന്‍. ബോളിവുഡ് സിനിമാനടന്റെ ഗ്ലാമറുള്ള, എപ്പോഴും ചിരിക്കുന്ന, ഒരു തുടുത്ത മുഖക്കാരന്‍. കമ്പനിയുടെ പുതിയ പദ്ധതികളുടെ സൂത്രധാരന്‍. ഇടക്ക് ബോംബെയിലെ കമ്പനി മീറ്റിംഗുകളില്‍ കണ്ട് ഞാനുമായി നല്ല ലോഹ്യമാണ്.

ഫോണ്‍ വര്‍ത്തമാനത്തിന്റെ ചുരുക്കം ഇതായിരുന്നു.

ഗ്രൂപ്പിന് ഔറംഗബാദില്‍ ഒരു പ്രഷര്‍ പൈപ്പ് നിര്‍മ്മാണ യൂണിറ്റുണ്ട്. സംസ്ഥാന വാട്ടര്‍ അതോറിറ്റികളാണ് പ്രധാന ഉപഭോക്താക്കള്‍. നമ്മുടെ കേരള വാട്ടര്‍ അതോറിറ്റിയ്ക്ക് ഉരുപ്പടി കൊടുത്ത വകയിലുള്ള രണ്ടു കോടിയില്‍പരം രൂപ മൂന്ന് വര്‍ഷമായി കിട്ടിയിട്ടില്ല. നേരായ വഴിയില്‍ കിട്ടാത്തത് കൊണ്ട് പൊളിറ്റിക്കല്‍ സമ്മര്‍ദ്ദം ഉപയോഗിക്കണം. എന്നാലേ കാര്യം നടക്കൂ. നിന്റെ ഡിവിഷനല്ല. എന്നാലും... അദ്ദേഹം പറഞ്ഞു.

എനിക്കാണെങ്കില്‍ രാഷ്ട്രീയക്കാരുമായി ഇടപെടാന്‍ പൊതുവെ ഇഷ്ടമല്ല. മഹാരാജാസില്‍ മാഗസിന്‍ എഡിറ്ററായിരുന്നു. പക്ഷെ കോളജ് വിട്ടപ്പോള്‍ സജീവ രാഷ്ട്രീയം നിര്‍ത്തിയതാണ്. അവിടെയുണ്ടായിരുന്ന പോലെയുള്ള രാഷ്ട്രീയമല്ലല്ലോ പുറത്ത്. പക്ഷേ ആരോ ഒരാള്‍ എന്റെ പഴയ ബന്ധം പുള്ളിയുടെ അടുത്തെത്തിച്ചിരിക്കുന്നു!

ഫോണില്‍ പരിദേവനം വീണ്ടും,
Please help Abhay... വിടുന്ന മട്ടില്ല. ഞാനൊന്നാലോചിക്കട്ടെ എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. അപ്പോള്‍ എന്റെ ഒരു ഡീലറെ ഓര്‍മ്മ വന്നു. ടാറ്റാ സഫാരിയിലൊക്കെ പറന്നു നടക്കുന്ന രാജേഷ്. അയാളുടെ ക്ലാസ്‌മേറ്റ് ഒരു രാഷ്ട്രീയക്കാരന്റെ മകനുണ്ട്, അജിത്ത്. ഇടയ്ക്ക് എന്റെ പനമ്പിള്ളി നഗര്‍ ഓഫീസില്‍ രണ്ടു പേരും ചേര്‍ന്ന് വന്നിട്ടുണ്ട്. കുറച്ചു നേരമൊക്കെ സംസാരിച്ചിരുന്നിട്ടുമുണ്ട്. ഞാന്‍ രാജേഷിനെ വിളിച്ചു കാര്യം പറഞ്ഞു. അയാള്‍ തലസ്ഥാനത്തുള്ള അജിത്തിനെ വിളിച്ചു.

പിറ്റേ ദിവസം രാവിലെ ആറു മണിക്ക് ഞാന്‍ വെള്ള അര്‍മദ ഗ്രാന്‍ഡ് കൊച്ചിയില്‍ നിന്ന് തെക്കോട്ട് പറപ്പിച്ചു.. അന്നതാണ് രഥം. ആലപ്പുഴ സഹോദരന്മാരുടെ ഭോജന ശാലയിലെ അപ്പവും മുട്ടയും കഴിച്ച് നേരെ തലസ്ഥാനത്തേക്ക്. പത്തരക്ക് പങ്കജ് എത്തി പെട്ടിയിറക്കി വെച്ച് ഫോണ്‍ വിളിച്ചപ്പോള്‍ അജിത് ഊണിന് കാണാം എന്നായി. വി.കെ.എന്‍ പറഞ്ഞ പോലെ രാവിലത്തെ കാപ്പി കഴിഞ്ഞാല്‍ പിന്നെ ഊണ്. അതിന്റെയിടയില്‍ കുറച്ചു പണി. ഇടസമയം കളയാന്‍!

നല്ല മീന്‍ കറി കൂട്ടി ഊണ് ഭുജിക്കുമ്പോള്‍ അജിത് പറഞ്ഞു. ആര്‍ എസ് പിയിലെ പങ്കജാക്ഷന്‍ സഖാവ് വിചാരിക്കണം മന്ത്രിയെ കാണാന്‍. ഞാന്‍ ഒരാളെ പരിചയപ്പെടുത്താം. അയാള്‍ പറഞ്ഞാല്‍ ഒരു പക്ഷേ പങ്കജാക്ഷന്‍ ചേട്ടന്‍ അഭയനെ സഹായിച്ചേക്കാം! ആര്‍ എസ് പി എന്ന കുഞ്ഞു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു പങ്കജാക്ഷന്‍ ചേട്ടന്‍. ആദര്‍ശങ്ങളില്‍ നിന്ന് കടുകിട മാറില്ല. കറകളഞ്ഞ വ്യക്തിത്വം. കാലങ്ങളായി ജലവകുപ്പ് ആര്‍ എസ് പിയുടെ കയ്യിലാണ്...

അങ്ങോട്ട് വഴി തുറക്കാന്‍ അങ്ങനെ അജിത്തുമായി ഒരു കൊച്ചുവീട്ടില്‍ എത്തി. തിണ്ണയിലെ കസേരയില്‍ ഒരു ചെറിയ മനുഷ്യന്‍ മുണ്ടും ഷര്‍ട്ടുമിട്ട് ഇരിക്കുന്നു. അജിത്ത് പരിചയപ്പെടുത്തി. കള്ളിക്കാട് രാമചന്ദ്രന്‍. കലാകൗമുദിയില്‍ എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ ഫ്രീ ലാന്‍സറാണ്. ''താങ്കളുടെ കലാകൗമുദി എഴുത്തുകള്‍ ഏറെ വായിച്ചാണ് വളര്‍ന്നത്.'' ഞാന്‍ പറഞ്ഞു.

പങ്കജാക്ഷന്‍ ചേട്ടന്‍ ഇദ്ദേഹത്തിന്റെ അമ്മാവനാണ്. അജിത് പറഞ്ഞു. കള്ളിക്കാട് ഒരു ചെറു പുഞ്ചിരി തന്നു പറഞ്ഞു.''നാളെ രാവിലെ പത്തു മണിക്ക് വന്നാല്‍ നമുക്കൊരുമിച്ച് പാര്‍ട്ടി ഓഫീസില്‍ പോകാം.''

ഞാന്‍ രാവിലെ തന്നെ ചെന്നു കള്ളിക്കാടുമായി പുറപ്പെട്ടു. പ്ലാമൂട്ടിലെ ഓഫീസില്‍ വെളുത്ത മുണ്ടും ഹാഫ് സ്ലീവ്‌സ് ഷര്‍ട്ടുമിട്ട് പങ്കജാക്ഷന്‍ സഖാവിരിക്കുന്നു. പുറകോട്ട് ചീകി വെച്ച വെളുത്ത സമൃദ്ധമായ മുടി. കള്ളിക്കാട് എന്നെ പരിചയപ്പെടുത്തി. ''അഭയ് മഹാരാജാസില്‍ മാഗസിന്‍ എഡിറ്ററായിരുന്നു. ഇപ്പോള്‍ കമ്പനി എക്‌സിക്യൂട്ടീവാണ്'' അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. ഞാന്‍ പങ്കജാക്ഷന്‍ ചേട്ടനോട് കാര്യം പറഞ്ഞു. എന്നെ അദ്ദേഹം വെള്ളാരങ്കണ്ണുകള്‍ കൊണ്ട് ഒന്നു ചൂഴ്ന്ന് നോക്കിയിട്ടു പറഞ്ഞു. ''ഞാന്‍ ന്യായമായ കാര്യമാണെങ്കിലേ ഇടപെടുകയുള്ളു.''

''അതിനെനിക്ക് അവിഹിതമായി ഒന്നും വേണ്ടല്ലോ? എനിക്ക് വേണ്ടത് കൊടുത്ത സാധനത്തിന്റെ കിട്ടാനുള്ള പൈസയാണ്'' ഉടനെ പുള്ളി ഫോണെടുത്ത് മന്ത്രിയെ വിളിച്ചു. ''അഭയ് അങ്ങോട്ടു വരും. കേട്ടിട്ട് ന്യായമായ കാര്യമാണ്'' അത്ര മാത്രം പറഞ്ഞ് ഫോണ്‍ താഴെ വച്ചു. ഞാന്‍ നേരെ സെകട്ടറിയേറ്റില്‍ മന്ത്രി രാമകൃഷ്ണപിള്ളയുടെ ഓഫിസിലെത്തി. പ്രൈവറ്റ് സെക്രട്ടറി അഞ്ചു മിനിട്ടില്‍ അകത്തേക്കാനയിച്ചു.

എന്നെക്കണ്ട വയോധികനായ മന്ത്രി പതുക്കെ എഴുന്നേറ്റപ്പോള്‍ ഞാനമ്പരന്നു. അത് അഴിഞ്ഞമുണ്ട് കുത്താനായിരുന്നു. പങ്കന്‍ ചേട്ടന്റെ വിളിയുടെ ഗുണവും കാണും. ഞാന്‍ മന്ത്രിയോട് പത്തു മിനിട്ടില്‍ കാര്യമവതരിപ്പിച്ചു. അദ്ദേഹം അടുത്തിരിക്കുന്ന സെക്രട്ടറിയുടെയടുത്ത് കാര്യം മനസിലാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടു. അടുത്ത ആഴ്ച ബന്ധപ്പെട്ട സെക്ഷനില്‍ അന്വേഷിച്ചാല്‍ മതിയെന്നു പറഞ്ഞു. മന്ത്രി വളരെ ക്ഷീണിതനായി കാണപ്പെട്ടു. എന്നാലും ഭരിച്ചേ തീരു എന്ന വാശിയുണ്ടെന്ന് തോന്നി.

വൈകുന്നേരം നടക്കാനിറങ്ങിയപ്പോള്‍ വിവരം പറയാമെന്നോര്‍ത്ത് കള്ളിക്കാടിനെ ചെന്നു കണ്ടു. പുള്ളിക്ക് സെല്‍ഫോണില്ല. ലാന്റ് ലൈന്‍ നമ്പര്‍ നേരത്തെ ചോദിച്ചുമില്ല. എന്നെ കണ്ടപ്പോള്‍ നമുക്ക് നടക്കാം എന്ന് പറഞ്ഞു. തിരക്കു കുറഞ്ഞ, മഞ്ഞയും ചുവപ്പും വാകപ്പൂക്കള്‍ സമൃദ്ധമായി വീണു കിടക്കുന്ന വഴിയില്‍ക്കൂടി നടക്കുമ്പോള്‍ , ഞാന്‍ കലാകൗമുദിയില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ ഏറെ ഇഷ്ടമായിരുന്ന കാര്യം പറഞ്ഞു.

വായിച്ചു കൊണ്ടിരിക്കുന്ന വിക്ടര്‍ ലീനസിന്റെ കഥകളെക്കുറിച്ച് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് ജോലിയില്‍ പ്രവേശിക്കാന്‍ രാത്രി പത്തു മണിക്ക് ട്രെയിനില്‍ വന്നിറങ്ങിയതും ഓട്ടോക്കാരന്‍ എന്നെ മൂന്ന് കിലോമീറ്റര്‍ വട്ടം കറക്കി നൂറ് മീറ്റര്‍ ദൂരമുള്ള അരിസ്‌റ്റോയില്‍ എത്തിച്ചു കാശ് മേടിച്ചതും പറഞ്ഞത് കേട്ട് കള്ളിക്കാട് ഉച്ചത്തില്‍ ചിരിച്ചു.

അദ്ദേഹം തന്റെ അബ്കാരിയായിരുന്ന അച്ഛന്റെ കാര്യവും അന്ന് താമസിച്ചിരുന്ന വലിയ എട്ടുകെട്ടിലെ കുട്ടിയുടെ പേടിയും പറഞ്ഞു. കുറ്റാന്വേഷണ നോവലുകളോടുള്ള ആസക്തി പങ്കുവെച്ചു. ദൂരദര്‍ശനു വേണ്ടി ചെയ്ത സീരിയല്‍ 'ചന്ദനമരത്തിലെ സര്‍പ്പങ്ങളെ' ക്കുറിച്ച് പറഞ്ഞു. പിന്നെയും രസകരമായ പല സംഭവങ്ങളും കൂട്ടുകാര്‍ 'കള്ളി' എന്ന് വിളിക്കുമെന്നതും പറഞ്ഞു.

അങ്ങനെ ഒരു നടത്ത ദിവസമാണ് ഗിരീഷ് പുത്തഞ്ചേരിയെ പരിചയപ്പെടുത്തിയതും എന്റെ ആ സൗഹൃദം ഗിരീഷിന്റെ മരണം വരെ നീണ്ടു പോയതും.

ഞങ്ങളുടെ സന്ധ്യാനടത്തം ചിലപ്പോഴൊക്കെ സ്റ്റാച്യു ജംഗ്ഷനില്‍ ഡി.സി ബുക്‌സിലെ ടോമിയുടെ കടയടപ്പിക്കലായിത്തീരും. മറ്റു ചിലപ്പോള്‍ ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ പങ്കജിലെ ഒരുമിച്ചുള്ള അത്താഴമാകും.

ഒരു ദിവസം വൈകുന്നേരം ഞങ്ങള്‍ നടന്നു പോകുമ്പോള്‍ എം.കൃഷ്ണന്‍ നായര്‍ സര്‍ എതിരെ വരുന്നു. ഞാന്‍ ചെന്ന് കൈ കൊടുത്തു. എന്റെ ഹാന്‍ഡ് ഷേക്കിന്റെ ഊഷ്മളതയെക്കുറിച്ച് അദ്ദേഹം കള്ളിയോട് ചിരിച്ചു കൊണ്ടു പറഞ്ഞു. സാഹിത്യവാരഫലം ഒന്നും വായിക്കാതെ വിടാറില്ല എന്ന് കേട്ടപ്പോള്‍ അദ്ദേഹം പുസ്തകങ്ങളുടെ വിലകൂടുതലിനെക്കുറിച്ച് പരാതി പറഞ്ഞു. അഭയന്‍ എന്ന പേര് ഇഷ്ടമായി എന്ന് പറഞ്ഞ് അരുള്‍ ജ്യോതിയില്‍ നിന്ന് ഞങ്ങള്‍ക്ക് ചായ വാങ്ങിത്തന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ തിരുവനന്തപുരം യാത്രയില്‍ മഞ്ഞ വാകപ്പൂക്കള്‍ വീണുകിടക്കുന്ന വഴിയിലൂടെ വീണ്ടും നടന്നപ്പോള്‍ ഇവിടം വിട്ടു പോയ ആ മൂന്നു പേരെയും ഏറെ സ്‌നേഹത്തോടെ; എന്നാല്‍ ഉള്ളു നീറിക്കൊണ്ടോര്‍ത്തു.

ശ്യാമപ്രസാദിന്റെ 'അകലെ'യിലെ 'ഒരൊറ്റക്കാഴ്ച മതി, പിന്നെ ഓര്‍മ്മകളുടെ കുത്തൊഴുക്കാണ്' എന്ന സംഭാഷണ ശകലം മനസില്‍ നിറഞ്ഞു...

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it