മേളക്കൊഴുപ്പില്‍ ജഗതി ശ്രീകുമാര്‍, കൈകൂപ്പി ശങ്കരാടി!!!

എല്ലാ ഒന്നാം തിയതിയുമുള്ള ബോംബെ തീര്‍ത്ഥാടനത്തിന് മുമ്പ് എനിക്കൊരു മദ്രാസ് തീവണ്ടിക്കാലമുണ്ടായിരുന്നു.
ഏകദേശം നാലു കൊല്ലം.94 മുതല്‍ 97 വരെ. എല്ലാ മാസവും ഒന്നാം തിയതി മദ്രാസില്‍ പോവും. ചിലപ്പോള്‍ മാസം രണ്ടുതവണ.
തൊണ്ണൂറുകളുടെ ആദ്യ പകുതി മോട്വാനി ഗ്രൂപ്പില്‍ കേരള RM ആയി ചേരുമ്പോള്‍ എന്റെ റിപ്പോര്‍ട്ടിംഗ് ഹെഡ് രാമമൂര്‍ത്തി മദ്രാസിലായിരുന്നു. ഫാക്ടറി പൊന്നേരിയിലും. ശിവാനന്ദം ഫാക്ടറി മാനേജര്‍. എല്ലാ ഒന്നാം തിയതിയും ഞാന്‍ മദ്രാസിലെത്തും. മീറ്റിംഗ് ചിലപ്പോള്‍ അശോക് നഗര്‍ ഓഫീസില്‍ അല്ലെങ്കില്‍ പൊന്നേരി ഫാക്റ്ററിയില്‍. ശിവാനന്ദം ഒരു സല്‍ക്കാര പ്രിയനായിരുന്നതു കൊണ്ട് രചികരമായ തമിഴ് സദ്യ ഇലയില്‍ വിളമ്പും. കൂടെ നല്ല സമുദ്ര, മാംസ വിഭവങ്ങളുണ്ടാവും. ഊണു കഴിക്കുമ്പോള്‍ എരിവ് കാരണം കണ്ണു നിറയും. രുചി അതിനെ പിന്തള്ളി നമ്മളെ വീണ്ടും കഴിപ്പിക്കും.

പറയാന്‍ വന്നത് മദ്രാസ് ട്രെയിന്‍ യാത്രയെക്കുറിച്ചാണ്. പണ്ടും ഇന്നും ഒരു രാത്രി യാത്രയാണെങ്കില്‍ എനിക്ക് ട്രെയിനാണിഷ്ടം. വല്‍സ ട്രാവല്‍സില്‍ നിന്ന് ടിക്കറ്റ് ഉറപ്പാക്കും. വല്‍സച്ചേച്ചി കഴിയുമെങ്കില്‍ എ.സി. ടു ടയറിലെ സൈഡ് ബെര്‍ത് ഒപ്പിച്ചു തരും. വശങ്ങളിലേക്കുള്ള ചെറിയ ആട്ടവും ആസ്വദിച്ച് വായിച്ചോ പാട്ടു കേട്ടോ കിടക്കും. സോണി വാക്മാന്‍ കയ്യിലുണ്ടാവും ബ്രൂസ് സ്പ്രിംഗ്സ്റ്റീനും ജോണ്‍ ഡെന്‍വറും ഈഗിള്‍സും പിങ്ക്ഫ്‌ളോയ്ഡും വയലാറും പി ഭാസ്‌കരനും ഒ.എന്‍.വിയും യേശുദാസും ജയചന്ദ്രനും റാഫിയും കിഷോറും ഭൂപിന്ദര്‍ സിംഗും മിട്ടാലിയും തുടങ്ങി അസംഖ്യം പാട്ടെഴുത്തുകാരും ഗായകരും പക്കമേളക്കാരും യാത്രയില്‍ സംഗീതം പകരും. വിജയനും മുകുന്ദനും എം.ടിയും മലയാറ്റൂരും പുനത്തിലും ഡിക്കന്‍സും മോപ്പസാങ്ങും ചെക്കോവും മാര്‍ക്വേസും മറ്റുള്ളവരും വീണ്ടും വീണ്ടും കഥകള്‍ പറഞ്ഞുറക്കും. മൊബൈലും ലാപ്‌ടോപ്പും ടാബുമില്ലാതെയും സന്തോഷമുള്ള കാലം. മഴക്കാലമാണെങ്കില്‍ ജാലകവിരി നീക്കിയാല്‍ തകര്‍ത്ത് പെയ്യുന്ന മഴയെന്ന അനുഭൂതി. വശങ്ങളിലെ കര്‍ട്ടന്‍ വലിച്ചിട്ടാല്‍ നമ്മുടെ സ്വകാര്യ ലോകം...രാത്രി കഴിക്കാന്‍ അമ്മയോ സനിതയോ തന്നു വിടുന്ന വാഴയില പൊതിച്ചോറുണ്ടാകും. കറികളും ചമ്മന്തിയും ഓംലറ്റും ചേര്‍ന്ന ഒരു രുചിമേളം. അതു തുറക്കുമ്പോഴുള്ള ഹൃദ്യമായ ഗന്ധം.

ഇല തുറക്കുമ്പോള്‍ അടുത്ത സീറ്റിലിരിക്കുന്നവര്‍ തല നീട്ടി നോക്കും.
ഇതൊക്കെയാണെങ്കിലും കുറെ സമയം മറ്റുള്ളവരുമായി സംസാരിക്കുവാന്‍ സമയം കിട്ടും. അന്ന് നമ്മള്‍ സാമൂഹ്യ ജീവികളായിരുന്നല്ലോ?

ഇത്തരം കോച്ചുകളിലാണ് മുന്‍നിര സിനിമാ താരങ്ങള്‍ ഒഴിച്ച് മിക്കവാറും സിനിമാക്കാര്‍ യാത്ര ചെയ്തിരുന്നത്. ജഗതി ശ്രീകുമാര്‍, ശങ്കരാടി, ബോബി കൊട്ടാരക്കര, സന്തോഷ്, അജിത്, സുകുമാരിയമ്മ, ശ്രീനിവാസന്‍ ,ഗിരീഷ് പുത്തഞ്ചേരി, ഔസേപ്പച്ചന്‍ തുടങ്ങി ഒത്തിരി പേരെ പലപ്പോഴായി, പരിചയപ്പെട്ടു സംസാരിച്ചിട്ടുണ്ട്. ആരാധന എന്ന പദം മാറ്റി വെച്ചാണ് ഞാന്‍ സിനിമാക്കാരെ കാണാറ്. നമ്മള്‍ അവരുടെ ചില വര്‍ക്കിനെ ഇഷ്ടപ്പെടും. ചിലത് ഇഷ്ടമാവില്ല. ആരാധനയുടെ ഭാരം ഇല്ലാത്തതു കൊണ്ട് തുല്യ ഭാവത്തിലാണ് ഇടപെടല്‍. ജഗതിച്ചേട്ടനുമൊത്ത് പല തവണ ഇരുന്ന് സംസാരിച്ചിട്ടുണ്ട്. തമാശയൊക്കെ മാറ്റി വെച്ചാണ് പൊതുവെ സംസാരം.

ലോകകാര്യങ്ങളൊക്കെപ്പറയും. ട്രെയിനിലെ പാന്‍ട്രി കാറിലാണ് പുള്ളി കൂടുതല്‍ സമയം ഉണ്ടാവുക. ജീവനക്കാര്‍ എല്ലാവരും ചേട്ടന്റെ ആള്‍ക്കാരാണ്. എല്ലാമൊരുക്കി വെച്ച് അവര്‍ ചേട്ടനെ സല്‍ക്കരിക്കും. ഒരു സിനിമാ സെറ്റില്‍ ഇരിക്കുന്ന പോലെയാണ് ഇരിപ്പും വര്‍ത്തമാനവും. ഞാന്‍ അതു വഴി നടന്നുപോകുമ്പോള്‍ അനിയനിരുന്നാല്‍ ഒന്നടിച്ചിട്ടു പോകാമെന്നു പറയും. ഞാന്‍ സ്‌നേഹപൂര്‍വ്വം നിരസിക്കും. പാന്‍ട്രി കാറിന് പുറത്ത് വന്നിരിക്കുമ്പോള്‍
ഞാന്‍ അടുത്ത് പോയിരിക്കും. അപ്പോള്‍ തമാശയൊക്കെ വരും. ആള്‍ റിലാക്‌സ്ഡ് ആണല്ലോ? ശരീരവും മുഖവുമൊക്കെ ആട്ടിക്കൊണ്ടാണ് സംസാരിക്കുക.ജയരാജിന്റെ ദേശാടനം ഇറങ്ങിയ സമയമായിരുന്നു. അതിന്റെ പോസ്റ്ററുകളില്‍ പ്രമുഖ നടന്മാരുടെ ഫോട്ടൊ കൊടുത്തിട്ട് 'പടത്തില്‍ ഞാനില്ല. എങ്കിലും നിങ്ങള്‍ ഈ ചിത്രം കാണണം 'എന്ന് പറയുന്ന വ്യത്യസ്തമായ ഒരു പബ്‌ളിസിറ്റിയാണ് ചെയ്തത്. ജഗതി ചേട്ടന്‍ ആ ഫോട്ടോകളില്‍ കണ്ടില്ലല്ലോ എന്ന് സംസാരത്തിനിടയില്‍ ചോദിച്ചപ്പോള്‍
''അതു ഞാന്‍ പറഞ്ഞില്ലേലും കാണികള്‍ക്കറിയാം. പടം മൊത്തം കരച്ചിലല്ലേന്ന്'' പറഞ്ഞു രസിച്ചു തലയാട്ടിച്ചിരിച്ചു. ജഗതി എന്‍.കെയുടെ മകനായി ജനിച്ചതിന്റെ ഗമ എപ്പോഴും പറയും. ബാക്കിയൊക്കെ പുള്ളിക്ക് പിന്നത്തെ ചീള് സംഭവങ്ങള്‍.

ഒരു ദിവസം എന്റെ കമ്പനി കാര്‍ഡ് ചോദിച്ചു വാങ്ങി നോക്കിയിട്ട് അനിയാ നീയും ഞാനും PK യാണല്ലോടേ പോരാഞ്ഞ് കുമാരന്‍മാരും എന്ന് പറഞ്ഞ് എന്നെ ചികഞ്ഞ് നോക്കി ഒരു ചിരി. ശരിക്ക് പേര് പി.കെ.ശ്രീകുമാര്‍ എന്ന് അന്നറിഞ്ഞു. കാര്‍ഡില്‍ ഞാന്‍ പി.കെ.അഭയ് കുമാര്‍! എത്ര പടത്തിലഭിനയിച്ചു കാണും എന്ന ചോദ്യത്തിന് ''അന്തം വിട്ട അഭിനയമാണ് എണ്ണം അറിയില്ല'' എന്ന് മറുപടി. എന്നാലും മനസ്സില്‍ ആയിരം എണ്ണം ഉറപ്പ്. ഞാന്‍ ഏറ്റവും കൂടുതല്‍ തവണ ട്രെയിനില്‍ കണ്ടിരിക്കുന്ന നടന്‍ ജഗതിച്ചേട്ടന്‍ ആയിരിക്കണം. ഞാന്‍ സിനിമയെക്കുറിച്ച് അധികം ചോദിക്കുകയോ അഭിനയത്തികവിനെ പ്രശംസിക്കുകയോ ചെയ്തിട്ടില്ല. ഞാനാര് ഈ നടന വിസ്മയത്തെ അളക്കാന്‍ എന്ന ബോധ്യത്തില്‍. എനിക്ക് തോന്നിയിരുന്നത് ഉള്ളിന്റെ ഉള്ളില്‍ അദ്ദേഹം ദുഖിതനായിരുന്നെന്നാണ്.

എന്നാല്‍ സഹായികളൊന്നുമില്ലാത്ത ശങ്കരാടിച്ചേട്ടന്‍ എപ്പോഴും ഒറ്റക്കായിരിക്കും. പലപ്പോഴും ഷൊര്‍ണ്ണൂര്‍ ഇറങ്ങുമ്പോള്‍ വലിയ ബാഗ് ഞാന്‍ എടുത്ത് താഴെ പ്ലാറ്റ്‌ഫോമില്‍ വച്ചു കൊടുക്കും. ചേട്ടന് ഒറ്റയ്ക്ക് വലിയ പ്രയാസമുണ്ട് എന്ന് മനസിലാക്കി ചെയ്യുന്നതാണ്. നമ്മുടെ ഒരമ്മാവനെ സഹായിക്കുന്ന പോലെയേ തോന്നിയിരുന്നുള്ളൂ എനിക്ക്. ഒരു ദിവസം വളരെ നന്ദി സാറെ എന്ന് പറഞ്ഞു കൈകൂപ്പി!
ഇനി സാറെ എന്ന് വിളിച്ചാല്‍ ഞാനെടുത്ത് ട്രെയിനിന്റെ മുന്നില്‍ ഇടും എന്ന് ഞാനും. പൊട്ടിച്ചിരിച്ചു പോയി ശങ്കരാടിച്ചേട്ടന്‍. ഒന്നും പറയാതെ വീണ്ടും കൈകൂപ്പി! ഇത്ര സിമ്പിളായ സീനിയര്‍ സിനിമാ നടന്‍മാരെ സങ്കല്‍പ്പിക്കാന്‍ പറ്റുന്നുണ്ടോ?

ഒരു ദിവസം സ്‌റ്റേഷന്റെ തൊട്ടടുത്ത് കുറെ നേരം വണ്ടി പിടിച്ചിട്ടു. ഞങ്ങള്‍ വാതിലിനടുത്ത് നില്‍ക്കുകയാണ്. അദ്ദേഹം പറഞ്ഞു. നമ്മള്‍ അല്‍സേഷ്യന്‍ നായക്ക് ഭക്ഷണം കൊണ്ടുപോയി അടുത്ത് വെച്ചിട്ട് അതു കഴിക്കാന്‍ ഭാവിക്കുമ്പോള്‍, No don't eat എന്ന് പറയുമ്പോള്‍ അതിന്റെ മനസ്സുണ്ടല്ലോ അതാണ് ഇപ്പോ എന്റെ മനസ്!! എങ്ങനെയുണ്ട് നടന്റെ മനോധര്‍മ്മം?

സുകുമാരിയമ്മയെ കാണുമ്പോള്‍ സനിതയും അദിതിയും കുടെയുണ്ട്. മോള്‍ക്ക് രണ്ടു വയസ് കാണും. ഇളകുന്ന ട്രെയിനില്‍ത്തെന്നിത്തെറിച്ച് നടക്കുന്ന മോളെ സുകുമാരിഅമ്മ പിടിച്ച് മടിയിലിരുത്തി.
ഞങ്ങളോട് ഏറെ പരിചിതരെപ്പോലെ സംസാരിച്ചു. ഏതു മോശം പടത്തിലും സുകുമാരിയമ്മ തിളങ്ങുന്ന കാര്യം ഞാന്‍ സൂചിപ്പിച്ചു. മോനെ,മുറ്റമടിച്ചാലും നെല്ലു കുത്തിയാലും അത് നന്നായി ചെയ്യണമെന്ന ആഗ്രഹമുണ്ട്. അതു തന്നെ കാര്യം! വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നു ക്ഷണിച്ചു. പോവാന്‍ പറ്റിയില്ല.
സന്തോഷും അജിത്തും പോലുള്ള പാവങ്ങളുമായി സംസാരിച്ചാല്‍ എങ്ങനെ അവര്‍ വില്ലന്മാരായി സിനിമയില്‍ അഭിനയിക്കുന്നു എന്ന് വിചാരിച്ചു പോകും.
ബോബി കൊട്ടാരക്കരയെ മുണ്ടുടുത്തേ കണ്ടിട്ടുള്ളൂ. ആ നീണ്ട കൂര്‍ത്ത മൂക്കുമായി നിഷ്‌കളങ്കമായി നോക്കും. സംസാരിക്കും. ഒരു നാട്യവുമില്ല.
ഇനിയും പറയാത്ത പലരുമുണ്ട്.
ഗിരീഷൊഴിച്ച് മറ്റാരെയും ഞാന്‍ ട്രെയിനിറങ്ങിയ ശേഷം കാണാറില്ല. അത് നമ്മളുടെ ലോകമല്ല. മായാലോകത്തില്‍ എനിക്ക് വിശ്വാസവുമില്ല!
നമ്മള്‍ പറയുന്നത് തീവണ്ടിക്കാലത്തെക്കുറിച്ചാണ്!

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it