കേരളത്തിന്റെ പുതിയ വ്യവസായവാണിജ്യ നയം: അറിയേണ്ടതെല്ലാം

വ്യവസായ വളര്‍ച്ചയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് മന്ത്രിസഭ അംഗീകരിച്ച പുതിയ വ്യവസായ-വാണിജ്യ നയം.

ഇതനുസരിച്ച് നഗരങ്ങളില്‍ കുറഞ്ഞത് 15 ഏക്കറും ഗ്രാമീണമേഖലയില്‍ 25 ഏക്കറും വരുന്ന സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കാന്‍ വ്യവസായ വകുപ്പ് സൗകര്യം ഒരുക്കും.

വ്യവസായങ്ങള്‍ തുടങ്ങുന്നതിനുളള നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും സമയബന്ധിതമായി അനുമതി നല്‍കുമെന്നും നയം പ്രഖ്യാപിക്കുന്നു.

പ്രധാന നിര്‍ദ്ദേശങ്ങള്‍

പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം കൂടി പരിഗണിച്ച് ജീവനക്കാരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. വ്യവസായ മേഖലയിലെ സംരംഭകര്‍ക്കു പെന്‍ഷന്‍ നല്‍കുന്നതിനു ട്രസ്റ്റ് രൂപീകരിച്ചു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി തുടങ്ങും.

സ്വകാര്യ മേഖലയിലും പൊതുസ്വകാര്യ പങ്കാളിത്തത്തോടെയും ചെറുതും വലുതുമായ വ്യവസായ പാര്‍ക്കുകള്‍ നിര്‍മിച്ച് വ്യവസായ മേഖലകള്‍ സൃഷ്ടിക്കും. സ്വകാര്യ മേഖലയില്‍ വ്യവസായ എസ്റ്റേറ്റുകള്‍ക്ക് അനുവദിക്കുന്ന ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ പാടില്ല. അതേസമയം 250 ഏക്കറില്‍ കൂടുതലുള്ള ഭൂമിയുടെ 10 ശതമാനം സ്‌കൂള്‍, ആശുപത്രി, അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം തുടങ്ങിയവയ്ക് ഉപയോഗിക്കാം.

നിലവിലുള്ള വ്യവസായപാര്‍ക്കുകളിലെ ഭൂമി അലോട്ട്‌മെന്റ്, കൈമാറ്റം എന്നിവയ്ക്ക് പുതിയ ചട്ടം രൂപവത്കരിക്കും. വ്യവസായ മേഖലകള്‍ക്കുകീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് സ്റ്റാംപ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവ് നല്കും. മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പരിസ്ഥിതി ഇന്‍ഫ്രാസ്ട്രക്ചര്‍ സബ്‌സിഡി അനുവദിക്കും.

കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ഇലക്‌ട്രോണിക് ഇന്‍കുബേറ്റര്‍. നാനോടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കും. മലബാര്‍ മേഖലയില്‍ പ്രകൃതി വാതകം, എല്‍.എന്‍.ജി. പൈപ്പ്‌ലൈന്‍ ഉപയോഗിച്ചുള്ള വ്യവസായം, കോസ്റ്റല്‍ എക്കണോമിക് സോണ്‍ എന്നിവയ്ക്ക് ഭൂമി കണ്ടെത്തും.

പ്രാദേശിക വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി ഗ്രാമീണ മേഖലയില്‍ സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ച് കൂടുതല്‍ തൊഴില്‍ അവസരങ്ങളുണ്ടാക്കും.ചെറുകിട വ്യാപാര മേഖലയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും വാണിജ്യ മിഷന്‍ രൂപികരിക്കും.

പ്രാദേശിക വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി ഗ്രാമീണ മേഖലയില്‍ സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ച് കൂടുതല്‍ തൊഴില്‍ അവസരങ്ങളുണ്ടാക്കും.

വാണിജ്യ സേവന മേഖലയ്ക്കായി ട്രേഡ് പ്രൊമോഷന്‍ കൗണ്‍സില്‍.

കൊച്ചിയില്‍ 100 ഏക്കറില്‍ ലോജിസ്റ്റിക് ഹബ്ബ്.

വ്യവസായ ശാലകളില്‍ മഴവെള്ളസംഭരണി നിര്‍ബന്ധമാക്കും.

കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ ട്രേഡ് കമ്മോഡിറ്റി സെന്റര്‍. വ്യവസായ പാര്‍ക്കുകളില്‍ ലോജിസ്റ്റിക് സോണ്‍.സംസ്ഥാന ദേശീയ പാതയോരങ്ങളില്‍ വ്യവസായ ഇടനാഴികള്‍.കാര്‍ഷിക ഭക്ഷ്യസംസ്‌കരണത്തിന് പ്രത്യേക അടിസ്ഥാന സൗകര്യം.കണ്ണൂരിലും തിരുവനന്തപുരത്തും ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍.എറണാകുളം ആമ്പല്ലൂരില്‍ ഇലക്‌ട്രോണിക് ഹാര്‍ഡ്‌വേര്‍ പാര്‍ക്ക്.

തടി സംസ്‌കരണ വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ അന്തര്‍ദേശീയ ഫര്‍ണിച്ചര്‍ ഹബ്. അസംഘടിത ഫര്‍ണിച്ചര്‍ ഉത്പാദകരെ യോജിപ്പിച്ച് ഫര്‍ണിച്ചര്‍ ക്ലസ്റ്ററുകള്‍.ധാതുമണല്‍ ഖനനം പൊതുമേഖലയില്‍ നിലനിര്‍ത്തും. കേരള മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വഴി മണല്‍, കല്ല് എന്നിവ വിപണിയിലെത്തിക്കും.

ഹരിത നിര്‍മാണ സാങ്കേതിക വിദ്യകളും പ്രീഫാബ് നിര്‍മാണ രീതിയും പ്രോത്സാഹിപ്പിച്ച് സംരംഭകര്‍ക്ക് ഇളവ് നല്കുകും.പീഡിത വ്യവസായങ്ങള്‍ പുനരുദ്ധരിക്കാന്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി വായ്പ. കേന്ദ്രപദ്ധതികള്‍ ഏകോപിപ്പിക്കാന്‍ വ്യവസായ ഡയറക്ടര്‍ അധ്യക്ഷനായി പ്രത്യേക സെല്‍.

ലാഭം ഉപയോഗിച്ച് പൊതുമേഖലാ വ്യവസായങ്ങള്‍ വിപുലീകരിക്കും. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രത്യേക ഇളവ് ഒരുവര്‍ഷം കൂടി.മലബാര്‍ സിമന്റ്‌സിലെയും ടി.സി.സി.യിലെയും ഉത്പാദനം ഇരട്ടിയാക്കും. ട്രാവന്‍കൂര്‍ സിമന്റ്‌സില്‍ ഗ്രേസിമന്റ് ഉത്പാദിപ്പിക്കും.

നിയമനങ്ങള്‍

ജോയിന്റ് ലാന്റ് റവന്യൂ കമ്മീഷണര്‍ എന്‍. പത്മകുമാറിനെ ഗ്രാമവികസന വകുപ്പ് കമ്മീഷണറായി മാറ്റി നിയമിക്കും. കയര്‍ ഡയറക്ടറുടെ ചുമതല തുടര്‍ന്നും അദ്ദേഹം വഹിക്കും.ലാന്റ് റവന്യൂ കമ്മീഷണര്‍ എ.ജെ. ജെയിംസിന് റോഡ്‌സ് ആന്റ് ബ്രിഡ്ജ്‌സ് കോര്‍പ്പറേഷന്‍ എം.ഡിയുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറിന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. മിഷന്‍ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. ദിവ്യ എസ് അയ്യര്‍ അവധിയില്‍ പോയ ഒഴിവിലാണ് ഹരികിഷോറിന് ചുമതല നല്‍കിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it