ടെക്കികള്‍ക്ക് നല്ല വാര്‍ത്ത: ഐടി കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കൂട്ടാനൊരുങ്ങുന്നു

ടെക്കികള്‍ക്ക് നല്ലകാലം വരുന്നു. ഇന്ത്യന്‍ ഐടി കമ്പനികള്‍ ഇനിയുള്ള ആറു മാസക്കാലം മുന്പത്തേതിലും കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നതായി പുതിയ സര്‍വെ.

ടെക്കികള്‍ക്ക് നല്ലകാലം വരുന്നു. ഇന്ത്യന്‍ ഐടി കമ്പനികള്‍ ഇനിയുള്ള ആറു മാസക്കാലം മുന്പത്തേതിലും കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നതായി പുതിയ സര്‍വെ.

എക്‌സ്‌പെരിസ് ഐടിമാന്‍പവര്‍ ഗ്രൂപ്പ് ഇന്ത്യ നടത്തിയ ഐടി എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്ക് സര്‍വെയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പുത്തന്‍ സാങ്കേതിക വിദ്യകളുടെ കടന്നുവരവാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നതെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള പുതിയ ടെക്‌നോളജിക ളും യന്ത്രവല്‍ക്കരണവും തൊഴില്‍ സാദ്ധ്യതകള്‍ ഇല്ലാതാക്കുമോ എന്ന ആശങ്കകള്‍ക്കിടയിലാണ് ആശാവഹമായ  ഈ സര്‍വ്വേ ഫലം പുറത്തുവരുന്നത്.

ബിഗ് ഡേറ്റ അനലിറ്റിക്‌സ്, മെഷീന്‍ ലേണിങ്, കഌഡ് കമ്പ്യൂട്ടിങ്, മൊബിലിറ്റി എന്നീ മേഖലകളിലാണ് കൂടുതല്‍ തൊഴില്‍ നിയമനങ്ങള്‍ നടക്കുക. സ്റ്റാര്‍ട്ടപ്പുകള്‍ ഐടി തൊഴില്‍ രംഗത്ത് മികച്ച മുന്നേറ്റം നടത്തുമെന്നാണ് സര്‍വെ കണ്ടെത്തിയിരിക്കുന്നത്. കാരണം കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളും വന്‍ നിക്ഷേപ സാധ്യതയുള്ള  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ബ്ലോക്‌ചെയിന്‍ എന്നീ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്.

മികച്ച തൊഴിലവസരങ്ങള്‍ ഐടി മേഖലയില്‍ ഉണ്ട്. കമ്പനികള്‍ പ്രത്യേക വൈദഗ്ധ്യം ആവശ്യമായ മേഖലകളിലുള്ളവര്‍ക്ക് മികച്ച പ്രതിഫലം നല്‍കാന്‍ തയ്യാറുമാണെന്ന് എക്‌സ്‌പെരിസ് ഐടി-മാന്‍പവര്‍ ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് മന്‍മീത് സിംഗ് പറഞ്ഞു.

ബിഗ് ഡേറ്റ അനലിറ്റിക്‌സ്, മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയാണ് ഏറ്റവും മികച്ച പ്രതിഫലം ലഭിക്കുന്ന മേഖലകള്‍. ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ പ്രതീക്ഷിക്കുന്നത് ആരോഗ്യ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ടെക്‌നോളജി രംഗത്താണ്.

പ്രവൃത്തി പരിചയമില്ലാത്തവരെയും അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രം പ്രവൃത്തി പരിചയമുള്ളവരെയുമാണ്  തൊഴില്‍ദാതാക്കള്‍ക്ക്  കൂടുതല്‍ പ്രിയം. അതില്‍ത്തന്നെ പുതിയ കാര്യങ്ങള്‍ വളരെ എളുപ്പം പഠിക്കുന്നവരെയാണ് കമ്പനികള്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നത്.

അതേസമയം സീനിയര്‍ ലെവല്‍ എക്‌സിക്യൂട്ടീവുകളുടെ തൊഴില്‍ സാധ്യതകള്‍ക്ക് ഐടി രംഗത്ത് മങ്ങലേറ്റിട്ടുണ്ട്. മാനേജ്‌മെന്റ് ലെവല്‍ ജീവനക്കാരുടെ ആവശ്യകത കുറഞ്ഞതും സാങ്കേതികരംഗത്തെ അതിവേഗത്തിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിയാതെ വന്നതും ഇതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

അഞ്ച് വര്‍ഷത്തില്‍ താഴെ  മാത്രം  പ്രവൃത്തി പരിചയമുള്ളവര്‍ക്ക് 56 ശതമാനം നിയമനസാധ്യത പ്രതീക്ഷിക്കുമ്പോള്‍, 10 വര്‍ഷത്തിന് മുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ഒരു ശതമാനം മാത്രമാണ് നിയമന സാധ്യത.  ആറുമുതല്‍ 10 വര്‍ഷം വരെ ജോലി പരിചയമുള്ളവര്‍ക്ക് 43 ശതമാനവും.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഐടി രംഗത്തെ അടിക്കടിയുള്ള പിരിച്ചുവിടലുകള്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ഇകോമേഴ്‌സ് രംഗത്തെ മുന്നേറ്റങ്ങളും പുതിയ സാമ്പത്തിക വര്‍ഷം ടിസിഎസ് തുടങ്ങിയ കമ്പനികള്‍ വന്‍ ലാഭം നേടിയതും തൊഴില്‍ വളര്‍ച്ചക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here