ബിസ്‌ക്കറ്റ് വില്‍പ്പന കുറയുന്നു, ഭീതിയില്‍ പാര്‍ലെ, ബ്രിട്ടാനിയ
സമ്പദ് വ്യവസ്ഥയുടെ താളം തെറ്റുന്നതായുള്ള ആശങ്ക ശക്തമാകവേ ബിസ്‌ക്കറ്റ് വിപണിയിലും മാന്ദ്യം. ഉത്പാദനം കുറയ്‌ക്കേണ്ടിവരുന്നതിനാല്‍ 10,000 തൊഴിലാളികളെ പിരിച്ചുവിടാതെ മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണിപ്പോള്‍ രാജ്യത്തെ പ്രമുഖ ബിസ്‌ക്കറ്റ് നിര്‍മാതാക്കളായ പാര്‍ലെ പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്.
സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായി. ഗ്രാമീണ ഹൃദയഭൂമിയിലെ ഡിമാന്‍ഡ് കുറഞ്ഞു-പാര്‍ലെ പ്രൊഡക്ട്‌സ് കാറ്റഗറി മേധാവി മയാങ്ക് ഷാ പറഞ്ഞു. പാര്‍ലെയുടെ പ്രധാന എതിരാളിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡും കനത്ത ആശങ്കയിലാണ്. വെറും 5 രൂപ വിലമതിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പോലും വാങ്ങുന്നതിനു മുമ്പായി ഉപയോക്താക്കള്‍ രണ്ടുതവണ ആലോചിക്കുന്നുണ്ടെന്ന് ബ്രിട്ടാനിയ മാനേജിംഗ് ഡയറക്ടര്‍ വരുണ്‍ ബെറി പറഞ്ഞു. 'സമ്പദ്വ്യവസ്ഥയില്‍ ഗുരുതരമായ ചില പ്രശ്നങ്ങളുണ്ടെന്ന് വ്യക്തം,'- അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിട്ടാനിയ ഓഹരികള്‍ക്ക് വില കുറഞ്ഞുകൊണ്ടിരിക്കുന്നു.
1929 ല്‍ സ്ഥാപിതമായതാണ് പാര്‍ലെ. കമ്പനി ഉടമസ്ഥതയിലുള്ള 10 പ്ലാന്റുകളിലും 125 കരാര്‍ പ്ലാന്റുകളിലുമായി മൊത്തം ഒരു ലക്ഷത്തോളം ആളുകള്‍ ജോലി ചെയ്യുന്നു. പാര്‍ലെ-ജി പോലുള്ള ജനപ്രിയ ബ്രാന്‍ഡുകളുടെ ഡിമാന്‍ഡ് താഴുകയാണെന്ന് ഷാ പറഞ്ഞു. 2017 ല്‍ചരക്ക് സേവന നികുതി വന്നതു മുതല്‍ 5 രൂപ വരെ കുറഞ്ഞ വിലയുള്ള ബിസ്‌ക്കറ്റിനും ഉയര്‍ന്ന നികുതി ചുമത്തുന്നു.
കൂടിയ നികുതി മൂലം ഓരോ പായ്ക്കറ്റിലും ബിസ്‌ക്കറ്റ് കുറയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതമായി. ഗ്രാമീണ ഇന്ത്യയിലെ താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കള്‍ക്കാകട്ടെ പൊതുവേ ഇതു സ്വീകാര്യമല്ല. മൂന്നില്‍ രണ്ട് ഇന്ത്യക്കാരും താമസിക്കുന്ന ഈ മേഖലയില്‍ നിന്നാണ് പാര്‍ലെയുടെ വരുമാനത്തിന്റെ പകുതിയിലധികം വരുന്നത്.'വിലയുടെ കാര്യത്തില്‍ ഇവിടത്തെ ഉപഭോക്താക്കള്‍ അങ്ങേയറ്റം സെന്‍സിറ്റീവ് ആണ്. ഒരു പ്രത്യേക വിലയ്ക്ക് എത്ര ബിസ്‌ക്കറ്റ് ലഭിക്കണമെന്നതില്‍ അവര്‍ക്ക് നിര്‍ബന്ധ ബുദ്ധിയുണ്ട്,'മയാങ്ക് ഷാ പറഞ്ഞു.
വാഹന വ്യവസായത്തിലെ ആയിരക്കണക്കിന് തൊഴില്‍ നഷ്ടത്തിനു പിന്നാലെയാണ് ബിസ്‌കറ്റ് ഫാക്ടറികളിലേക്കും ലേ ഓഫ് ഭീഷണി പടരുന്നത്. ഇന്ത്യയിലെ ഉപഭോക്തൃ ഉല്‍പന്ന വ്യവസായത്തിന് അടിക്കടി ഊര്‍ജം നഷ്ടപ്പെടുന്നതായി വിപണി ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.