ഒന്നാം സ്ഥാനത്ത് ജിയോ; വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ പിന്നിലേക്ക്
മൊബൈല്‍ വരിക്കാരുടെയും വരുമാനത്തിന്റെയും കാര്യത്തില്‍ റിലയന്‍സ് ജിയോ ഒന്നാമതെത്തി. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി നവംബറില്‍ 56 ലക്ഷം വരിക്കാരെയാണ് അധികമായി ചേര്‍ത്തത്. മൊത്തം ഉപയോക്താക്കളുടെ എണ്ണം 36.99 കോടിയായപ്പോള്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് പിന്നിലായി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇന്ത്യന്‍ മൊബൈല്‍ സേവന വിപണിയില്‍ 115 കോടി ഉപയോക്താക്കളുള്ളതില്‍ 32.04 ശതമാനം വിഹിതം ജിയോ ഇതോടെ സ്വന്തം പേരില്‍ കുറിച്ചു. ഒക്ടോബര്‍ അവസാനം 30.79 ശതമാനം വിപണി വിഹിതമുണ്ടായിരുന്നു. ജിയോയുടെ വരിക്കാര്‍ പൂര്‍ണ്ണമായും 4 ജി സബ്സ്‌ക്രൈബര്‍മാര്‍ ആണെന്നത് ഇതര എതിരാളികളില്‍ നിന്നുള്ള വ്യത്യസ്തതയാണ്.
ഏപ്രില്‍-ജൂണ്‍ കാലയളവിലെ കണക്കുകള്‍ പ്രകാരം ക്രമീകരിച്ച മൊത്ത വരുമാനത്തിന്റെ (എജിആര്‍) 31.7 ശതമാനം ഓഹരി നേടിയപ്പോള്‍ കമ്പനി കഴിഞ്ഞ വര്‍ഷം തന്നെ റവന്യൂ മാര്‍ക്കറ്റ് ഷെയറിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. വിലകുറഞ്ഞ ഡാറ്റ പ്ലാനുകളും ഹാന്‍ഡ്സെറ്റുകളുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനം 2016 സെപ്റ്റംബറിലാണ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചത്. ഇത് മൊബൈല്‍ ഡാറ്റ ഉപഭോഗത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവിനിടയാക്കി. ശരാശരി ഉപയോക്താവ് പ്രതിമാസം 11 ജിബിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ആഭ്യന്തര ടെലികോം വിപണി ഇപ്പോള്‍ ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, വോഡഫോണ്‍ ഐഡിയ, ജിയോ എന്നിവ തമ്മിലുള്ള ത്രികക്ഷി പോരാട്ടമായി മാറിയിരിക്കുന്നു. ജിയോയുടെ വരവിനെ തുടര്‍ന്ന് അര ഡസന്‍ കമ്പനികള്‍ അടച്ചുപൂട്ടുകയോ വലിയ കമ്പനികള്‍ ഏറ്റെടുക്കുകയോ ചെയ്തു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും എയര്‍സെലും പാപ്പരത്തത്തിനായി അപേക്ഷ നല്‍കി. ടെലിനോര്‍ ഇന്ത്യയെ ഏറ്റെടുത്ത എയര്‍ടെല്‍ ടാറ്റയുടെ ഉപഭോക്തൃ മൊബിലിറ്റി ബിസിനസും സ്വന്തമാക്കി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline