നല്ലൊരു സംരംഭകനാകണോ? കേള്‍ക്കാം, മുകേഷ് അംബാനിയുടെ 5 ജീവിതപാഠങ്ങള്‍

റിലയന്‍സ് സാമ്രാജ്യത്തിന്റെ സാരഥിയും ലോകത്തെ അതിസമ്പന്നനുമായ മുകേഷ് അംബാനി തന്റെ ജീവിത പാഠങ്ങള്‍ പൊതുവേ പരസ്യമായി പങ്കുവെയ്ക്കുന്ന പതിവില്ല. എന്നാല്‍ ഒരിക്കല്‍ നാസ്‌കോം ഫൗണ്ടേഷന്റെ വാര്‍ഷിക മീറ്റിംഗില്‍ വെച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്നും സംരംഭകര്‍ ശ്രദ്ധയോടെ തന്നെ കേള്‍ക്കണം. വിജയിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ തീര്‍ച്ചയായും ജീവിതത്തില്‍ പകര്‍ത്തിയിരിക്കേണ്ട, മുകേഷ് അംബാനി പറയുന്ന ആ അഞ്ച് ജീവിത പാഠങ്ങള്‍ ഇതാ.

1. നിങ്ങള്‍ ചെയ്യേണ്ട ജോലിയെന്തെന്നും റോളെന്തെന്നും സ്വയം കണ്ടെത്തുക:
ഞാന്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠനം കഴിഞ്ഞ് റിലയന്‍സ് ഗ്രൂപ്പിലെത്തിയപ്പോള്‍ പിതാവിനോട് ( ധീരുഭായ് അംബാനിയോട്) എന്താണ് എന്റെ ജോലി? ഞാന്‍ എന്താണ് ഇവിടെ ചെയ്യേണ്ടത്? എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. ''ജോലിയും റോളുമാണ് അന്വേഷിക്കുന്നതെങ്കില്‍ അയാള്‍ ഒരു മാനേജരായിരിക്കും. നീ ഒരു സംരംഭകനാണെങ്കില്‍, എന്താണ് ഇവിടെ ചെയ്യേണ്ടതെന്ന് സ്വയം കണ്ടെത്തൂ. ഞാനൊരു നിര്‍ദേശവും നല്‍കില്ല. ചെയ്യേണ്ടത് സ്വയം കണ്ടെത്തി ചെയ്യൂ.'' ഇതാണ് ജീവിതത്തില്‍ പഠിച്ച ആദ്യ പാഠം.
2. പരിഹാരം കണ്ടെത്താനുള്ള മികച്ച പ്രശ്‌നം ആദ്യം തെരഞ്ഞെടുക്കൂ
സംരംഭകനെന്ന നിലയില്‍ വര്‍ഷങ്ങളായുള്ള അനുഭവത്തില്‍ നിന്ന് ഞാന്‍ കണ്ടെത്തിയ ഒരു കാര്യം, ഏതൊരു സംരംഭകന്റെയും ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ കാര്യം പരിഹാരം കണ്ടെത്തേണ്ട അനുയോജ്യമായ പ്രശ്‌നം തെരഞ്ഞെടുക്കുക എന്നതാണ്. ഏറ്റവും മികച്ച പ്രോബഌ കണ്ടെത്തലാണ് പ്രധാനം. മുംബൈ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കെമിക്കല്‍ ടെക്‌നോളജിയില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അവിടെ പഠിപ്പിച്ചിരുന്ന പ്രൊഫ. ശര്‍മ ഒരിക്കലും സോള്‍വ് ചെയ്യാന്‍ പ്രോബ്ള
ങ്ങള്‍ നല്‍കുമായിരുന്നു. പകരം സ്വയം പ്രോബ്ളങ്ങള്‍ കണ്ടെത്തി സോള്‍വ് ചെയ്ത് കാണിക്കാന്‍ പറയും. കണ്ടെത്തിയ പ്രോബ്ളത്തിന്റെയും അതിന്റെ സൊലൂഷന്റെയും അടിസ്ഥാനത്തിലാണ് ഗ്രേഡ് നല്‍കിയിരുന്നത്. സംരംഭകരും ഇതാണ് ചെയ്യേണ്ടത്. ഏറ്റവും മികച്ച പ്രോബ്ളം കണ്ടെത്തി നല്ല രീതിയില്‍ സോള്‍വ് ചെയ്യുക.

നിങ്ങള്‍ ഏതൊരു പ്രശ്‌നത്തിനും പരിഹാരം കാണുമ്പോള്‍ അത് സമൂഹത്തിന് യഥാര്‍ത്ഥത്തില്‍ ഗുണം ചെയ്യുമോയെന്നാണ് നോക്കേണ്ടത്. റിലയന്‍സിനെ കോര്‍പ്പറേറ്റ് പ്രസ്ഥാനമാക്കി വളര്‍ത്തുന്ന ഓരോ ഘട്ടത്തിലും സാമൂഹ്യമൂല്യങ്ങള്‍ മുറുകെ പിടിച്ചിരുന്നു. സമൂഹത്തിന് ഗുണകരമാകുന്ന കാര്യം ചെയ്യുക എന്നതിനാണ് എപ്പോഴും മുന്‍തൂക്കം കൊടുക്കേണ്ടത്. ബിസിനസിന്റെ കേന്ദ്രബിന്ദു തന്നെ അതായിരിക്കണം. അത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍ ലഭിക്കുന്ന ഉപോല്‍പ്പന്നം മാത്രമാണ് പണം. മറിച്ച് പണം ആര്‍ജ്ജിക്കല്‍ മുഖ്യലക്ഷ്യമാക്കുമ്പോള്‍ നിങ്ങള്‍ക്ക് മഹത്തായ വിജയങ്ങള്‍ കൈവരിക്കാനാവില്ല.
3. പരാജയങ്ങള്‍ സാധാരണം, അതില്‍ നിന്ന് പഠിക്കുക:
പരാജയങ്ങള്‍ സാധാരണമാണ്. ഞാനും ഒട്ടേറെ പരാജയങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനം പരാജയങ്ങളില്‍ ഹൃദയം തകര്‍ന്നുപോകരുത്. ഒരിക്കലും തോല്‍വിയുടെ പേരില്‍ ഇട്ടെറിഞ്ഞ് പിന്തിരിഞ്ഞ് നടക്കരുത്. ഓരോ തോല്‍വിയില്‍ നിന്നും കാര്യങ്ങള്‍ പഠിക്കുക. നിങ്ങളുടെ വിജയത്തിലേക്കുള്ള പടവുകള്‍ മാത്രമാണ് പരാജയങ്ങള്‍.
4. നിക്ഷേപകരുടെ പണം സ്വന്തം പണത്തേക്കാള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യുക:
സംരംഭകര്‍ ഒരുകാലത്തും വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ലാത്ത ചിലതുണ്ട്. നിക്ഷേപകരുടെ പണം സ്വന്തം പണത്തേക്കാള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. റിലയന്‍സ് റീറ്റെയ്ല്‍ നിക്ഷേപകരുടെ പിന്തുണയോടെ കെട്ടിപ്പടുത്ത പ്രസ്ഥാനമാണ്. അവരുടെ പണത്തിന് അത്രയേറെ മൂല്യം കല്‍പ്പിക്കണം.

അതുപോലെ നല്ലൊരു ടീമില്ലാതെ നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. നിങ്ങളുടെ പാഷനുമായി ചേര്‍ന്നു നില്‍ക്കും വിധമുള്ള പാഷനേറ്റായ ഒരു ടീമിനെ കെട്ടിപ്പടുക്കണം. കൂടെ നിര്‍ത്തണം.
5. എപ്പോഴും പോസിറ്റീവായിരിക്കുക
ഒരു സംരംഭകന്‍ എപ്പോഴും ശുഭാപ്തി വിശ്വാസിയായിരിക്കണം. നമുക്കു ചുറ്റും നെഗറ്റീവായി ചിന്തിക്കുന്ന, എന്തിനെയും വിമര്‍ശന സ്വഭാവത്തോടെ നോക്കുന്ന ഒട്ടേറെ പേര്‍ കാണും. പക്ഷേ അവര്‍ക്കിടയിലും പോസിറ്റീവായ മനസ്സോടെ ശുഭചിന്തയോടെ സംരംഭകന്‍ നിലകൊള്ളണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it